2018-ൽ 'കാർവാൻ' എന്ന ചിത്രത്തിലൂടെയാണ് നടൻ ദുൽഖർ സൽമാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് തുടങ്ങി വിവിധ സിനിമാ വ്യവസായങ്ങളിൽ പ്രവർത്തിച്ച അദ്ദേഹത്തിന് ഹിന്ദിയിലേക്ക് വന്നപ്പോൾ കാര്യങ്ങൾ അത്ര സുഖകരമായിരുന്നില്ല. കരിയറിൻ്റെ തുടക്കം അൽപം വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. അടുത്തിടെ 'ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ'യുടെ ടോക് ഷോയിൽ, ഹിന്ദി സിനിമയുടെ സെറ്റുകളിൽ തുടക്കത്തിൽ താൻ തഴയപ്പെട്ടിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ദുൽഖർ. മറ്റ് ഇൻഡസ്ട്രികളേക്കാൾ ഹിന്ദി സിനിമാരംഗത്തിന്റെ വലുപ്പമാവാം ഇങ്ങനെയൊരു സാഹചര്യത്തിന് കാരണമായതെന്നും അദ്ദേഹം വിശദീകരിച്ചു.
ഈ സാഹചര്യത്തിൽ താനൊരു വലിയ താരമാണെന്ന ധാരണ സൃഷ്ടിക്കാൻ ബോളിവുഡ് അവിടുത്തെ അഭിനേതാക്കളോട് ആവശ്യപ്പെടുന്നുണ്ടെന്നും, അതിനായി ഒരു വലിയ സംഘം കൂടെയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
"ഇവിടെ ഹിന്ദി സിനിമകൾ ചെയ്തപ്പോൾ, എൻ്റെ കൂടെ വരുന്ന രണ്ടുപേരും ഞാനും സെറ്റുകളിൽ ഒതുക്കപ്പെട്ടു പോയിരുന്നു. ഞാനൊരു വലിയ താരമാണെന്ന മിഥ്യാബോധം സൃഷ്ടിക്കേണ്ടി വന്നു, അല്ലെങ്കിൽ ഇരിക്കാനൊരു കസേര പോലും കിട്ടുമായിരുന്നില്ല"- അദ്ദേഹം പറഞ്ഞു. "മോണിറ്ററിന് പിന്നിൽ നിന്ന് കാണാൻ എനിക്കൊരു സ്ഥലം പോലും കിട്ടുമായിരുന്നില്ല, അത്രയധികം ആളുകളുണ്ടായിരുന്നു. അതിനാൽ, എല്ലാം ഒരു ധാരണയുടെ പുറത്താണ്. വിലകൂടിയ കാറിൽ ഒരുപാട് ആളുകളുമായി വന്നാൽ, അയാൾ ഒരു താരമാണെന്ന ധാരണയുണ്ടാകും. അത് സങ്കടകരമാണ്, എൻ്റെ ഊർജ്ജം ആ വഴിക്കല്ല പോകേണ്ടത്, അല്ലേ?"
"എനിക്കത് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഒരു ഇൻഡസ്ട്രിയെയും മോശമായി ചിത്രീകരിക്കാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ഇതൊരു സാംസ്കാരിക കാര്യമാണെന്ന് കരുതുന്നു. ഞാനും റാണ ദഗ്ഗുബതിയും ചർച്ച ചെയ്യുകയായിരുന്നു, ഹിന്ദി സിനിമാ വ്യവസായത്തിന്റെ വലുപ്പം വളരെ വലുതാണ് - തിയേറ്ററുകളുടെ എണ്ണം, വിപണികൾ, കൂടാതെ നിരവധി സംസ്ഥാനങ്ങൾ ആ ഭാഷ സംസാരിക്കുകയും ആ സിനിമകൾ കാണുകയും ചെയ്യുന്നു. നമുക്ക് ഒന്നോ രണ്ടോ സംസ്ഥാനങ്ങൾ മാത്രമേയുള്ളൂ, എന്നിട്ടും നമ്മൾ വലിയ സംഭവമാണെന്നാണ് കരുതുന്നത്. ഒരുപക്ഷേ, വ്യവസായത്തിന്റെ വലുപ്പം കാര്യങ്ങളെ സ്വാധീനിക്കുന്നുണ്ടാവാം"- അദ്ദേഹം പറഞ്ഞു.
‘കാന്ത’ എന്ന തമിഴ് ഡ്രാമയിലാണ് ദുൽഖർ അവസാനമായി അഭിനയിച്ചത്. ഡിസംബർ 12-ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Dulquer-Salmaan-opens-up-about-his-early-struggles-in-Bollywood,-detailing-how-he-was-`pushed-around`-and-forced-to-create-a-star-illusion-for-basic-comfort.-Read-his-candid-revelations.
Published: 02 Dec 2025, 12:09 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented