
ശാരദ
2015 ഓഗസ്റ്റിലെ രണ്ടാംശനിയാഴ്ച. വൈകുന്നേരം അഞ്ചുമണിയോടടുത്ത സമയം. ഉച്ചയുറക്കവും കഴിഞ്ഞ് ഞാന്‍ ഒരു ഗ്രീന്‍ ടീയും കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്റെ മൊബൈലിലേക്ക് ഒരു വിളി വന്നു.
''കലൂര്‍ ഡെന്നിസ് സാറല്ലേ?'' പരിചയമില്ലാത്ത ഒരു പുരുഷശബ്ദം.
''അതെ''
''ഞാന്‍ മദ്രാസില്‍നിന്ന് ശാരദാമ്മ പറഞ്ഞിട്ട് വിളിക്കുകയാണ്.''
''ശാരദാമ്മയോ? ഏത് ശാരദാമ്മ.'' പൊടുന്നനെ എനിക്ക് അങ്ങനെ ചോദിക്കാനാണ് തോന്നിയത്.
''ഉര്‍വശി ശാരദാമ്മ''
അങ്ങേത്തലക്കല്‍നിന്ന് ഉടനെ മറുപടിയും വന്നു.
ഉര്‍വശി ശാരദാമ്മ എന്ന് കേട്ടപ്പോള്‍ പെട്ടെന്ന് എന്റെ മനസ്സില്‍ ആകാംക്ഷയും സന്ദേഹവും ഒരുപോലെ വളരാന്‍തുടങ്ങി.
നീണ്ട മുപ്പത്തിയഞ്ചുവര്‍ഷങ്ങള്‍ക്കുമുന്‍പ് ഞാന്‍ കഥയെഴുതിയ 'അകലങ്ങളില്‍ അഭയത്തി'ല്‍ അഭിനയിക്കാനെത്തിയപ്പോള്‍ ഒന്നുരണ്ടുപ്രാവശ്യം അവരെ കണ്ടിട്ടുള്ളതല്ലാതെ പിന്നെ കാണുകയോ ഫോണില്‍ സംസാരിക്കുകയോ ഒന്നും ഉണ്ടായിട്ടില്ല. എന്നില്‍ പിന്നെയും സംശയം ബാക്കിനിന്നു. എന്റെ യൗവനാരംഭകാലത്ത് ഞാന്‍ ശാരദയുടെ കടുത്ത ആരാധകനായിരുന്നതുകൊണ്ട്, ഇതെല്ലാം അറിയാവുന്ന എന്റെ പഴയ ചങ്ങാതിമാരാരെങ്കിലും ഒപ്പിച്ച കുസൃതി നമ്പറാണോ എന്നോര്‍ത്തുനിന്നപ്പോള്‍ അതാ വരുന്നു ഒരു സ്ത്രീശബ്ദം,
''നമസ്‌കാരം ഞാന്‍ ശാരദയാണ്. ആക്ട്രസ് ശാരദ.''
മുപ്പത്തിയഞ്ചുവര്‍ഷംമുന്‍പ് കേട്ടിട്ടുള്ള അതേ ശബ്ദം. അതേ ഈണം. അന്നത്തേതില്‍നിന്ന് മലയാളവാക്കുകള്‍ക്ക് നല്ല വഴക്കം വന്നിരിക്കുന്നതുപോലെ എനിക്ക് തോന്നി.
അദ്ഭുതമായിരിക്കുന്നല്ലോ?
ആമുഖമായി എന്താണ് പറയേണ്ടതെന്നറിയാതെ ഞാന്‍ മൗനംകൂറിയപ്പോള്‍ ശാരദ വാചാലയായി.
''ഞാന്‍ നിങ്ങളെ ഇപ്പോള്‍ വിളിച്ചത് ഒരു അഭിനന്ദനം അറിയിക്കാന്‍വേണ്ടിയാണ്. നിങ്ങള്‍ മാതൃഭൂമിയുടെ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലില്‍ എന്നെക്കുറിച്ച് ഒരു ആര്‍ട്ടിക്കിള്‍ എഴുതിയിരുന്നില്ലേ? വളരെ നന്നായിരിക്കുന്നു. എന്നെക്കുറിച്ച് ഇത്രയ്ക്ക് ആലങ്കാരികമായ ഒരു വിശേഷണം ഇതുവരെ ആരും എഴുതിക്കണ്ടിട്ടില്ല.''
''ശാരദയെക്കുറിച്ച് ഇത്രയ്ക്ക് ആലങ്കാരികമായ എന്ത് വിശേഷമാണ് ഞാന്‍ എഴുതിയിരിക്കുന്നത്? എന്താണ് ആലങ്കാരികമായ ആ വിശേഷണം? ശാരദാമ്മ പറഞ്ഞ വിശേഷണപദം എനിക്ക് മനസ്സിലായില്ല.'' ഞാന്‍ സംശയംകൂറിയപ്പോള്‍ അവര്‍ ആ വിശേഷണവരി എനിക്ക് മനസ്സിലാകാന്‍വേണ്ടി ഒന്നുകൂടി വായിച്ചു.
''ശാരദ എന്ന അഭിനേത്രിയുടെ വരവോടെയാണ് മലയാളത്തില്‍ ശാലീനത എന്ന വാക്കിന് ഇത്രയ്ക്ക് പ്രചുരപ്രചാരമുണ്ടായതെന്ന് നിങ്ങള്‍ എഴുതിയില്ലേ? ഇന്നുവരെ ആരുടെയും ബുദ്ധിയില്‍ ഉദിക്കാത്ത ഒരു വാക്കാണത്. എന്നെ പലരും വിളിച്ചുപറഞ്ഞപ്പോഴാണ് ഞാന്‍ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ വാങ്ങി വായിച്ചുകേട്ടത്.''
ശാരദാമ്മയെക്കുറിച്ചുള്ള എന്റെ ശാലീനസ്തുതി ഏറ്റെന്ന് എനിക്കപ്പോഴാണ് മനസ്സിലായത്.
പിന്നെ അവര്‍ എന്നെക്കുറിച്ച് ഓരോന്ന് ചോദിക്കാന്‍തുടങ്ങി. സംസാരത്തിനിടയിലാണ്, എന്റെ വലതുകാല്‍ മുറിച്ച വിവരം അറിയുന്നത്.
''ങേ കാല് മുറിച്ചോ''
നിമിഷനേരത്തേക്ക് അവര്‍ നിശ്ശബ്ദയായി.
തുടര്‍ന്ന്, കാല് നഷ്ടപ്പെടാനുണ്ടായ കാരണങ്ങളെക്കുറിച്ചൊക്കെ ചോദിച്ചറിഞ്ഞശേഷം അവര്‍ പറഞ്ഞു.
''എന്തായാലും എനിക്ക് നിങ്ങളെയൊന്ന് കാണണം. രണ്ടാഴ്ച കഴിഞ്ഞ് ഞാന്‍ തൃശ്ശൂരില്‍ വരുന്നുണ്ട്. ആ വഴി തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ വീട്ടില്‍ വരും.''
ശാരദയുടെ വാക്കുകള്‍ പെട്ടെന്നങ്ങ് വിശ്വസിക്കാനായില്ല. മുഖത്ത് ചായം തേക്കുന്ന പല താരസുന്ദരിമാരുടെയും മൊഴിവചനങ്ങള്‍ ഞാന്‍ കേട്ടിട്ടുള്ളതാണ്. എന്നെ കാണാന്‍വരുന്ന കാര്യത്തിലല്ല, അല്ലാതെ പലരുടെയും എത്രയെത്ര അനുഭവങ്ങള്‍ എന്റെ മനസ്സിന്റെ ഡയറിയിലുണ്ട്.
എന്നാല്‍, പറഞ്ഞതുപോലെ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ എന്റെ ധാരണകളെയെല്ലാം തിരുത്തിക്കുറിച്ചുകൊണ്ട് ശാരദയുടെ ഒരു ഫോണ്‍ വരുന്നു.
''നമസ്‌കാരം. ഞാന്‍ ശാരദയാണ്. ഞാന്‍ ആലുവയില്‍ എത്തിയിട്ടുണ്ട്. നിങ്ങള്‍ എവിടെയാണ് താമസിക്കുന്നത്?''
നമ്മള്‍ ഫോണ്‍ വിളിച്ചാലും അവര്‍ ഇങ്ങോട്ട് വിളിച്ചാലും നമസ്‌കാരം എന്ന പദമൊഴിയിലൂടെയേ സംസാരത്തിന് തുടക്കംകുറിക്കുകയുള്ളൂ. അവര്‍ സിനിമ എന്ന മായികലോകത്തേക്ക് കടന്നുവന്നകാലംമുതല്‍ ശീലിച്ചുപോന്നിട്ടുള്ള ബഹുമാനസൂചകമായ ഒരു വാക്കാണ് നമസ്‌കാരം.
ഞാന്‍ വേഗംതന്നെ വീട്ടിലേക്ക് വരാനുള്ള വഴി പറഞ്ഞുകൊടുത്തു. കലൂരുള്ള സെയ്ന്റ് ആന്റണീസ് ചര്‍ച്ചില്‍ ഒന്നുരണ്ടുപ്രാവശ്യം വന്നിട്ടുള്ളതുകൊണ്ട് അവര്‍ക്ക് വഴി ഏകദേശം മനസ്സിലായി. ഞാന്‍ ഉടനെത്തന്നെ ശാരദയുടെ വരവറിയിപ്പ് ഭാര്യയോടും മക്കളോടും പറഞ്ഞു. അവര്‍ക്കും വലിയ സന്തോഷമായി.
അയല്‍പക്കത്തുള്ള ആരോടും ഒന്നും പറയാന്‍പോയില്ല. ശാരദയുടെ ആരാധികമാരായ പ്രായമുള്ള സ്ത്രീപ്രജകളും എല്ലാവരുംകൂടി കയറിവന്നാല്‍ വീട് പൂരപ്പറമ്പാകും.
ഏകദേശം മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ശാരദയുടെ കാര്‍ എന്റെ വീടിനു മുന്‍പില്‍ വന്നുനിന്നു. ഞാനും ഭാര്യയും മക്കളും മരുമകളും എല്ലാവരുംകൂടി പൂമുഖത്തേക്ക് ചെന്നു. ശാരദാമ്മ പതുക്കെ കാറില്‍നിന്നിറങ്ങി.
ഒരു സിനിമാതാരത്തിന്റെ കെട്ടുകാഴ്ചകളൊന്നുമില്ലാതെ ശാലീനതയുടെ മുഖമുദ്രയുമായി തനി കേരളീയ സ്‌റ്റൈലില്‍ നിറചിരിയുമായി അവര്‍ സ്വീകരണമുറിയിലേക്ക് കയറിവന്നു. പിന്നാലെ അവരുടെ ആയയും.
ഞാന്‍ ഭാര്യയെയും മക്കളെയും പരിചയപ്പെടുത്തി. ചിരപരിചിതരെപ്പോലെയാണ് എല്ലാവരോടും അവര്‍ സംസാരിച്ചത്. പിന്നെ സെറ്റിയില്‍ എനിക്ക് അരികിലായി അവര്‍ ഇരുന്നു. അവര്‍ ആദ്യം ചോദിച്ചത് എന്റെ കാല്‍ നഷ്ടപ്പെടാനുണ്ടായ വിശദാംശങ്ങളെക്കുറിച്ചാണ്. പിന്നെ ഇപ്പോഴത്തെ സിനിമയെക്കുറിച്ചും പഴയകാല സിനിമയെക്കുറിച്ചും മറ്റും ഒരുമണിക്കൂര്‍ നേരം ഞങ്ങള്‍ സംസാരിച്ചിരുന്നു. പിന്നെ കാപ്പികുടിയും കഴിഞ്ഞ് വീണ്ടുംവരാമെന്നുള്ള വാഗ്ദാനവുംതന്നാണ് അവര്‍ യാത്രപറഞ്ഞിറങ്ങിയത്.
ശാരദ പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു. മദ്രാസില്‍ നിന്നും എന്നെക്കാണാന്‍വേണ്ടി എന്റെ വീടുതേടിവരാന്‍ മാത്രം ഞാനും അവരും തമ്മില്‍ എന്ത് ബന്ധമാണ്. മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ കഥയെഴുതിയ ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ടെന്നല്ലാതെ പ്രൊഫഷണലായിട്ട് ഞങ്ങള്‍ തമ്മില്‍ എന്ത് ബന്ധമാണുള്ളത്? ചില മനസ്സടുപ്പങ്ങള്‍ അങ്ങനെയായിരിക്കാം? നമ്മള്‍ എത്ര ഉയരങ്ങളില്‍ എത്തിയാലും അഹങ്കാരത്തിന്റെ തരി പുരളാത്ത വിനയാന്വിതമായ സംസാരവും പെരുമാറ്റവുമാണ് ഒരു മനുഷ്യന്റെ ഏറ്റവുംവലിയ ഗുണമായി ഞാന്‍ കാണുന്നത്.
എന്റെ നാല്‍പത്തിയേഴു വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടിയ അഭിനേത്രികളില്‍ ശാരദാമ്മയെപ്പോലെ സവിശേഷഗുണങ്ങളുള്ള മറ്റൊരു നടിയെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ലെന്നുവേണം പറയുവാന്‍. മൂന്നുതവണ ഉര്‍വശിപട്ടവും ഡോക്ടറേറ്റും രാജ്യസഭാംഗത്വവുമൊക്കെ കൈമുതലായുള്ള ശാരദാമ്മയ്ക്ക് ഏറ്റവുംമികച്ച സ്വഭാവവിശേഷത്തിനുള്ള പ്രത്യേക ഒരു ബഹുമതികൂടി കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ടതാണ്.
ഇനി ഞാന്‍ ശാരദയെ ആദ്യമായിക്കണ്ട ആ ദിവസത്തിലേക്ക് വരാം. ആ ദിനം ഇന്നും എന്റെ ഓര്‍മ്മയിലുണ്ട്. 1972-ല്‍ ഞങ്ങള്‍ ചിത്രപൗര്‍ണമി സിനിമാവാരിക തുടങ്ങിയ സമയം. ചിത്രപൗര്‍ണമിയുടെ ആദ്യലക്കത്തില്‍ ശാരദയുടെ മുഖചിത്രവും അഭിമുഖവും കൊടുത്തുകൊണ്ട് ആദ്യലക്കം ഇറക്കണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. ആ സമയത്ത് അവര്‍ ഹൈദരാബാദിലായിരുന്നതുകൊണ്ട് ഞങ്ങളുടെ ആ മോഹം നടന്നില്ല. പിന്നീട് രണ്ടുമൂന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ശാരദയെ പോയിക്കാണാനും ഇന്റര്‍വ്യൂ എടുക്കാനും കഴിഞ്ഞത്.
ശാരദയുടെ മാനേജരെ വിളിച്ച് അപ്പോയ്മെന്റ് ഫിക്സ്ചെയ്തിട്ടാണ് ഞാനും ഫോട്ടോഗ്രാഫറുംകൂടി മദ്രാസില്‍ മഹാലിംഗപുരത്തുള്ള അവരുടെ വീട്ടിലേക്ക് പോയത്. എന്റെ ആരാധനാപാത്രമാണെങ്കിലും പത്രക്കാരന്റെ ഗരിമ വിടാതെ ഞാന്‍ ലോണില്‍ അവരെ കാത്തിരിക്കുമ്പോള്‍ സമയക്ലിപ്തത പാലിച്ചുകൊണ്ട് എന്റെ മുന്‍പില്‍ അവര്‍ പ്രത്യേക്ഷപ്പെട്ടത് ഇന്നലെ കഴിഞ്ഞതുപോലെ ഇന്നും എന്റെ മനസ്സിലുണ്ട്.
ക്രീം കളര്‍ കോട്ടണ്‍ സാരിയും ബ്ലൗസും ധരിച്ച് ശാലീനവതിയായ് അവര്‍ മെല്ലെ നടന്ന് ഞങ്ങളുടെ അടുത്തെത്തി. ഞങ്ങളെ കണ്ടപാടെത്തന്നെ ഔപചാരികതയുടെ മറനീക്കി 'നമസ്‌കാരം' പറഞ്ഞുകൊണ്ട് ഞങ്ങള്‍ക്കഭിമുഖമായിക്കിടന്ന കസേരയില്‍ ഇരുന്നു. ഞാന്‍ തമിഴില്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ അവര്‍ പറഞ്ഞു: മലയാളത്തില്‍ സംസാരിച്ചാല്‍മതി എനിക്ക് മലയാളം മനസ്സിലാകും.
മലയാള സിനിമയെക്കുറിച്ചും മലയാളികളെക്കുറിച്ചുമാണ് അവര്‍ ആദ്യം സംസാരിച്ചുതുടങ്ങിയത്. കൂടെ കുടുംബവും ജീവിതവുമൊക്കെ കടന്നുവന്നു. ഒരു മണിക്കൂറോളം നീണ്ടുനിന്ന ഞങ്ങളുടെ ഇന്റര്‍വ്യൂ കഴിഞ്ഞ് പോരുമ്പോള്‍ അവരുടെ ആതിഥ്യമര്യാദയെക്കുറിച്ചാണ് ഞങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത്.
വര്‍ഷങ്ങള്‍ പലതും കടന്നുപോയി. 1978 ആയപ്പോഴേക്കും ഞാനും സിനിമയിലേക്ക് കടന്നുവന്നു. എന്റെ ഏതെങ്കിലും ഒരു തിരക്കഥയില്‍ ശാരദാമ്മയെ അഭിനയിപ്പിക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. പലപല കാരണങ്ങള്‍കൊണ്ട് അതൊന്നും നടന്നില്ല. എന്നെ വീട്ടില്‍വന്ന് കണ്ടുപോയതിനുശേഷം നീണ്ട പത്തുവര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും മാസത്തില്‍ ഒരിക്കലെങ്കിലും പരസ്പരം ഫോണിലൂടെയുള്ള സംസാരം അഭംഗുരം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
(അടുത്തത്: സില്‍ക്ക് സ്മിത)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kaloor Dennis recalls the charm, confidence, and sincerity that made actress Sarada truly special
Published: 16 Oct 2025, 11:13 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented