2008-ൽ റിലീസായ ഹിന്ദിസിനിമയാണ് 'ഗജിനി'. അതേ പേരിൽ എ.ആർ.മുരുഗദോസ് സംവിധാനം ചെയ്ത തമിഴ് സിനിമ, ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോൾ നായകനായത് ആമിർ ഖാനാണ്. നായിക അസിനും. 52 കോടിക്ക് നിർമിച്ച സിനിമ തിരിച്ചുപിടിച്ചത് 195 കോടി രൂപയാണ്. അതേ വർഷം ക്രിസ്മസ് റിലീസായെത്തിയ സിനിമ, ആ വർഷം ഏറ്റവും കൂടുതൽ കളക്ട് ചെയ്ത സിനിമയുമായി മാറി. 100 കോടി ക്ലബിൽ കയറിയ ആദ്യ ബോളിവുഡ് ചിത്രവും ഇതുതന്നെ.
അടുത്തിടെ ഒരു അഭിമുഖത്തിൽ, 'ഗജിനി'യുടെ ഹിന്ദി റീമേക്കിൽ സൽമാൻ ഖാൻ മുഖ്യവേഷം ചെയ്യുന്നത് താൻ സ്വപ്‌നം കണ്ടിരുന്നുവെന്ന് പറയുകയാണ് നിർമാതാവ് ബോണി കപൂർ. അതിനുകാരണമായി അദ്ദേഹം പറയുന്നതിങ്ങനെ, ''സൽമാൻ ആയിരുന്നു ആ കഥാപാത്രത്തിന് അനുയോജ്യൻ എന്ന് എനിക്ക് തോന്നാൻ കാരണമുണ്ട്. മുമ്പ് 'തേരേ നാം' എന്ന സിനിമയിൽ സൽമാൻ അഭിനയിച്ചപ്പോൾ ആദ്യപകുതിയിൽ നീണ്ടമുടിയാണ് അദ്ദേഹത്തിന്. മാനസികപ്രശ്‌നങ്ങളുള്ളവരെ പാർപ്പിക്കുന്ന ആശ്രമത്തിലാണ് രണ്ടാം പകുതിയിൽ സൽമാന്റെ കഥാപാത്രമുള്ളത്. അപ്പോൾ അദ്ദേഹം തല മൊട്ടയടിച്ചിരുന്നു. അദ്ദേഹത്തിന്റെ മനോഹരമായ ശരീരഘടനയും വെട്ടിമാറ്റിയ മുടിയും സൂര്യയുടെ 'ഗജിനി'യിലെ കഥാപാത്രത്തിന് തികച്ചും അനുയോജ്യമാകുമെന്ന് ഞാൻ കരുതി.''
എന്നാൽ, സിനിമ നിർമിക്കാൻ ബോണിക്ക് കഴിഞ്ഞില്ല. റീമേക്ക് ചെയ്യാനുള്ള അവകാശങ്ങൾ നേടിയെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചില സങ്കീർണതകളായിരുന്നു കാരണം. ''ദക്ഷിണേന്ത്യയിലുള്ള എന്റെ പ്രതിനിധി റീമേക്ക് അവകാശങ്ങൾക്കായി തമിഴ് നിർമാതാവ് സേലം ചന്ദ്രശേഖരനെ സമീപിച്ചു. അല്ലു അരവിന്ദിന് നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തെ സമീപിച്ചാൽ കിട്ടുമെന്നും പറഞ്ഞു. അല്ലു അരവിന്ദുമായി ബന്ധമുള്ള നിർമാതാവ് മധു മണ്ടേനയെ ഞങ്ങൾ സമീപിച്ചു. 'എല്ലാം നടക്കും' എന്ന് മധു ഓരോ തവണയും ഞങ്ങൾക്ക് ഉറപ്പ് തന്നു.
എന്നാൽ, നടൻ പ്രദീപ് റാവത്ത് വഴി 'ഗജിനി' ആമിർ ഖാന്റെ അടുത്തെത്തിയപ്പോൾ കാര്യങ്ങൾ മാറി. ''ഗജിനിയുടെ ഹിന്ദി റീമേക്ക് ചെയ്യണോ വേണ്ടയോ എന്ന് ആറ് മാസത്തോളം അദ്ദേഹം ആലോചിച്ചുകൊണ്ടിരുന്നു. അദ്ദേഹം സമ്മതിച്ചപ്പോൾ, മധു മണ്ടേനയും അല്ലു അരവിന്ദും ആ ചിത്രം സ്വയം നിർമ്മിക്കാൻ തീരുമാനിച്ചു. എനിക്ക് ആ അവസരം നഷ്ടപ്പെട്ടു'', ബോണി ഓർക്കുന്നു. ഇന്നും ആ അവസരം നഷ്ടപ്പെട്ടതിൽ ഖേദിക്കുന്നുവെന്നും ബോണി പറയുന്നു.
രണ്ടുപതിറ്റാണ്ടിലേറെയായുള്ള സൗഹൃദമാണ് ബോണി കപൂറും സൽമാൻ ഖാനുമായുള്ളത്. 1999-ൽ പുറത്തിറങ്ങിയ സിർഫ് തും എന്ന ചിത്രത്തിലൂടെയാണ് ഇത് ആരംഭിച്ചത്. പിന്നീട്, നോ എൻട്രി (2005), വാണ്ടഡ് (2009) തുടങ്ങിയ ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചു.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Boney Kapoor reveals Salman Khan was initially considered for the lead role in the Hindi remake of `Ghajini`
Published: 23 Dec 2025, 05:35 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented