വർഷങ്ങൾക്കുശേഷം ഇതിഹാസ താരങ്ങളായ രജനീകാന്തും കമൽഹാസനും ഒന്നിക്കുന്ന ചിത്രമാണ് തലൈവർ173. സിനിമയുടെ ചിത്രീകരണം ഏപ്രിൽ മാസത്തിൽ തുടങ്ങാനിരിക്കുകയാണ്. സംവിധായകനും നടനുമായ ബേസിൽ ജോസഫും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിയേക്കുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. തലൈവർ173 ടീം ഒരു മലയാള നടനെ കാസ്റ്റ് ചെയ്യാൻ തയ്യാറെടുക്കുകയാണെന്നും നിർമ്മാതാക്കൾ ബേസിൽ ജോസഫിനെയാണ് പരിഗണിക്കുന്നതെന്നുമാണ് ഓൺലൈൻ ചാനലുകളിൽ വന്ന വാർത്ത.

അതേസമയം, രജനീകാന്തിൻ്റെ മകനായിട്ടാണ് ബേസിലിനെ കാസ്റ്റ് ചെയ്യുകയെന്നും സൂചനയുണ്ട്. സിബി ചക്രവർത്തിയാണ് ചിത്രം സംവിധാനം ചെയ്യുക. മുമ്പ് സിബി ചക്രവർത്തി സംവിധാനം ചെയ്ത ഡോൺ സിനിമയിൽ അഭിനയിച്ച പ്രിയങ്കാ അരുൾ മോഹനെയും ഒരു പ്രധാന കഥാപാത്രമായി പരിഗണിക്കുന്നുവെന്നാണ് വിവരം. അതേസമയം ഈ വിവരങ്ങൾ ബന്ധപ്പെട്ട വൃത്തങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. 2027 പൊങ്കലിന് ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഒരു "പ്രോപ്പർ എന്റർടെയ്നർ" ആയിരിക്കും ചിത്രമെന്നാണ് രജനീകാന്തും അറിയിച്ചിരുന്നു.

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ജയിലർ 2-വാണ് രജനീകാന്തിന്റേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമ. എസ്.ജെ. സൂര്യ, വിദ്യാ ബാലൻ, മിഥുൻ ചക്രവർത്തി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുമെന്ന് പറയപ്പെടുന്നു. ജയിലറിന്റെ ആദ്യഭാഗത്തുണ്ടായിരുന്ന മോഹൻലാൽ, ശിവ രാജ്കുമാർ എന്നിവരും രണ്ടാംഭാഗത്തിലുണ്ടാവും. ഷാരൂഖ് ഖാൻ അതിഥി വേഷത്തിലെത്തുമെന്നും സൂചനയുണ്ട്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi