ഭാഷ, അതിര്‍ത്തി, ജലം തുടങ്ങി പലവിഷയങ്ങളില്‍ ഏറെക്കാലമായി തമിഴ്‌നാടും കര്‍ണാടകയും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം വിഷയങ്ങളില്‍ ഇരുസംസ്ഥാനങ്ങളിലെയും സിനിമ താരങ്ങള്‍ പൊതുവെ അഭിപ്രായ പ്രകടനം നടത്താറില്ല. എന്നാല്‍ കഴിഞ്ഞ ദിവസം കമല്‍ ഹാസന്‍ നടത്തിയ പരാമര്‍ശം പുതിയ പ്രതിഷേധങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും തിരികൊളുത്തിയിരിക്കുകയാണ്. കന്നഡ ഭാഷയെ അപമാനിച്ചെന്ന് ആരോപിച്ച് കമല്‍ഹാസന്‍ നായകനാകുന്ന മണിരത്‌നം ചിത്രം തഗ്ഗ് ലൈഫിന് കര്‍ണാടകയില്‍ റിലീസിന് നിരോധനമേര്‍പ്പെടുത്തിയിരിക്കുകയാണ് കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്‌സ്. കമല്‍ മാപ്പ് പറയാതെ സിനിമ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് സംഘടനനേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു. അതേസമയം തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും അതുകൊണ്ട് ക്ഷമാപണം നടത്തില്ല എന്നുമാണ് കമലിന്റെ നിലപാട്. 

ചൊടിപ്പിച്ച പരാമര്‍ശം..

കഴിഞ്ഞ ദിവസം തഗ്ഗ് ലൈഫ് പ്രമോഷന്‍ പരിപാടിക്കിടെയാണ് വിവാദ പരാമര്‍ശം കമല്‍ ഹാസന്‍ നടത്തിയത്. കന്നഡ ഭാഷ തമിഴില്‍ നിന്നാണ് ജന്മം കൊണ്ടതന്നെ പരാമര്‍ശമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പ്രമോഷന്‍ പരിപാടിയില്‍ അതിഥിയായെത്തിയ കന്നഡ നടന്‍ ശിവരാജ് കുമാറിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കമല്‍ഹാസന്‍ ഈ പരാമര്‍ശം നടത്തിയത്. 
'' കര്‍ണാടകയിലുള്ള എന്റെ കുടുംബമാണിത്. അതുകൊണ്ടാണ് ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹം (ശിവരാജ്കുമാര്‍) ഇങ്ങോട്ട് വന്നത്. അതുകൊണ്ടാണ് പ്രസംഗം ആരംഭിക്കുമ്പോള്‍ ഞാന്‍ ഉയിര്, ഉറവ്, തമിഴ് എന്ന് പറഞ്ഞത്. തമിഴില്‍ നിന്ന് പിറന്നതാണ് നിങ്ങളുടെ (കന്നഡ) ഭാഷയും. അതിനാല്‍ നിങ്ങളും അതില്‍ ഉള്‍പ്പെടുന്നു' 
ഇതായിരുന്നു കമല്‍ പറഞ്ഞത്. ഇതിന് പിന്നാലെ കര്‍ണാടകയിലെ രാഷ്ട്രീയ സംഘടനകളും സിനിമ സംഘടനകളും ഭാഷവാദികളുമെല്ലാം പ്രതിഷേധവുമായി രംഗത്ത് വന്നു. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാതെ കമലിന്റെ സിനിമയ്ക്ക് കര്‍ണാടകയില്‍ പ്രദര്‍ശാനുമതി നല്‍കില്ലെന്ന് അവര്‍ നിലപാട് എടുത്തു. മാപ്പ് പറയാനായി കമലിന് 24 മണിക്കൂര്‍ സമയവും അനുവദിച്ചു. ഭാഷ, ജലം, ഭൂമി എന്നിവര്‍ക്കെതിരെ ആര് സംസാരിച്ചാലും അംഗീകരിക്കില്ലെന്ന് കര്‍ണാടക മന്ത്രി ശിവരാജ് എസ്.തങ്കടഗി പറഞ്ഞു. അതേസമയം കമലിന്റെ സിനിമ കര്‍ണാടകയില്‍ നിരോധിച്ചാല്‍ ഒരു കന്നഡ സിനിമയും തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തമിഴ്‌നാട് എംഎല്‍എ ടി.വേല്‍മുരുകന്‍ പ്രഖ്യാപിച്ചു. 

മാപ്പ് പറയില്ല.. 

താന്‍ സ്‌നേഹത്തോടെ പറഞ്ഞ ഒരുകാര്യമാണെന്നും അതിനെ ഇത്തരത്തില്‍ വിവാദമാക്കേണ്ടതില്ലെന്നും അതിനാല്‍ മാപ്പ് പറയില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു കഴിഞ്ഞു. ' ഭാഷ ചരിത്രം ഞാന്‍ ചരിത്രകാരന്മാരില്‍ നിന്ന് പഠിച്ചിട്ടുണ്ട്. എന്നാല്‍ അത് ഒന്നും ഉദ്ദേശിച്ചിട്ടല്ല പ്രസംഗത്തില്‍ ഇത്തരമൊന്ന് പറഞ്ഞത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന സ്ഥലമാണ് തമിഴ്‌നാട്. ഉത്തരദേശക്കാരുടെ വീക്ഷണത്തില്‍ നോക്കുകയാണെങ്കില്‍ അവരുടെ വാദം ശരിയാണ്. എന്നാല്‍ ദക്ഷിണേന്ത്യക്കാരുടെ വീക്ഷണത്തില്‍ നോക്കുമ്പോള്‍ എന്റെ വാദവും ശരിയാണ്. ഇതിനെല്ലാമപ്പുറം ചരിത്രകാരമാരും ഭാഷ പണ്ഡിതരുമെല്ലാം പുറത്തുകൊണ്ടുവന്ന കാര്യങ്ങളുണ്ട്. രണ്ടുവാദവും ശരിയാണ് എന്ന് പറയുന്നവരുണ്ട്. പക്ഷേ ഏത് വാദത്തിന്റെ കൂടെ നില്‍ക്കണം എന്ന് തീരുമാനിക്കേണ്ടത്  നമ്മളാണ്. അത് നിങ്ങള്‍ക്ക് തീരുമാനിക്കാം. കാരണം ഇതൊരു ജനാധിപത്യരാജ്യമാണ്. ഇതൊരു ഉത്തരമല്ല പകരമൊരു വിശദീകരണമാണ്. സ്‌നേഹം ഒരിക്കലും മാപ്പ് പറയില്ല. '- കമല്‍ഹാസന്‍ പറഞ്ഞു. 

തഗ്ഗ് ലൈഫ് വരുന്നു..

നായകന് ശേഷം മണിരത്‌നം സംവിധാനം ചെയ്ത് കമല്‍ഹാസന്‍ നായകനാകുന്ന തഗ്ഗ് ലൈഫ് ജൂണ്‍ അഞ്ചിനാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിമ്പു, തൃഷ, ജോജു ജോര്‍ജ്, അഭിരാമി തുടങ്ങി വലിയ താരനിര അണിനിരക്കുന്ന ചിത്രത്തിന് എ.ആര്‍.റഹ്മാന്‍ സംഗീതം നല്‍കുന്നു. സിനിമ റിലീസിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഉണ്ടായ വിവാദം തണുപ്പിക്കാനാണ് സിനിമ ലോകം ശ്രമിക്കുന്നത്. കര്‍ണാടകയില്‍ സിനിമയില്‍ നിരോധനം നീങ്ങിയില്ല എങ്കില്‍ അത് ചിത്രത്തിന്റെ ബോക്‌സോഫീസ് വരുമാനത്തെ കാര്യമായി ബാധിക്കും.