
കിഴക്കന്‍ മലയില്‍നിന്ന് പുറപ്പെട്ട സൂര്യന്‍ ചെഞ്ചുണ്ടില്‍ ചിരിവിരിയിച്ചുതുടങ്ങുംമുന്‍പേ കണ്ണൂരില്‍നിന്ന് യാത്രയാരംഭിച്ചു. ഏഴിമലയുടെ താഴ് വാരത്ത് നാട്ടരയാലിന്റെ വേരുകള്‍ പടര്‍ന്നുകിടക്കുന്ന ദേശം. പഴുക്കടയ്ക്കയുടെ മണമുള്ള നാട്ടിടവഴികളില്‍നിന്ന് ചുരന്നുതുടങ്ങി, മലയാളമാകെ പടര്‍ന്ന പാട്ടിന്റെ ഉദ്ഭവസ്ഥാനം- കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ജന്മദേശം. വണ്ണാത്തിപ്പുഴ ചേലചുറ്റുന്ന, കൈതോലകളില്‍ കാറ്റെഴുതുന്ന നാട്: കൈതപ്രം.
കേരളത്തില്‍ ബ്രാഹ്മണകുടുംബങ്ങള്‍ മാത്രം താമസിക്കുന്ന അപൂര്‍വഗ്രാമങ്ങളിലൊന്ന്. കൈതപ്രം എഴുതിയ പല പാട്ടുകളുടെ വരികളിലും ഒരു വാങ്മയചിത്രമായി ഈ ഗ്രാമത്തെ മലയാളി കണ്ടിട്ടുണ്ട്. മൊബൈലിലെ മ്യൂസിക് പ്ലേലിസ്റ്റില്‍നിന്ന് ഗാനഗന്ധര്‍വന്‍ പാടിത്തുടങ്ങി: ''കൈയെത്തും ദൂരെ ഒരു കുട്ടിക്കാലം...'' ആ പാട്ടില്‍ അലിഞ്ഞുചേരവേ വരികള്‍ക്ക് ജീവന്‍വെച്ചു; കൈതപ്രം എന്ന ഗ്രാമം മുന്നില്‍ വിടര്‍ന്നു.
വായനയുടെ കൈവഴികള്‍...
അക്ഷരക്കൂട്ടുകളുടെ കവാടം തുറന്നാണ് ഗ്രാമം അതിഥികളെ സ്വാഗതംചെയ്യുക. കൈതപ്രം പൊതുജനവായനശാലയെന്ന അക്ഷരമുത്തശ്ശിക്ക് പ്രായം എഴുപത്തിയഞ്ച് കഴിഞ്ഞു. ഈനാടിന്റെ ഇന്നലെകളെയും ഇന്നിനെയും കോര്‍ത്തിണക്കുന്ന ഈ വായനവീട് ഗ്രാമത്തിന്റെ ഹൃദയത്തുടിപ്പാണ്. ഇവിടത്തെ പുസ്തകങ്ങളോട് കൂട്ടുകൂടിയാണ് കൊച്ചു കുഞ്ഞുണ്ണി (കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വിളിപ്പേര്) അക്ഷരങ്ങളുടെ ലോകത്തേക്ക് ചുവടുവെച്ചത്.
കൈതപ്രത്തെ കാഴ്ചകളിലേക്ക് വഴികാട്ടാന്‍ ശങ്കരേട്ടന്‍ അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വായനശാലയുടെ അകത്തളങ്ങളിലേക്കാണ് അദ്ദേഹം ആദ്യം കൂട്ടിക്കൊണ്ടുപോയത്. ഇരുനിലകളിലായി സ്ഥിതിചെയ്യുന്ന കെട്ടിടത്തില്‍ കാലം ഗ്രന്ഥക്കെട്ടുകളായി ഉള്‍ത്തളങ്ങളില്‍ വെളിച്ചംവീശുന്നുണ്ട്.
ദീര്‍ഘകാലം വായനശാലാ സെക്രട്ടറിയായിരുന്ന വി. നാരായണന്‍ നമ്പൂതിരി ഭൂതകാലത്തിന്റെ ആ കുളിരുള്ള വഴികളിലേക്ക് ഞങ്ങളെ ക്ഷണിച്ചു. ''കുഞ്ഞുണ്ണിയെന്നാണ് ദാമോദരനെ അന്ന് എല്ലാവരും വിളിച്ചിരുന്നത്. മാതമംഗലത്തെ ജ്ഞാനഭാരതി ഗ്രന്ഥാലയത്തെയായിരുന്നു കുട്ടിക്കാലത്ത് കുഞ്ഞുണ്ണിയടക്കമുള്ള കൈതപ്രം നിവാസികള്‍ വായനയ്ക്കായി ആശ്രയിച്ചത്. 1957-ലാണ് ഇവിടെ പൊതുജനവായനശാല സ്ഥാപിതമാകുന്നത്. കൈതപ്രം വായനശാലയിലെ ആദ്യകാലത്തെ സജീവ വായനക്കാരിലൊരാളാണ് കുഞ്ഞുണ്ണി. ദാമോദരന്‍ വായിക്കാത്ത പുസ്തകങ്ങള്‍ അന്ന് ഒരുപക്ഷേ ഈ ഗ്രന്ഥാലയത്തിലുണ്ടാകില്ല. ഓരോ പുസ്തകത്തിന്റെയും പേര് ദാമോദരന് മനഃപാഠമാണ്. ഇവിടെനിന്ന് താമസം മാറിയെങ്കിലും ഗ്രന്ഥാലയത്തില്‍ നടക്കുന്ന പ്രധാന സാംസ്‌കാരികപരിപാടികളില്‍ അതിഥിയായി അദ്ദേഹം ഇന്നും എത്താറുണ്ട്.''

പുസ്തകങ്ങളടുക്കിവെച്ച അലമാരകള്‍ക്കിടയിലൂടെ അദ്ദേഹം നടന്നു. പഴയ സ്മരണികകളോരോന്നും പൊടിതട്ടി കൈയിലേക്കെടുത്ത് മുന്നില്‍ നിവര്‍ത്തി. റാക്കുകളില്‍ അടുക്കിവെച്ചിരിക്കുന്ന പുസ്തകങ്ങള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ ആ പുസ്തകത്താളുകളില്‍ എവിടെയൊക്കെയോ പഴയ ആ കുഞ്ഞുണ്ണിയുടെ നിഴല്‍ കാണാം. 16,000-ത്തിലധികം പുസ്തകങ്ങളുള്ള കൈതപ്രം വായനശാല ഇന്ന് കേരളത്തിലെത്തന്നെ ഏറ്റവും മികച്ച ഗ്രന്ഥാലയങ്ങളിലൊന്നാണ്. വായനശാലാനേതൃത്വത്തിലുള്ള കൈരളി ബാലവാടിയും മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൊന്നുതന്നെ. വായനശാലയുടെ തൊട്ടുപിറകിലായാണ് വസുദേവപുരം ശ്രീകൃഷ്ണക്ഷേത്രം. ഗ്രാമത്തില്‍ മൂന്ന് വിഷ്ണുക്ഷേത്രങ്ങളാണുള്ളത്. മതിലകം ശ്രീകൃഷ്ണക്ഷേത്രവും വിഷ്ണുപുരം ക്ഷേത്രവുമാണ് മറ്റുരണ്ടെണ്ണം.
നാലുകെട്ടിന്‍ ചന്തം...
വിശാലമായ നാലുകെട്ടുകള്‍, അവയ്ക്കടുത്ത് തീര്‍ത്തിരിക്കുന്ന മനോഹരമായ കുളങ്ങള്‍, സര്‍പ്പക്കാവുകള്‍, കവുങ്ങിന്‍തോപ്പുകള്‍, അതിനിടയിലൂടെ നീളുന്ന നാട്ടിടവഴി, അതിനപ്പുറം എല്ലാത്തിനും സാക്ഷിയായി വണ്ണാത്തിപ്പുഴയും. ഇതെല്ലാം കൂടിച്ചേരുന്നതാണ് കൈതപ്രം ഗ്രാമം. ആ ഗ്രാമവിശുദ്ധിയുടെ മടിത്തട്ടില്‍ കണ്ണാടി ഇല്ലത്തിന്റെ നാലുകെട്ടിനുള്ളിലാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ജനിച്ചുവളര്‍ന്നത്. ചെമ്പൈ വൈദ്യനാഥഭാഗവതരുടെ ശിഷ്യനായ കണ്ണാടി ഭാഗവതരുടെയും (കണ്ണാടി കേശവന്‍ നമ്പൂതിരി) വേദസംസ്‌കൃതപണ്ഡിതനായിരുന്ന കൊമ്പങ്കുളം വാസുദേവന്‍ നമ്പൂതിരിയുടെ മകള്‍ അദിതി അന്തര്‍ജനത്തിന്റെയും അഞ്ചുമക്കളിലൊരാള്‍. അച്ഛന്റെ സംഗീതപാരമ്പര്യം ചെറുപ്പത്തിലേ ദാമോദരന്റെ സിരകളിലും നിറഞ്ഞിരുന്നു. വേദഘോഷങ്ങളുടെയും ഭാഗവതസപ്താഹത്തിന്റെയും സംഗീതത്തിന്റെയുമെല്ലാം താളലയങ്ങള്‍ നിറഞ്ഞ കുട്ടിക്കാലം ദാമോദരന്റെയുള്ളില്‍ പുതിയൊരു പ്രപഞ്ചം സൃഷ്ടിച്ചു. ഇടമന യു.പി. സ്‌കൂള്‍, മാതമംഗലം ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
നാട്ടിടവഴികളിലൂടെയുള്ള നടത്തത്തിനിടയില്‍ കൈയെത്തുംദൂരെ കിടക്കുന്ന ആ കുട്ടിക്കാല ഓര്‍മകളിലേക്കാണ് വി. നാരായണന്‍ നമ്പൂതിരി വാതില്‍ തുറന്നത്. ''ഇടവന സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ദാമോദരന്‍ പാടുകയോ എഴുതുകയോ ചെയ്തതായൊന്നും കണ്ടിട്ടില്ല. അതിനുശേഷം ഹൈസ്‌കൂള്‍പഠനകാലത്താണ് സി.ആര്‍. ഭാഗവതര്‍ കൈതപ്രത്തെ സംഗീതത്തിന്റെ ലോകത്തേക്ക് കൈപിടിച്ചത്. അന്ന് ചിത്രകലയോ സംഗീതമോ, ഏതെങ്കിലുമൊന്ന് വിദ്യാര്‍ഥികള്‍ പഠിക്കാനായി തിരഞ്ഞെടുക്കണം. ചിത്രകലാധ്യാപകന്‍ അടിപ്രയോഗം നടത്തുന്നതിനാല്‍ ദാമോദരനടക്കം ഭൂരിഭാഗം പേരും സംഗീതം തിരഞ്ഞെടുക്കുകയായിരുന്നു. ആ കാലത്ത് അദ്ദേഹത്തിന്റെ പിതാവ് ശാരീരികപ്രശ്നങ്ങള്‍ കാരണം ചികിത്സയിലായിരുന്നു. ദാമോദരന്‍ എസ്.എസ്.എല്‍.സി. കഴിയുന്ന കാലമെത്തിയപ്പോഴേക്കും വീട്ടില്‍ സാമ്പത്തികബുദ്ധിമുട്ട് കലശലായി. അങ്ങനെയാണ് അദ്ദേഹം ശാന്തിപ്പണിയാരംഭിക്കുന്നത്. പല ക്ഷേത്രങ്ങളില്‍ ശാന്തിപ്പണിചെയ്ത് അദ്ദേഹം സംഗീതപഠനം തുടര്‍ന്നു. പൈതല്‍ മാസ്റ്റര്‍ തലശ്ശേരിയുടെ കീഴിലായിരുന്നു ആദ്യം. പിന്നീട് പഴശ്ശി തമ്പുരാന്റെ കൊട്ടാരത്തില്‍ താമസിച്ച് അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. ഞാന്‍ തലശ്ശേരി പാലയാട് കാമ്പസില്‍ ടി.ടി.സി.ക്ക് പഠിക്കുമ്പോള്‍ ദാമോദരന്‍ ആ പ്രദേശത്തുള്ള ക്ഷേത്രങ്ങളില്‍ ശാന്തിജോലി ചെയ്യുന്നുണ്ടായിരുന്നു. രാത്രികളില്‍ ഞങ്ങളുടെ മുറിയിലേക്ക് വരികയും പാട്ടുപാടുകയുമൊക്കെ ചെയ്യുന്ന ദാമോദരന് അന്ന് ഒരുപാട് ആരാധകരുണ്ടായിരുന്നു. പിന്നീട് അദ്ദേഹം പ്രഗല്ഭ സംഗീതജ്ഞ ഭവാനി തമ്പുരാട്ടിയുടെ ശിഷ്യനായി. അതിനുശേഷമാണ് തിരുവനന്തപുരത്തേക്കു വണ്ടികയറുന്നതും കാവാലം നാരായണപ്പണിക്കരെ പരിചയപ്പെടുന്നതുമെല്ലാം.''

സംസാരം തുടരവേ തൊടികളില്‍ നീലക്കോളാമ്പികള്‍ പൂവിട്ട ഇടവഴികള്‍ കടന്ന് കണ്ണാടി ഇല്ലത്തിന്റെ ഉമ്മറത്തെത്തി. ദാമോദരനും വിശ്വനാഥനുമെല്ലാം കളിച്ചുനടന്ന മുറ്റം. മാതാപിതാക്കളുടെ വിയോഗശേഷം കൈതപ്രവും സഹോദരങ്ങളുമെല്ലാം ജോലിസൗകര്യാര്‍ഥം മറ്റുനാടുകളിലേക്ക് താമസം മാറിയതോടെ കണ്ണാടി ഇല്ലം ആള്‍ത്താമസമില്ലാത്ത സ്ഥലമായിമാറി. ഇല്ലത്തിന് വടക്കുഭാഗത്ത് കുഞ്ഞുദാമോദരനും സഹോദരങ്ങളും നീന്തിത്തുടിച്ച തറവാട്ടുകുളം എല്ലാ ഓര്‍മ്മകളെയും താരാട്ടി അതുപോലെതന്നെ നില്‍ക്കുന്നു. ജലത്തിന്റെ ആഴങ്ങളില്‍ ആ ഓര്‍മ്മകളൊക്കെ ഉറങ്ങിക്കിടക്കുംപോലെ. ഒന്ന് സൂക്ഷിച്ചുനോക്കിയാല്‍ കാണാം ആ കാലത്തിന്റെ പ്രതിബിംബം.
മറക്കുവതെങ്ങനെ ആ മലര്‍വസന്തം...
ഗൃഹാതുരകാലത്തിന്റെ അവശേഷിപ്പായ കണ്ണാടി ഇല്ലത്തിന്റെ കാഴ്ചകള്‍ മനസ്സില്‍ നിറച്ചശേഷം പിന്നീട് മടങ്ങിയത് കാനപ്രം ഇല്ലത്തേക്കാണ്. കൈതപ്രത്ത് ഇന്ന് നിലനില്‍ക്കുന്നവയില്‍ ഏറ്റവും പ്രൗഢമായ നാലുകെട്ടുകളിലൊന്ന്. കൈതപ്രത്തെ കാഴ്ചകള്‍ കാണിക്കാന്‍ കൂട്ടുവന്ന ശങ്കരേട്ടന്റെ ഇല്ലംകൂടിയാണിത്. വിശാലമായ നാലുകെട്ടും കുളവും അടങ്ങുന്ന കാനപ്രം ഇല്ലത്തിന്റെ കാഴ്ച ഏതൊരു സഞ്ചാരിയെയും ആകര്‍ഷിക്കും. വിശാലമായ കുളപ്പുരയും നാലുകെട്ടുമെല്ലാം കേരളീയ തച്ചുശാസ്ത്രവിധിപ്രകാരം നിര്‍മിച്ചവയാണ്. ഇല്ലത്തിന്റെ വരാന്തയിലിരുന്നപ്പോള്‍ ഒരു ചാറ്റല്‍മഴ എങ്ങുനിന്നോ വിരുന്നെത്തി. ഇന്നലെകളില്‍ യേശുദാസും നെടുമുടി വേണുവുമെല്ലാം വന്ന് ആഘോഷമാക്കിയ ഒരു പകല്‍ ശങ്കരേട്ടന്റെ ഓര്‍മ്മയിലും ഒരു ചാറ്റല്‍മഴയായി പെയ്തു.
''മൂകാംബികാ ക്ഷേത്രദര്‍ശനം നടത്താന്‍ പോകുമ്പോഴാണ് പലപ്പോഴും യേശുദാസും നെടുമുടി വേണുവുമൊക്കെ ഇവിടേക്ക് വരിക. ദാമോദരേട്ടന്‍ മുന്‍കൂട്ടി ആ വിവരം നാരായണന്‍മാഷിനുംമറ്റും കൈമാറും. എത്തുന്നവരെ സ്വീകരിക്കുന്നതും ഭക്ഷണമൊരുക്കുന്നതുമെല്ലാം പിന്നെ ഒരാഘോഷമാണ്. ചില സിനിമാഷൂട്ടുകള്‍ക്കും ഇവിടം ലൊക്കേഷനായിട്ടുണ്ട്. എല്ലാം ഇന്നലെയെന്നപോലെ...''
ഇന്ന് ഗ്രാമത്തില്‍ 36 ഇല്ലങ്ങളുണ്ട്. പണ്ട് എല്ലാ ഇല്ലങ്ങളും നാലുകെട്ടുകളായിരുന്നു. പടിപ്പുരയും പത്തായപ്പുരയും ദേഹണ്ഡപ്പുരയുമൊക്കെ അടങ്ങിയവ. പലതും ഇന്ന് നാമാവശേഷമായിക്കഴിഞ്ഞു. പടിഞ്ഞാറ്റപ്പുര അല്ലെങ്കില്‍ ഒറ്റപ്പുര എന്ന കണക്കില്‍ പണിത ഭവനങ്ങളാണ് ഇന്ന് ബാക്കിയുള്ളവയില്‍ ചിലത്. പത്ത് നാലുകെട്ടുകളും ഒരു എട്ടുകെട്ടും 20 കുളങ്ങളും ഇന്നും കൈതപ്രം ഗ്രാമത്തിന്റെ പ്രൗഢപാരമ്പര്യം വിളിച്ചോതുന്നുണ്ട്.
തിങ്കള്‍ കണ്ണാടി നോക്കിയ ഇടം....
നോക്കിനോക്കിയിരിക്കെ മഴതോര്‍ന്നു. കാനപ്രം ഇല്ലത്തുനിന്നിറങ്ങി തുളസിത്തറ കടന്ന് കൈതപ്രത്തിന്റെ ജീവനാഡിയുടെ തീരത്തേക്ക്. വണ്ണാത്തിപ്പുഴ ഗ്രാമത്തെ വിശുദ്ധിയുടെ ഒരുപൂണൂല്‍ പോലെ ചുറ്റിയൊഴുകുന്ന ജലപ്രവാഹം. പാണപ്പുഴ, കണ്ണാടിപ്പുഴ, കോറമംഗലം പുഴ, കൊമ്പങ്കുളം പുഴ- അങ്ങനെ ഓരോരുത്തരും ഈ പുഴയെ വിഭിന്നനാമങ്ങളില്‍ വിശേഷിപ്പിക്കുന്നു. പുഴയുടെ തീരത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഇല്ലങ്ങള്‍ പുഴയ്ക്ക് അതത് തറവാട്ടുകളുടെ പേരുപറയുന്നത് ഇവിടത്തെ രീതിയാണ്. എന്നാല്‍, മലയാളികള്‍ക്ക് തിങ്കള്‍ കണ്ണാടിനോക്കുന്ന വണ്ണാത്തിപ്പുഴയാണിത്.

'കളിയാട്ടം' സിനിമയില്‍ പെരുമലയനൊപ്പം താമര ഇറങ്ങിവന്ന പൗര്‍ണമിരാവിന് സാക്ഷിയായി ഈ പുഴയുണ്ടായിരുന്നു. നദിക്കു കുറുകെ തീര്‍ത്തിരിക്കുന്ന കമ്പിപ്പാലമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. പണ്ട് മരപ്പലകകളടിച്ച തൂക്കുപാലമായിരുന്നു. കാലാന്തരത്തില്‍ അത് ശോഷിച്ചപ്പോള്‍ കമ്പിപ്പാലം തീര്‍ത്തു. കൈവരികളില്‍ വള്ളികള്‍ ചുറ്റിപ്പടര്‍ന്നുനില്‍ക്കുന്നത് പാലത്തിന് പ്രത്യേക സൗന്ദര്യം നല്‍കുന്നു. അവധിദിനങ്ങളില്‍ ഈ പാലത്തില്‍നിന്ന് പുഴക്കാഴ്ചകളാസ്വദിക്കാന്‍ സഞ്ചാരികളും ഇവിടെയെത്താറുണ്ട്. എല്ലായിടത്തും റോഡുകള്‍ വന്നതോടെ ഇന്ന് ചുരുക്കംപേരാണ് പാലത്തെ ആശ്രയിക്കുന്നത്.
ആ പാലത്തിന്റെ മുകളിലിരുന്ന് പുഴയൊഴുകുന്ന വഴിയിലേക്ക് കണ്ണെറിഞ്ഞു. സഹ്യന്റെ മാറില്‍നിന്ന് പൊട്ടിമുളച്ച് തീരങ്ങളെ തഴുകിയൊഴുകുന്ന നദി. നാടോടിക്കഥകളിലും ഈ മണ്ണിന്റെ വിശ്വാസങ്ങളിലും ദൈവികഭാവമുള്ള നദീമാതാവ്. കണ്ണടച്ച് ഇരുന്നാല്‍ ആ നദീതീരത്തെവിടെയോ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ നമുക്ക് കാണാം. പാട്ടായി, കാറ്റായി അവിടെയെല്ലാം അദ്ദേഹം ഓടിക്കളിക്കുന്നതുപോലെ.
കൈതപ്രം ദാമോദരന്‍ നമ്പൂതിരി കോഴിക്കോട് തിരുവണ്ണൂരിലാണ് ഇപ്പോള്‍ സ്ഥിരതാമസം. എന്നാല്‍, അദ്ദേഹത്തിന്റെ ദേഹം മാത്രമേ അവിടെ ജീവിക്കുന്നുണ്ടാകൂ എന്നുതോന്നും. മനസ്സിപ്പോഴും ഈ വള്ളിപ്പടര്‍പ്പുകള്‍പോലെ ഈ ഗ്രാമത്തിന്റെ കൈവരികളില്‍ ചുറ്റിക്കിടക്കുന്നുണ്ടാകും. അതിനാലാണ് ഇന്നും അദ്ദേഹം എഴുതുന്ന ഏതുപാട്ടിലും നിശ്ശബ്ദസാന്നിധ്യമായി ഈ ഗ്രാമക്കാഴ്ചകള്‍ നിറയുന്നത്. വണ്ണാത്തിപ്പുഴയും നാലുകെട്ടുകളും സര്‍പ്പക്കാവുകളും വായനശാലയുമൊക്കെ ഇങ്ങനെ ജീവനോടെ നില്‍ക്കുമ്പോള്‍ എങ്ങനെ ദാമോദരന്‍ നമ്പൂതിരിക്ക് കൈതപ്രത്തുനിന്ന് മാറിത്താമസിക്കാനാകും...
Content Highlights: a travel through kaithapram village
Published: 19 Jan 2024, 04:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented