'അനോമി' എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിൽ വെള്ളിത്തിരയിലെത്താൻ ഒരുങ്ങുകയാണ് നടി ഭാവന. ജനുവരി അവസാനമാണ് ചിത്രം റിലീസ് ചെയ്യുന്നത്. കന്നഡ സിനിമയിൽ സജീവമായിരുന്നെങ്കിലും ദീർഘകാലം മലയാള സിനിമയിൽ നിന്ന് വിട്ടുനിന്നതിന്റെ കാരണം പറയുകയാണ് നടിയിപ്പോൾ. ഒട്ടേറെ അവസരങ്ങൾ കിട്ടിയിട്ടും വർഷങ്ങളായി ബോധപൂർവമല്ലാതെ താൻ മലയാളത്തിൽ നിന്ന് വിട്ടുനിക്കുകയായിരുന്നെന്ന് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ ഭാവന പറഞ്ഞു.

To advertise here,

"ഞാനിപ്പോൾ ഒന്നും പ്ലാൻ ചെയ്യാറില്ല. അതായിരുന്നില്ല ഒരിക്കലും എന്റെ ലക്ഷ്യം, പക്ഷെ അങ്ങനെ സംഭവിച്ചു. പെട്ടെന്ന് എനിക്ക് മലയാള സിനിമയിൽ നിന്ന് വിട്ടുനിൽക്കണം എന്ന് തോന്നി. അതൊരു നിമിഷത്തെ ചിന്തയായിരിക്കാം, പക്ഷെ അങ്ങനെയെനിക്ക് കംഫർട്ടബിളായി തോന്നി. ഞാൻ 'ആദം ജോൺ' ചെയ്തു, വിവാഹിതയായി, കുടുംബത്തോടൊപ്പം സമയം ചിലവഴിച്ചു, ഇവിടെ ഇല്ലാത്തതിലും ഇവിടെ നടക്കുന്ന കാര്യങ്ങളുമായി ഒരു ബന്ധമില്ലാത്തതിലും ഞാൻ സുഖം കണ്ടെത്തി" നടി പറഞ്ഞു.

"ഞാൻ അവധിയെടുത്തു, അതായിരുന്നു എന്റെ തീരുമാനം. അപ്പോഴും മലയാള സിനിമയിലെ ചില സുഹൃത്തുക്കൾ എന്നെ നിരന്തരം വിളിച്ച് സിനിമ ചെയ്യാനും, തിരക്കഥ കേൾക്കാനും ആവശ്യപ്പെട്ടുകൊണ്ടിരുന്നു. ആഷിഖ് അബു മുതൽ പൃഥ്വിരാജ്, ജയസൂര്യ, കൂടാതെ ഒരു മമ്മൂട്ടി ചിത്രത്തിന്റെ വരെ ഓഫറുകൾ വന്നു. പക്ഷെ ഞാൻ നിരസിച്ചു. എന്തുകൊണ്ട് നിരസിച്ചു എന്ന് ചോദിച്ചാൽ, എനിക്ക് ശരിയായ ഉത്തരം നൽകാനാവില്ല. പക്ഷെ അപ്പോൾ എനിക്കത് പ്രശ്നമായി തോന്നിയില്ല. മലയാള സിനിമ ചെയ്യാൻ ഞാൻ പ്ലാൻ ചെയ്തിരുന്നില്ല. കന്നഡ സിനിമകൾ ചെയ്യാനും വീട്ടിൽ പോകാനും എന്റെ കംഫർട്ട് സോണിൽ ജീവിക്കാനും സന്തോഷമായിരുന്നു"- അവർ പറഞ്ഞു.

‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ ഷറഫുദ്ദീനൊപ്പം വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്ക് ഭാവന മടങ്ങിയെത്തിയിരുന്നു. തുടക്കത്തിൽ തിരക്കഥ കേൾക്കാൻ പോലും തോന്നിയില്ലെങ്കിലും മലയാളത്തിൽ നിന്ന് വിട്ടുനിന്നതിലൂടെ എന്താണ് നേടുന്നതെന്ന് ചിന്തിച്ചു, ഇതാണ് പിന്നീട് തിരിച്ചുവരവിലേക്ക് നയിച്ചതെന്നും ഭാവന പറയുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi