കെജിഎഫിനു ശേഷം കന്നഡ നടൻ യഷിന്റെ അടുത്ത വലിയ വിജയമാകുമെന്ന് കരുതിയിരുന്ന ചിത്രമാണ് 'ടോക്സിക്'. എന്നാൽ, മോശം നിരൂപണങ്ങളുമായി വലിയ വിമർശനങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ് സിനിമയും അണിയറ പ്രവർത്തകരുമിപ്പോൾ. ബോക്സ് ഓഫീസിലും പ്രതീക്ഷിച്ചത്ര ചലനമുണ്ടാക്കാൻ ചിത്രത്തിനായില്ല. ഇതിനിടെ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ദേശീയ അവാർഡ് ജേതാവു കൂടിയായ കന്നഡ നടൻ റിഷഭ് ഷെട്ടി.

“ഒരു കലാകാരൻ എന്ന നിലയിൽ, നിങ്ങൾ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് അതിന് ജീവൻ നൽകാൻ ശ്രമിക്കുന്നു. ഇവിടെ, ഒരു ശക്തനായ മനുഷ്യന്റെ പോരാട്ടത്തെ ചിത്രീകരിച്ചിരിക്കുന്ന ആത്മാർത്ഥത എന്നെ ശരിക്കും ആകർഷിച്ചു."-ശനിയാഴ്ച രാത്രി റിഷഭ് ട്വിറ്ററിൽ കുറിച്ചു.

ചിത്രം പതിവ് പ്രതീക്ഷകളെയോ രീതികളെയോ പിന്തുടരണമെന്നില്ലെങ്കിലും, ടീമിലെ എല്ലാവരുടെയും കഠിനാധ്വാനത്തെ അവഗണിക്കാനാവില്ലെന്ന് റിഷഭ് എടുത്തുപറഞ്ഞു. “ചിലപ്പോൾ കഥയും കഥാപാത്രങ്ങളും മിക്ക സിനിമകളും സഞ്ചരിക്കുന്ന സാധാരണ പാതയിലൂടെ ആയിരിക്കണമെന്നില്ല, എന്നാൽ അതിന്റെ അർത്ഥം ആ പാത തെറ്റാണെന്നല്ല. ഒരു കഥ പറയാൻ എടുക്കുന്ന പരിശ്രമവും, അത് മനസ്സിലെ ഒരു ചിന്തയിൽ നിന്ന് സ്ക്രീനിലെ സിനിമയായി മാറുന്നതുവരെയുള്ള യാത്രയും വളരെ വലുതാണ്,” അദ്ദേഹം പറഞ്ഞു.

യഷിനെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം എഴുതി, "@TheNameIsYash സർ, ഒരു കഥാപാത്രത്തിനും ലോകത്തിനും വേണ്ടി താങ്കൾ സ്വയം സമർപ്പിച്ച രീതിക്ക് hats off. ഓരോ രംഗത്തിലും എനിക്ക് അത് വ്യക്തമായി അനുഭവിക്കാൻ കഴിഞ്ഞു. ധൈര്യപൂർവ്വമായ ഈ പരീക്ഷണത്തിന് മുതിർന്ന താങ്കൾക്കൊപ്പം ഞാൻ നിലകൊള്ളുന്നു. കന്നഡ സിനിമയെ ആഗോളതലത്തിലേക്ക് എത്തിക്കാൻ താങ്കൾ നൽകുന്ന സ്നേഹത്തിന് തങ്ങളുടെ സ്നേഹം"-അദ്ദേഹം പറഞ്ഞു. നടൻ കിച്ച സുധീപും കഴിഞ്ഞദിവസം ചിത്രത്തെ പ്രശംസിച്ചിരുന്നു. വ്യത്യസ്തമായി എന്തെങ്കിലും പരീക്ഷിക്കാൻ ധൈര്യം വേണമെന്ന് പറഞ്ഞ സുധീപ്, പതിവ് കമേഴ്സ്യൽ ശൈലിയിൽ നിന്ന് മാറി ചിന്തിച്ചതിന് യഷിനെ പ്രശംസിച്ചു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi