തന്റെ ഏറ്റവും പുതിയ സിനിമയായ ജിഗ്രയുടെ റിലീസുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ബോളിവുഡ് താരം ആലിയ ഭട്ട്. അഭിനയരംഗത്ത് തനിക്ക് പ്രചോദനമായ വ്യക്തികള്‍ ആരാണെന്ന ചോദ്യത്തിന് ഷാരൂഖ് ഖാന്‍, രേഖ, ഐശ്വര്യ റായ് എന്നീ പേരുകളാണ് ആലിയ നിരത്തിയത്. 

To advertise here,

സ്‌ക്രീനില്‍ നൃത്തം ഏറ്റവും മനോഹരമായി അവതരിപ്പിച്ചിട്ടുള്ള വ്യക്തിയായി കാണുന്നത് ഐശ്വര്യ റായ് ബച്ചനെയാണെന്ന് ആലിയ പറയുന്നു. 'അവര്‍ തീര്‍ത്തും വിസ്മയിപ്പിക്കുന്നു, ഇപ്പോള്‍ പോലും. എനിക്ക് ദിശാബോധവും അറിവും നല്‍കി. ഞാന്‍ ഒരു പാട്ടു ചെയ്യാന്‍ പോകുമ്പോള്‍ യൂട്യൂബില്‍ പോയി 'ഐശ്വര്യ റായിയുടെ പാട്ടുകള്‍' എന്ന് ടൈപ്പ് ചെയ്യും. അവരുടെ ഭാവങ്ങളും ഒരു സ്‌റ്റെപ്പില്‍ നിന്ന് മറ്റൊന്നിലേക്ക് നീങ്ങുന്ന രീതിയും മനസിലാക്കാന്‍ പാട്ടുകളെല്ലാം നോക്കും. വളരെ തികഞ്ഞതും കൃത്യവുമാണ് അവരുടെ പ്രകടനങ്ങള്‍,  മാത്രമല്ല കാണാന്‍ സുന്ദരിയുമാണ്'- ആലിയ പറയുന്നു.

സൗന്ദര്യത്തില്‍ തന്നെ പ്രചോദിപ്പിച്ചിട്ടുള്ള വ്യക്തിയായിട്ടാണ് രേഖയെ ആലിയ വിശേഷിപ്പിച്ചത്. യുഗങ്ങളുടെ ഐക്കണെന്നാണ് രേഖയെന്നും ആലിയ പറയുന്നു.  

അതേസമയം, തനിക്ക് അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഡിസോര്‍ഡര്‍ (എ.ഡി.ഡി.) ഉണ്ടെന്നും താരം വെളിപ്പെടുത്തി. ഒരു തരം ശ്രദ്ധക്കുറവ് വൈകല്യമാണിത്. 45 മിനിറ്റിലധികം മേക്കപ്പ് ചെയറില്‍ ചെലവഴിക്കില്ലെന്ന് താരം പറയുന്നു. 'പെട്ടെന്ന് ചെയ്തുതീര്‍ക്കാന്‍ പറ്റുന്ന കാര്യമായിരിക്കണമതെല്ലാം. എനിക്ക് എ.ഡി.ഡി.യുണ്ട്. അതുകൊണ്ട് കൂടുതല്‍ സമയം അതില്‍ ചെലവഴിക്കാന്‍ താത്പര്യമില്ല. എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കില്‍ അത് പെട്ടെന്നാവണം'. 

'വിവാഹദിവസം മേക്കപ്പ് ആര്‍ട്ടിസ്റ്റ് പുനീത് എന്നോട് പറഞ്ഞു, ആലിയ, ഇത്തവണ നിങ്ങളെനിക്ക് രണ്ടു മണിക്കൂര്‍ തരണം. ഞാന്‍ അവളോട് പറഞ്ഞു, നിങ്ങള്‍ക്കത് കിട്ടില്ല, പ്രത്യേകിച്ചും എന്റെ വിവാഹദിനത്തില്‍. രണ്ടുമണിക്കൂര്‍ ഞാന്‍ തരില്ല എന്ന്'-ആലിയ പറഞ്ഞു. 2022-ല്‍ ആലിയയുടെ മുംബൈയിലെ വാസ്തു എന്ന വീട്ടില്‍ വെച്ചായിരുന്നു രണ്‍ബീര്‍ കപൂറുമായുള്ള വിവാഹം.