രണ്ട് നേരം ബ്രൗൺ ബ്രെഡ്, മുട്ടയും മീനും; യഷിന്റെ ഫിറ്റ്‌നസ് ഡയറ്റ് ഇങ്ങനെ

യഷ്/Instagram
യഷ്/Instagram

കന്നഡ താരം യഷ് ഇപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ്. നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രത്തിൽ രാവണനായാണ് യഷ് എത്തിയത്. രൺബീർ കപൂറും സായ് പല്ലവിയും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ യഷിന്റെ പ്രകടനത്തിനും സ്‌ക്രീൻ പ്രസൻസിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'കെജിഎഫ്' ചിത്രങ്ങളിലൂടെ ആക്ഷൻ ഹീറോ പരിവേഷം നേടിയ താരത്തിന്റെ ഫിറ്റ്നെസ് എന്നും ആരാധകരുടെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്. കൃത്യമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവുമാണ് ശരീരസൗന്ദര്യം നിലനിർത്താൻ യഷ് പിന്തുടരുന്നത്.

ഹെൽത്ത് യോഗി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് കാർബോഹൈഡ്രേറ്റും പ്രോട്ടീനും അടങ്ങിയ സമൃദ്ധമായ പ്രഭാതഭക്ഷണത്തോടെയാണ് യഷിന്റെ ദിവസം ആരംഭിക്കുന്നത്. വലിയൊരു ബൗൾ നട്ട്‌മെഗ് (ജാതിക്ക) അണ്ടിപ്പരിപ്പും മറ്റ് നട്‌സും, അഞ്ച് കഷണം ബ്രൗൺ ബ്രെഡ്, എട്ട് മുട്ടയുടെ വെള്ള, പച്ചക്കറികൾ, തണ്ണിമത്തൻ, പപ്പായ എന്നിവയാണ് പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുന്നതെന്നാണ് റിപ്പോർട്ട്. രാവിലെ 11 മണിയോടെ പ്രോട്ടീൻ ഷേക്കും കഴിക്കും. പ്രോട്ടീന്റെ പ്രധാന ഉറവിടമെന്ന നിലയിൽ മത്സ്യവും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വൈകുന്നേരത്തെ ജിം സെഷനു മുൻപ് നാല് കഷണം ബ്രൗൺ ബ്രെഡും നാല് പഴവും കഴിക്കാറുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അത്താഴം ലളിതമാണെങ്കിലും ആവശ്യത്തിന് പ്രോട്ടീൻ ഉറപ്പാക്കും. ജങ്ക് ഫുഡ് പൂർണമായും ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണരീതിയാണ് താരം പിന്തുടരുന്നത്.

ദിവസത്തിൽ രണ്ടുതവണയാണ് യഷ് വ്യായാമം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. കൃത്യമായ ഫിറ്റ്‌നസ് ഷെഡ്യൂൾ പിന്തുടരുന്ന താരം വൈകുന്നേരത്തെ വർക്കൗട്ടിൽ പ്രധാനമായും വെയ്റ്റ് ട്രെയിനിങ്ങിനാണ് പ്രാധാന്യം നൽകുന്നത്. വ്യായാമത്തിൽ സ്ഥിരത പുലർത്തേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുന്ന യഷ് പരിശീലന സെഷനുകൾ മുടക്കാറില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

'ദംഗൽ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിതേഷ് തിവാരിയാണ് 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിൽ രാമനായി രൺബീർ കപൂറും സീതയായി സായ് പല്ലവിയും എത്തുമ്പോൾ രാവണന്റെ വേഷമാണ് യഷ് അവതരിപ്പിക്കുന്നത്. നവംബർ അഞ്ചിന് റിലീസ് ചെയ്ത ചിത്രത്തിന്റെ ആഗോള ഗ്രോസ് കളക്ഷൻ 1,574.60 കോടി രൂപയിലെത്തിയിരിക്കുകയാണ്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi