വില്ലത്തരംകൊണ്ട് നമ്മളെ കൊണ്ട് കൈയടിപ്പിച്ച ഒരുപിടി നടന്മാരുണ്ട്. സിനിമയിൽ ഒരു മാസ് നായകകഥാപാത്രം പിറക്കുന്നത് എപ്പോഴാണ്...? അത് നല്ല കട്ടവില്ലൻ കഥാപാത്രം എതിരുനിൽക്കുമ്പോഴാണ്, നായകനെക്കാൾ മികവുറ്റ വില്ലൻ കഥാപാത്രങ്ങൾ പിറക്കുമ്പോൾ പൊതുവേ ആ സിനിമകൾ ഹിറ്റാകാറുണ്ട്. പലപ്പോഴും കമേഴ്സ്യൽ സിനിമകളിലെ വിജയഫോർമുലകളിലൊന്ന് ഈ മികവുറ്റ വില്ലൻ കഥാപാത്രങ്ങളായി മാറും. കീരിക്കാടൻ ജോസ്, മുണ്ടയ്ക്കൽ ശേഖരൻ, കാർലോസ്, ഹൈദർ മരയ്ക്കാർ, മോഹൻ തോമസ്, അപ്പൻ തമ്പുരാൻ, മണപ്പള്ളി പവിത്രൻ, നരേന്ദ്രഷെട്ടി, റാവുത്തർ, ഗുരുദാദ, ജോൺ ഹോനായ്, സ്വാമി, വിശ്വനാഥൻ, സ്ഫടികം ജോർജ്, തുടങ്ങി തുടരും സിനിമയിലെ സിഐ ജോർജ് വരെ, നമ്മെ വിസ്മയിപ്പിച്ച വില്ലൻമാരുടെ നിര നീളുകയാണ്. മലയാള സിനിമയിലെ ഐക്കണിക് ആയ 15 വില്ലൻ കഥാപാത്രങ്ങളെ പരിചയപ്പെടാം.

To advertise here,

കീരിക്കാടൻ ജോസ്
അഭിനേതാവിന്റെ സ്വന്തം പേരുതന്നെ മാറ്റിക്കളഞ്ഞ വില്ലൻ, അതായിരുന്നു 'കിരീട'ത്തിലെ കിരീക്കാടൻ ജോസ്. മോഹൻരാജ് എന്ന അഭിനേതാവ് ഈ സിനിമയ്ക്കുശേഷം അറിയപ്പെട്ടത് കീരിക്കാടൻ ജോസ് എന്ന പേരിലാണ്. ലോഹിതദാസ് എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച എഴുത്തുകാരന്റെ തൂലികയിൽ പിറന്ന കഥാപാത്രം. ഒരുനാടിനെത്തന്നെ വിറപ്പിക്കുന്ന കൊടൂരവില്ലൻ. നെറ്റിയിൽ മുറിവേറ്റ പാട്, ചോരപൊടിയുന്ന കണ്ണുകൾ, കുറ്റിയായി വെട്ടിയ മുടി, നടന്നുവരുമ്പോൾ തന്നെ കണ്ടുനിൽക്കുന്നവരുടെ നെഞ്ചിടിക്കും. മോഹൻലാൽ കഥാപാത്രം സേതുമാധവന്റെ ജീവിതം മാറിമറിയുന്നത് ചിത്രത്തിൽ കീരിക്കാടൻ ജോസ് എന്ന വില്ലനെ കുത്തിമലർത്തുന്നത് കൂടിയായിരുന്നു. കീരിക്കാടൻ ജോസ് തീർത്ത പേടിയുടെ കൂടാരം പിന്നീട് സേതുമാധവന്റെ ചുറ്റിലേക്കും മാറുന്നു. മലയാളസിനിമയിലെ ഏറ്റവും മികച്ച വില്ലൻ കഥാപാത്രങ്ങളിലൊന്നാണ് കീരിക്കാടൻ ജോസ്.

മുണ്ടയ്ക്കൽ ശേഖരൻ
''നീലനില്ലെങ്കിൽ ശേഖരനില്ല...'' നായകനോളം പോന്ന വില്ലൻ അതായിരുന്നു 'ദേവാസുര'ത്തിലെ മുണ്ടയ്ക്കൽ ശേഖരൻ. മോഹൻലാൽ അവതരിപ്പിച്ച മംഗലശ്ശേരി നീലകണ്ഠനെന്ന നായക കഥാപാത്രത്തോട് അതുപോലെ പൗരുഷം കൊണ്ട് ഉയർന്നുനിന്നു മുണ്ടയ്ക്കൽ ശേഖരൻ. 1993 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ തമിഴ് നടൻ നെപ്പോളിയനാണ് മുണ്ടയ്ക്കൽ ശേഖരനെന്ന കഥാപാത്രത്തെ അനശ്വരമാക്കിയത്. രഞ്ജിത്തിന്റെ രചനയിൽ വിരിഞ്ഞ നല്ല ഉശിരുള്ള വില്ലൻ കഥാപാത്രമായി ശേഖരൻ ഇന്നും ഉയർന്നുനിൽക്കുന്നു.

കാർലോസ്
രാജൻ പി. ദേവ് എന്ന നടന്റെ കരിയർ ബ്രേക്ക് പെർഫോമൻസായിരുന്നു 'ഇന്ദ്രജാല'ത്തിലെ കാർലോസ് എന്ന വില്ലൻ കഥാപാത്രം. 1990-ൽ തമ്പി കണ്ണന്താനത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഇന്ദ്രജാലത്തിൽ മോഹൻലാൽ ആയിരുന്നു നായകൻ. പരുക്കൻ മുഖവും, ഗാംഭീര്യ ശബ്ദവുമായി കാർലോസായി രാജൻ പി. ദേവ് കളംനിറഞ്ഞു. ഈ സിനിമയ്ക്കുശേഷം രാജൻ പി. ദേവിനെ തേടി ഒട്ടനവധി സിനിമകളാണ് എത്തിയത്.

മോഹൻ തോമസ്
സുമുഖനായ വില്ലൻ എന്ന് 'കമ്മീഷണറി'ലെ മോഹൻ തോമസിനെ വിശേഷിപ്പിക്കാം. രതീഷ് എന്ന അഭിനേതാവിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു രൺജി പണിക്കരുടെ തൂലികയിൽ പിറന്ന മോഹൻ തോമസ്. ഭരത് ചന്ദ്രൻ എന്ന സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും മികച്ച പൊലീസ് കഥാപാത്രത്തെ അത്രതന്നെ അഭിനയം കൊണ്ട് വെല്ലുവിളിച്ച പ്രതിനായകൻ, അതായിരുന്നു മോഹൻ തോമസ്. ഷാജി കൈലാസിന്റെ സംവിധാനത്തിൽ 1994 ൽ പുറത്തിറങ്ങിയ സിനിമയാണ് കമ്മീഷണർ. നായക കഥാപാത്രങ്ങളിൽ നിന്ന് രതീഷിന്റെ അസാധ്യമായ കളംമാറ്റവും കൂടിയായിരുന്നു മോഹൻ തോമസ്.

രാഘവൻ എന്ന രാജു
മലയാളത്തിലെ വ്യത്യസ്തമായ പ്രതികാരകഥയായിരുന്നു എം.ടി. വാസുദേവൻ നായരുടെ രചനയിൽ ഭരതൻ സംവിധാനം ചെയ്ത 'താഴ്വാരം'. നായകനെ കൊല്ലാൻ നടക്കുന്ന ഉശിരൻ വില്ലനായി സലിം ഘൗസാണ് സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. തന്റേതായ മാനറിസങ്ങൾകൊണ്ടും അഭിനയശൈലികൊണ്ടും രാജു എന്ന വില്ലൻ അദ്ദേഹം അഭ്രപാളിയിൽ അനശ്വരമാക്കി. ബാലൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്.

ജോൺ ഹോനായ്
പശ്ചാത്തലസംഗീതം കേട്ടാൽതന്നെ ഈ വില്ലനെ നമ്മൾ തിരിച്ചറിയും, അതാണ് 'ഇൻ ഹരിഹർ നഗറി'ലെ ജോൺ ഹോനായ്. റിസബാബ അവതരിപ്പിച്ച ജോൺ ഹോനായ് എന്ന വില്ലൻ, ലുക്കിലും ആറ്റിറ്റിയൂഡിലുമെല്ലാം വ്യത്യസ്തനായിരുന്നു. സാന്നിധ്യംകൊണ്ടുതന്നെ സ്‌ക്രീനിൽ ഭീതി ഉണർത്താൻ ഈ കഥാപാത്രത്തിന് സാധിച്ചു. 1990-ൽ സിദ്ദിഖ്-ലാലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഇൻ ഹരിഹർ നഗർ തരംഗംതീർത്ത സിനിമയാണ്. റിസബാബയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്ന് കൂടിയാണ് ജോൺ ഹോനായ്.
 

മണപ്പള്ളി പവിത്രൻ
അവതാരപ്പിറവികളുടെ എല്ലാ രൗദ്രഭാവങ്ങളും ആവാഹിച്ച നായകരൂപമായിരുന്നു 'നരസിംഹ' ത്തിൽ മോഹൻലാൽ അവതരിപ്പിച്ച പൂവള്ളി ഇന്ദുചൂഡൻ. സിനിമയിൽ ഇന്ദുചൂഡനെ സ്‌റ്റൈലും സ്വാഗും കൊണ്ട് വെല്ലുവിളിച്ച മണപ്പള്ളി പവിത്രൻ എന്ന വില്ലൻ കഥാപാത്രത്തെ അനശ്വരനാക്കിയത് എൻ.എഫ്. വർഗീസാണ്. അസാമാന്യ ശബ്ദനിയന്ത്രണവും ഭാവപ്രകടനവുമൊക്കെയായിരുന്നു മണപ്പള്ളി പവിത്രൻ എന്ന വില്ലന്റെ ആകർഷണം. സിനിമ കണ്ടിറങ്ങിയവരെല്ലാം നായകകഥാപാത്രത്തിനൊപ്പംതന്നെ ഓർമ്മിക്കുന്ന പേരാണ് മണപ്പള്ളി പവിത്രന്റേതും.

കുളപ്പുള്ളി അപ്പൻ
കണിമംഗലത്തെ ജഗന്നാഥനെ വെല്ലുവിളിച്ച കുളപ്പുള്ളി അപ്പൻ, ആറാംതമ്പുരാനിലെ വില്ലൻ കഥാപാത്രം രൂപത്തിലും അവതരണത്തിലുമെല്ലാം വ്യത്യസ്തനായിരുന്നു. നരേന്ദ്രപ്രസാദിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു 'ആറാംതമ്പുരാനി'ലെ കുളപ്പുള്ളി അപ്പൻ. പഴയ തറവാട്ടിലെ വാശിപിടിച്ച തമ്പുരാൻകഥാപാത്രം എന്ന് ഈ കഥാപാത്രത്തെ വിശേഷിപ്പിക്കാം. രഞ്ജിത്തിന്റെ തൂലികയിൽ പിറന്ന കഥാപാത്രത്തെ നരേന്ദ്രപ്രസാദ് അഭിനയപാടവംകൊണ്ട് മികവുറ്റതാക്കുകയായിരുന്നു.

നരേന്ദ്രഷെട്ടി
നല്ല സ്‌റ്റൈലൻ വില്ലൻ എന്ന് വിളിക്കാവുന്ന കഥാപാത്രം, അതായിരുന്നു 'എഫ്.ഐ.ആറി'ലെ നരേന്ദ്രഷെട്ടി. തമിഴ്നടനായ രാജീവാണ് ഈ സ്‌റ്റൈലൻ വില്ലൻ അഭ്രപാളിയിൽ അനശ്വരനാക്കിയത്. സുരേഷ് ഗോപിയെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത എഫ്.ഐ.ആറിന്റെ രചന ഡെന്നീസ് ജോസഫായിരുന്നു. ചിത്രത്തിൽ വില്ലന് നൽകിയ പശ്ചാത്തലസംഗീതവും ഐക്കൊണിക്ക് ആയിരുന്നു.

ദിഗംബരൻ
അക്ഷരാർഥത്തിൽ വില്ലൻ ഒരു സിനിമയെ കൊണ്ടുപോകുക എന്നതിന്റെ ഉത്തമോദാഹരണമായിരുന്നു 'അനന്തഭദ്ര'ത്തിലെ ദിഗംബരൻ. സിനിമയിലെ മറ്റെല്ലാ കഥാപാത്രങ്ങളെയും തന്റെ അസാധ്യ പ്രകടനംകൊണ്ട് ദുർബലരാക്കാൻ മനോജ് കെ ജയന് സാധിച്ചു. 'സർഗ'ത്തിലെ കുട്ടൻതമ്പുരാനുശേഷം മനോജ് കെ ജയൻ നിറഞ്ഞാടിയ വേഷം എന്ന് അനന്തഭദ്രത്തിലെ ദിഗംബരനെ വിശേഷിപ്പിക്കാം. ഒരുപിടി പുരസ്‌കാരങ്ങൾ ഈ പ്രകടനത്തിന് മനോജ് കെ ജയനെ തേടിയെത്തി. 2005-ൽ പുറത്തിറങ്ങിയ അനന്തഭദ്രം സന്തോഷ് ശിവനാണ് സംവിധാനം ചെയ്തത്.

റാവുത്തർ
കാഴ്ചയിൽതന്നെ ഏത് സാധാരണക്കാരനെയും പേടിപ്പെടുത്തുന്ന വില്ലൻ, അതായിരുന്നു 'വിയറ്റ്നാം കോളനി'യിലെ റാവുത്തർ. ഭീമാകാരമായ ശരീരവും നെഞ്ചിൽ കുത്തിവെച്ച തേളിന്റെ രൂപവുമൊക്കെയായി റാവുത്തർ എന്ന കഥാപാത്രത്തെ ഓരോ രംഗത്തിലും അവതരിപ്പിച്ചിരിക്കുന്നതുതന്നെ ആൾക്കാരിൽ ഭീതി ഉണർത്തുന്ന വിധമാണ്. വിജയരംഗ രാജുവാണ് റാവുത്തർ എന്ന കഥാപാത്രത്തെ അഭ്രപാളിയിൽ അനശ്വരനാക്കിയത്.
 

സി.ഐ. ജോർജ്
മലയാളം കണ്ട ഏറ്റവും വലിയ വിജയചിത്രമായ 'തുടരും' സിനിമയിൽ സി.ഐ. ജോർജായി നിറഞ്ഞാടിയത് പുതുമുഖമായ പ്രകാശ് വർമയായിരുന്നു. സിനിമയിൽ ഉടനീളം മോഹൻലാലിനൊപ്പംതന്നെ സ്‌കോർ ചെയ്യാൻ സി.ഐ. ജോർജ് എന്ന കഥാപാത്രത്തിന് സാധിച്ചു. ഇന്ത്യൻ പരസ്യരംഗത്തെ അതികായനായ പ്രകാശ്വർമയുടെ അഭിനയ അരങ്ങേറ്റം കൂടിയായിരുന്നു തുടരും എന്ന ചിത്രം. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ ഷൺമുഖം എന്ന കഥാപാത്രമായാണ് എത്തിയത്.

കുറ്റിക്കാടൻ
സിനിമയുടെ പേര് സ്വന്തം പേരിനൊപ്പം ചേർക്കാൻ ഭാഗ്യംലഭിച്ച അപൂർവ നടന്മാരിലൊരാളാണ് സ്ഫടികം ജോർജ്. മോഹൻലാൽ നായകനായ 'സ്ഫടികം' എന്ന സിനിമയിൽ കുറ്റിക്കാടൻ എന്ന എസ്‌ഐ വില്ലൻകഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ജോർജ്, സ്ഫടികം ജോർജായത്. പരുക്കനായ പോലീസ് കഥാപാത്രമായി സിനിമയിൽ ഉടനീളം നിറഞ്ഞുനിൽക്കാൻ ജോർജിന് സാധിച്ചു. മോഹൻലാൽ അവതരിപ്പിച്ച ആടുതോമ എന്ന കഥാപാത്രത്തെ വെല്ലുവിളിക്കാൻ തക്ക ധൈര്യവും ഉശിരും കുറ്റിക്കാടൻ എന്ന വില്ലൻ പ്രദർശിപ്പിച്ചു. ഈ സിനിമയ്ക്ക് പിന്നാലെ സമാന പാറ്റേണിലുള്ള ഒരുപാട് കഥാപാത്രങ്ങൾ സ്ഫടികം ജോർജിനെ തേടിയെത്തി.

ഹൈദർ മരയ്ക്കാർ
'ഹാഫ് മാൻ ഹാഫ് ലയൺ...' തടവറയിലിരുന്ന് നരസിംഹ മന്നാടിയാരെ വെല്ലുവിളിക്കുകയും തൂക്കുമരത്തിന് മുന്നിൽനിന്നുപോലും ബുദ്ധിവൈഭവംകൊണ്ട് പുറത്തുവരികയും ചെയ്യുന്ന അസാധ്യ വില്ലൻ, അതായിരുന്നു 'ധ്രുവ'ത്തിലെ ഹൈദർ മരയ്ക്കാർ. മമ്മൂട്ടിയെ നായകനാക്കി 1993-ൽ പുറത്തിറങ്ങിയ ധ്രുവത്തിലെ ഈ വില്ലന്റെ പിറവി എസ്.എൻ. സ്വാമിയുടെയും എ.കെ. സാജന്റെയും തൂലികയിൽ നിന്നാണ്. കന്നഡ നടൻ പ്രഭാകരാണ് ചിത്രത്തിൽ ഹൈദർ മരയ്ക്കാരെ അവതരിപ്പിച്ചത്. ഷമ്മി തിലകനാണ് കഥാപാത്രത്തിന് ശബ്ദം നൽകിയത്. മിതത്വം നിറഞ്ഞ സംഭാഷണങ്ങളും അഭിനയശൈലിയും തന്നെയായിരുന്നു ഹൈദർ മരയ്ക്കാരെ എക്കാലത്തെയും മികച്ച വില്ലൻമാരിലൊരാളാക്കി മാറ്റിയത്.

സാമി
'ജോണിവാക്കർ' എന്ന മമ്മൂട്ടി ചിത്രത്തിലെ പേടിപ്പെടുത്തുന്ന വില്ലൻ, മരണമണിപോലെ ഭീതിനിറയ്ക്കുന്ന പശ്ചാത്തല സംഗീതം. ജയരാജ് സംവിധാനം ചെയ്ത ജോണിവാക്കറിൽ പ്രതിനായകനായ സാമി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് കമാൽ ഘൗറാണ്. 1992-ൽ പുറത്തിറങ്ങിയ ജോണിവാക്കറിൽ ജോണി വർഗീസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. സഹോദര ബന്ധത്തെ ആസ്പദമാക്കിയാണ് ചിത്രം കഥ പറഞ്ഞത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi