'കാഴ്ചപ്പാടുകൾ തെറ്റാണെന്നറിയുമ്പോൾ തിരുത്തുന്നതല്ലേ അതിന്റെ ശരി...അല്ലെങ്കിൽതന്നെ തെറ്റുതിരുത്തുന്നതിനേക്കാൾ വലിയ ശരി എന്താണുള്ളത്...'

To advertise here,

'സർവ്വം മായ' എന്നാണ് ചിത്രത്തിന്റെ പേരെങ്കിലും, സ്‌നേഹത്തെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത്, സർവംസ്‌നേഹം.

പുതിയകാലത്തിന്റെ വേഗത്തിൽ ചോർന്നുപോകുന്ന മനുഷ്യർക്കിടയിലെ വൈകാരികബന്ധങ്ങളെ മനസ്സിലുടക്കുംവിധം അവതരിപ്പിച്ചിരിക്കുകയാണ് എഴുത്തുകാരൻ കൂടിയായ സംവിധായകൻ അഖിൽ സത്യൻ. പ്രതിനായകരില്ലാത്ത, വിദ്വേഷമോ വെറുപ്പോ പ്രചരിപ്പിക്കാത്ത, നെടുങ്കൻ ഡയലോഗോ ചോരക്കളികളോ ഇല്ലാത്ത സമാധാനത്തോടെ കാണാവുന്ന ഒരു സിനിമ. ചിരിയുടെ അലകൾക്കിടയിലും ബന്ധങ്ങളുടെ അടുപ്പം ആഴത്തിൽ അടയാളപ്പെടുത്തുന്നുണ്ട്.

മലയാളിയുടെ ജീവിതം തനിമചോരാതെ സിനിമയിലേക്ക് കൊണ്ടുവന്ന സത്യൻ അന്തിക്കാടിന്റെ മകൻ സഞ്ചരിക്കുന്നതും സമാനമായ പാതയിലാണ്. സിനിമയ്ക്കുവേണ്ടി, കൈയടി പ്രതീക്ഷിച്ച് തുന്നിച്ചേർക്കുന്ന ഗിമ്മിക്കുകളൊന്നും തന്നെ 'സർവ്വം മായ'യിൽ നമ്മൾ കാണുന്നില്ല. കഥയ്‌ക്കൊപ്പം ചേർന്നുനിൽക്കുന്ന പാട്ടുകളും പശ്ചാത്തലസംഗീതവും, സ്‌നേഹം നിറയുന്ന സംസാരങ്ങളുമെല്ലാം കഥയിലേക്ക് പ്രേക്ഷകനെ പെട്ടെന്ന് അടുപ്പിക്കുന്നു. ജീവിതം മായയാണെന്നും, ഇന്നുള്ളത് നാളെ കാണണമെന്നില്ലെന്നും ജീവിച്ചിരിക്കുന്ന സമയമത്രയും സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും കഴിയണമെന്നും കഥാപാത്രങ്ങൾ പറയാതെ പറയുന്നു.

നായകനും മരിച്ചുപോയ അമ്മയും തമ്മിലുള്ള സ്‌നേഹം കാണിക്കാൻ സിനിമയിൽ ഒന്നോ രണ്ടോ സംഭാഷണങ്ങൾ മാത്രം മതിയായിരുന്നു, അച്ഛനെക്കുറിച്ചുള്ള പുതിയ അറിവുകൾ പുതിയ കാഴ്ചപ്പാടിലേക്ക് നായകനെ മാറ്റുന്നു. സുഹൃത്തുക്കളോടും ജ്യേഷ്ഠനോടും വലിയച്ഛനോടുമെല്ലാമുള്ള നിവിൻപോളി കഥാപാത്രത്തിന്റെ ഇടപെടലുകളിലൂടെയാണ് സിനിമ മുന്നോട്ടുപോകുന്നത്. എല്ലാ മനുഷ്യരിലും നന്മയും തിന്മയും അടങ്ങിയിരിക്കുമെങ്കിലും 'സർവ്വം മായ' പ്രാധാന്യം നൽകുന്നത് മനുഷ്യരുടെ നല്ല വശങ്ങൾക്കാണ്. ജീവിതത്തിൽ എനിക്കേറ്റവും ഇഷ്ടം എന്നോടുതന്നെയാണെന്നും, ഞാൻ എന്നെ സ്‌നേഹിക്കുന്നുണ്ടല്ലോ...എനിക്കതുമതിയെന്നുമുള്ള ജനാർദനന്റെ കഥാപാത്രം പറയുന്ന ഡയലോഗ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ മനസ്സിലേക്ക് ചേക്കേറുന്നുണ്ട്. മുതിർന്ന കഥാപാത്രം പുതിയ തലമുറയ്ക്ക് പകർന്നുനൽകുന്ന വലിയൊരു ജീവിതദർശനം കൂടിയാണിത്.

2025 ഏപ്രിലിൽ ചിത്രീകരണം തുടങ്ങി ഡിസംബറിൽ തിയേറ്ററിൽ എത്തിയ സിനിമയാണ് 'സർവ്വം മായ'യെന്ന് നിവിൻപോളി അഭിമുഖങ്ങളിൽ ആവേശത്തോടെ പറയുന്നുണ്ട്. ഇത്തരമൊരു കഥ, കാലത്തിന്റെ ആവശ്യമാണെന്ന തിരിച്ചറിവുതന്നെയാകണം രണ്ടാമതൊന്ന് ആലോചിക്കാതെ, അഖിൽ സത്യന് കൈകൊടുക്കാൻ നിവിനെ പ്രേരിപ്പിച്ചത്.

ജീവിതത്തിൽ പലപ്പോഴും പിൻതുടരുന്ന തെറ്റും ശരിയും, കാഴ്ച്ചപ്പാടുകളും മരണംവരെ മുറുകെപിടിക്കാൻ സാധ്യമല്ലെന്നും സിനിമ പറയുന്നു. പുതിയ തിരിച്ചറിവുകളും അനുഭവങ്ങളിലൂടെ ലഭിക്കുന്ന പാഠങ്ങളും നമ്മുടെ ധാരണകളെ മാറ്റിമറിക്കുമെന്നും നവീകരിക്കുമെന്നുള്ളതിന് 'സർവ്വം മായ'യിൽ ഉദാഹരണങ്ങൾ ധാരാളമുണ്ട്. ദൈവവിശ്വാസിയല്ലാത്ത നായകൻ പൂജയ്ക്കിറങ്ങുന്നതും നായ്ക്കളെ ഇഷ്ടമില്ലാതിരുന്ന അച്ഛൻ നായയ്‌ക്കൊപ്പം കിടന്നുറങ്ങുന്നതും ഒന്നിനോടും കാര്യമായി പ്രതികരിക്കാത്ത നായകൻ ജീവിതത്തിന്റെ ഒരുഘട്ടത്തിൽ മുണ്ട് മടക്കിക്കുത്തി ഇറങ്ങുന്നതും കഥയുടെ ഭാഗമായി കടന്നുവരുന്നുണ്ട്.

ചിരിയും ചിന്തയും പകർന്ന സിനിമ അവസാനിക്കുമ്പോൾ നമ്മളറിയാതെ കണ്ണുകൾ ഈറനണിയും. 'സർവ്വം മായ' പോലുള്ള സിനിമകൾ കണ്ടിറങ്ങുന്നത് ഒരു സന്തോഷമാണ്. കൊടുംവില്ലൻമാരോ ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റുകളോ തീപാറുന്ന ആക്ഷൻ സീനുകളോ ആർപ്പുവിളിപോലുള്ള സംഭാഷണങ്ങളോ ഇല്ലാതെ സ്‌നേഹംകൊണ്ട് ഒരു സിനിമ നമ്മുടെ മനസ്സിനെ തൊടുന്നു...അതുതന്നെയാണ് 'സർവ്വം മായ'യുടെ വിജയവും.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi