സിനിമാ പശ്ചാത്തലമില്ലാത്ത കുടുംബത്തിൽ നിന്നുള്ളയാളാണ് ബോളിവുഡ് നടൻ ആയുഷ്മാൻ ഖുറാന. റേഡിയോ അവതാരകനായും പിന്നീട് ടെലിവിഷൻ അവതാരകനായും ജോലിചെയ്ത അദ്ദേഹം ഇതിനിടയിലെല്ലാം സിനിമാഓഡിഷനുകളിൽ പങ്കെടുക്കുന്നുണ്ടായിരുന്നു. കുട്ടിക്കാലം മുതൽ സിനിമയോട് ആഗ്രഹമുണ്ടായിരുന്ന ആയുഷ്മാൻ ഒടുവിൽ സംവിധായകൻ ഷൂജിത് സർക്കാരിന്റെ 'വിക്കി ഡോണറി'ൽ പ്രധാന വേഷം ചെയ്ത് അഭിനയരംഗത്തുമെത്തി. കോളേിൽ പഠിച്ച് മുന്നേറിയാണ് ആയുഷ്മാൻ അഭിനയിക്കാനുള്ള സമ്മതം വീട്ടുകാരിൽ നിന്ന് വാങ്ങിയെടുത്തത്.

To advertise here,

ആയുഷ്മാനും ഭാര്യ താഹിറ കശ്യപും പ്രണയിച്ചു വിവാഹിതരായവരാണ്. പഞ്ചാബ് സർവകലാശാലയിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന കാലത്ത് പ്രണയം മൊട്ടിട്ടു, ഇരുവരും വിവാഹിതരാവാനും തീരുമാനിച്ചു. "ഒരു ദിവസം അവൾ എന്നോട് ചോദിച്ചു, 'ജീവിതത്തിൽ എന്തുചെയ്യാനാണ് നിൻ്റെ പദ്ധതി? എങ്ങനെ പണം സമ്പാദിക്കും?' നടനാകാനാണ് ആഗ്രഹമെന്ന് ഞാൻ പറഞ്ഞു. അവൾ ഒരേ സമയം ചിരിക്കുകയും കരയുകയും ചെയ്തു, 'ഈ മുഖം വെച്ച് നീ എങ്ങനെ നടനാകും?' എന്ന് ചിന്തിച്ചുകൊണ്ടായിരുന്നു അത്. ഞാനൊരു പഠിപ്പിസ്റ്റായിരുന്നു, മുഖം കണ്ടാൽ നടനാകുമെന്ന് ആരും പറയുമായിരുന്നില്ല. അവൾക്കുപോലും വിശ്വാസമുണ്ടായിരുന്നില്ല. ഞാൻ ആത്മവിശ്വാസത്തിലാണ് ജീവിച്ചത്"-പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

11, 12 ക്ലാസുകളിൽ സയൻസ് ആയിരുന്നു ആയുഷ്മാന്റെ പഠനവിഷയം. കർണാടകയിലെ ഒരു ഡെൻ്റൽ കോളേജിലേക്കുള്ള പ്രവേശന പരീക്ഷ പാസായെങ്കിലും അഭിനയത്തിനായി അതുപേക്ഷിച്ചു. "കലയും നാടകവുമാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ കോളേജിൽ ടോപ്പറായിരിക്കണം എന്നൊരു നിബന്ധന അച്ഛൻ വെച്ചു. നാടകരംഗത്ത് കരിയറുണ്ടാക്കണമെന്ന ആഗ്രഹത്തിൽ ഞാൻ മൂന്നുവർഷവും കോളേജിൽ ഒന്നാമതെത്തി. ബുദ്ധിമുട്ടായിരുന്നു, പക്ഷേ എനിക്ക് നല്ലതു വരണമെന്ന് അദ്ദേഹമാഗ്രഹിച്ചു. ഷാരൂഖ് ഖാൻ്റെ ആരാധകനായിരുന്നു ഞാൻ. അതുകൊണ്ട് വിദ്യാസമ്പന്നനായ നടനാകുന്നതാണ് നല്ലതെന്ന് തോന്നി. അദ്ദേഹത്തെക്കാൾ ബുദ്ധിയുള്ള മറ്റാരുമില്ല. ഷാരൂഖിന്റെ പാത പിന്തുടർന്ന് ഞാനും മാസ് കമ്മ്യൂണിക്കേഷൻ പഠിച്ചു, ഒടുവിൽ മുംബൈയിലെത്തി", അദ്ദേഹം പറഞ്ഞു.

ഒരിക്കൽ അന്ധേരിയിൽ ‘ഓം ശാന്തി ഓം’ സിനിമയുടെ വലിയ ഹോർഡിങ് കണ്ടപ്പോൾ എന്നെങ്കിലും സ്വന്തം പോസ്റ്റർ ഇതുപോലെ വരുമോയെന്ന് അത്ഭുതപ്പെട്ടിരുന്നെന്നും, ‘വിക്കി ഡോണറി’ന്റെ പോസ്റ്റർ അതേ സ്ഥലത്ത് വന്നപ്പോൾ അവിടെ നിന്ന് കരഞ്ഞെന്നും ആയുഷ്മാൻ ഓർത്തു.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi