'രാമായണം' എന്ന സിനിമയ്ക്കായി ഓസ്കാർ ജേതാവ് ഹാൻസ് സിമ്മറുമായി സഹകരിക്കുന്നതിനെക്കുറിച്ചും തന്റെ മതം ഈ പ്രോജക്റ്റിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ചും എ.ആർ. റഹ്മാൻ ഇപ്പോൾ സംസാരിക്കുകയാണ്.

To advertise here,

‘ഞാൻ മുസ്ലിം, ഹാൻസ് സിമ്മർ ജൂതൻ, രാമായണം ഹിന്ദു ഗ്രന്ഥം’, മതത്തിനതീതമായ കലാസൃഷ്ടികൾക്കായി സങ്കുചിതമായ ചിന്താഗതികൾക്ക് മുകളിലേക്ക് നാം ഉയരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ഞാൻ പഠിച്ചത് ഒരു ബ്രാഹ്മണ സ്കൂളിലായിരുന്നു. അവിടെ എല്ലാ വർഷവും രാമായണവും മഹാഭാരതവും ഉണ്ടായിരുന്നു, അതിനാൽ എനിക്ക് ആ കഥ നന്നായി അറിയാം. ഒരു വ്യക്തി എത്രമാത്രം സദ്ഗുണമുള്ളവനാണെന്നും ഉന്നതമായ ആശയങ്ങളെക്കുറിച്ചുമെല്ലാമാണ് ആ കഥ പറയുന്നത്. ആളുകൾ പലതും വാദിച്ചേക്കാം, പക്ഷേ അതിലെ നല്ല കാര്യങ്ങളെ ഞാൻ വിലമതിക്കുന്നു.’

‘അറിവ് എന്നത് വിലമതിക്കാനാവാത്ത ഒന്നാണെന്നും അത് എവിടെ നിന്ന് ലഭിച്ചാലും സ്വീകരിക്കണമെന്നുമാണ് പ്രവാചകൻ പഠിപ്പിച്ചിട്ടുള്ളത്,’ ബിബിസി ഏഷ്യൻ നെറ്റ്വർക്കിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ റഹ്മാൻ പറഞ്ഞു.

ഈ പ്രോജക്റ്റിന്റെ ഭാഗമായതിൽ തനിക്ക് അഭിമാനമുണ്ടെന്നും, ഇത് ഇന്ത്യയിൽ നിന്ന് ലോകത്തിന് നൽകുന്ന വലിയൊരു സ്നേഹസമ്മാനമാണെന്നും മറ്റൊരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയിരുന്നു.

‘ഇത് ഞങ്ങളെ സംബന്ധിച്ച് വലിയൊരു ഉത്തരവാദിത്തമാണ്. ലോകത്തിന് തന്നെ ഇത്രയധികം പ്രാധാന്യമുള്ള ഒരു വിഷയത്തിന് സംഗീതം നൽകുക എന്നത് വലിയ കാര്യമാണ്. പ്രമോയിൽ ഹാൻസ് സിമ്മർ നൽകിയ സൗണ്ട്സ്കേപ്പിൽ ഞാൻ സംസ്കൃത പദങ്ങൾ കൂടി ചേർത്തു. ഓരോ ഇന്ത്യക്കാരനും അറിയാവുന്ന ഇത്രയും വലിയൊരു ഇതിഹാസത്തെ പുതിയ രീതിയിൽ അവതരിപ്പിക്കുക എന്നത് ശ്രമകരമായ കാര്യമാണ്. ഇന്ത്യയിൽ നിന്ന് ലോകത്തിന് മുന്നിൽ പുതിയതൊന്ന് നമുക്ക് നൽകണം.’

ഈ ചിത്രത്തിന് വേണ്ടി ഡോ. കുമാർ വിശ്വാസിനൊപ്പമാണ് റഹ്മാൻ പ്രവർത്തിക്കുന്നത്. രാമായണത്തിലും ഹിന്ദി ഭാഷയിലും വലിയ അറിവുള്ള അദ്ദേഹത്തിനൊപ്പമുള്ള പ്രവർത്തനം പുതിയൊരു അനുഭവമാണെന്നും റഹ്മാൻ കൂട്ടിച്ചേർത്തു.

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രൺബീർ കപൂർ, യഷ്, സായ് പല്ലവി, രവി ദുബെ, സണ്ണി ഡിയോൾ, കാജൽ അഗർവാൾ, അരുൺ ഗോവിൽ, ഇന്ദിര കൃഷ്ണൻ തുടങ്ങിയ വൻതാരനിരയാണ് അണിനിരക്കുന്നത്.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi