ബോളിവുഡില്‍ ഇത് കൂട്ടമെലിച്ചിലിന്റെ കാലമാണോ? സംവിധായകന്‍ കരണ്‍ ജോഹര്‍ ശരീരഭാരം കുറച്ചത് വലിയ ചര്‍ച്ചയായതിനു പിന്നാലെയാണ് കൊമേഡിയന്‍ കപില്‍ ശര്‍മയും ഞെട്ടിച്ചത്. പ്രമുഖര്‍ മെലിയുന്നത് കണ്ട് അന്തംവിട്ടിരിക്കുകയാണ് അക്ഷരാര്‍ഥത്തില്‍ ആരാധകര്‍. നടന്‍ രാം കപൂര്‍, റാപ്പര്‍ ബാദ്ഷ, വിദ്യാ ബാലന്‍, കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ എന്നിങ്ങനെ നീളുന്നു ഭാരം കുറച്ചവരുടെ പട്ടിക. 

To advertise here,

അതേസമയം, ഇവരെല്ലാം ഇത്രപെട്ടെന്ന് ഭാരം കുറച്ചതെങ്ങനെയെന്ന ചോദ്യവും പലരും ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞവര്‍ഷം അവസാനം ട്രന്‍ഡിങ് ആയ ഒസെംപിക് എന്ന മരുന്നുപയോഗിച്ചാവാം ബോളിവുഡ് താരങ്ങളെല്ലാം മെലിഞ്ഞതെന്നാണ് അഭ്യൂഹം. അമിതവണ്ണം നിയന്ത്രിക്കാന്‍ കഴിയുന്ന അത്ഭുതമരുന്നെന്ന രീതിയിലാണ് ഒസെംപിക് പ്രചാരം നേടുന്നത്.  

ടൈപ്പ് 2 പ്രമേഹത്തിന്റെ ചികിത്സയ്ക്കായും ശരീരഭാരം കുറയ്ക്കുന്നതിനുമുള്‍പ്പടെ ഉപയോഗിക്കുന്ന മരുന്നാണ് ഒസെംപിക് അഥവാ സെമാഗ്ലാറ്റൈഡ്. ഹോളിവുഡ് താരങ്ങളും പേരെടുത്ത വ്യക്തിത്വങ്ങളും ഒസെംപിക് ഉപയോഗിച്ച അനുഭവങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതിന്റെ പാര്‍ശ്വഫലങ്ങളെപ്പറ്റി ചിന്തിക്കാതെയാണ് പലരും എടുത്തുചാടി മരുന്നു കഴിക്കുന്നത്.

അതേസമയം, തങ്ങള്‍ മരുന്നുകളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും ആരോഗ്യകരമായി ഭക്ഷണം ശീലമാക്കിയതിന്റെയും സ്ഥിരമായി വര്‍ക്കൗട്ട് ചെയ്തതിന്റെയും ഫലമാണ് ഭാരംകുറഞ്ഞതെന്നും കരണ്‍ ജോഹര്‍ അടക്കമുള്ളവര്‍ പറഞ്ഞിട്ടുണ്ട്. കപില്‍ ശര്‍മ 92-ല്‍ നിന്ന് 81 ആയാണ് ശരീരഭാരം കുറച്ചത്. കൃത്യമായ ഡയറ്റും വ്യായാമവുമാണ് കാരണമായി പറഞ്ഞത്. നടന്‍ രാം കപൂര്‍ 140 കിലോഗ്രാമുണ്ടായിരുന്നു. 55 കിലോ കുറച്ച് 85-ലേക്കെത്തി. ഇന്റര്‍മിറ്റെന്റ് ഫാസ്റ്റിങ് രീതിയും കൃത്യമായ വര്‍ക്കൗട്ടുമാണ് ഇതിനു പിന്നില്‍. ശസ്ത്രക്രിയയോ മരുന്നോ എടുത്തിട്ടില്ലെന്ന് താരം പറയുന്നു.

പ്രസിദ്ധ റാപ്പര്‍ ബാദ്ഷായുടെ ഭാരം കുറയ്ക്കലും ആരോഗ്യം മുന്‍നിര്‍ത്തി തന്നെ. കൃത്യമായ കാരണം വ്യക്തമല്ല. വിദ്യാ ബാലനും കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യയും അടുത്തിടെ ഭാരം കുറച്ചവരാണ്. 2015-ല്‍ 200-കിലോയിലേറെ ഭാരമുണ്ടായിരുന്ന ഗണേഷ് 98 കിലോ കുറച്ചത്.   

എന്താണ് ഒസെംപിക്?
ടൈപ്പ് 2 പ്രമേഹം ചികിത്സയ്ക്കുള്ള ഒരു മരുന്നാണിത്. 2017 -ല്‍ യുഎസ് ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഒസെംപികിന് അംഗീകാരം നല്‍കി. പ്രമേഹത്തിന്റെ ചികിത്സയ്ക്കായി ഒസെംപിക് ഉപയോഗിക്കുന്നവരില്‍ ശരീരഭാരവും കുറയുന്നുവെന്ന് നിരീക്ഷിച്ചതോടെയാണ് ഇത് അമിതവണ്ണത്തിന്റെ ചികിത്സയ്ക്കായി ഉപയോഗിച്ചുതുടങ്ങുന്നത്. പ്രത്യേക വ്യായാമങ്ങളോ ഭക്ഷണ നിയന്ത്രണമോ ഇല്ലാതെ ഉപയോഗിക്കുന്നവര്‍ക്ക് ശരീരഭാരം കുറഞ്ഞതോടെ പ്രചാരം വര്‍ധിച്ചു.

ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്, അവതാരകയും എഴുത്തുകാരിയുമായ ഒപ്ര വിന്‍ഫ്രി അടക്കം നിരവധി പ്രമുഖരാണ് ഒസെംപിക് ഉപയോഗിച്ച് ശരീരഭാരം കുറച്ചുവെന്ന് അവകാശപ്പെട്ടത്. പാര്‍ശ്വഫലങ്ങള്‍ കണക്കിലെടുക്കാതെയാണ് പലരും ഇതിന് പുറകേ പോകുന്നത്.