
ബുള്‍ബുള്‍
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പശ്ചിമബംഗാളിലെ ഒരു രാജഭവനവും, പ്രൗഡഗംഭീരമായ അവിടത്തെ സന്നാഹങ്ങളും. അവിടെ ചെറുപ്പത്തിന്റെ മഴവില്ലഴകില്‍ പാറി നടക്കുന്ന ബുള്‍ബുള്‍ എന്ന അഞ്ച് വയസ്സുകാരി. കുട്ടിത്തം മാറാത്ത അവള്‍ക്ക് അഞ്ചാം വയസ്സില്‍ വിവാഹം നടക്കുന്നു.
കളിപ്പാട്ടങ്ങളുടെ ലോകത്തുനിന്ന് തന്നേക്കാള്‍ എത്രയോ പ്രായവൃത്യാസമുളള ഇന്ദ്രനീലിന്റെ ഭാര്യയാവുന്നു. എന്താണ് സംഭവിക്കുന്ന തെന്നറിയാതെ വ്യാകുലപ്പെടുന്ന ആ അഞ്ചു വയസ്സുകാരി പിന്നീട് ആ ഗ്രാമത്തെ വിറപ്പിച്ച യക്ഷിയായ കഥയാണ് 'ബുള്‍ബുള്‍' എന്ന സിനിമ. അന്‍വിത ദത്ത് സംവിധാനം ചെയ്ത് 2020-ല്‍ പുറത്തിറങ്ങിയ ചിത്രമാണിത്.
ഭര്‍തൃഗൃഹത്തിലെത്തുന്ന ബുള്‍ബുള്‍ സമപ്രായക്കാരനായ ഭര്‍ത്താവിന്റെ ഇളയ സഹോദരന്‍ സത്യയോടൊപ്പം മരങ്ങള്‍ കയറിയും കഥകള്‍ പറഞ്ഞും അവരുടേതായ ലോകത്താണ്. മറ്റാരും അവള്‍ക്ക് ആശ്വാസമേകിയില്ല. കാലം കടന്നുപോകവെ അന്നാട്ടിലെ യക്ഷിക്കഥകള്‍ അവള്‍ക്കും പരിചിതമാകുന്നു.
സ്ത്രീകളെ ഉപദ്രവിക്കുന്ന പുരുഷന്മാരെ പൗര്‍ണമിരാത്രികളില്‍ കാട്ടുവഴിയിലെ അന്തേവാസിയായ യക്ഷി ആക്രമിക്കും. അവളെ ഭയന്നാണ് അന്നാട്ടിലെ ആണുങ്ങള്‍ ജീവിക്കുന്നത്. ചുവന്ന ചന്ദ്രന്റെ നിലാവെട്ടത്ത് പാദം തറയില്‍ തൊടാതെ മരച്ചില്ലകളില്‍ മിന്നിമായുന്ന പേടിസ്വപ്‌നമാണ് 'ചുടൈൽ' (യക്ഷി). ബുള്‍ബുളുമായുളള അടുപ്പം കണ്ട് ഇന്ദ്രനീല്‍, സത്യയെ ഇംഗ്ലണ്ടിലേക്ക് പഠിക്കാന്‍ അയക്കുന്നു. പിന്നെ അവള്‍ പൂര്‍ണ്ണമായും ഒറ്റപ്പെടുന്നു.
പഠനം പൂർത്തിയാക്കി തിരികെയെത്തിയ സത്യ ഗ്രാമത്തില്‍ നിരന്തരം ഉണ്ടായ ദുരൂഹമായ മരണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നു. കേട്ടുകേള്‍വിയുളള കഥയിലെ യക്ഷിയാണ് അതിനു പിന്നിലെന്നു ഗ്രാമം മുഴുവന്‍ വിശ്വസിച്ചു. പക്ഷേ സഹോദരന്‍ ഇന്ദ്രനീലിന്റെ തിരോധാനവും ഇരട്ട സഹോദരനായ മഹീന്ദ്രന്റെ മരണവും യക്ഷിക്കഥയാണെന്നു അവനു തോന്നിയില്ല.
കളിക്കൂട്ടുകാരിയായിരുന്ന ബുള്‍ബുളില്‍ വന്ന മാറ്റം അവനെ കൂടുതൽ സംശയത്തിലാഴ്ത്തി. വിനീതമായി സംസാരിക്കുന്ന പെണ്‍കുട്ടിയില്‍ നിന്ന് അവള്‍ ധീരയായ സ്ത്രീയായി മാറുന്നു. അധികാരം മുഴുവന്‍ മൂത്തമരുമകളായ അവളില്‍ നിക്ഷിപ്തവുമാണ്. അവള്‍ ഒരു രാജ്ഞിയെപ്പോലെ ആ വീട്ടില്‍ കഴിയുകയാണ്. മഹീന്ദ്രന്റെ ഭാര്യയായ ബിനോദിനിയും അവളില്‍ അസ്വാഭാവികത കാണുന്നു.
ഡോക്ടര്‍ സുധീപ്, ബുള്‍ബുളിന്റെ അടുത്തയാളാണ്, അത് സത്യക്ക് ഇഷ്ടമല്ല. അതെക്കുറിച്ച് ചോദിക്കുമ്പോള്‍, ബുള്‍ബുള്‍ സത്യയെ മറ്റ് പുരുഷന്മാരില്‍ ഒരാളായി പരിഹസിക്കുന്നു. കഥ പിന്നീട് പഴയ കാലത്തിലേക്ക് പോകുന്നു, മഹേന്ദ്രനും ഇന്ദ്രനീലും അവളുടെ മേല്‍ നടത്തിയ ക്രൂരതകള്‍ അവളെ വ്രണപ്പെടുത്തിയ കാലം. ഇന്ദ്രനീല്‍ അവളെ ശാരീരികമായി ഉപദ്രവിക്കുന്നു, കാലുകള്‍ തല്ലിയൊടിക്കുന്നു. കിടപ്പിലായ അവളെ വീണ്ടും ഉപദ്രവിച്ച മഹേന്ദ്രനും അവളെ ചൂഷണം ചെയ്തു.
പിന്നീട് അവള്‍ ശക്തയായി മാറി, ജീവിതം തന്റെ ഇഷ്ടപ്രകാരം ജീവിക്കാന്‍ പഠിച്ചു. പുരുഷന്മാരെ അധികാരികളാക്കി വാഴ്ത്തിയ നാട്ടില്‍, അവള്‍ ഒറ്റയ്ക്ക് ജീവിതം ആസ്വദിച്ചു തുടങ്ങി. അധികാരം ആണിനു നല്‍കുന്ന അതേ ഗര്‍വ്വ് പെണ്ണും ആര്‍ജിക്കുന്നു. തന്നെ ഉപദ്രവിച്ച ഓരോരുത്തരെയായി ഗ്രാമത്തിലെ യക്ഷിക്കഥയിലെ ചുടലയക്ഷിയായി വന്ന് പകരം ചോദിക്കുന്നു. മനസ്സും ശരീരവും നുറുങ്ങിപ്പോയ ആ കാലത്തെ മുറിവുകള്‍ തുന്നിച്ചേര്‍ത്തയാളാണ് സുധീപ്. അവളുടെ ചരിത്രം അറിയുന്ന, എന്നാല്‍ അതിനപ്പുറം ഒന്നും ആഗ്രഹിക്കാത്ത ഒരാള്‍.
ബിനോദിനി മോശക്കാരിയല്ലെങ്കിലും, മാനസിക വൈകല്യമുള്ള ഭര്‍ത്താവ് മഹീന്ദ്രനോടൊപ്പമുളള ജീവിതം അവളെ ബാധിച്ചിട്ടുണ്ട്. സത്യയും തന്റെ സഹോദരന്‍ ഇന്ദ്രനീലിന്റെ തെറ്റുകള്‍ ആവര്‍ത്തിക്കുന്നു.
ഒടുവില്‍ ഈ കഥയില്‍ 'ദുഷ്ടാത്മാവ്' എന്ന് നാട്ടുകാർ വിളിക്കുന്ന 'ചുടൈൽ' ബുള്‍ബുള്‍ തന്നെയാണെന്ന് മനസ്സിലാക്കുന്നു. അവളെ പോലുള്ള സ്ത്രീകളെ പീഡിപ്പിക്കുന്ന, ചൂഷണം ചെയ്യുന്ന, കൊല്ലുന്ന പുരുഷന്മാര്‍ക്കെതിരെ അവള്‍ തന്നെ നീതി നടപ്പാക്കുന്നു. വാസ്തവത്തില്‍ സ്വന്തം വേദനകളുടെ തീയില്‍ നിന്ന് ഉയര്‍ന്ന ഭദ്രകാളിയെ പോലൊരു പരിവേഷമാണ് ബുള്‍ബുളും ആര്‍ജിക്കുന്നത്.
അവളുടെ കണ്ണുകളില്‍ കരുണയില്ല, പക്ഷേ നീതിയുണ്ട്. അവളുടെ കൈകളില്‍ രക്തമുണ്ട്, പക്ഷേ അതില്‍ പ്രതികാരത്തിന്റെ നീലിമയാണ് കൂടുതല്‍. ഈ സിനിമ വെറും ഒരു ഹൊറര്‍ കഥയല്ല. ഒരു സ്ത്രീയുടെ അനുഭവത്തില്‍ നിന്ന് ആര്‍ജിച്ച ശക്തിയുടെ ഗോതിക്-ഫെമിനിസ്റ്റ് രുപമാണ്. കഥകളിലെ 'ചുടൈൽ' (പ്രേതം) രൂപം സ്ത്രീകള്‍ക്ക് നീതി തേടാനുളള മുന്നറിയിപ്പാണ്. തൃപ്തി ദിംരിയാണ് സിനിമയില്‍ ബുള്‍ബുള്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: A 5-year-old bride transforms into a powerful woman seeking justice against those who wronged her. A gothic feminist tale of revenge and empowerment.
Published: 13 Aug 2025, 07:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented