രാംചരണും ജാൻവി കപൂറും നായികാനായകൻമാരായ 'പെഡ്ഡി' റിലീസായപ്പോൾ തന്നെ അതിനെതിരെ വിമർശനങ്ങളുമുയർന്നിരുന്നു. കാരണം ട്രെയിലറിൽ തന്നെ നായകനെ നന്നായി അവതരിപ്പിച്ചപ്പോൾ, നായികയെ ഒട്ടും പ്രാധാന്യമില്ലാത്ത പോലെയാണ് അവതരിപ്പിച്ചത്. വെറും ഗ്ലാമർരംഗങ്ങൾക്കുവേണ്ടി മാത്രമാണ് ജാൻവിയുടെ കഥാപാത്രമെന്നും പരാതി ഉയർന്നിരുന്നു. അങ്ങേയറ്റം സ്ത്രീവിരുദ്ധമായിട്ടാണ് ജാൻവിയെ സിനിമയിൽ അവതരിപ്പിച്ചതെന്നും വിമർശനമുണ്ടായി.

To advertise here,

ഇപ്പോഴിതാ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദേശീയപുരസ്‌കാരജേതാവ് കൂടിയായ സംവിധായകൻ ബുചി ബാബു സന. സോഷ്യൽമീഡിയയിലൂടെയാണ് ഇക്കാര്യത്തിലുള്ള തന്റെ വിശദീകരണം അദ്ദേഹം പുറത്തുവിട്ടത്. ''ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ, സിനിമ പ്രേക്ഷകരെ രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും അവരുമായി ബന്ധപ്പെടുകയും ചെയ്യണമെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ഒരിക്കലും ആരെയും അസ്വസ്ഥരാക്കുകയോ അനാദരിക്കുകയോ ചെയ്യരുത്. പെഡ്ഡിയിലെ ചില രംഗങ്ങളെക്കുറിച്ചുള്ള ഫീഡ്ബാക്ക് ഞങ്ങൾ കേട്ടിട്ടുണ്ട്, അത് ഗൗരവമായി എടുത്തിട്ടുമുണ്ട്. സ്‌ക്രീനിലും പുറത്തും സ്ത്രീകളോട് എനിക്ക് എപ്പോഴും വലിയ ബഹുമാനമുണ്ട്, ഒരു സ്ത്രീ കഥാപാത്രത്തെയും വസ്തുനിഷ്ഠമായി കാണുകയോ അനാദരിക്കുകയോ ചെയ്യുക എന്നത് ഞങ്ങളുടെ ഉദ്ദേശ്യമായിരുന്നില്ല. സിനിമയുടെ ഏതെങ്കിലും ഭാഗം അങ്ങനെ മനസ്സിലാക്കപ്പെട്ടിട്ടുണ്ടെങ്കിൽ, ഞങ്ങൾ ആ വികാരങ്ങളെ മാനിക്കുന്നു, ഉന്നയിക്കുന്ന ആശങ്കകൾ മനസ്സിലാക്കുന്നു, ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഫീഡ്ബാക്ക് അവലോകനം ചെയ്ത ശേഷം, ബന്ധപ്പെട്ട ഭാഗങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഞങ്ങൾ തീരുമാനിച്ചു. പ്രേക്ഷകരുമായുള്ള ബന്ധത്തിലൂടെയാണ് സിനിമ വളരുന്നത്, കഥാകൃത്തുക്കൾ എന്ന നിലയിൽ, വികസിച്ചുകൊണ്ടിരിക്കുന്ന കാഴ്ചപ്പാടുകളെയും സംവേദനക്ഷമതകളെയും കുറിച്ച് ശ്രദ്ധാലുവായിരിക്കേണ്ട ഉത്തരവാദിത്തമുണ്ട്'', എന്നാണ് അദ്ദേഹം കുറിച്ചത്.

നേരത്തെ ഒരഭിമുഖത്തിൽ സ്ത്രീകളെ വെറും വസ്തുക്കൾ മാത്രമാക്കുന്നതിനെക്കുറിച്ച് ജാൻവി സംസാരിച്ചിരുന്നു. ആ അഭിമുഖവും ഇപ്പോൾ വീണ്ടും ചർച്ചയാവുകയാണ്. സിനിമകളിൽ ആവശ്യത്തിലധികം ലൈംഗികവത്കരിക്കുമ്പോൾ അസ്വസ്ഥത തോന്നാറുണ്ടോ എന്ന ചോദ്യത്തിന് ജാൻവി മറുപടി നൽകിയതിങ്ങനെ, ''ഏത് ഘട്ടത്തിലും സ്വയം ഒരു ചോദ്യം ചോദിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു, 'ഞാൻ എന്തിനാണ് സമ്മതിച്ചത്?' ഉദാഹരണത്തിന്, ഞാൻ 'പരം സുന്ദരി' എന്ന സിനിമയിൽ 'ഭീഗി സാരി' എന്ന ഗാനം ചെയ്തു. അതിൽ ഞാൻ നനഞ്ഞ സാരിയിലാണ് നൃത്തം ചെയ്യുന്നത്. ഇക്കിളിപ്പെടുത്തുക എന്നതല്ല ആശയം, മറിച്ച് അത് ഒരു അനുഭൂതി (sensual) നിറഞ്ഞ ഗാനമായിരുന്നു. ആരെങ്കിലും അത് നോക്കി എന്നോട് ആകർഷണം തോന്നുന്നില്ലെന്ന് പറഞ്ഞാൽ, എനിക്ക് ഒരുപക്ഷേ അസ്വസ്ഥത തോന്നിയേക്കാം. പക്ഷേ ഒരാളെ ലൈംഗികവത്കരിക്കുന്നതിൽ നിന്ന് വളരെ വ്യത്യസ്തമാണത്, പ്രത്യേകിച്ച് അവരുടെ സമ്മതമില്ലാതെ. അത്, ഏത് രൂപത്തിലും, എനിക്ക് യോജിക്കാനാവുന്നില്ല. അതെന്നെ അലട്ടുന്നു''.

അതിനെക്കുറിച്ച് ജാൻവി വിശദീകരിച്ചതിങ്ങനെ, ''കണ്ണാടിയിൽ നോക്കുമ്പോൾ എനിക്ക് അനുയോജ്യമെന്ന് തോന്നുന്ന എന്തെങ്കിലും ഞാൻ ധരിച്ചതുപോലെയാണ് ഇത്. എനിക്ക് ഇഷ്ടമുള്ളത് ധരിക്കാനും പുറത്തുകടക്കാനും എനിക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ എന്റെ സമ്മതമില്ലാതെ ചിത്രങ്ങൾ പകർത്തുന്ന കോണുകളും രീതികളും ഉണ്ട്. അവരതിൽ സംഗീതം, സ്ലോ മോഷൻ, സൂം എന്നിവ ചേർക്കുന്നു-അത് എന്റെ സമ്മതമല്ല''.

നേരത്തെ 'ദേവര' എന്ന തെലുഗുചിത്രത്തിലെ ജാൻവിയുടെ കഥാപാത്രവും ലൈംഗികവത്കരിക്കപ്പെടുന്നു എന്ന പേരിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi