നടി രശ്മിക മന്ദാനയുടെ വ്യാജ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നടി ലിഫ്റ്റിലേക്ക് കയറുന്നതായി കാണിക്കുന്ന വീഡിയോയാണ് ഇന്റര്‍നെറ്റില്‍ വിവാദത്തിന് തിരികൊളുത്തിയത്.

യഥാര്‍ത്ഥമായി തോന്നുന്നതും, എന്നാല്‍ വ്യാജനുമായ ഈ വീഡിയോ ഒരു 'ഡീപ്‌ഫേക്ക് വീഡിയോ' ആണെന്ന് പിന്നീട് തെളിയിക്കപ്പെട്ടു. ബ്രിട്ടണിലെ ഇന്ത്യന്‍ വംശജയായ സാറ പട്ടേലിന്റെ മുഖത്തിനുപകരം പുത്തന്‍ എ.ഐ. സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു രശ്മികയുടെ മുഖം മോര്‍ഫ് ചെയ്ത് തിരുകിക്കയറ്റിയത്. 

placeholder
''ഓണ്‍ലൈനില്‍ പ്രചരിക്കുന്ന എന്റെ ഡീപ്‌ഫേക്ക് വീഡിയോയെക്കുറിച്ച് സംസാരിക്കുമ്പോള്‍ എനിക്ക് ശരിക്കും വേദനതോന്നുന്നു. ഇതുപോലുള്ള ചില സാങ്കേതിക വിദ്യകള്‍ എനിക്ക് മാത്രമല്ല, നിങ്ങള്‍ ഓരോരുത്തരിലും ഭീതിയുണ്ടാക്കുന്നതാണ്.'' - രശ്മിക ഇതിനെതിരെ പ്രതികരിച്ചുകൊണ്ടു പറഞ്ഞതാണിത്. 

അമിതാഭ് ബച്ചന്‍, കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയവരുള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇതിനെതിരെ കേസ് എടുക്കണമെന്നും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ഒറിജിനല്‍ വീഡിയോയുടെ ഉടമ സാറയും അഭിപ്രായപ്പെട്ടു. 

'ഇന്ന്, ഒരു സ്ത്രീ എന്ന നിലയിലും ഒരു അഭിനേതാവ് എന്ന നിലയിലും, എനിക്ക് സംരക്ഷണയും പിന്തുണയും നല്‍കുന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും ഞാന്‍ നന്ദി പറയുന്നു. പക്ഷേ ഞാന്‍ സ്‌കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് ഇത് സംഭവിച്ചെങ്കില്‍, എങ്ങനെ ഇതിനെ നേരിടുമായിരുന്നുവെന്ന് സങ്കല്‍പ്പിക്കാനാവുന്നില്ല. നമ്മുടെ നേതാക്കന്‍മാരിലാണ് ഇനി പ്രതീക്ഷ. അവരിലൂടെ സമൂഹത്തില്‍ മാറ്റമുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.' 
നിരവധിയായി വരുന്ന ട്വീറ്റുകള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് രശ്മിക എഴുതി. 

ഡീപ്‌ഫേക്കുകള്‍ എന്നറിയപ്പെടുന്ന ഇത്തരം വ്യാജന്‍മാര്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. ഡീപ് ലേണിംഗ് ടെക്നോളജി ഉപയോഗിച്ച് നിര്‍മിച്ച ചിത്രങ്ങളോ ഓഡിയോയോ വീഡിയോകളോ ആണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഒറ്റനോട്ടത്തില്‍ എന്നല്ല, സൂക്ഷ്മമമായ നോട്ടത്തില്‍പ്പോലും ആര്‍ക്കും തിരിച്ചറിയാത്ത രീതിയിലാണ് മിക്കവയും നിര്‍മിച്ചിരിക്കുന്നത്. അതേ സമയം സാങ്കേതികമായി അറിവുള്ളവര്‍ക്ക് ഇവ തിരിച്ചറിയാന്‍ മാര്‍ഗ്ഗങ്ങളുമുണ്ട്.