ജനിച്ച് ഇരുപത്തെട്ടാംനാള്‍ നൃത്തവേദിയില്‍ തുടങ്ങിയ കലായാത്ര. പിന്നീട് കലാതിലകമായും 'പവിത്രം'പോലുള്ള മികച്ച സിനിമകളില്‍ നായികയായുമെല്ലാം വിന്ദുജ മേനോന്‍ മലയാളിക്ക് പ്രിയങ്കരിയായി. കലാമണ്ഡലം വിമല മേനോന്റെ മകള്‍ ആ വലിയ പാരമ്പര്യത്തെ കൂടുതല്‍ ഔന്നത്യങ്ങളിലേക്ക് വളര്‍ത്തി. വിവാഹശേഷം വിദേശത്ത് താമസമാക്കിയപ്പോഴും നൃത്തത്തെ മുറുകെപ്പിടിച്ചു. അമ്മൂമ്മയുടെയും അമ്മയുടെയും നൃത്തപാതയില്‍ വിന്ദുജ മേനോന്റെ മകള്‍ നേഹയുമുണ്ട്‌. സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ 'കേരളശ്രീ'യുടെ തിലകക്കുറിയണിഞ്ഞ് കലാമണ്ഡലം വിമല മേനോന്‍ നില്‍ക്കുമ്പോള്‍, ആ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് വിന്ദുജ മേനോനും നേഹയും സംസാരിച്ചുതുടങ്ങിയത്. 

അമ്മയുടെ കേരളശ്രീ...
വിന്ദുജ: വലിയ സന്തോഷത്തിലാണ്. അമ്മയുടെ പ്രായത്തിലുള്ള ഗുരുതലമുറയോട് ഞാനൊരുപാട് കടപ്പെട്ടിട്ടുണ്ട്. അവര്‍ നല്ലൊരു വഴി വെട്ടിത്തെളിച്ചുതന്നതുകൊണ്ടാണ് ശേഷം വന്ന എല്ലാവര്‍ക്കും വളരെ എളുപ്പത്തില്‍ കാര്യങ്ങള്‍ കൈകാര്യംചെയ്യാനും പലതരം പരീക്ഷണങ്ങള്‍ നടത്താനുമൊക്കെ സാധിച്ചത്. കുച്ചിപ്പുഡി എന്ന നൃത്തയിനം ആദ്യമായി കേരളത്തിലേക്ക് വരുന്നത് അമ്മ മുഖേനയാണ്. വേമ്പട്ടി ചിന്നസത്യം സാറിന്റെ ആന്ധ്രാപ്രദേശിലുള്ള കുച്ചിപ്പുഡിഗ്രാമത്തില്‍ പോയാണ് അമ്മ ആ നൃത്തം പഠിച്ചത്. അമ്മയുടെ ശിഷ്യയെയും കൊണ്ടുപോയി പഠിപ്പിച്ചുകൊടുത്തു. ശേഷം ഒരുപാടുപേര്‍ക്ക് ആ നൃത്തരൂപത്തില്‍ ശിക്ഷണം നല്‍കി. അക്കാലത്ത് കേരളത്തില്‍ ഭൂരിഭാഗം പേര്‍ക്കും കുച്ചിപ്പുഡി എന്ന നൃത്തരൂപമുണ്ടെന്നുതന്നെ അറിയില്ലായിരുന്നു. കുച്ചിപ്പുഡിയെ ഇത്ര ജനകീയമാക്കിയതിലും പിന്നീടതിനെ ഒരു മത്സരയിനമാക്കി മാറ്റിയതിലും അമ്മ വഹിച്ച പങ്ക് ഞാന്‍ നേരില്‍ക്കണ്ടിട്ടുണ്ട്.

അമ്മയുടെ കുടുംബത്തിലെ ഭൂരിഭാഗംപേരും ഗസറ്റഡ് ഓഫീസര്‍ റാങ്കില്‍ ജോലിചെയ്യുന്നവരാണ്. അമ്മയാണ് കലാമണ്ഡലത്തില്‍പോയ ഏകവ്യക്തി. ആ തീരുമാനത്തിന് അമ്മ ഒരുപാട് എതിര്‍പ്പുകള്‍ നേരിട്ടിട്ടുണ്ട്.
''ഇത്ര വലിയ തറവാട്ടിലെ കുട്ടി ഡാന്‍സ് കളിക്കാനാണോ പോണേ? വേണമെങ്കില്‍ വീട്ടില്‍ വരുത്തിച്ച് നൃത്തം പഠിച്ചാ പോരേ?'' എന്ന് പറഞ്ഞവരുണ്ട്. കാലഘട്ടത്തിന്റെ പ്രശ്‌നമായിരുന്നു അത്. അന്ന് കളിയാക്കിയവരെല്ലാം ഇന്ന് അമ്മയെ ബഹുമാനത്തോടെയാണ് കാണുന്നത്. വിമലട്ടീച്ചറുടെ മകളാണെന്ന ലേബല്‍ സിനിമയില്‍ എനിക്കും ഗുണംചെയ്തിട്ടുണ്ട്. നൃത്തം, സംഗീതം, അഭിനയം എന്നിവയെപ്പറ്റി സാമാന്യ അറിവ് എനിക്കുണ്ടായിരിക്കുമെന്ന ബോധ്യം മറ്റുള്ളവരിലുണ്ടാക്കാന്‍ ആ ലേബല്‍ ഗുണകരമായി.

placeholder
കലാതിലകമായപ്പോൾ

അമ്മൂമ്മയുടെയും അമ്മയുടെയും പ്രശസ്തിയെക്കുറിച്ച് നേഹയ്ക്ക് അറിവുണ്ടായിരുന്നോ?
നേഹ: നൃത്തത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചുതുടങ്ങിയപ്പോഴാണ് അമ്മൂമ്മയുടെയും അമ്മയുടെയുമൊക്കെ നേട്ടങ്ങളെക്കുറിച്ച് മനസ്സിലാക്കിയത്. ഒരിക്കലും ഒരു കാര്യം ചെയ്യാനും ഇരുവരും എന്നെ നിര്‍ബന്ധിച്ചിട്ടില്ല. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്.

കുട്ടിക്കാലത്തുതന്നെ നൃത്തം ജീവിതത്തിന്റെ ഭാഗമായി. ആ ഓര്‍മ്മകള്‍?
വിന്ദുജ: ജനിച്ച് ഇരുപത്തെട്ടാംദിവസം നൃത്തവേദിയില്‍ കയറിയ ആളാണ് ഞാന്‍. അമ്മയന്ന് ബാലഭവനില്‍ ജോലിചെയ്യുകയായിരുന്നു. അവിടെ സ്വാതിതിരുനാളിന്റെ ജീവിതം ആസ്പദമാക്കിയുള്ള നൃത്താവിഷ്‌കാരത്തില്‍, കുഞ്ഞുസ്വാതിതിരുനാളായാണ് എന്നെ വേദിയിലവതരിപ്പിച്ചത്. ഓര്‍മ്മവെച്ച നാള്‍തൊട്ട് നൃത്തംചെയ്യുന്നുണ്ട്. കൃത്യമായി എത്ര വര്‍ഷമെന്ന് ചോദിച്ചാല്‍, പറയാനാകില്ല. തിരുവനന്തപുരത്ത് കാര്‍ത്തികതിരുനാള്‍ തിയേറ്ററിലാണ് എന്റെ അരങ്ങേറ്റം നടന്നത്.
നേഹ: മൂന്നുവയസ്സുമുതല്‍ നൃത്തം പഠിച്ചുതുടങ്ങി. അവധിക്ക് നാട്ടില്‍ വരുമ്പോള്‍ അമ്മൂമ്മ പ്രോഗ്രാം ചെയ്യിക്കാറുണ്ട്. ആ സമയത്ത് നൃത്തത്തിന്റെ പ്രാധാന്യം മനസ്സിലായിരുന്നില്ല. 

കലാതിലകമായതും സിനിമയിലെത്തിയതും ഇന്നും മധുരമുള്ള ഓര്‍മ്മയല്ലേ?
വിന്ദുജ: തുടക്കകാലത്ത് ഞാന്‍ കലോത്സവത്തില്‍ മത്സരിച്ചിരുന്നില്ല. മത്സരവേദികളില്‍ പലപ്പോഴും അമ്മയുടെ വിദ്യാര്‍ഥികളാണുണ്ടാകുക. അവരുമായി എന്റെ മത്സരം അമ്മയാഗ്രഹിച്ചിരുന്നില്ല. എന്നാല്‍, പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ നിര്‍മലാഭവനിലെ സിസ്റ്റര്‍മാരുടെ നിര്‍ബന്ധത്തില്‍ മത്സരിച്ചു. കാസര്‍കോടായിരുന്നു അത്തവണ സംസ്ഥാനകലോത്സവം. കുച്ചിപ്പുഡിയില്‍ ഞാന്‍ ശിവന്റെ ലീലകളവതരിപ്പിച്ചു. അതുവരെ കൃഷ്ണലീലകള്‍ മാത്രമായിരുന്നു എല്ലാവരും അവതരിപ്പിച്ചിരുന്നത്. ശിവലീല ചര്‍ച്ചയായി. അഭിനന്ദനങ്ങള്‍ കിട്ടി. മറ്റിനങ്ങളിലും മികവ് കാട്ടിയതോടെ കലാതിലകമായി. തിരുവനന്തപുരം ജില്ല ആദ്യമായി സ്വന്തമാക്കുന്ന കലാതിലകപ്പട്ടമായിരുന്നു അത്. പല പ്രസിദ്ധീകരണങ്ങളിലും കവര്‍ചിത്രമായി എന്റെ മുഖം വന്നു. അതിനുമുന്‍പേ, എന്നെ പരിചയമുള്ള രാജീവേട്ടന്‍ (ടി.കെ. രാജീവ് കുമാര്‍) മുഖച്ചിത്രംകൂടി കണ്ടതോടെയാണ് 'പവിത്ര'ത്തിലെ മീനാക്ഷിയാകാന്‍ വിളിക്കുന്നത്.

placeholder

സിനിമാഭിനയം അതിനുമുന്‍പേ തുടങ്ങിയിരുന്നില്ലേ ?
വിന്ദുജ:  കുട്ടിക്കാലത്ത് പത്മരാജനങ്കിളിന്റെയും പ്രിയദര്‍ശനങ്കിളിന്റെയും സിനിമകളില്‍. നൊമ്പരത്തിപ്പൂവ്, ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍ എന്നീ സിനിമകളായിരുന്നു അത്. പത്മരാജനങ്കിളിന്റെ മകള്‍ മാധവിക്കുട്ടി(മാതു) എന്റെ ബാച്ചില്‍ അമ്മയുടെ ശിഷ്യയായിരുന്നു. ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. എല്ലാ ശനിയും ഞായറും ഞാന്‍ മാതുവിനൊപ്പം അവളുടെ വീട്ടിലായിരുന്നു. മാതുവിന്റെ അച്ഛന്‍ സിനിമയില്‍ എന്തോ ആണെന്നുമാത്രമേ അന്നെനിക്ക് അറിയൂ. പത്മരാജനങ്കിള്‍ അന്നങ്ങനെ മിണ്ടുകയൊന്നും ചെയ്യില്ല. അത്യാവശ്യകാര്യങ്ങള്‍ മാത്രമേ ചോദിക്കൂ.  

താരാകല്യാണിന്റെ അമ്മ സുബ്ബലക്ഷ്മിട്ടീച്ചറാണ് എന്റെ ആദ്യ സംഗീതഗുരു. അമ്മയുടെ നൃത്തസ്ഥാപനമായ കേരള നാട്യ അക്കാദമിയുടെ പരിപാടികള്‍ക്ക് സുബ്ബലക്ഷ്മിട്ടീച്ചറാണ് പാടിയിരുന്നത്. ടീച്ചറുടെ വിദ്യാര്‍ഥികള്‍ ഒന്നാനാം കുന്നില്‍ ഓരടി കുന്നില്‍ എന്ന  സിനിമയ്ക്ക് കോറസ് പാടാന്‍ പോയപ്പോള്‍ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. സിനിമയിലെ നായകന്‍ ശങ്കറേട്ടനാണ്. അനിയത്തിക്കഥാപാത്രത്തിന് എന്നെ പറ്റും എന്ന് സംവിധായകന്‍ പ്രിയനങ്കിളിനോട് പറയുന്നത് അദ്ദേഹമാണ്.

'ഞാന്‍ ഗന്ധര്‍വന്‍' എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴാണ് സിനിമ യെക്കുറിച്ച് അടിസ്ഥാനപരമായ കാര്യങ്ങള്‍ മനസ്സിലായത് അപ്പോള്‍ ഞാന്‍ പത്താംക്ലാസില്‍ പഠിക്കുകയായിരുന്നു. ആ സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതിനുപിന്നില്‍ ആ കാലത്തിന്റെ ക്രഷായ നിതീഷ് ഭരദ്വാജ് എന്ന നടനെ അടുത്തുകാണണമെന്ന ആഗ്രഹം കൂടിയായിരുന്നു. കൃഷ്ണവേഷത്തില്‍ അദ്ദേഹം എന്റെയും ഹൃദയം കട്ടെടുത്തിട്ടുണ്ട്. സിനിമയുടെ  പ്രാധാന്യവും മറ്റും തിരിച്ചറിഞ്ഞത് 'പവിത്ര'ത്തില്‍ അഭിനയിച്ചപ്പോഴാണ്.

'പവിത്രത്തിലെ' മീനാക്ഷിയായ കാലത്തെപ്പറ്റി?
വിന്ദുജ: 1993- ല്‍ ഞാന്‍ പ്രീഡിഗ്രിക്ക് ചേരാനിരിക്കുന്ന സമയത്താണ് രാജീവേട്ടന്‍ 'പവിത്രം' എന്ന സിനിമയിലേക്ക് വിളിക്കുന്നത്.  'പവിത്ര'ത്തിനുമുന്‍പ് 'കമലദള'ത്തില്‍ മോനിഷ ചെയ്ത കഥാപാത്രത്തിലേക്ക് വിളിച്ചതാണ്. പരീക്ഷകാരണം ആ വേഷം സ്വീകരിക്കാനായില്ല. 'പവിത്ര'ത്തിന്റെ സെറ്റിലെത്തിയപ്പോള്‍ ലാലേട്ടന്‍ ആദ്യം ചോദിച്ചത് 'കമലദള'ത്തില്‍ അഭിനയിക്കാത്തതിനെക്കുറിച്ചാണ്. റിലീസിങ് അടുത്തതിനാല്‍ നഗരത്തില്‍ നിറയെ 'കമലദള'ത്തിന്റെ പോസ്റ്ററുകളായിരുന്നു. സംസാരത്തിനിടയില്‍ ലാലേട്ടന്‍ തെറ്റായിട്ടാണ് സിനിമയില്‍ മുദ്രകള്‍ പിടിച്ചിരിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ വരാന്‍ വഴിയില്ലെന്നും എവിടെനിന്നാണ് അത് ശ്രദ്ധിച്ചതെന്നും ചോദിച്ചു. പോസ്റ്ററില്‍ കണ്ടതാണെന്ന് പറഞ്ഞപ്പോള്‍ എന്നെ കൂട്ടി അദ്ദേഹം കാറില്‍ ആ പോസ്റ്റര്‍ കാണാന്‍ പോയി. അവിടെ ചെന്നപ്പോഴാണ് ഫോട്ടോ തിരിച്ചുവെച്ചാണ് പോസ്റ്ററടിച്ചിരിക്കുന്നതെന്ന് മനസ്സിലായത്. ഉടന്‍ ലാലേട്ടന്‍ ആ പോസ്റ്റര്‍ മുഴുവന്‍ നീക്കം ചെയ്യാന്‍ നിര്‍ദേശം കൊടുത്തു.  'പവിത്രം' എന്ന ഐക്കോണിക് സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് ഇന്നും കരുതുന്നത്. 'പവിത്ര'ത്തിലെ മീനാക്ഷി ഇന്നും എന്റെകൂടെ നടക്കുകയാണ്.

സിനിമയ്‌ക്കൊപ്പം സീരിയല്‍ ചെയ്തത് കരിയറിനെ ബാധിച്ചോ?
വിന്ദുജ: അന്ന് അത് ഇന്‍ഡസ്ട്രിയില്‍ വലിയ പ്രശ്‌നമായിരുന്നു. എന്നാല്‍ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല. ജ്വാലയായ്, സ്ത്രീ, ഇഷ്ടമായ്, സസ്നേഹം തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചതുകൊണ്ടുകൂടിയാണ് എന്നെ ഇന്നും മലയാളികള്‍ തിരിച്ചറിയുന്നത്. നാടകത്തിലും വലിയ മുന്‍പരിചയങ്ങളില്ലാതെയാണ് അഭിനയിച്ചത്. മികച്ച നടിക്കുള്ള സംഗീതനാടക അക്കാദമി അവാര്‍ഡ് ലഭിച്ചു.  

വിവാഹശേഷം ജീവിതം മാറിയോ? 
വിന്ദുജ: 2000- ത്തിലായിരുന്നു രാജേഷുമായുള്ള വിവാഹം. എന്റെ കരിയറിനെ ഒരുതരത്തിലും വിവാഹം ബാധിക്കരുത് എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. രാജേഷ് അതിനെ പിന്തുണച്ചു. ഗര്‍ഭിണിയായി എട്ടാംമാസംവരെ 'ജ്വാലയായ്' എന്ന സീരിയലില്‍ അഭിനയിച്ചിട്ടുണ്ട്. 
നൃത്തത്തില്‍ ഇപ്പോഴും സജീവമാണ്. മലേഷ്യയിലും സിംഗപ്പൂരിലുമൊക്കെ നൃത്തക്ലാസുകള്‍ ചെയ്യുന്നുണ്ട്. നൃത്തം പണമുണ്ടാക്കാനുള്ള വഴിയല്ല. എന്റെ അമ്മ എങ്ങനെയാണോ ചെയ്തത് അതുപോലെയാണ് ഞാനും നൃത്തം പരിശീലിപ്പിക്കുന്നത്. 
മകള്‍ ജനിച്ച് 45-ാം ദിവസം മുതല്‍ ഞാന്‍ വീണ്ടും നൃത്തം പരിശീലിച്ചുതുടങ്ങിയിരുന്നു. പിന്നീട് സിംഗപ്പൂരിലെത്തിയപ്പോഴാണ് വീണ്ടും സ്റ്റേജില്‍ അവതരിപ്പിച്ചുതുടങ്ങിയത്. അവിടെനിന്ന് മലേഷ്യയിലേക്ക് മാറിയപ്പോള്‍ കൂടുതല്‍ പ്രോഗ്രാമുകള്‍ കിട്ടി. 22 വര്‍ഷത്തോളം മലേഷ്യയിലായിരുന്നു. ഇപ്പോള്‍ ഇന്‍ഡൊനീഷ്യയിലേക്ക് മാറി. ഇതുവരെയുള്ള യാത്രയില്‍ പൂര്‍ണ സന്തോഷവതിയാണ്.

placeholder

പഠനത്തിനായിരുന്നോ പ്രഥമ പരിഗണന?
വിന്ദുജ: സ്വീകരിച്ചതിനേക്കാള്‍ കൂടുതല്‍ സിനിമകള്‍ വേണ്ടെന്നുവെച്ചിട്ടുണ്ട്. അക്കാലത്ത് പഠിത്തം മതിയാക്കിയാണ് പല നായികമാരും സിനിമയില്‍ സജീവമായിരുന്നത്. എന്നാല്‍ പഠനം എന്നെ സംബന്ധിച്ച് പ്രാധാനമായിരുന്നു. പ്രീഡിഗ്രിക്ക് റാങ്ക് നേടി. പിന്നീട് സംഗീതത്തില്‍ ബിഎയും എംഎയും ചെയ്തു. ഇപ്പോള്‍ പിഎച്ച്ഡിയും പൂര്‍ത്തിയാക്കി മോഹിനിയാട്ടത്തില്‍ സീനിയര്‍ ഫെലോഷിപ്പ് ചെയ്യുകയാണ്. എന്തിനാണ് ഇനിയും പഠിച്ചുകൊണ്ടിരിക്കുന്നതെന്ന് പലരും ചോദിച്ചിട്ടുണ്ട്. ഇപ്പോഴും കടലിന്റെ ചെറിയൊരു ഭാഗംമാത്രമേ എത്തിയിട്ടുള്ളൂ എന്ന  ബോധ്യമാണ് പഠിക്കാനുള്ള ഊര്‍ജം.

മകള്‍ നര്‍ത്തകി ആകുമെന്ന് കരുതിയിരുന്നോ? 
വിന്ദുജ: ഗര്‍ഭിണിയായ സമയത്ത് പെണ്‍കുട്ടിവേണമെന്ന് ആഗ്രഹിച്ചിരുന്നു. ദൈവം അതുസാധിച്ചുതന്നു. അവള്‍ നൃത്തത്തിലേക്ക് വരണം എന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനുവേണ്ടി അവളെ നിര്‍ബന്ധിക്കില്ല എന്ന് തീരുമാനിച്ചിരുന്നു. കുട്ടിക്കാലംതൊട്ടേ നൃത്തം പരിശീലിപ്പിച്ചിരുന്നു. അപ്പോഴൊന്നും അവള്‍ നൃത്തത്തെ അത്ര സീരിയസായി കണ്ടിരുന്നില്ല. കുറച്ചുകാലത്തിനുശേഷം കേന്ദ്ര സംഗീതനാടക അക്കാദമിയുടെ ഒരു പ്രോഗ്രാം അഗര്‍ത്തലയില്‍വെച്ച് നടന്നു. അന്നൂമുതലാണ് അവള്‍ നൃത്തസാഗരത്തിലേക്ക് മുങ്ങിത്തുടങ്ങിയത്. ഞാനും എന്റെ അമ്മയും മകളും ഒരുമിച്ച് ആ വേദിയില്‍ നൃത്തം ചെയ്തു. ജീവിതത്തില്‍ ഞാന്‍ ഏറ്റവും സന്തോഷിച്ച സമയങ്ങളിലൊന്നാണത്. 

അമ്മ സിനിമാനടിയാണ് എന്ന് മകള്‍ മനസ്സിലാക്കിയത് എപ്പോഴാണ്?
വിന്ദുജ: വിമാനത്താവളത്തില്‍വെച്ചും മറ്റും മലയാളികള്‍ വന്ന് പരിചയപ്പെടുമ്പോഴും ഇന്ന സിനിമ കണ്ടു എന്ന് പറയുമ്പോഴുമെല്ലാം അവള്‍ക്ക് ഒന്നും മനസ്സിലായിരുന്നില്ല. പിന്നീടാണ് അവളത് തിരിച്ചറിയുന്നത്. അവള്‍ എന്റെ കുറേ സിനിമകള്‍ കണ്ടു. സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടെന്ന് ഒരിക്കല്‍ പറഞ്ഞു. ഞാന്‍ ചെയ്തതുകൊണ്ട് നീ ചെയ്യണമെന്നില്ലെന്നും അതിയായ താത്പര്യമുണ്ടെങ്കില്‍ മാത്രം പഠനത്തിനുശേഷം നോക്കാമെന്നുമായിരുന്നു എന്റെ മറുപടി. അവള്‍ ഓസ്ട്രേലിയയില്‍ പഠിക്കുന്ന സമയം ചില ഓഫറുകള്‍ വന്നിരുന്നു. പഠനത്തിരക്കുകള്‍ കാരണം അത് ചെയ്തില്ല. ഇനി അവസരങ്ങള്‍ വരുമ്പോള്‍ നോക്കാം എന്നാണ് തീരുമാനം.
നേഹ:   'പവിത്രം' തന്നെയാണ് ഇഷ്ടസിനിമ. നൃത്തത്തിനൊപ്പം പെയിന്റിങ്ങാണ് എന്റെ പാഷന്‍.  ഗ്രാഫിക് ഡിസൈനിങ് ചെയ്യുന്നുണ്ട്. സംഗീതത്തിലും താത്പര്യമുണ്ട്.