ഈയാഴ്ചയിലെ കഥയിലെ നായികമാരിൽ സാന്നിധ്യമറിയിക്കുന്നത് നമ്മുടെയെല്ലാം ഇഷ്ടതാരമായ മിഴിയഴക് സുന്ദരി എന്നുവിശേഷിപ്പിച്ചിരുന്ന പാർവതി ജയറാമാണ്. നടനമിഴിവുകൊണ്ടും നിറയൗവനംകൊണ്ടും ജനമനസ്സുകളിൽ സ്ഥാനം പിടിച്ചിട്ടുള്ള അനവധി നായികാവസന്തങ്ങൾ നമുക്കുണ്ടായിരുന്നെങ്കിലും പാർവതിയെപ്പോലെ ആരെയും ആകർഷിക്കുന്ന മനോഹരമായ വിടർന്ന മിഴികളുള്ള മറ്റൊരു അഭിനേത്രി മലയാള സിനിമയിൽ വേറെ ഉണ്ടായിക്കാണുമെന്ന് തോന്നുന്നില്ല.
1986-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത 'വിവാഹിതരേ ഇതിലെ' എന്ന ചിത്രത്തിലൂടെയാണ് പാർവതി സിനിമയിലേക്ക് വരുന്നത്. ആദ്യ ചിത്രത്തിലൂടെതന്നെ പാർവതി എന്ന പുതുമുഖ നക്ഷത്രത്തെ ജനം ഇരുകൈയുംനീട്ടി സ്വീകരിക്കുകയായിരുന്നു. ഹരിഹരന്റെ 'അമൃതംഗമയ'യിൽ മോഹൻലാലിന്റെ നായികാപട്ടംകൂടി ലഭിച്ചതോടെ പിന്നെ കുറെകാലത്തേക്ക് മലയാള സിനിമ പാർവതിക്ക് ചുറ്റും വലംവയ്ക്കുകയായിരുന്നു. അമൃതംഗമയ റിലീസായ ആദ്യദിവസം തന്നെ ഞാനും ജോഷിയുംകൂടി പോയാണ് ആ സിനിമ കണ്ടത്. ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെടുകയും ചെയ്തു. പ്രത്യേകിച്ച് മൗനരാഗപക്ഷിയെപ്പോലിരിക്കുന്ന പാർവതിയുടെ നീലോല്പലമിഴികൾ... ഇതെ തുടർന്ന് പത്മരാജന്റെ 'തൂവാനത്തുമ്പികൾ', ഭരതന്റെ 'ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം', സിബി മലയിലിന്റെ 'തനിയാവർത്തനം' എന്നീ ചിത്രങ്ങൾ കൂടി വന്നതോടെ പാർവതി മധ്യവർത്തി സിനിമകളിലെ നിറസാന്നിധ്യമാവുകയായിരുന്നു.
ഇനി, ഞാൻ തിരക്കഥയെഴുതിയ ഒരു ചിത്രത്തിൽ അഭിനയിക്കാനായി പാർവതി ലൊക്കേഷനിലെത്തിയെങ്കിലും ഒരു സീനിൽപോലും മുഖം കാണിക്കാതെ തിരിച്ചുപോയ ഒരു അനുഭവസാക്ഷ്യത്തിന്റെ കഥ പറയാം.
കാലം 1988, ഒരുദിവസം രാവിലെ ഒമ്പതുമണിയോടടുത്ത സമയം എന്റെ എഴുത്തുതാവളമായ മാതാ ടൂറിസ്റ്റ് ഹോമിലേക്ക് പോകാനായി ഒരുങ്ങിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്നാണ് വീട്ടിലെ ലാന്റ്‌ഫോൺ ശബ്ദിച്ചത്. ഞാൻ വേഗം ചെന്ന് ഫോൺ എടുത്തു. എന്റെ സുഹൃത്തും കഥാകാരനും തിരക്കഥാകാരനുമായ വിജയൻ കരോട്ടാണ് വിളിക്കുന്നത്.
''നിങ്ങൾ വീട്ടിലുണ്ടോ എന്നറിയാൻ വേണ്ടി വിളിച്ചതാണ്.''
കരോട്ടിന്റെ പരുപരുത്ത ശബ്ദം കേട്ടപ്പോൾ ഞാൻ ചോദിച്ചു,
''ഞാൻ വീട്ടിൽനിന്നിറങ്ങാൻ തുടങ്ങുകയാണ്. എന്താണ് പെട്ടെന്നുള്ള ഒരു വരവും വിളിയും.''
''ങാ നിങ്ങൾക്ക് വലിയൊരു വാറണ്ടുമായാണ് ഞാൻ വന്നിരിക്കുന്നത്. വീട്ടിൽ വന്നിട്ട് വിശദമായി പറയാം.''
''ഞാൻ ഓട്ടോ വിളിച്ചുനിർത്തിയിരിക്കുകയാണ്. നിങ്ങൾ എവിടെയാണ് താമസിക്കുന്നതെന്ന് പറഞ്ഞാൽ
ഞാൻ അങ്ങോട്ട് വരാം. എന്നിട്ട് വാറണ്ട് കൈപ്പറ്റാം.''
കരോട്ടിന്റെ ചെറുഫലിതത്തിന് അതേ ലാഘവത്തോടെ ഞാൻ മറുപടിയും കൊടുത്തു.
''ഞാൻ നോർത്ത് റെയിൽവേസ്റ്റേഷനടുത്തുള്ള എലൈറ്റ് ഹോട്ടലിലെ ഇരുനൂറ്റിഒന്നാം നമ്പർ മുറിയിലുണ്ട്. അങ്ങോട്ട്‌വന്നാൽ മതി.''
അരമണിക്കൂറിനുള്ളിൽതന്നെ ഞാൻ എലൈറ്റ് ഹോട്ടലിലെത്തി. മുറിയിലേക്ക് ചെന്നപ്പോൾ കരോട്ടിന്റെ കൂടെ അൽപം കറുത്തിരുണ്ട ഒരു കക്ഷിയുമുണ്ട്. ഞാൻ അയാളെത്തന്നെ ശ്രദ്ധിക്കുന്നതു കണ്ട് കരോട്ട് അയാളെ പരിചയപ്പെടുത്തി.
''ഇത് ബഷീർ എന്റെ സുഹൃത്താണ്.'' അതുകേട്ട് ബഷീർ വളരെ വിനയാന്വിതനായി ചിരിച്ചുകൊണ്ട് പറഞ്ഞു.
''ഈ പേര് ഞാൻ ഒത്തിരി കേട്ടിട്ടുണ്ട്. ഇപ്പോൾ നേരിൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. പിന്നെ എന്റെ ഉമ്മ നിങ്ങളുടെ ഒരു വലിയ ആരാധികയാണ്. ഉമ്മ നിങ്ങളെ വിശേഷിപ്പിക്കുന്നത് സ്ത്രീജനങ്ങളെ കരയിപ്പിക്കുന്ന തിരക്കഥാകൃത്തെന്നാണ്.''
ബഷീർ എന്നെ സുഖിപ്പിക്കാൻ തുടങ്ങുന്നതുകണ്ട് വിജയൻ കരോട്ട് പെട്ടെന്നുതന്നെ വിഷയത്തിലേക്ക് വന്നു.
''ഈ ബഷീർ ചങ്ങനാശ്ശേരിയിലെ ഒരു കോൺട്രാക്ടറാണ്. പുള്ളി ചെറിയ ഒരു സിനിമ ചെയ്യാൻ പോവുകയാണ്. ഞാനാണ് രചനയും സംവിധാനവും. 'അശോകന്റെ അശ്വതിക്കുട്ടിക്ക്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പാർവതിയും അശോകനുമാണ് നായികാനായകന്മാർ. ഒട്ടും വളച്ചുകെട്ടില്ലാതെതന്നെ ഞാൻ ഒരു കാര്യം പറയാം. നിങ്ങൾ അശോകന്റെ അശ്വതിക്കുട്ടിയുടെ തിരക്കഥയും സംഭാഷണവും എഴുതിത്തരണം.''
'' അയ്യോ ഞാനോ? രണ്ടുമൂന്നു നിർമാതാക്കളിൽ നിന്ന് ഞാൻ അഡ്വാൻസുവാങ്ങിയിരിക്കുകയാണ്''
എന്റെ സംസാരം കേട്ടപ്പോൾ വിജയൻ കരോട്ട് ഒന്നു വല്ലാതായി. പിന്നെ പെട്ടെന്ന് എന്തോ ഓർത്തതുപോലെ എന്റെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
''ഡെന്നിസ് പുറത്തേക്ക് ഒന്നു വരൂ''
കരോട്ട് എന്നെ മുറിയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോയിട്ട് പറഞ്ഞു.
'' ഡെന്നീസ് ഉപേക്ഷ പറയരുത്. നിങ്ങൾ എഴുതിയില്ലെങ്കിൽ ഈ സിനിമ നടക്കില്ല.''
''അതെന്താണ്? വേറെ ആരെങ്കിലും എഴുതിയാൽ സിനിമ നടക്കില്ലേ?''
ഞാൻ ഉടനെതന്നെ മറുചോദ്യം ചോദിച്ചു. അതുകേട്ട് വിജയൻ കരോട്ട് ഒന്നു വല്ലാതായി.
''ഞാൻ ഒന്നും മറച്ചുവെക്കുന്നില്ല. ഉണ്ടായകാര്യം ഞാൻ പറയാം.''
ഈ സിനിമ വിതരണത്തിനെടുക്കാമെന്ന് പറഞ്ഞിരിക്കുന്നവരുടെ ഒരു കണ്ടീഷൻ കലൂർഡെന്നീസ് തിരക്കഥ എഴുതുകയാണെങ്കിൽ പടം എടുക്കാമെന്നാണ്.''
പെട്ടെന്നു കേട്ടപ്പോൾ ബഷീറിനെപ്പോലെ കരോട്ടും എന്നെ സുഖിപ്പിക്കുകയാണൊയെന്ന് തോന്നിയെങ്കിലും തുടർന്ന് വളരെ ഫീലിങ്ങോടെ കരോട്ട് പറഞ്ഞ വാചകങ്ങൾ എന്നെ വല്ലാതെ സ്പർശിച്ചു. സാമ്പത്തികമായി വല്ലാത്തൊരു പ്രതിസന്ധിയിലായിരുന്ന കരോട്ടിന്റെ മുഖത്തുനോക്കി എനിക്ക് പിന്നെ നോ പറയാൻ കഴിഞ്ഞില്ല.
''എന്നാൽ ഒരുകാര്യം ചെയ്യാം. രണ്ടുമാസം കഴിഞ്ഞ് ഞാൻ സ്‌ക്രിപ്റ്റ് എഴുതിത്തരാം.''
''അയ്യോ അത് നടക്കില്ല. ഈ ഡേറ്റു മാറിയാൽ പിന്നെ പാർവതിയെ കിട്ടില്ല. അത്രയ്ക്ക് തിരക്കിലാണ് ആ കുട്ടി''
കരോട്ട് എന്നെ വിടാതെ വട്ടംചുറ്റിപിടിച്ചിരിക്കുകയാണ്. അങ്ങനെയാണ് കരോട്ടിന്റെ ‘അശോകന്റെ അശ്വതിക്കുട്ടിക്ക്’ സാക്ഷാൽക്കരിക്കപ്പെടുന്നത്. ചെറിയ സിനിമയാണെങ്കിലും എം.ജി. സോമൻ, തിലകൻ, ഇന്നസെന്റ്, അടൂർഭാസി, ശങ്കരാടി തുടങ്ങിയ വലിയ താരനിരയാണ് ഇതിൽ അഭിനയിച്ചിട്ടുള്ളത്. ആലപ്പുഴയിലായിരുന്നു ഷൂട്ടിങ്. എന്റെ തിരക്ക് മൂലം ഒരുപ്രാവശ്യം മാത്രമേ എനിക്ക് അവിടെ പോകാനായുള്ളൂ. അവിടെവെച്ചാണ് പാർവതിയെ ആദ്യമായി ഞാൻ നേരിൽ കാണുന്നത്. ശാലീനയായ ഒരു പെൺകുട്ടിയുടെ മിഴിയഴകുമായി എന്നെ നോക്കി ഹൃദ്യമായി ചിരിച്ചുകൊണ്ട് നിൽക്കുന്ന പാർവതിയുമായി അഞ്ച് മിനിറ്റുനേരം മാത്രമേ എനിക്ക് സംസാരിക്കാനായുള്ളൂ. കൂടെ നിഴൽപോലെ എല്ലാം കേട്ടുനിൽക്കുന്ന പാർവതിയുടെ അമ്മ- ടീച്ചറമ്മയുടെ ആഢ്യത്വമുള്ള മുഖവും സംസാരവുമെല്ലാം എന്നെ വല്ലാതെ ആകർഷിക്കുകയും ചെയ്തു.
ഈ കാലയളവിൽ തന്നെയാണ് സംവിധായകൻ ഹരികുറാമിനുവേണ്ടി 'ഇല്ലിക്കാടും ചെല്ലക്കാറ്റും' എന്ന സിനിമയ്ക്കുവേണ്ടി ഞാൻ തിരക്കഥ എഴുതുന്നത്. ബാലചന്ദ്രമേനോൻ, ദേവൻ, പാർവതി, തിലകൻ തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ. പെരിങ്ങൽകുത്തിൽ വച്ചായിരുന്നു ഇതിന്റെ ഷൂട്ടിങ്. കെ.ടി. കുഞ്ഞുമോനായിരുന്നു ഈ ചിത്രം ഔട്ട്‌റൈറ്റ് എടുത്തിരുന്നത്. പാർവതിയുടെ നീണ്ടുവിടർന്ന മിഴികളുടെ ഭംഗിയെക്കുറിച്ച് ഞാൻ തിരക്കഥയിൽ പ്രത്യേകം ഒരു സംഭാഷണം എഴുതി ചേർത്തിരുന്നു. ബാലചന്ദ്രമേനോനാണ് ആ സംഭാഷണം പറയുന്നത്.
''ഈ പ്രപഞ്ച സൗന്ദര്യം മുഴുവനും നിന്റെ കണ്ണുകളിൽ ആവാഹിച്ചിരിക്കുകയാണല്ലോടീ പെണ്ണേ...''
പക്ഷേ ആ സീൻ ഷൂട്ടുചെയ്യാനായില്ല. ഷൂട്ടിങ് തുടങ്ങി ഏഴാംദിവസം ഇല്ലിക്കാടും ചെല്ലക്കാറ്റും അകാലത്തിൽ അസ്തമിക്കുകയായിരുന്നു. പാർവതി വന്നിട്ട് ഒരു സീൻപോലും എടുക്കാനും കഴിഞ്ഞില്ല. വളരെ പുതുമയുള്ള ഒരു കഥാപാത്രമായിരുന്നു പാർവതിയുടെത്. ഈ സിനിമനടക്കാതെപോയത് ഒരു ചതിയുടെ വലിയൊരു കഥയാണ്. അത് തുടർന്നുവരുന്ന കോളത്തിൽ വിശദമായി ഞാൻ പറയാം.
ഈ സിനിമ മുടങ്ങിപ്പോയതിനുശേഷം ജോൺപോളും ഞാനും കൂടി എഴുതിയ 'വിറ്റ്‌നസ്സി'ലായിരുന്നു പാർവതി അഭിനയിച്ചത്. പത്മരാജന്റെ 'അപരനു'ശേഷം ജയറാമിന്റെ നായികയായി പാർവതി വരുന്നത് ഇതിലാണ്. തിരുവനന്തപുരത്തുവച്ചായിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിങ്. ജയറാം, പാർവതി, ജഗതി, മധു, സുരേഷ് ഗോപി, സുകുമാരൻ തുടങ്ങിവരാണ് ഇതിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. പിന്നീട് മൂന്നാലുവർഷം കഴിഞ്ഞാണ് ഞാൻ എഴുതി വിജിതമ്പി സംവിധാനം ചെയ്ത 'കുണുക്കിട്ട കോഴി'യിൽ പാർവതി അഭിനയിക്കുന്നത്. രണ്ടുനായികമാരാണ് ഇതിലുള്ളത്. പാർവതിയും രൂപിണിയും. ജഗദീഷും സിദ്ദിക്കുമാണ് നായകന്മാരായി വരുന്നത്. ഈ ചിത്രത്തിന്റെ ലൊക്കേഷൻ കോഴിക്കോടായിരുന്നു. ഇതിന്റെ തിരക്കഥയുടെ അവസാന ഭാഗങ്ങൾ ഞാൻ എഴുതിത്തീർത്തത് മഹാറാണി ഹോട്ടലിലിരുന്നാണ്. പ്രധാനപ്പെട്ട ആർട്ടിസ്റ്റുകളെല്ലാവരും താമസിച്ചിരുന്നതും ഇവിടെയാണ്. ഒരുദിവസം പാർവതിയെയും അമ്മയെയും ഇവിടെവച്ചു കണ്ടപ്പോൾ സിനിമാ വിശേഷങ്ങൾ പറയുന്നതിനിടയിൽ 'ഇല്ലിക്കാടും ചെല്ലക്കാറ്റും മുടങ്ങിപ്പോയതിനെക്കുറിച്ച് പാർവതിയുടെ അമ്മ ചോദിക്കുകയുണ്ടായി. ഞാൻ പടം മുടങ്ങിയതിന്റെ കാരണങ്ങളൊന്നും അവരോട് പറയാൻ പോയില്ല.
''സിനിമ അങ്ങനെയാണ്, വെളിച്ചത്തെടുത്ത് ഇരുട്ടത്ത് കാണിക്കുന്ന ഒരു കലാരൂപം. ചില മനുഷ്യരിലും ആ സ്വഭാവം കാണാതിരിക്കില്ലല്ലോ?''
പിന്നെ കൂടുതലൊന്നും അവർ ചോദിക്കാൻ പോയില്ല. പാർവതിയിലും അമ്മയിലും ഞാൻ കണ്ടൊരു പ്രത്യേകത ആവശ്യമില്ലാത്ത ഒരു കാര്യത്തിലും അവർ ഇടപെടാറില്ല എന്നതാണ്. മറ്റുചില താരസുന്ദരികളെപ്പോലെ നായികയായി മാത്രമേ അഭിനയിക്കുകയുള്ളൂ എന്ന ഒരു നിർബന്ധവും പാർവതി വച്ചുപുലർത്താറില്ല.
കുണുക്കിട്ട കോഴിക്കുശേഷം ഞാൻ തിരക്കഥ എഴുതിയ അരോമയുടെ 'സൗഹൃദ'ത്തിലെ രണ്ടുനായികമാരിൽ ഒരാൾ പാർവതിയായിരുന്നു. ഷാജി കൈലാസായിരുന്നു സംവിധായകൻ. ഉർവശിയാണ് മറ്റൊരു നായിക. ഉർവശി മുകേഷിന്റെ നായികയായും പാർവതി സായികുമാറിന്റെ ജോഡിയായുമാണ് ഇതിൽ വേഷമിട്ടത്. രണ്ടുപേരും തമ്മിലുള്ള ഒരു അഭിനയമത്സരം തന്നെയായിരുന്നു 'സൗഹൃദ'ത്തിൽ കാണാൻ കഴിഞ്ഞത്. സൗഹൃദം റിലീസായി ഒരു വർഷം തികയും മുമ്പേ തന്നെ ജയറാമും പാർവതിയും തമ്മിലുള്ള വിവാഹവും നടന്നു. ഗുരുവായൂരിൽ വച്ചു നടന്ന വിവാഹത്തിന് ഞാനും പോയിരുന്നു. വിവാഹത്തിനുശേഷം പിന്നെ പാർവതിയെ ഞാൻ കണ്ടിട്ടേയില്ല. അഞ്ചെട്ടുവർഷങ്ങൾക്ക് മുൻപ് ഒരുദിവസം ഞാൻ ജയറാമിനെ മദ്രാസിലെ വീട്ടിലേക്ക് വിളിച്ചപ്പോൾ പാർവതിയാണ് ഫോണെടുത്തത്. ഒതുങ്ങിയ സംസാരവും ഹൃദ്യമായ ചിരിയും രണ്ടുവാചകങ്ങളിലുള്ള വിശേഷാന്വേഷണങ്ങളുമെല്ലാം ആ പഴയ പാർവതിയിൽ നിന്നും ഒട്ടും വിട്ടുപോയിട്ടില്ലെന്നെനിക്കുതോന്നി.
(തുടരും)
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Kaloor Dennis fondly remembers the timeless grace of Parvathy Jayaram
Published: 20 Mar 2026, 06:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented