എന്റെ ആദ്യത്തെ ഹീറോ സത്യന്‍ മാസ്റ്ററായിരുന്നു. 'ഭാഗ്യജാതക'ത്തില്‍. തീരെ ചെറിയ കുട്ടിയായിരുന്നു ഞാനന്ന്. പതിമൂന്ന് വയസ്സേയുള്ളൂ. അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുമ്പോള്‍, ഒരു നായികയാണെന്ന് തോന്നില്ല. പി.ഭാസ്‌കരന്‍ മാസ്റ്ററായിരുന്നു ആ പടത്തിന്റെ സംവിധായകന്‍. സെറ്റില്‍ എന്നെ കണ്ടയുടനെ സത്യന്‍ സാര്‍ ഭാസ്‌കരന്‍ മാസ്റ്ററോട് പറഞ്ഞു, ''അയ്യയ്യോ, ഈ കൊച്ചാണോ എന്റെ കൂടെ അഭിനയിക്കാന്‍ പോകുന്നത്?''

To advertise here,

അന്ന് കുറച്ചുകൂടി വലുപ്പവും തടിയുമൊക്കെ ഉണ്ടെങ്കിലേ നായികയാണെന്ന് പറയൂ. മേക്കപ്പ് ചെയ്യുന്നവരും വസ്ത്രാലങ്കാരം ചെയ്യുന്നവരും എല്ലാവരും കൂടി പരിശ്രമിച്ച് എന്നെ ഒരു വലിയ ആളായി തോന്നുന്ന വിധം മാറ്റിയെടുത്തു. അന്നാണ് ഞാനാദ്യമായി സാരിയുടുക്കുന്നത്. അതൊക്കെയാണ് സത്യന്‍ സാറിനെപ്പറ്റിയുള്ള ആദ്യ ഓര്‍മകള്‍. എന്റെ ഏറ്റവും നല്ല കഥാപാത്രങ്ങളെല്ലാം അദ്ദേഹത്തിനൊപ്പമാണ്. ഭാഗ്യജാതകം, വാഴ്വേമായം, അശ്വമേധം, ശരശയ്യ, ചെമ്മീന്‍, കരിനിഴല്‍...എല്ലാം ശക്തമായ കഥാപാത്രങ്ങളായിരുന്നു.  

സത്യന്‍ മാസ്റ്ററെപ്പറ്റി എപ്പോള്‍ ഓര്‍ത്താലും ഞെട്ടലോടെ മനസ്സില്‍ വരുന്നൊരു സംഭവമുണ്ട്. ഞാനും സാറും ഒരുമിച്ച് അഭിനയിക്കുന്ന 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നു. വെള്ളസാരിയാണ് എന്റെ വേഷം. രാത്രിയില്‍ ഒരു മരത്തിനുചുവട്ടില്‍ അദ്ദേഹം എന്റെ മടിയില്‍ തലവെച്ചു കിടന്ന് സംസാരിക്കുന്ന രംഗമാണ്. ഷോട്ട് കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ എന്റെ സാരിയില്‍ നിറയെ രക്തം. എല്ലാവരും പേടിച്ചുപോയി. നോക്കിയപ്പോള്‍ സത്യന്‍ സാറിന്റെ മൂക്കില്‍ നിന്ന് രക്തം വന്നുകൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ രോഗത്തെപ്പറ്റി സിനിമാലോകം അറിഞ്ഞത് അന്നാണ്. അന്നുവരെ ഏറ്റവും അടുപ്പമുള്ളവര്‍ക്ക് മാത്രമാണ് രോഗവിവരം അറിയാമായിരുന്നത്. എല്ലാവരും കൂടി മാസ്റ്ററെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വണ്ടിയൊക്കെ റെഡിയാക്കി, എന്നാല്‍ ആരുടെയും ഒപ്പം പോകാന്‍ അദ്ദേഹം തയ്യാറായില്ല. തനിയെ വണ്ടിയോടിച്ച് ആശുപത്രിയില്‍ പോയി. വെറ്റ് ക്ലോത്ത് കൊണ്ട് രക്തം തുടച്ച് ഒരുകൈയില്‍ സ്റ്റിയറിങ് ബാലന്‍സ് ചെയ്ത് വണ്ടിയെടുത്ത് പോകുന്ന അദ്ദേഹത്തിന്റെ മുഖം ഞാന്‍ ഒരിക്കലും മറക്കില്ല. ആ സിനിമ അദ്ദേഹത്തിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഡ്യൂപ്പിനെ വെച്ചാണ് രംഗങ്ങള്‍ ഷൂട്ട് ചെയ്തത്.

placeholder
'അശ്വമേധ'ത്തില്‍ സത്യന്‍, ഷീല, നസീര്‍

എന്റെ ജീവിതത്തില്‍ ഞാന്‍ ഇന്നും കൊണ്ടുനടക്കുന്ന പല ചിട്ടകളും രൂപപ്പെടുത്തിയതില്‍ അദ്ദേഹത്തിന് വലിയ പങ്കുണ്ട്. എല്ലാക്കാര്യങ്ങളിലും കൃത്യനിഷ്ഠവേണമെന്ന വാശിക്കാരനായിരുന്നു മാസ്റ്റര്‍. രാവിലെ ഏഴുമണിക്ക് ഷൂട്ടിങ് എന്നു പറഞ്ഞാല്‍ ഏഴുമണിക്ക് അദ്ദേഹം സെറ്റിലുണ്ടാവും, അതും മേക്കപ്പണിഞ്ഞ് അഭിനയിക്കാന്‍ റെഡിയായി. നമ്മള്‍ സമയം വൈകി എത്തിയാല്‍ അദ്ദേഹം നമ്മളെ നോക്കി സ്വയം പറയും, ''ഞങ്ങള്‍ ഇവിടെ വേറെ ജോലിക്കൊന്നും വന്നതല്ല, ഒരു ജോലി തന്നാല്‍ അതിന് നേരമൊക്കെ പാലിക്കണം...'' നമ്മള്‍ കേള്‍ക്കാനായാണ് പറയുക. എന്നാല്‍ നമ്മളോടല്ല താനും. സത്യന്‍ മാസ്റ്റര്‍ സെറ്റിലുണ്ടെങ്കില്‍ എല്ലാവര്‍ക്കും കൃത്യനിഷ്ഠയാണ്. അത്തരം കാര്യങ്ങളിലൊക്കെ വലിയ നിര്‍ബന്ധമായിരുന്നു മാസ്റ്ററിന്, ശരിക്കും പട്ടാളച്ചിട്ട. ഇന്നും എവിടെ ഏത് പരിപാടിയില്‍ പങ്കെടുക്കാനായാലും ഞാന്‍ കൃത്യസമയത്ത് തന്നെ പോകും. അദ്ദേഹത്തില്‍നിന്നാണ് ഞാനത് പഠിച്ചത്.

അന്നൊക്കെ ഷൂട്ടിങ് കാണാന്‍ വലിയ ജനക്കൂട്ടമായിരിക്കും. ഇന്നത്തെപ്പോലെ അവരെ നിയന്ത്രിക്കാന്‍ സംവിധാനമൊന്നുമില്ല. ഷൂട്ടിങ് കഴിഞ്ഞാല്‍ നടിമാരെല്ലാം സുരക്ഷിതമായി വണ്ടിയില്‍ കയറി പോയോ എന്നൊക്കെ ഉറപ്പാക്കിയിട്ടേ അദ്ദേഹം സെറ്റില്‍നിന്ന് പോകൂ. വലിയൊരു സുരക്ഷിതത്വമായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം.  

അദ്ദേഹത്തിന്റെ സംസാരമൊക്കെ കേട്ടാല്‍ വലിയ ഗൗരവക്കാരനായ, ഭീകരനായ മനുഷ്യനാണെന്ന് തോന്നും. എന്നാല്‍ മനസ്സുകൊണ്ട് ഇത്രയും എളിമയുള്ള ഒരു മനുഷ്യനെ നമുക്ക് കാണാനാവില്ല. സങ്കടങ്ങളൊന്നും പുറത്തുകാണിക്കുന്ന ആളായിരുന്നില്ല. എപ്പോഴും തനിച്ചിരിക്കും, അധികം ആരോടും സംസാരിക്കില്ല, തമാശകള്‍ പറയില്ല. ശരിക്കും എല്ലാവര്‍ക്കും ഒരു മാസ്റ്റര്‍, കാര്‍ക്കശ്യക്കാരനായ അധ്യാപകന്‍ അങ്ങനെ ഒക്കെയായിരുന്നു സെറ്റില്‍ അദ്ദേഹം. സത്യന്‍ മാസ്റ്ററിന്റെ കഥാപാത്രങ്ങളും അത്തരത്തിലുള്ളവയാണല്ലോ. ഒരു കഥാപാത്രമായി മാറാന്‍ അദ്ദേഹത്തിന് അഭിനയിക്കേണ്ട കാര്യമില്ല, ആ വ്യക്തിയായി തന്നെ മാറും മാസ്റ്റര്‍. കാണുന്നവര്‍ അത് സത്യന്‍ മാസ്റ്ററാണെന്ന കാര്യം പോലും മറന്നുപോകും. 

ഒരു പൂവുണ്ട്, മനോരജ്ഞിതം. തമിഴ്‌നാട്ടിലൊക്കെ സമൃദ്ധമാണ്. ആ പൂവിന് നമ്മള്‍ ആഗ്രഹിക്കുന്ന വസ്തുക്കളുടെ ഗന്ധമായിരിക്കും എന്നാണ് പറയുന്നത്. റോസാപ്പൂവിന്റെ സുഗന്ധമാണെന്ന് വിചാരിച്ച് മണത്താല്‍ അതായിരിക്കും. മുല്ലപ്പൂവെന്ന് കരുതിയാല്‍ ആ സുഗന്ധം. അതുപോലെയാണ് സത്യന്‍ മാസ്റ്റര്‍. കാഴ്ചക്കാരന്‍ ആഗ്രഹിക്കുന്ന രൂപമായിരിക്കും തിരശ്ശീലയില്‍ അദ്ദേഹത്തിന്റേത്.