റെക്കോഡുകൾ പലതും തകർത്ത് ഇപ്പോഴും മുന്നേറുകയാണ് 'ധുരന്ധർ'. രൺവീർ സിങ്, അക്ഷയ് ഖന്ന, സാറ അർജുൻ, ആർ.മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ ഉൾപ്പെടെയുള്ള താരങ്ങളെല്ലാം സിനിമയിൽ തിളങ്ങുകയും ചെയ്തു.

To advertise here,

ഇപ്പോൾ സിനിമയിലെ ചില ഭാഗങ്ങൾ ചിത്രീകരിച്ച അനുഭവങ്ങൾ ഓർത്തെടുക്കുകയാണ് മാധവൻ. 'ധുരന്ധറി'ൽ 26/11 മുംബൈ ഭീകരാക്രമണം പുനരാവിഷ്‌കരിച്ച ഒരു രംഗവുമുണ്ടായിരുന്നു. ആ രംഗം ചിത്രീകരിച്ചതിനെക്കുറിച്ചും അത് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും എങ്ങനെ ബാധിച്ചുവെന്നതിനെക്കുറിച്ചും മാധവൻ പറയുന്നു.

സോണിയ ഷേണായുടെ യൂട്യൂബ് ചാനലിനായി സംസാരിക്കുകയായിരുന്നു മാധവൻ. സിനിമയിൽ പാകിസ്താനി കഥാപാത്രങ്ങളെയാണ് അർജുൻ രാംപാലും അക്ഷയ് ഖന്നയും അവതരിപ്പിച്ചത്. 26 / 11 രംഗം ഷൂട്ട് ചെയ്തശേഷം അവർ രണ്ടുപേരും എങ്ങനെയാണ് വൈകാരികമായി തകർന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ആ നിമിഷത്തിന്റെ ഭാരമാണ് അവരെ തകർത്തത്.

''ആ സീനിന്റെ ചിത്രീകരണം കഴിഞ്ഞപ്പോൾ അക്ഷയ് ഖന്നയും അർജുൻ രാംപാലും പൂർണമായും തകർന്നു. അവർ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു. അവർക്കത് വെറും അഭിനയമല്ലായിരുന്നു. ആ കാലഘട്ടങ്ങളിലൂടെ ജീവിക്കുകയായിരുന്നു. അവർ അതുപോലുള്ള യഥാർഥസംഭവങ്ങൾ കണ്ടിട്ടുണ്ട്. അതെല്ലാം അവരുടെ ഓർമകളെ തിരികെ കൊണ്ടുവന്നു. അപ്പോഴാണ് ധുരന്ധർ ഒരു സ്‌പെഷൽ സിനിമയാണെന്ന ബോധ്യം എനിക്ക് വന്നത്''.

'ധുരന്ധർ' രണ്ടാം ഭാഗം മാർച്ചിൽ തിയേറ്ററുകളിലെത്തും. ഒന്നാം ഭാഗം വൻവിജയമായതിനെത്തുടർന്ന് ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആദിത്യ ധർ സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ആദിത്യ ധർ, ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധർ എന്നിവർ ചേർന്നാണ്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi