ഹിന്ദി സിനിമയിലെ സൂപ്പർസ്റ്റാറുകളിൽ പ്രധാനിയാണ് ധർമേന്ദ്ര. 1960-കൾ തൊട്ട് ഈയടുത്തുവരെ സിനിമകളിൽ സജീവമായിരുന്ന അദ്ദേഹം 300-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിന്റെ ഹീ-മാൻ എന്നറിയപ്പെടുന്ന ധർമേന്ദ്രയുടെ ജീവചരിത്രം സിനിമയാക്കിയാൽ അതിൽ നായകനാവാൻ ഏറ്റവും അനിയോജ്യൻ ആരായിരിക്കും? അത് സൽമാൻ ഖാൻ ആയിരിക്കുമെന്നാണ് ധർമേന്ദ്ര ഒരിക്കൽ പറഞ്ഞത്.
ധർമേന്ദ്രയുടെ ഹൃദയത്തിൽ പ്രത്യേകമായൊരു സ്ഥാനം സൽമാൻ ഖാനുണ്ട്. വളരെ അടുപ്പമാണ് ഇരുവരും തമ്മിൽ. 2015-ൽ ബോളിവുഡ് ലൈഫിന് നൽകിയ അഭിമുഖത്തിൽ തന്റെ ജീവിതം സിനിമയാക്കുകയാണെങ്കിൽ ആരായിരിക്കണം ആ കഥാപാത്രത്തെ അവതരിപ്പിക്കേണ്ടതെന്ന് ധർമേന്ദ്രയോടു ചോദിച്ചു, അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു “സൽമാൻ ഖാൻ. എന്റേതിനു സമാനമായ ഒരുപാട് സ്വഭാവസവിശേഷതകൾ അവനുണ്ടെന്ന് തോന്നുന്നു. എന്നെ സ്‌ക്രീനിൽ പൂർണമായി അവതരിപ്പിക്കാൻ സൽമാനാവും. ”
വർഷങ്ങൾക്ക് മുൻപ്, തന്റെ 'യംല പഗ്ല ദീവാന' എന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിനിടെ, മറ്റൊരു അഭിമുഖത്തിലും സൽമാനെപ്പറ്റി അദ്ദേഹം മനസ്സ് തുറന്നിരുന്നു. “ഇന്ന് ഞാൻ ഈ ഇൻഡസ്ട്രിയിൽ നിന്ന് ആരെ വിളിച്ചാലും, എന്റെ കുടുംബത്തിന്റെ സൽപ്പേരു കാരണം എല്ലാവരും അവിടെയെത്തും. സൽമാൻ വളരെ നല്ല മനുഷ്യനാണ്. ഞാനവനെ സ്നേഹിക്കുന്നു, അവൻ ഒരു അത്ഭുതമാണ്, കപടതയില്ലാത്തവനാണ്.”
സൽമാനെ ആദ്യമായി കണ്ടതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. “ഒരിക്കലൊരു തടാകത്തിനടുത്ത് സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് ഞാനാദ്യമായി സൽമാനെ കാണുന്നത്. അന്നവൻ വലിയ നാണംകുണുങ്ങിയായിരുന്നു, ഇന്നും അവൻ വലിയ നാണക്കാരനാണ്. ഷൂട്ടിങ്ങിനിടയിൽ ക്യാമറ തടാകത്തിൽ വീണു, അതെടുക്കാൻ അവൻ വെള്ളത്തിലേക്ക് ചാടി. 'അവൻ വളരെ ധൈര്യശാലിയുമാണ്' എന്നെനിക്ക് തോന്നി. അവൻ വികാരജീവിയാണ്. നിങ്ങൾ ഒരു നല്ല മനുഷ്യനല്ലെങ്കിൽ പിന്നെ നിങ്ങളൊന്നുമല്ല”-അദ്ദേഹം പറഞ്ഞു.
അതേസമയം, പേരെടുത്ത നിർമാതാവും രാഷ്ട്രീയക്കാരനും കൂടിയായ ധർമേന്ദ്ര സുഖം പ്രാപിച്ചു വരുന്നുവെന്നാണ് കുടുംബാംഗങ്ങൾ നൽകുന്ന വിവരം. ആരോഗ്യനില മോശമായതോടെ കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ കാണാൻ ആദ്യമെത്തിയവരിലൊരാളായിരുന്നു സൽമാൻ.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Dharmendra reveals why Salman Khan is perfect for his biopic and recalls the first time he met a `shy` Bhaijaan. Updates on Dharmendra`s health.
Published: 11 Nov 2025, 04:25 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented