കാസർകോടിന്റെ സ്വന്തമാണ് നടൻ ഉണ്ണിരാജ. ചെറുവത്തൂർ സ്വദേശി. മറിമായം എന്ന ജനപ്രിയ പരമ്പരയിലൂടെയും നിരവധി സിനിമകളിലൂടെയും മികച്ച പ്രകടനം കാഴ്ചവെച്ച ഉണ്ണിരാജ ഇന്ന് മലയാളത്തിലെ ഏറ്റവും ശ്രദ്ധേയ അഭിനേതാക്കളിലൊരാളാണ്. തന്റെതായ സംസാര ശൈലിയും അഭിനയവും ഭാവങ്ങളുമൊക്കെയാണ് ഉണ്ണിരാജയെ മറ്റ് നടന്മാരിൽനിന്ന് വേറിട്ടുനിർത്തുന്നത്. അനുഭവങ്ങളുടെ തീച്ചൂള കടന്നാണ് അഭിനയത്തിന്റെ സുവർണലോകത്തേക്ക് ഈ കാസർകോട്ടുകാരൻ ചുവടുവെച്ചത്. കടന്നുവന്ന വഴികളെക്കുറിച്ച് ഉണ്ണിരാജ സംസാരിക്കുന്നു.

To advertise here,

ഊരും പേരും...

ഉണ്ണിരാജൻ എന്നാണ് ശരിയായ പേര്. 'അരവിന്ദന്റെ അതിഥികൾ' എന്ന സിനിമ ചെയ്യുമ്പോൾ മോഹൻസാറാണ് അത് ഉണ്ണിരാജ എന്നാക്കിയത്. ചിലർ തെറ്റിച്ച് ഉണ്ണിരാജ് എന്ന് വിളിക്കും. മറിമായത്തിൽ ഉണ്ണി എന്ന കഥാപാത്രം ഹിറ്റായതോടെ എല്ലാവരും ഉണ്ണിയേട്ടൻ എന്ന് വിളിക്കാൻ തുടങ്ങി.

കാസർകോട് ജില്ലയിലെ ചെറുവത്തൂരാണ് സ്വദേശം. കുട്ടിക്കാലം ഏറെ ദാരിദ്ര്യം നിറഞ്ഞതായിരുന്നു. നല്ല വസ്ത്രമോ, ഇഷ്ടപ്പെട്ട ഭക്ഷണമോ ഒന്നും ഇല്ലാത്ത ഒരുകാലം. അച്ഛനും അമ്മയും ജോലിചെയ്ത് കിട്ടുന്ന തുച്ഛമായ കാശുകൊണ്ടാണ് ജീവിതം മുന്നോട്ട് പോയിരുന്നത്. അവർക്ക് പണിയില്ലാത്തകാലത്ത് പട്ടിണി കിടക്കും. ഞങ്ങൾ മൂന്ന് മക്കളായിരുന്നു. വിഷുവും ഓണവുമൊക്കെ വരുമ്പോഴാണ് നല്ല ഭക്ഷണം കഴിക്കുക. പക്ഷേ, അതിൽ വിഷമമൊന്നും തോന്നിയിട്ടില്ല. കാരണം ഇതാണ് നമ്മുടെ ജീവിതം എന്ന് തിരിച്ചറിഞ്ഞിരുന്നു. അതിനാൽ സ്‌കൂളിൽനിന്ന് ഉല്ലാസയാത്രയ്‌ക്കൊക്കെ താത്പര്യമുണ്ടോ എന്ന് ചോദിക്കുമ്പോൾ മെല്ലെ ഒഴിഞ്ഞുമാറും. കാരണം ആ പണത്തിനായി മാതാപിതാക്കളെ ബുദ്ധിമുട്ടിക്കരുത് എന്നുതോന്നും.

നാടകമേ ഉലകം

കുട്ടിക്കാലം മുതലേ നാടകത്തോട് വലിയ ഇഷ്ടമാണ്. എന്റെ വീടിന് സമീപംതന്നെ ഒരു കൊച്ചുമൈതാനവും സ്റ്റേജുമുണ്ട്. അവിടെനിന്ന് നാടകങ്ങൾ കണ്ടാണ് ഞാൻ വളർന്നത്. നാട്ടിലെ ക്ലബ്ബുകളുടെ നാടകങ്ങളൊക്കെ ചെയ്തിരുന്നു. പതിനെട്ടാംവയസ്സുമുതലാണ് സ്‌കൂൾ നാടകങ്ങൾ സംവിധാനംചെയ്തുതുടങ്ങിയത്. ചെറുവത്തൂർ കുട്ടമത്ത് ഹയർസെക്കൻഡറി സ്‌കൂളിനുവേണ്ടി 'പൊന്നുരുക്കുന്നിടത്ത് ഒരുപൂച്ച' എന്ന നാടകം ചെയ്തു. അത് ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ 'കാക്കച്ചിയുടെ ഓർമ്മയ്ക്ക്' അടക്കം നിരവധി സ്‌കൂൾ നാടകങ്ങൾ. തിരക്കഥ വേറേ ആളായിരിക്കും, ഞാൻ സംവിധാനം. തിരക്കഥ കിട്ടാൻ വിഷമം വരുമ്പോൾ ഞാൻ തന്നെ എഴുതിത്തുടങ്ങി. 'ഒരു ക്രൂരതയുടെ ബാക്കിപത്രം' എന്ന പേരിൽ അന്ന് ഞാൻ എഴുതിയ നാടകം സംസ്ഥാനകലോത്സവത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓരോ നാടകവും ശ്രദ്ധിക്കപ്പെട്ടതോടെ കാസർകോട് ജില്ലയിലെ പല സ്‌കൂളുകളിലേക്കും നാടകം ചെയ്യാൻ ക്ഷണം കിട്ടി. സംസ്ഥാന കലോത്സവത്തിൽ ഞാൻ ചെയ്ത നാടകങ്ങൾക്ക് സമ്മാനം കിട്ടിയതോടെ കേരളത്തിന്റെ പലഭാഗത്തുനിന്നും തൊട്ടടുത്ത വർഷംമുതൽ വിളികൾ വന്നുതുടങ്ങി.

നാടകം, സ്‌കിറ്റുകൾ, മൈം എന്നിവയെല്ലാം പല ജില്ലകളിലെ പല സ്‌കൂളുകൾക്കുംവേണ്ടി ചെയ്തു. മുപ്പത് വർഷമായി കേരളത്തിന്റെ എല്ലാ ജില്ലകളിലും കലാപ്രവർത്തനവുമായി എത്താനുള്ള ഭാഗ്യം ലഭിച്ചു. മൈമിൽ എന്റെതായ ഒരു അടയാളപ്പെടുത്തൽ ഉണ്ടാക്കാൻ സാധിച്ചു. തെയ്യത്തിനെ ആദ്യമായി മൈമിലേക്ക് കൊണ്ടുവന്നത് ഞാനാണ്. അത് വലിയ ശ്രദ്ധയും അഭിനന്ദനവും നേടിത്തന്നു. അതുപോലെ കാസർകോട്ടെ എൻഡോസൾഫാൻ വിഷയത്തെ മൈമിൽ ആദ്യമായി കൊണ്ടുവന്നതും ഞാനാണ്. ആ മൈമുകളെല്ലാം ഏറെ സമ്മാനങ്ങൾ നേടി. സ്‌കൂൾ തലത്തിലും കോളേജ് തലത്തിലുമെല്ലാം ഒരുപാട് കുട്ടികളെ പരിശീലിപ്പിക്കാൻ സാധിച്ചു.

മറിമായത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയതാണ്. സുഹൃത്ത് വഴി ഒരു എപ്പിസോഡിൽ ഒരു കഥാപാത്രം ചെയ്യാനുള്ള അവസരം ലഭിച്ചു. അത് പിന്നീടെന്റെ ജീവിതം മാറ്റുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ആ കഥാപാത്രം ഹിറ്റായതോടെ മെല്ലെമെല്ലെ മറിമായത്തിലെ സ്ഥിരം സാന്നിധ്യമായി മാറി.

കാസർകോട്ടെ സിനിമക്കാരൻ

'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന സിനിമയിലെ കഥാപാത്രമാണ് സിനിമയിൽ ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ഓഡിഷൻ വഴിയാണ് ആ സിനിമയിലേക്ക് എത്തിയത്. കവി രാജേഷ് അമ്പലത്തറ എന്ന കഥാപാത്രം ചെറുതെങ്കിലും പ്രശസ്തി നേടിത്തന്നു. പിന്നീട് 'അരവിന്ദന്റെ അതിഥികൾ', 'തിങ്കളാഴ്ച നിശ്ചയം', 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ', 'ഓപ്പറേഷൻ ജാവ', 'എആർഎം' തുടങ്ങി അവസാനം പുറത്തിറങ്ങിയ 'അവിഹിതം' വരെ ഒരുപിടി മികച്ച സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചു. ഇപ്പോൾ എഴുപതോളം സിനിമകൾ ചെയ്തുകഴിഞ്ഞു. ആദ്യ സിനിമയ്ക്ക് മാത്രമേ ഓഡിഷന് പോകേണ്ടിവന്നിട്ടുള്ളൂ. അതിനുശേഷം എല്ലാ സിനിമകളും ഇങ്ങോട്ട് വന്നതാണ്. കണ്ണൂർ, കാസർകോട് ഭാഗങ്ങളിൽനിന്ന് ഇന്ന് ഒരുപാട് സിനിമകൾ ഷൂട്ട് ചെയ്യാറുണ്ട്. അതിൽ ഭൂരിഭാഗം സിനിമകളിലും നല്ല കഥാപാത്രം ചെയ്യാനുള്ള അവസരവും ലഭിക്കാറുണ്ട്.

ഓപ്പറേഷൻ ജാവയിലെ അഖിലേഷേട്ടൻ എന്ന കഥാപാത്രവും വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ഒരൊറ്റ സീൻ ആണെങ്കിൽ കൂടി ആ സിനിമ വലിയ ഹിറ്റായതോടെ ആ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

അതിജീവിച്ച നാളുകൾ

എറണാകുളത്ത് മറിമായം ഷൂട്ട് കഴിഞ്ഞ് വരുമ്പോൾ ചെറിയൊരു അപകടം സംഭവിച്ചു. ഒന്ന് വീണു. സ്‌പൈനൽകോഡിന് ചെറിയ പരിക്കുപറ്റി. സർജറി ചെയ്ത് ഏറെക്കാലം വിശ്രമത്തിലായിരുന്നു. ആ വീഴ്ച എന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റി. അതുവരെ ഞാൻ ഓരോ ദിവസവും ഒരുപാട് കാര്യങ്ങളുമായി നെട്ടോട്ടമായിരുന്നു. ഇനി അങ്ങനെ വേണ്ടതില്ല എന്നും ഓരോന്നും കൃത്യമായി ശ്രദ്ധിച്ച് ചെയ്യണമെന്നും ഉറപ്പിച്ചു.

ഇത് സന്തോഷയാത്ര

മികച്ച ഹാസ്യനടനുള്ള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരമടക്കം ഒരുപിടി പുരസ്‌കാരങ്ങൾ ലഭിച്ചു. ഒന്നുമില്ലായ്മയിൽ തുടങ്ങി ഇത്രയും പുരസ്‌കാരങ്ങൾ നേടാൻ കഴിഞ്ഞു എന്നതിൽ ഏറെ സന്തോഷമുണ്ട്. കുറച്ചുകാലം മുൻപുവരെ സിനിമയിൽ കാസർകോട്ടുനിന്ന് കലാകാരന്മാർ കുറവായിരുന്നു. എന്നാൽ ഇന്ന് ഒരുപാടുപേർ സജീവമാണ്. ആ കൂട്ടത്തിൽ കാസർകോടിന്റെ പ്രതിനിധിയായി എന്നെ എല്ലാവരും കാണുന്നു എന്നതിലും സന്തോഷമുണ്ട്. ആ സ്‌നേഹം ഓരോ സ്ഥലത്ത് പോകുമ്പോഴും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സാധാരണക്കാരായ മനുഷ്യർ ചുറ്റുംകൂടുകയും എന്ത് സഹായവും ചെയ്യാനായി വരുകയുമൊക്കെ ചെയ്യുന്നു. അതിലെല്ലാം ഏറെ സന്തോഷമുണ്ട്. എനിക്ക് ലഭിക്കുന്ന ഈ സ്‌നേഹവും സന്തോഷവും എന്റെ നാടിനുകൂടി ലഭിക്കുന്ന അംഗീകാരമായാണ് കാണുന്നത്.

മനസ്സിൽ കൊച്ചുകൊച്ച് ആഗ്രഹങ്ങൾ നമ്മൾ കൊണ്ടുനടക്കാറില്ലേ. നാടകവും മറിമായവും സിനിമകളുമൊക്കെ ചെയ്ത് കുറച്ച് പണം കിട്ടിയപ്പോൾ അമ്മ പണിക്ക് പോയിരുന്ന വയൽ അമ്മയുടെ പേരിൽ വാങ്ങിക്കൊടുക്കാൻ സാധിച്ചു. ആ വയലിൽ അമ്മ കൃഷി ഇറക്കുകയും ചെയ്തു. അത്തരം കൊച്ചുകൊച്ച് ആഗ്രഹങ്ങൾ ഓരോന്നായി സാധിച്ചെടുക്കുകയാണ്. ഒരുപാട് മികച്ച സിനിമകളിൽ നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹം. അത്തരം സിനിമകൾ തേടിവരുമെന്ന് കരുതുന്നു.

കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi