'ഓപ്പറേഷന്‍ സിന്ദൂര്‍', പഹല്‍ഗാം ഭീകരാക്രമണത്തിന് പാകിസ്താനോട് ഇന്ത്യ നടത്തുന്ന കനത്ത പ്രതികാരം. ഭീകരാക്രമണത്തില്‍ ഭര്‍ത്താക്കന്മാരെ നഷ്ടമായ സ്ത്രീകളുടെ നിലവിളി രാജ്യത്തുണ്ടാക്കിയ വൈകാരികതയെ ആകമാനം സ്വാംശീകരിക്കുന്നതായിരുന്നു 'സിന്ദൂര്‍ എന്ന ദൗത്യത്തിന്റെ പേര്. ഇപ്പോഴിതാ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേരിന്റെ അവകാശം സ്വന്തമാക്കാനായി നെട്ടോട്ടമോടുകയാണ് മുന്‍നിര ബോളിവുഡ് നിര്‍മ്മാണ കമ്പനികള്‍. പേരിനായി മുന്‍നിര കമ്പനികളെല്ലാം മത്സരിക്കുന്നുണ്ടെന്ന് ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസ് (FWICE) പ്രസിഡന്റ് ബിഎന്‍ തിവാരി ഇന്ത്യ ടുഡേയോട് സ്ഥിരീകരിച്ചു.
ഏപ്രില്‍ 22-ലെ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകളില്‍ ഇന്ത്യ കൃത്യമായ ആക്രമണം നടത്തിയതിന് പിന്നാലെയാണ് നിര്‍മാതാക്കള്‍ പേരിനായി കൂട്ടമായി അപേക്ഷിച്ചത്. ഏകദേശം 15 ചലച്ചിത്ര നിര്‍മാതാക്കളും സ്റ്റുഡിയോകളും ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ (സിനിമകളുടെ പേരുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി പ്രവര്‍ത്തിക്കുന്ന അസോസിയേഷനുകളില്‍ ഒന്ന്) അപേക്ഷകള്‍ നല്‍കിയെന്നാണ് വിവരം.
സിനിമാരംഗത്ത് ഇത്തരം നീക്കങ്ങള്‍ വളരെ സാധാരണമാണ്. വലിയ ദേശീയസംഭവങ്ങള്‍ നടക്കുമ്പോഴെല്ലാം, ചലച്ചിത്ര നിര്‍മാതാക്കള്‍ അതിന്റെ പേരുകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കാറുണ്ട്. ആ പേരില്‍ സിനിമ നിര്‍മിച്ചില്ലെങ്കില്‍ പോലും, ഭാവിയില്‍ നിര്‍മിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്ത് സുരക്ഷിതമാക്കി വെക്കാനായാണിത്. ഉറി, വാര്‍, ഫൈറ്റര്‍ എന്നി സിനിമകളുടെ വിജയത്തിനുശേഷം, യുദ്ധ സിനിമകള്‍ക്ക് വലിയ ആരാധകരുണ്ടെന്ന് നിര്‍മാതാക്കള്‍ക്ക് കൃത്യമായറിയാം. ഓപ്പറേഷന്‍ സിന്ദൂറിനെ അടിസ്ഥാനമാക്കി സിനിമകള്‍ അണിയറയിലൊരുങ്ങുന്നുവെന്ന സൂചനകളാണിതെല്ലാം.
ഓപ്പറേഷൻ സിന്ദൂർ എന്ന പേരിനൊപ്പം ഓപ്പറേഷൻ സിന്ദൂർ മാഗ്നം, സിന്ദൂർ: ദ റിവഞ്ച്, ഹിന്ദുസ്ഥാൻ കാ സിന്ദൂർ, മിഷൻ ഓപ്പറേഷൻ സിന്ദൂർ, പഹൽഗാം: ദ ഹൊറിഫിക് ടെറർ, ദ പഹൽഗാം ടെറർ, സിന്ദൂർ ഓപ്പറേഷൻ, മിഷൻ പഹൽഗാം തുടങ്ങിയ പേരുകളും അപേക്ഷകളിൽ ഉൾപ്പെടുന്നു. ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ (IMPPA), ഇന്ത്യൻ ഫിലിം ആന്റ് ടെലിവിഷൻ പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ (IFTPC), പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ എന്നിവിടങ്ങളിലായി 30-നടുത്ത് അപേക്ഷകളാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്.
'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേര് രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷിച്ചിട്ടുണ്ടെന്ന് നിര്‍മാതാവ് അശോക് പണ്ഡിറ്റ് സ്ഥിരീകരിച്ചു. സിനിമ നിര്‍മിക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിട്ടില്ലെന്നും പ്രധാനപ്പെട്ട സംഭവങ്ങള്‍ നടക്കുന്ന നിമിഷം തന്നെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിക്കുന്നത് പതിവാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, ഒരു സിനിമയെ സംബന്ധിച്ചിടത്തോളം പേരിടല്‍ ആദ്യത്തേതും പ്രധാനപ്പെട്ടതുമായ ഘട്ടമാണ്, ഒരു ടൈറ്റിലില്ലാതെ സിനിമ ആസൂത്രണം ചെയ്യാന്‍ പോലും കഴിയില്ല. പാകിസ്താന്‍ നേരിട്ട് അനുഭവിച്ച ഒരാള്‍ എന്ന നിലയില്‍ ഈ വിഷയം വളരെ പ്രധാനപ്പെട്ടതാണെന്നും തങ്ങള്‍ അവരില്‍ നിന്ന് വംശഹത്യ നേരിട്ടുവെന്നും അദ്ദേഹം പറയുന്നു.
മഹാവീര്‍ ജെയിനിന്റെ കമ്പനിയാണ് മത്സരത്തില്‍ മുമ്പില്‍ നില്‍ക്കുന്നതെന്നാണ് അറിയുന്നത്. ആദ്യമായി പേര് രജിസ്റ്റര്‍ ചെയ്തത് അവരാണ്. ജോൺ എബ്രഹാം, ആദിത്യ ധർ, നിര്‍മാതാവ് മധുര്‍ ഭണ്ഡാര്‍ക്കര്‍ എന്നിവരാണ് പേര് രജിസ്റ്റർ ചെയ്യാൻ അപേക്ഷ നൽകിയ പ്രമുഖവ്യക്തികൾ. 'ഉറി: ദ സർജിക്കൽ സ്‌ട്രൈക്ക്' എന്ന സിനിമയുടെ സംവിധായകനാണ് ആദിത്യ ധർ. ടി-സീരീസ്, സീ സ്റ്റുഡിയോസ്, ജെപി ഫിലിംസ് തുടങ്ങിയ സ്റ്റുഡിയോകളും പേരിനായി അപേക്ഷിച്ചുവെന്ന് പറയപ്പെടുന്നു.
ചട്ടപ്രകാരം പേര് ലഭിക്കുന്നതിനായി ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, ഇന്ത്യൻ ഫിലിം ആന്റ് ടെലിവിഷൻ പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ, വെസ്റ്റേൺ ഇന്ത്യ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ( WIFPA), പ്രൊഡ്യൂസേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളിൽ ഏതെങ്കിലും ഒന്നിലൂടെ രജിസ്റ്റർ ചെയ്യണം. ഒരാൾക്ക് എത്ര ടൈറ്റിലുകൾക്കുവേണമെങ്കിലും അപേക്ഷിക്കാം. പക്ഷേ ആദ്യം അപേക്ഷിച്ച വ്യക്തിക്കായിരിക്കും ടൈറ്റിൽ ഉപയോഗിക്കാനുള്ള അനുമതി ലഭിക്കുക. രജിസ്‌ട്രേഷനുള്ള അപേക്ഷാഫീസ് 300 രൂപയാണ്. അതിനൊപ്പം ജി.എസ്.ടി.യും. 'അർജന്റ് ബേസിസ്' എന്ന പേരിലാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ 3000 രൂപയാണ് ഫീസ്. മൂന്ന് വർഷമാണ് ഒരു ടൈറ്റിലിന്റെ കാലാവധി. അനുമതി ലഭിച്ചയാൾ മൂന്നു വർഷത്തിനുള്ളിൽ സിനിമ നിർമിച്ചില്ലെങ്കിൽ, പേര് നീക്കം ചെയ്യപ്പെടും.
Content Highlights: 15 studios and filmmakers seek registeration of operation sindoor title
Published: 09 May 2025, 12:24 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented