
' ചില കാര്യങ്ങള്‍ അങ്ങനെയാണ്, ചെറിയ ലക്ഷ്യങ്ങളില്‍ തട്ടിവീണാലും വലിയ ലക്ഷ്യങ്ങള്‍ നമ്മളെ കാത്തിരിക്കുന്നുണ്ടാകും, വീണ്ടും ഓടുന്നവര്‍ക്ക് മാത്രം...''
ലാല്‍ ജോസ് സംവിധാനം ചെയ്ത 'വിക്രമാദിത്യന്‍' എന്ന സിനിമയിലെ ആദിത്യന്‍ എന്ന ദുല്‍ഖര്‍ കഥാപാത്രം പറയുന്ന ഈ ഡയലോഗ് പോലെ തന്നെയാണ് അക്ഷരാര്‍ഥത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്ന അഭിനേതാവിന്റെ സിനിമാജീവിതവും. സിനിമയിലെത്തിയ ആദ്യകാലത്ത് മലബാര്‍ ഭാഗത്ത് ദുല്‍ഖര്‍ സല്‍മാന്‍ അതിഥിയായി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ആളുകള്‍ ചുറ്റുംനിന്ന് കൂകിയിട്ടുണ്ട്. ആ കൂവലുകള്‍ക്കിടയിലും ഒന്നും പ്രതികരിക്കാതെ ഒരുചെറുചിരിയോടെ നടന്നുനീങ്ങുന്ന ദുല്‍ഖറിന്റെ വീഡിയോ ഇന്നും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. കാരണം ആ യുവാവ് അന്നേ മനസ്സില്‍ ഉറപ്പിച്ചിരുന്നു കൂകിയവരെ കൊണ്ടെല്ലാം ഒരിക്കല്‍ താന്‍ കൈയടിപ്പിക്കുമെന്ന്. ആ ഉറച്ച തീരുമാനത്തിന് മുകളില്‍ നിന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്ന പേരില്‍ നിന്ന് ഡി.ക്യൂ എന്ന പാന്‍ ഇന്ത്യന്‍ ബ്രാന്‍ഡിലേക്ക് പിന്നീടുള്ള വര്‍ഷങ്ങളില്‍ സ്വപ്രയത്‌നം കൊണ്ട് ആ യുവാവ് വളര്‍ന്നുകയറിയത്.
Also Read
ഒരുകാലത്ത് കൂവല്‍കിട്ടിയ ഇടങ്ങളിലെല്ലാം ഇന്ന് ആള്‍ക്കാര്‍ അയാളുടെ വരവിനായി കാത്തിരിക്കുന്നു, അയാള്‍ എത്തിയാല്‍ ഇന്ന് കേരളത്തിലെ ഏത് നഗരവും ജനക്കൂട്ടത്തിനാല്‍ സ്തംഭിച്ചുപോകുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. കേരള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ പ്രീബുക്കിങ് ബിസിനസും കരസ്ഥമാക്കി കരിയറിലെ ഏറ്റവും വലിയ റിലീസായ കിങ് ഓഫ് കൊത്തയുമായി ഈ ഓണക്കാലത്തും ദുല്‍ഖര്‍ സല്‍മാന്‍ മലയാളിയുടെ മുന്നിലേക്കെത്തുമ്പോള്‍ അത് മറ്റൊരു സൂപ്പര്‍താര യാത്രയുടെ തുടക്കമാവുമെന്നാണ് സിനിമ നിരൂപകര്‍ വിലയിരുത്തത്. 'കുറുപ്പ്' നേടിയ അതേ വിജയം 'കിങ് ഓഫ് കൊത്ത'യിലും ആവര്‍ത്തിക്കാനായാല്‍ അത് സിനിമയിലെ മറ്റൊരു സൂപ്പര്‍താര യുഗപിറവിയായി മാറും. മമ്മൂട്ടി എന്ന മെഗാതാരത്തിന്റെ മകനെന്ന ലേബല്‍ ഉപയോഗിക്കാതെ ദുല്‍ഖര്‍ വളര്‍ന്നുവന്നവഴിയില്‍ ഒരുപാട് കൗതുകങ്ങളുണ്ട്.
എന്റെ വിധി എന്റെ തീരുമാനങ്ങളാണ്....
കുട്ടിക്കാലം മുതല്‍ പിതാവിന്റെ സിനിമാ ജീവിതവും തിരക്കുകളും കണ്ടാണ് ദുല്‍ഖര്‍ വളര്‍ന്നത്. എന്നാല്‍ ബാലതാരമായോ തന്റെ മകനെന്ന പേരിലോ ദുല്‍ഖറിനെ സിനിമയിലേക്ക് എത്തിക്കാന്‍ പിതാവായ മമ്മൂട്ടി അന്നൊന്നും താത്പര്യപ്പെട്ടിരുന്നില്ല. പലഘട്ടങ്ങളിലും മാധ്യമങ്ങളും സുഹൃത്തുക്കളും മകന്റെ സിനിമ അരങ്ങേറ്റത്തെ കുറിച്ച് മമ്മൂട്ടിയോട് ചോദിച്ചിട്ടുണ്ട്. മകന് താത്പര്യം തോന്നുന്നുവെങ്കില്‍ അന്നവര്‍ വരട്ടെ എന്നായിരുന്നു അന്ന് പിതാവ് നല്‍കിയ ഉത്തരം. അമേരിക്കയിലെ പഠനക്കാലത്തിന് ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്‍ അഭിനയ വഴിയിലെ ഭാഗ്യപരീക്ഷണത്തിന് ആദ്യമായി ഇറങ്ങിയത്. അഭിനയിക്കുന്നതിന് മുമ്പായി മുംബൈയിലെ ബാരി ജോണ്‍ ആക്ടിങ് സ്റ്റുഡിയോയില്‍ നാലുമാസത്തെ പരിശീലനം. മുംബൈയിലെ തെരുവുകളില്‍ നാടകങ്ങള്‍ കളിച്ചും കഥാപാത്രങ്ങളെ അന്വേഷിച്ച് തെരുവില്‍ അലഞ്ഞുമെല്ലാം നടന്ന ആ പരിശീലന കാലമാണ് അഭിനയത്തിന്റെ പുതുനാമ്പുകള്‍ ദുല്‍ഖറില്‍ മുളപ്പിച്ചത്.
അരങ്ങേറ്റ സിനിമയ്ക്കായി പ്രമുഖ നിര്‍മാതാക്കളും സംവിധായകരുമടക്കും എന്തും പിതാവിന്റെ ലേബലില്‍ ദുല്‍ഖറിന് എളുപ്പം ലഭിക്കുമായിരുന്നു. ഏറ്റവും സേഫായ അത്തരമൊരു ഓപ്ഷനെ പാടെ തള്ളിയാണ് ഒരുകൂട്ടം നവാഗതര്‍ക്കൊപ്പം അരങ്ങേറ്റ സിനിമ ചെയ്യാന്‍ ദുല്‍ഖര്‍ തീരുമാനിച്ചത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സെക്കന്‍ഡ് ഷോ എന്ന ചിത്രം, ഷൂട്ടിനായി കോഴിക്കോടും മറ്റ് ദുല്‍ഖറും ടീമും എത്തിയപ്പോള്‍ മമ്മൂട്ടിയുടെ മകനാണെന്ന് തിരിച്ചറിഞ്ഞവര്‍ വളരെ വിരളം. വലിയ പ്രമോഷനുകളൊന്നുമില്ലാതെ തിയേറ്ററുകളിലെത്തിയ ചിത്രം അവതരണത്തിലെ പുതുമ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. സമ്മിശ്ര അഭിപ്രായമാണ് സിനിമയെ കുറിച്ച് വന്നത്. സിനിമ കണ്ട നിരൂപകരില്‍ ഭൂരിഭാഗവും അന്ന് ദുല്‍ഖറിന് സിനിമയില്‍ അല്‍പായുസ് മാത്രമാണ് പറഞ്ഞത്. എന്നാല്‍ അവര്‍ക്കൊന്നും വരാനിരിക്കുന്നത് അയാളുടെ കാലമാണെന്ന് അറിയില്ലായിരുന്നു...
ഡിക്യൂ ഫാക്ടര്‍....
അഞ്ജലി മേനോന്റെ തിരക്കഥയില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത 'ഉസ്താദ് ഹോട്ടല്‍' എന്ന ചിത്രം, ദുല്‍ഖറിന്റെ കരിയറിലെ ആദ്യ സൂപ്പര്‍ഹിറ്റ്. ഫൈസി എന്ന കഥാപാത്രത്തിലൂടെ ദുല്‍ഖര്‍ പ്രേക്ഷകരുടെയും കൂടെ അഭിനയിച്ചവരുടെയുമെല്ലാം ഹൃദയം കവര്‍ന്നു. തിലകന്‍, സിദ്ദിഖ് തുടങ്ങി കൂടെ അഭിനയിച്ച സീനിയര്‍ താരങ്ങളെല്ലാം ദുല്‍ഖറിന്റെ പ്രകടനത്തെ പുകഴ്ത്തി. പിന്നാലെ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എ.ബി.സി.ഡി, സമീര്‍ താഹിറിന്റെ നീലകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ബാംഗ്ലൂര്‍ ഡേയ്‌സ്, വിക്രമാദിത്യന്‍ അങ്ങനെ തുടര്‍ച്ചയായ ഹിറ്റുകള്‍. പല അച്ചിലുള്ള കഥാപാത്രങ്ങള്‍.
നീലകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയിലെ കാസിയും ബാംഗ്ലൂര്‍ ഡേയ്‌സിലെ അജുവും യുവാക്കള്‍ക്കിടയില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചത്. മോട്ടോര്‍ സൈക്കിള്‍ റൈഡിങും, സോളോ ട്രിപ്പിങുമെല്ലാം യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറി. ചാര്‍ലി ഇറങ്ങിയതോടെ ദുല്‍ഖറിന്റെ കരിയര്‍ പുതിയ തലത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. വിമര്‍ശിച്ചവരെല്ലാവരും ഒരുമിച്ച് ചാര്‍ലിയിലെ പ്രകടനത്തിന് കൈയടിച്ചു. മീശപ്പുലിമലയില്‍ മഞ്ഞുപെയ്യുന്നത് കാണാനും മാജിക് മഷ്‌റൂം കാണാനും ചാര്‍ലി കണ്ട ശേഷം യുവാക്കള്‍ യാത്ര തുടങ്ങി. ശരിക്കും കാറ്റിനെ പോലെ പാറിനടക്കുന്ന ആ കഥാപാത്രം 'ഒരു ജിന്നായിരുന്നു'. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരമാണ് ചാര്‍ലിയിലൂടെ ദുല്‍ഖറിനെ തേടിയെത്തിയത്. കലി, കമ്മട്ടിപ്പാടം, ജോമോന്റെ സുവിശേഷങ്ങള്‍, പറവ, സി.ഐ.എ, വരനെ ആവശ്യമുണ്ട് തുടങ്ങി പിന്നീട് ദുല്‍ഖര്‍ അഭിനയിച്ച ഭൂരിഭാഗം മലയാളസിനിമകളും ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചവയാണ്. ഓരോ സിനിമ കഴിയും തോറും പുതിയ ടീമുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാനും തന്റെ കരിയര്‍ ഗ്രാഫ് പടിപടിയായി ഉയര്‍ത്താനും ദുല്‍ഖറിന് സാധിച്ചു.
അതിര്‍ത്തികള്‍ കടന്ന്...
മണിരത്‌നം സംവിധാനം ചെയ്ത ഒ.കാതല്‍ കണ്‍മണിയിലൂടെയാണ് ദുല്‍ഖര്‍ തമിഴകത്തിന്റെ പ്രിയപ്പെട്ടവനായി മാറുന്നത്. നിത്യാമേനോനും ദുല്‍ഖറും ഒന്നിച്ച ആ പ്രണയചിത്രം തമിഴ്‌നാട്ടിലെ യുവാക്കള്‍ക്കിടയില്‍ തരംഗം തീര്‍ത്തു. കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന തമിഴ് ചിത്രവും വിജയം ആവര്‍ത്തിച്ചു. മഹാനടിയിലൂടെയാണ് തെലുഗില്‍ ദുല്‍ഖര്‍ മികച്ച അരങ്ങേറ്റം നടത്തിയത്. സിനിമ നേടിയ വലിയ വിജയം ജെമിനി ഗണേശനായി അഭിനയിച്ച ദുല്‍ഖറിനും കൈയടി നല്‍കി.
ദുല്‍ഖര്‍ നായകനായ സീതാരാമം എന്ന രണ്ടാമത്തെ തെലുഗു ചിത്രം പോയവര്‍ഷത്തെ വലിയ ഹിറ്റുകളില്‍ ഒന്നാണ്. കാര്‍വാന്‍, സോയ ഫാക്ടര്‍, ചുപ്പ്, ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് എന്നീ സിനിമകളിലൂടെ ബോളിവുഡിലും തന്റെ ശക്തമായ സാന്നിധ്യം ദുല്‍ഖര്‍ ഇതിനകം അറിയിച്ചു കഴിഞ്ഞു. തമിഴ്, തെലുഗ്, ബോളിവുഡ് എന്നിവിടങ്ങളില്‍ തന്റേതായ ഒരുഫാന്‍ ബേസ് ഉണ്ടാകാന്‍ മികച്ച തെരഞ്ഞെടുപ്പു
കളിലൂടെ ദുല്‍ഖറിന് സാധിച്ചു.
ദി ക്രൗഡ് പുള്ളര്‍....
ഒരുനടന്റെ താരപ്രഭാവം ജനങ്ങള്‍ തൊട്ടറിയുക തിയേറ്ററുകളിലാണ്. അവര്‍ നായകരാകുന്ന സിനിമയ്ക്ക് ലഭിക്കുന്ന ഹൈപ്പും ആദ്യ ദിനങ്ങളില്‍ തിയേറ്ററുകളിലേക്ക് പ്രേക്ഷകരെ ആളെ എത്തിക്കാനുള്ള കഴിവുമാണ് മിക്കപ്പോഴും ഓരോ താരത്തിന്റെ താരമൂല്യം ഉയര്‍ത്തുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ഇന്ന് എതിരാളികളില്ലാത്ത സൂപ്പര്‍ താര പദവിയില്‍ നില്‍ക്കുന്നതിന്റെ കാരണം അവര്‍ക്കുള്ള ആ ക്രൗഡ് പുള്ളര്‍ കപ്പാസിറ്റിയാണ്. യുവതാരങ്ങളില്‍ പതിയെ പതിയെ ഏറ്റവും വലിയ ക്രൗഡ് പുള്ളറായി മാറിയത് ദുല്‍ഖര്‍ സല്‍മാനാണെന്ന് നിസ്സംശയം പറയാം. ഓരോ സിനിമ കഴിയുംതോറും അയാള്‍ താരമൂല്യം ഉയര്‍ത്തുന്നതിനൊപ്പം പുതിയൊരു ആരാധകവൃന്ദത്തെയും സൃഷ്ടിക്കുന്നുണ്ട്. യുവാക്കളിലും കൗമാരക്കാരിലും ഇന്ന് ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉള്ളത് ദുല്‍ഖര്‍ സല്‍മാനാണ്. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പ്രൊഫലുകളില്‍ പിന്തുടരുന്നവരുടെ എണ്ണം അത് വ്യക്തമാകുന്നു.
നടനപ്പുറം നിര്‍മാതാവ്, വിതരണക്കാരന്‍ എന്നീ നിലയിലും ഡിക്യൂ എന്ന ബ്രാന്‍ഡ് വളര്‍ന്നുപന്തലിച്ചു കഴിഞ്ഞു. കോവിഡിന്റെ പ്രതിസന്ധിയില്‍ ഞെരിഞ്ഞമര്‍ന്ന തിയേറ്ററുകള്‍ ജീവശ്വാസത്തിനായി പിടഞ്ഞപ്പോള്‍ രക്ഷകനായത് ദുല്‍ഖര്‍ നായകനായ 'കുറുപ്പ്' എന്ന ചിത്രമാണ്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തിന് അപ്രതീക്ഷിത വരവേല്‍പ്പാണ് തിയേറ്ററുകളില്‍ ലഭിച്ചത്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ പണംവാരിപ്പടമായി മാറിയ കുറുപ്പ് 50 കോടിയിലധികം ബോക്‌സോഫീസില്‍ നിന്ന് നേടി. ചിട്ടയോടെ നടത്തിയ പ്രമോഷനും റിലീസിങ്ങുമാണ് കുറുപ്പിന്റെ വിജയത്തില്‍ നിര്‍ണായകമായത്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണ കമ്പനി കൃത്യമായ പ്ലാനുണ്ടാക്കി ഇന്ത്യയിലും വിദേശത്തും നടത്തിയ പ്രമോഷന്‍ ലക്ഷ്യം കണ്ടു. ആദ്യമായി ഒരു മലയാളംസിനിമയുടെ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചത് കുറുപ്പിന്റേത് ആയിരുന്നു.
അന്ന് ന്യൂഡല്‍ഹി, ഇന്ന് 'കിങ് ഓഫ് കൊത്ത'..?
മമ്മൂട്ടി എന്ന താരത്തിന്റെ കരിയറിലെ ഏറ്റവും മിന്നുന്ന വിജയങ്ങളിലൊന്ന് ജോഷി സംവിധാനം ചെയ്ത ന്യൂഡല്‍ഹിയാണ്. മെഗാസ്റ്റാര്‍ എന്ന വിശേഷണം മമ്മൂട്ടിക്ക് നല്‍കി തുടങ്ങിയത് ന്യൂഡല്‍ഹി നേടിയ അത്ഭുത വിജയത്തിന് ശേഷമാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം സമാനമായൊരു കൂട്ടുകെട്ടിലാണ് കിങ് ഓഫ് കൊത്തയും തിയേറ്ററുകളിലെത്തുന്നത്. ജോഷിയുടെ മകന്‍ അഭിലാഷ് ജോഷി സംവിധായകന്റെ റോളിലും മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകന്റെ റോളിലും. ന്യൂഡല്‍ഹിക്ക് ലഭിച്ചതിനേക്കാള്‍ ഇരട്ടി ഹൈപ്പും തിയേറ്ററുകളും ഷോകളും. അഞ്ഞൂറിലധികം തിയേറ്ററുകളില്‍ എതിരാളികളൊന്നുമില്ലാതെ ആദ്യ ദിനം കിങ് ഓഫ് കൊത്ത പ്രദര്‍ശനം ആരംഭിക്കുന്നു.
ഇതുവരെ ഒരുമലയാള സിനിമയും ചെയ്യാത്ത രീതിയിലുള്ള പ്രമോഷന്‍ ഇവന്റുകളാണ് കിങ് ഓഫ് കൊത്തയ്ക്കായി ദുല്‍ഖറും ടീമും സംഘടിപ്പിച്ചത്. ചെന്നൈയിലും ഹൈദരാബാദിലും ദുബായിലുമൊക്കെ ടീം നേരിട്ട് എത്തി വന്‍ പ്രീ റിലീസിങ് ഇവന്റുകള്‍. അമേരിക്കയിലെ ടൈം സ്‌ക്വയറില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച മലയാളം സിനിമ ട്രെയിലര്‍ എന്ന നേട്ടവും 'കിങ് ഓഫ് കൊത്ത' നേടി. ഇതെല്ലാം കാണുമ്പോള്‍ സിനിമ പ്രേക്ഷകരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നതിങ്ങനെയാണ് ' ഓന്‍ ചരിത്രം ആവര്‍ത്തിക്കുകയാണല്ലോ...'
Content Highlights: film journey of actor Dulquer Salmaan based on his new film king of kotha
Published: 23 Aug 2023, 05:58 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented