ഡെയ്‌സി, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്...പ്രണയകഥ പറയുന്ന രണ്ടുസിനിമകള്‍. പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് റിലീസ് ചെയ്തത് 1986-ല്‍. ഡെയ്‌സി 1988-ലും. രണ്ടും അക്കാലത്തെ യുവാക്കളെ ഏറെ ആകര്‍ഷിച്ച സിനിമയായിരുന്നു. പ്രണയവും നൊമ്പരങ്ങളും പ്രണയനഷ്ടവുമെല്ലാം മനോഹരമായി ചിത്രീകരിച്ച സിനിമകള്‍.
രണ്ടിലെയും പാട്ടുകള്‍ ഇന്നും ആളുകളുടെ പ്ലേലിസ്റ്റില്‍ ഇടംപിടിച്ചവ തന്നെ. ഡെയ്‌സി, ഓര്‍മതന്‍ വാസന്ത എന്നീ പാട്ടുകളാണ് ഡെയ്‌സിയിലേത്. പി.ഭാസ്‌കരനാണ് വരികളെഴുതിയത്, ഈണം നല്‍കിയത് ശ്യാമും. കൊഞ്ചിക്കരയല്ലേ, പൂങ്കാറ്റിനോടും എന്നീ പാട്ടുകളാണ് പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് എന്ന സിനിമയിലേത്. ബിച്ചു തിരുമലയുടെ വരികള്‍ക്ക് സംഗീതം നല്‍കിയത് ഇളയരാജയാണ്.
ഒന്നോ രണ്ടോ സിനിമയില്‍ മാത്രം അഭിനയിച്ച്, ഇപ്പോഴും ആളുകളുടെ മനസ്സിലിടം പിടിച്ച നായികമാരാണ് ഈ സിനിമകളിലെ പ്രധാനസവിശേഷത. 'ഡെയ്‌സി'യിലെ ഡെയ്‌സി പാറിപ്പറന്ന് ഉല്ലസിച്ച് പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടിയാണ്. 'പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്' എന്ന സിനിമയിലെ സിസിലി ഐസക്കിന്റെ സ്ഥായീഭാവം ദുഖവും ഏകാന്തതയുമാണ്. ജീവിതത്തില്‍ പ്രണയം തേടിയെത്തിയപ്പോള്‍ ആ ഭാവം പ്രണയമായി മാറി.
ഊട്ടിയിലെ ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുന്ന ഡെയ്‌സി, വളരെ പെട്ടെന്നാണ് സ്‌കൂളിലെ കുഴപ്പക്കാരനായ പ്രദീപ് മേനോന്റെ മനസ്സിലിടം പിടിക്കുന്നത്. ഡെയ്‌സി മരിക്കുന്നതോടെ തകര്‍ന്നുപോവുന്ന ജീവിതങ്ങളിലാണ് ആ സിനിമയും അവസാനിക്കുന്നത്.
മാതാപിതാക്കള്‍ക്കിടയില്‍ ഒറ്റപ്പെടുന്ന മകളാണ് സിസിലി. തൊട്ടടുത്തവീട്ടില്‍ താമസത്തിനെത്തുന്ന സഞ്ജയുടെ കാര്യവും ഇങ്ങനെ തന്നെ. ഇരുവരും വൈകാതെ പ്രണയത്തിലാവുന്നു. പക്ഷേ, ഒന്നിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാവുന്നതോടെ, റെയില്‍വേ പാളത്തില്‍ അവര്‍ തങ്ങളുടെ ജീവിതം അവസാനിപ്പിക്കുകയാണ്.
ഡെയ്‌സിയായെത്തിയത് സോണിയയാണ്. സിനിമ സംവിധാനം ചെയ്ത പ്രതാപ് പോത്തന്റെ മനസ്സില്‍ നായികയായി ആദ്യമുണ്ടായിരുന്നത് ഭാഗ്യശ്രീയായിരുന്നു. പില്‍ക്കാലത്ത് സല്‍മാന്‍ ഖാന്റെ നായികയായ ഭാഗ്യശ്രീ. എന്നാല്‍, അവര്‍ക്ക് ആ റോളില്‍ തിളങ്ങാന്‍ പറ്റുമോയെന്ന് പ്രതാപ് പോത്തന് തന്നെ പിന്നീട് സംശയം തോന്നി. സോണിയ ആയിരുന്നു ആ കഥാപാത്രത്തിന് കുറച്ചുകൂടി മെച്ചപ്പെട്ടതായി തോന്നിയത്. അങ്ങനെയാണ് അവരതിലേക്ക് എത്തുന്നത്. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ 'സാമ്രാജ്യ'ത്തില്‍ മമ്മൂട്ടിയുടെ സഹോദരിയായും സോണിയ അഭിനയിച്ചു. പിന്നീട്, അവര്‍ സിനിമയില്‍നിന്ന് അകന്നുപോവുകയും ചെയ്തു.
പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് എന്ന സിനിമയിലെ നായികയെക്കുറിച്ച് ആര്‍ക്കും ഒന്നുമറിയില്ല. അവരുടെ പേരുപോലും. സിനിമയിലെ കഥാപാത്രമായ സിസിലി എന്ന പേര് തന്നെയാണ്, അവരുടെ പേരെന്നും പറയപ്പെടുന്നു. ഇന്നും ആ സിനിമയോ അതിലെ പാട്ടുസീനുകളോ കാണുമ്പോള്‍ ചര്‍ച്ച മുറുകുന്നു. നായികയുടെ അഭിനയം മോശമെന്ന് ചിലര്‍ പറയുമ്പോള്‍, അതിലെ കഥാപാത്രത്തിന് ചേര്‍ന്ന ഭാവമാണതെന്ന് മറ്റുള്ളവര്‍. ഒറ്റസിനിമയില്‍ മാത്രം അഭിനയിച്ച് മറഞ്ഞ അവരെ ആളുകള്‍ ഓര്‍ത്തുകൊണ്ടേയിരിക്കുന്നു.
Content Highlights: heroines from the movie daisy and poomukhappadiyil ninneyum kaathu
Published: 25 Oct 2024, 01:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented