പുകവലിക്കാത്തവരിലും ശ്വാസകോശാർബുദം വന്നേക്കാം, ശ്രദ്ധിക്കണം ഈ ഘടകങ്ങൾ

പ്രതീകാത്മക ചിത്രം / ഫോട്ടോ: freepik
പ്രതീകാത്മക ചിത്രം / ഫോട്ടോ: freepik

എല്ലാ വർഷവും ഓഗസ്റ്റ് 1, ലോക ശ്വാസകോശാർബുദ ദിനമായി ആചരിക്കുന്നു. ശ്വാസകോശാർബുദം നേരത്തെ കണ്ടെത്തുക, കൃത്യമായ ചികിത്സ തുടങ്ങിയവയെക്കുറിച്ച് ആളുകളെ ബോധവത്കരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. അതിനൊപ്പം പുകവലി, വായുമലിനീകരണം, ഹാനികരമായ വസ്തുക്കളുമായുള്ള സമ്പർക്കം തുടങ്ങിയ അപകടസാധ്യതയുള്ള ഘടകങ്ങളെക്കുറിച്ച് ബോധവത്കരിക്കുക, രോഗം ബാധിച്ചവർക്ക് പിന്തുണ നൽകുക എന്ന ഉദ്ദേശ്യം കൂടിയുണ്ട്. പുകയിലയുടെ ഉപയോഗവും പുകവലിയുമാണ് ശ്വാസകോശാർബുദത്തിന്റെ പ്രധാനകാരണങ്ങളായി അറിയപ്പെടുന്നത്. എന്നാൽ, പുകവലിക്കാത്തവരിൽ പ്രത്യേകിച്ച് സ്ത്രീകളിൽ ശ്വാസകോശാർബുദം വർധിച്ചുവരുന്ന ഒരു ആശങ്കാജനകമായ പ്രവണതയും കണ്ടുവരുന്നുണ്ട്.

നൂറുകണക്കിന് സ്ത്രീകൾ ഇപ്പോഴും ദിവസവും മണിക്കൂറുകളോളം അടുക്കളയിലാണ് ചെലവഴിക്കുന്നത്. പാചകം ചെയ്യുമ്പോൾ, പ്രത്യേകിച്ചും കൽക്കരി, വിറക്, അല്ലെങ്കിൽ ബയോമാസ് പോലുള്ളവ ഉപയോഗിക്കുമ്പോൾ പലതരം ഹാനികരമായ വാതകങ്ങളും സൂക്ഷ്മകണങ്ങളും പുറന്തള്ളപ്പെടുന്നു. ഈ പുകയിൽ, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ പോലുള്ള അർബുദത്തിന് കാരണമാകുന്ന പദാർത്ഥങ്ങൾ അടങ്ങിയിരിക്കുന്നു. ദീർഘകാലം ഈ പുക ശ്വസിക്കുന്നത് ശ്വാസകോശ കലകളിൽ അർബുദത്തിന് കാരണമായേക്കാവുന്ന മാറ്റങ്ങൾക്ക് തുടക്കമിടാം. അടുക്കളകളിൽ എക്‌സ്‌ഹോസ്റ്റ് സംവിധാനങ്ങൾ ഇല്ലെങ്കിലോ വായുസഞ്ചാരം വളരെ കുറവാണെങ്കിലോ, വിഷവാതകങ്ങളുടെ അളവ് വർധിക്കുന്നു. ഇങ്ങനെ ദീർഘനേരം ശ്വസിക്കുന്നതിലൂടെ, അർബുദത്തിന് കാരണമാകുന്ന ഘടകങ്ങൾ വലിയ അളവിൽ ശ്വാസകോശത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു.

 പുകവലിക്കാത്ത സ്ത്രീകളിലെ ശ്വാസകോശാർബുദം പലപ്പോഴും അഡിനോകാർസിനോമയാണ്. ഇത്തരത്തിലുള്ള അർബുദം ശ്വാസകോശത്തിന്റെ പുറംഭാഗങ്ങളിലാണ് ഉണ്ടാകുന്നത്. ചില സന്ദർഭങ്ങളിൽ ഇതിന് പ്രാരംഭ ലക്ഷണങ്ങൾ ഉണ്ടാകില്ല. അതിനാൽ രോഗം മൂർച്ഛിച്ചതിന് ശേഷം മാത്രമേ കണ്ടെത്താൻ സാധിക്കൂ.

പാരിസ്ഥിതിക മലിനീകരണ ഘടകങ്ങളുമായി ചേരുമ്പോൾ ഈസ്ട്രജൻ എന്ന ഹോർമോണും സ്ത്രീകളെ അർബുദത്തിന് കാരണമാകുന്ന കോശ പരിവർത്തന പ്രക്രിയകൾക്ക് കൂടുതൽ വിധേയരാക്കിയേക്കാം എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പുകവലിക്കാത്തവരിലെ, പ്രത്യേകിച്ച് സ്ത്രീകളിലെ ശ്വാസകോശാർബുദത്തിൽ ജീൻ മ്യൂട്ടേഷനുകളും സാധാരണയായി കാണപ്പെടാറുണ്ട്. ഇത്തരം മ്യൂട്ടേഷനുകൾ, അർബുദത്തിന് കാരണമായേക്കാം. ദിവസത്തിൽ രണ്ടുതവണയിൽ കൂടുതൽ പാചകം ചെയ്യുന്ന സ്ത്രീകൾക്ക്, കുറച്ചു മാത്രം പാചകം ചെയ്യുന്നവരെ അപേക്ഷിച്ച് ശ്വാസകോശാർബുദം വരാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അകത്തെ വായുമലിനീകരണത്തിന്റെ അപകടസാധ്യതകൾ കുറയ്ക്കുന്നതിന്, വായുസഞ്ചാരം ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്.

വായുവിന്റെ ഗുണനിലവാരത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും മോശം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഡൽഹി, കൊൽക്കത്ത, ലഖ്നൗ തുടങ്ങിയ നഗരങ്ങളിൽ, അപകടകരമാംവിധം ഉയർന്ന അളവിലുള്ള പി.എം 2.5 കണികകൾ, വാഹനങ്ങളിൽ നിന്നുള്ള പുക, വ്യാവസായിക മലിനീകരണം എന്നിവ ശ്വാസകോശ തകരാറുകൾക്ക് പ്രധാന കാരണങ്ങളാണ്. സൂക്ഷ്മകണികകളും ഹൈഡ്രോകാർബണുകളുമായുള്ള ദീർഘകാല സമ്പർക്കം, പുകവലിക്കാത്തവരിൽ പോലും കാലക്രമേണ കോശങ്ങൾക്ക് ജനിതകമാറ്റം വരുത്താൻ കാരണമാകും.

പുകവലിക്കുന്നവരുടെ കുടുംബാംഗങ്ങൾ, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും, ദിവസേന അറിയാതെ തന്നെ അർബുദത്തിന് കാരണമാകുന്ന രാസവസ്തുക്കൾ ശ്വസിക്കുന്നു. പുകവലിക്കുന്നവരോടൊപ്പം ജീവിക്കുകയോ ജോലി ചെയ്യുകയോ ചെയ്യുന്നത് കാലക്രമേണ അത്രതന്നെ ഹാനികരമാണ്. പരോക്ഷ പുകവലി ശ്വാസകോശാർബുദം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ആവർത്തിച്ച് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ശ്വാസകോശാർബുദം പുകവലി കൊണ്ട് മാത്രം ഉണ്ടാകുന്ന ഒന്നാണെന്ന മിഥ്യാധാരണ കാലഹരണപ്പെട്ടത് മാത്രമല്ല, അപകടകരം കൂടിയാണ്. ഇന്ത്യയിൽ മികച്ച രോഗനിർണ്ണയ രീതികളും പാരിസ്ഥിതികവും ജനിതകവുമായ ഘടകങ്ങളെക്കുറിച്ചുള്ള മുൻകരുതലോടെയുള്ള കൂടുതൽ ബോധവത്കരണവും ആവശ്യമാണ്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Learn about lung cancer risks, prevention, early detection, and treatment on World Lung Cancer Day. Understand the impact of cooking smoke, air pollution, and genetic factors.