ഇന്ന് തിയേറ്ററുകളിലെത്തിയ സിനിമയാണ് 'പണി'. നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്നുവെന്നതാണ് സിനിമയുടെ പ്രത്യേകത. ഇതിന്റെ തിരക്കഥ എഴുതിയതും നായകനാവുന്നതും ജോജു തന്നെ. അഭിനേതാവായി വെള്ളിത്തിരയില്‍ തിളങ്ങുമ്പോള്‍തന്നെ, സംവിധായകന്റെ കുപ്പായവുമണിയുന്ന താരങ്ങളുടെ നിരയിലേക്ക് അങ്ങനെ ജോജുവും നടന്നുകയറുന്നു. 

To advertise here,

സംവിധാനം എന്ന മോഹം പെട്ടെന്നൊരുനാള്‍ പൊട്ടിമുളച്ചതല്ലെന്ന് ജോജു പറയുന്നു. ''ജോസഫ് എന്ന സിനിമയ്ക്ക് മുമ്പ് തന്നെ സിനിമ സംവിധാനം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. സ്റ്റാര്‍ഡം ഉണ്ടെന്ന് കരുതി ഒന്നും എളുപ്പമല്ല. നന്നായി പണിയെടുക്കേണ്ടതായിട്ടുണ്ട്,'' ജോജുവിന്റെ വാക്കുകള്‍.

മധു മുതല്‍ മോഹന്‍ലാല്‍ വരെ അഭിനയത്തിനൊപ്പം സംവിധാനവും ചെയ്ത താരങ്ങളാണ്. തിരക്കുള്ള നടനായി വിലസുമ്പോഴാണ് നടന്‍ മധു സംവിധായകന്റെ മേലങ്കിയണിയുന്നത്. 1970-ല്‍ പ്രിയ എന്ന സിനിമയാണ് ആദ്യം സംവിധാനം ചെയ്തത്. ഈ സിനിമയില്‍ നായകനായെത്തിയത് അടൂര്‍ ഭാസി. മധു ആദ്യമായി വില്ലനാവുന്നതും ഇതില്‍ തന്നെ. നിരാശാകാമുകനായും കാമുകനായുമുള്ള കഥാപാത്രങ്ങളില്‍ നിന്നുള്ളൊരു കൂടുമാറ്റം.

placeholder
കിഴക്കുണരും പക്ഷിയില്‍നിന്നൊരു രംഗം

അതിനെക്കുറിച്ച് ഒരഭിമുഖത്തില്‍ മധു പിന്നീട് പറഞ്ഞതിങ്ങനെ. ''നിരാശാകാമുകന്റെ വേഷങ്ങള്‍ പിന്തുടരാന്‍ തുടങ്ങിയപ്പോള്‍ അതിനെ ബ്രേക്ക് ചെയ്യാനുള്ള ശ്രമമായിരുന്നു. എന്നില്‍ ഒരു സംവിധായകന്‍ ഉള്ളതുകൊണ്ട് മാത്രമാണ് എന്റെ ഇമേജിനെ ബ്രേക്ക് ചെയ്യാന്‍ കഴിഞ്ഞത്''. ആദ്യസിനിമയ്ക്കുതന്നെ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാനപുരസ്‌കാരവും നേടാന്‍ മധുവിന് കഴിഞ്ഞു. അടുത്തത് സിന്ദൂരച്ചെപ്പ് (1971) എന്ന സിനിമയായിരുന്നു. ''സംവിധായകന്‍ എന്ന നിലയില്‍ സംതൃപ്തി നല്‍കിയ ചിത്രങ്ങളിലൊന്നാണ് സിന്ദൂരച്ചെപ്പ്'', മധു ഒരിക്കല്‍ പറഞ്ഞു. സിന്ദൂരച്ചെപ്പും മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള സംസ്ഥാനപുരസ്‌കാരം നേടി. ഇതുരണ്ടും ഉള്‍പ്പെടെ 12 സിനിമകളാണ് മധു സംവിധാനം ചെയ്തത്. 

അടുത്തത് നടി ഷീലയുടെ ഊഴമായിരുന്നു. ''ഒരു വനിതാ സംവിധായിക മലയാളത്തില്‍ ഇല്ലാതിരുന്ന കാലം. അപ്പോള്‍ തമിഴ് പത്രപ്രവര്‍ത്തകനായ മതിയൊളി ഷണ്‍മുഖത്തിനൊരാഗ്രഹം, ഒരു മലയാളചിത്രം നിര്‍മിക്കണം. അത് ഞാന്‍ തന്നെ സംവിധാനം ചെയ്യണമെന്നും'', സംവിധാനത്തിലേക്ക് കടന്നതിനെക്കുറിച്ച് ഷീല പറയുന്നു. 1976-ല്‍ പുറത്തിറങ്ങിയ 'യക്ഷഗാന'മാണ് ഷീല ആദ്യമായി സംവിധാനം ചെയ്യുന്നത്. ഷീലയോടൊപ്പം മധു, അടൂര്‍ ഭാസി, തിക്കുറിശ്ശി തുടങ്ങിയവരാണ് ഇതില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നിശീഥിനീ നിശീഥിനീ...എന്ന എസ്. ജാനകിയുടെ വളരെ പ്രശസ്തമായ പാട്ട് ഈ സിനിമയിലേതാണ്. അടുത്തതായി സംവിധാനം ചെയ്തത് ശിഖരങ്ങള്‍ (1979) എന്ന സിനിമയാണ്. ആ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ കൂടിയായിരുന്നു ശിഖരങ്ങള്‍. 

അഭിനയത്തിന് ദേശീയപുരസ്‌കാരം നേടിയ ഭരത് ഗോപിയുടെ പേരില്‍ മറ്റൊരു കൗതുകം കൂടിയുണ്ട്. സംവിധാനം ചെയ്ത സിനിമയ്ക്ക് ദേശീയപുരസ്‌കാരം ലഭിക്കുക എന്ന പ്രത്യേകത. യമനം (1991) എന്ന സിനിമയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്. അതിനുപുറമെ ഞാറ്റടി (1979), ഉത്സവപ്പിറ്റേന്ന് (1989), എന്റെ ഹൃദയത്തിന്റെ ഉടമ (2002) എന്നീ സിനിമകളും ഭരത് ഗോപി സംവിധാനം ചെയ്തിട്ടുണ്ട്.  

വിഷാദനായകനായി തുടങ്ങി സംവിധായകനും തിരക്കഥാകൃത്തുമായി മാറിയ വേണു നാഗവള്ളി. പന്ത്രണ്ട് സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. അതിലേറെയും സൂപ്പര്‍ഹിറ്റും. സുഖമോ ദേവി (1986), സര്‍വകലാശാല (1987), ലാല്‍ സലാം (1989), സ്വാഗതം (1989), ഏയ് ഓട്ടോ (1990), കിഴക്കുണരും പക്ഷി (1991), കളിപ്പാട്ടം (1993)...''സര്‍വകലാശാല എന്റെ ആത്മാംശങ്ങള്‍ ഉള്‍ക്കൊണ്ട സിനിമയാണ്'', വേണു നാഗവള്ളി പറഞ്ഞതിങ്ങനെ. പ്രണയചിത്രങ്ങളും രാഷ്ട്രീയം പ്രമേയമായ ചിത്രങ്ങളും ഒരുപോലെ സംവിധാനം ചെയ്ത് വിജയിപ്പിച്ചതിന്റെ ക്രെഡിറ്റ് വേണു നാഗവള്ളിക്ക് സ്വന്തം. എന്നും നില
നില്‍ക്കുന്ന പാട്ടുകളാണ് ഈ സിനിമകളിലെ പ്രത്യേകത. 

'ആരവ'ത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടനാണ് പ്രതാപ് പോത്തന്‍. പിന്നീട് മലയാളവും തമിഴും കടന്ന് തെലുങ്കിലുമെത്തി. അതിനൊപ്പം തന്നെ തമിഴിലും മലയാളത്തിലും തെലുങ്കിലും സംവിധാനമുദ്രയും പതിപ്പിച്ചു. ഋതുഭേദം (1987), ഡെയ്‌സി (1988), ഒരു യാത്രാമൊഴി (1997) എന്നിവയാണ് മലയാളത്തില്‍ പ്രതാപ് പോത്തന്‍ സംവിധാനം ചെയ്ത പ്രധാനസിനിമകള്‍. കൗമാരപ്രണയകഥ പറഞ്ഞ ഡെയ്‌സി അക്കാലത്ത് യുവാക്കള്‍ക്കിടയില്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു. ഓര്‍മതന്‍ വാസന്തനന്ദനത്തോപ്പില്‍, രാപ്പാടിതന്‍...'ഡെയ്‌സി'യിലെ പാട്ടുകള്‍ ഇന്നും ആളുകള്‍ മറന്നിട്ടില്ല. 

മലയാളികളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന താരം, ജഗതി ശ്രീകുമാര്‍. നാലുപതിറ്റാണ്ട് നീണ്ടുനിന്ന അഭിനയജീവിതത്തില്‍ ജഗതി അഭിനയിച്ച സിനിമകള്‍ 2000-ത്തിനടുത്തുവരും. രണ്ടുസിനിമകളാണ് ജഗതി സംവിധാനം ചെയ്തിട്ടുള്ളത്. അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു (1989), കല്യാണ ഉണ്ണികള്‍ (1997) എന്നിവയാണവ. മിമിക്രിതാരമായെത്തി സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ ഹരിശ്രീ അശോകന്‍. അദ്ദേഹം ഒരുസിനിമ സംവിധാനം ചെയ്തിട്ടുമുണ്ട്, ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറി (2019).  

placeholder
വടക്കുനോക്കിയന്ത്രത്തില്‍നിന്ന് / ഫോട്ടോ: എന്‍.എല്‍.ബാലകൃഷ്ണന്‍

ആദ്യമായി സംവിധാനം ചെയ്ത സിനിമയ്ക്കുതന്നെ ദേശീയപുരസ്‌കാരം ലഭിച്ച ക്രെഡിറ്റ് നടി രേവതിക്ക് സ്വന്തം. 2002-ല്‍ രേവതി സംവിധാനം ചെയ്ത 'മിത്ര്, മൈ ഫ്രണ്ട്' എന്ന സിനിമയാണ് മികച്ച ഇംഗ്ലീഷ് ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത്. 1983-ല്‍ കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലൂടെയാണ് രേവതി മലയാളസിനിമയിലേക്ക് കടന്നുവരുന്നത്. മലയാളത്തിനൊപ്പം തന്നെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും ഒരുപോലെ തിളങ്ങി രേവതി. ഹിന്ദിയില്‍ രണ്ട് സിനിമകളും (ഫിര്‍ മിലേംഗെ-2004, മുംബൈ കട്ടിങ്-2010, സലാം വെങ്കി-2022), മലയാളത്തില്‍ ഒരു സിനിമയും (കേരള കഫെയിലെ ഒരു സെഗ്മെന്റ്-2009) അവര്‍ സംവിധാനം ചെയ്തു. ''ഞാനഭിനയിക്കുന്ന കഥാപാത്രങ്ങള്‍ വളരെ ശ്രദ്ധയോടെയേ തിരഞ്ഞെടുക്കാറുള്ളൂ. അതുപോലെ തന്നെയാണ് സംവിധാനത്തിന്റെ കാര്യവും. അഭിനേതാവ് എന്ന നിലയില്‍ ഒരു സിനിമയുടെ ചെറിയ ഭാഗമേ ആവുന്നുള്ളൂ നമ്മള്‍. പക്ഷേ സംവിധാനത്തിന്റെ കാര്യത്തില്‍ അങ്ങനെയല്ല. സിനിമയുടെ ത്രെഡ് മുതല്‍ അതൊരു കഥയാക്കുന്നതും എല്ലാ കാര്യങ്ങളും ചെയ്യുന്നതും ഒടുവില്‍ സിനിമയാക്കുന്നതും...'', സംവിധാനത്തെക്കുറിച്ച് രേവതി ഒരിക്കല്‍ പറഞ്ഞതിങ്ങനെ. 

ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയിലൂടെ ബാലതാരമായെത്തിയ ഗീതു മോഹന്‍ദാസ്. പിന്നീട് സംവിധാനത്തിലും തന്റെ കൈയ്യൊപ്പ് പതിപ്പിച്ചു. ലയേഴ്‌സ് ഡയസ് (2013), മൂത്തോന്‍ (2019). ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്റര്‍നാഷണല്‍ കോമ്പറ്റീഷനില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം 'ലയേഴ്‌സ് ഡയസ്' നേടി. ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ തന്നെ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് 'മൂത്തോന്‍'. ഇപ്പോള്‍ ടോക്‌സിക്: എ ഫെയറിടെയ്ല്‍ ഫോര്‍ ഗ്രോണ്‍ അപ്പ്‌സ് എന്ന സിനിമയുടെ തിരക്കുകളിലാണ് ഗീതു. 

സിനിമയ്ക്കായി കുറേ തിരക്കഥകള്‍ എഴുതിയിട്ടുണ്ടെങ്കിലും, രണ്ട് സിനിമകള്‍ മാത്രമേ ശ്രീനിവാസന്‍ സംവിധാനം ചെയ്തിട്ടുള്ളൂ. വടക്കുനോക്കിയന്ത്രവും (1989) ചിന്താവിഷ്ടയായ ശ്യാമളയും (1998). മലയാളികളെ ഒരുപാട് ചിരിപ്പിച്ച സിനിമകളാണിത് രണ്ടും. സംശയരോഗിയായ ഭര്‍ത്താവിന്റെ റോളിലും ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒളിച്ചോടുന്ന കുടുംബനാഥന്റെ റോളിലും ശ്രീനിവാസന്‍ തകര്‍ത്തഭിനയിക്കുകയും ചെയ്തു. ''സംവിധാനം ചെയ്യാന്‍ തുടങ്ങുമ്പോള്‍ നമുക്ക് വേറൊന്നും ചെയ്യാന്‍ പറ്റില്ല. അതുകൊണ്ടാണ് പിന്നീട് സിനിമ സംവിധാനം ചെയ്യാതിരുന്നത്'', ശ്രീനിവാസന്‍ പറയുന്നതിങ്ങനെ. 

placeholder
വര്‍ഷങ്ങള്‍ക്കുശേഷം സിനിമയില്‍നിന്ന്‌

ഗായകനായി വന്ന് പിന്നീട് ഓള്‍റൗണ്ടറായ കഥയാണ് വിനീത് ശ്രീനിവാസന്റേത്. നടനായും തിരക്കഥാകൃത്തായും സംവിധായകനായും നിര്‍മാതാവായും വിനീത് സിനിമയില്‍ നിറഞ്ഞു. മലര്‍വാടി ആര്‍ട്‌സ് ക്ലബി(2010)ലൂടെയാണ് വിനീതിന്റെ സംവിധാന അരങ്ങേറ്റം. നിവിന്‍ പോളിയുടെ ആദ്യസിനിമ കൂടിയായിരുന്നു അത്. സൗഹൃദത്തിന്റെ കഥ പറഞ്ഞ മലര്‍വാടി, സൂപ്പര്‍ഹിറ്റായിരുന്നു. സംവിധാനത്തിനൊപ്പം സിനിമയിലെ പാട്ടുകള്‍ക്ക് വരിയെഴുതിയതും വിനീതാണ്. പാടുകയും ചെയ്തു. പിന്നീട് തട്ടത്തിന്‍ മറയത്ത് (2012), തിര (2013), ജേക്കബിന്റെ സ്വര്‍ഗരാജ്യം (2016), ഹൃദയം (2022), വര്‍ഷങ്ങള്‍ക്കുശേഷം (2024) എന്നീ സിനിമകളും വിനീത് സംവിധാനം ചെയ്തു. 

ചോക്ലേറ്റ് ബോയ്, കോളേജ് കുമാരന്‍ എന്നീ റോളുകളില്‍നിന്നുള്ള പൃഥ്വിരാജിന്റെ വളര്‍ച്ച വളരെ പെട്ടെന്നായിരുന്നു. അഭിനയത്തില്‍നിന്ന് തുടങ്ങി നിര്‍മാതാവ്, ഗായകന്‍ എന്നീ ഘട്ടങ്ങളും കഴിഞ്ഞ് സംവിധാനത്തിലെത്തി നില്‍ക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായ ലൂസിഫര്‍ (2019) ആണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്തത്. മലയാളസിനിമയിലെ പല റെക്കോര്‍ഡുകളും തകര്‍ത്താണ് ലൂസിഫറെത്തിയത്. കണക്കുകള്‍ പ്രകാരം 200 കോടി കടന്ന ആദ്യ മലയാളസിനിമയാണ് ലൂസിഫര്‍. അതിനുശേഷം ബ്രോ ഡാഡി (2022) എന്ന സിനിമയും സംവിധാനം ചെയ്തു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ പണിപ്പുരയിലാണ് പൃഥ്വിരാജ് ഇപ്പോള്‍. 

സലിംകുമാര്‍, മധുപാല്‍, ക്യാപ്റ്റന്‍ രാജു, നാദിര്‍ഷ, സൗബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍, വിനീത് കുമാര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരും ഈ ലിസ്റ്റിലിടം പിടിച്ചവരാണ്. ഇപ്പോള്‍ മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് മറ്റൊരു സംവിധാനസംരംഭമാണ്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ്. ''നടനാവുമ്പോഴും ഞാന്‍ സ്വപ്‌നം കണ്ടിരുന്നതാണ് സംവിധാനം'', എന്നാണ് ഇതിനെക്കുറിച്ച് മുമ്പൊരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞത്. എന്തായാലും മോഹന്‍ലാല്‍ എന്ന സംവിധായകന്റെ ആദ്യ സിനിമ കാണാന്‍ ആളുകള്‍ കാത്തിരിപ്പിലാണ്.