മഴക്കാലത്ത് മുടികൊഴിച്ചിൽ കൂടുന്നുണ്ടോ? കാരണം ഇതാണ്...

പ്രതീകാത്മകചിത്രം/AI
പ്രതീകാത്മകചിത്രം/AI

മഴയുടെ തണുപ്പും മണ്ണിന്റെ മണവും മനസ്സിനെ ഉണർത്തുന്ന കാലമാണ് മൺസൂൺ. എന്നാൽ ഈ കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്‌നമുണ്ട്. പതിവിനേക്കാൾ കൂടുതൽ മുടി കൊഴിച്ചിൽ. കുളിമുറിയിലെ ഡ്രെയിനിലും ചീപ്പിലും കിടക്കുന്ന മുടിയിഴകൾ കണ്ടാൽ ആശങ്ക തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ എല്ലാ മഴക്കാല മുടികൊഴിച്ചിലും സ്ഥിരമായ പ്രശ്‌നത്തിന്റെ ലക്ഷണമല്ലെന്നാണ് വിദഗ്ധർ പറയുന്നത്.

മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈർപ്പം (Humidity) കൂടുന്നതാണ് പ്രധാന കാരണം. ഈർപ്പം കൂടുമ്പോൾ തലയോട്ടി കൂടുതൽ വിയർക്കുകയും, എണ്ണയും പൊടിയും വിയർപ്പും ചേർന്ന് താരൻ, ഫംഗസ് ബാധ, ചൊറിച്ചിൽ തുടങ്ങിയ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. ഇതോടെ മുടിവേരുകൾ ദുർബലമാകുകയും മുടികൊഴിച്ചിൽ വർധിക്കുകയും ചെയ്യാം.

മഴ നനയുന്നത് മുടിക്ക് നല്ലതാണോ?
മഴയിൽ നനയുന്നത് മുടിക്ക് ഗുണകരമാണെന്ന് പലരും വിശ്വസിക്കാറുണ്ട്. എന്നാൽ യാഥാർഥ്യം അതല്ല. അന്തരീക്ഷത്തിലെ മലിനീകരണ ഘടകങ്ങൾ കലർന്ന മഴവെള്ളം പലപ്പോഴും അമ്ലസ്വഭാവമുള്ളതായിരിക്കും. ഇത് തലയോട്ടിയെ അസ്വസ്ഥമാക്കാനും മുടിയുടെ ആരോഗ്യത്തെ ബാധിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് മഴയിൽ നനഞ്ഞാൽ വീട്ടിലെത്തിയ ശേഷം മുടി വൃത്തിയായി കഴുകുന്നത് നല്ലതാണ്. മഴവെള്ളവും വിയർപ്പും മണിക്കൂറുകളോളം തലയോട്ടിയിൽ കിടക്കാൻ അനുവദിക്കരുത്.

എല്ലാത്തരം മുടികൊഴിച്ചിലും അപകടസൂചനയല്ല
മൺസൂൺ കാലത്തെ മുടികൊഴിച്ചിൽ പലപ്പോഴും താത്കാലികമാണ്. കാലാവസ്ഥ സാധാരണ നിലയിലാകുമ്പോൾ ഈ പ്രശ്‌നവും കുറയാം. എന്നാൽ മാസങ്ങളോളം തുടർച്ചയായി മുടികൊഴിയുകയോ, മുടിയുടെ കട്ടി ഗണ്യമായി കുറയുകയോ, കഷണ്ടിപോലുള്ള ഭാഗങ്ങൾ രൂപപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ ഡെർമറ്റോളജിസ്റ്റിന്റെ സഹായം തേടേണ്ടതാണ്.

ഹെയർ സിറവും ജെല്ലും സൂക്ഷിച്ച്…
വിലകൂടിയ സിറങ്ങളും ഹെയർ മാസ്‌ക്കുകളും മാത്രം ഉപയോഗിച്ചാൽ മുടികൊഴിച്ചിൽ മാറണമെന്നില്ല. തലയോട്ടി വൃത്തിയായി സൂക്ഷിക്കുന്നതാണ് ഏറ്റവും പ്രധാനമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

  • വിയർപ്പ് അടിഞ്ഞുകൂടാതെ തലയോട്ടി വൃത്തിയായി സൂക്ഷിക്കുക.
  • താരൻ, ഫംഗസ്, ചൊറിച്ചിൽ എന്നിവ ഉണ്ടെങ്കിൽ ചികിത്സ തേടുക.
  • മുടിക്ക് അനുയോജ്യമായ മൃദുവായ ഷാംപൂ ഉപയോഗിക്കുക.
  • മഴയിൽ നനഞ്ഞാൽ എത്രയും വേഗം മുടി കഴുകുക.
  • ഹെയർ സ്‌റ്റൈലിങ് ഉൽപ്പന്നങ്ങൾ കുറയ്ക്കാം

മൺസൂൺ കാലത്ത് ജെൽ, സ്‌പ്രേ, കനത്ത കണ്ടീഷണറുകൾ തുടങ്ങിയ ഉൽപന്നങ്ങൾ അമിതമായി ഉപയോഗിക്കാതിരിക്കുക. ഇവ വിയർപ്പുമായി ചേർന്ന് തലയോട്ടിയിൽ അഴുക്കും എണ്ണയും അടിഞ്ഞുകൂടാൻ കാരണമാകും. ആവശ്യമെങ്കിൽ നേരിയ തോതിൽ ഹെയർ ഓയിൽ ഉപയോഗിക്കാം. എന്നാൽ മുടിയുടെ സ്വഭാവത്തിന് അനുയോജ്യമായ ഉൽപ്പന്നങ്ങൾ മാത്രം തിരഞ്ഞെടുക്കുക.

ഭക്ഷണവും മുടിയുടെ ആരോഗ്യത്തെ സ്വാധീനിക്കും
മുടിയുടെ പ്രധാന ഘടകം പ്രോട്ടീനാണ്. അതുകൊണ്ടുതന്നെ പ്രോട്ടീൻ കുറവുള്ള ഭക്ഷണരീതി മുടികൊഴിച്ചിൽ വർധിപ്പിക്കാനിടയുണ്ട്. പരിപ്പ്, മുട്ട, പാൽ, തൈര്, നട്‌സ്, വിത്തുകൾ, ഇലക്കറികൾ, സീസണൽ പഴങ്ങൾ എന്നിവ ഉൾപ്പെടുന്ന സമീകൃത ഭക്ഷണക്രമം മുടിവളർച്ചയ്ക്ക് സഹായകരമാണ്. ഇരുമ്പ്, സിങ്ക്, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങളും ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
മഴക്കാലത്ത് കുറച്ചധികം മുടി കൊഴിയുന്നത് പലർക്കും സാധാരണ അനുഭവമാണ്. അതുകൊണ്ട് ഭയപ്പെടേണ്ടതില്ല. തലയോട്ടി വൃത്തിയായി സൂക്ഷിക്കുക, മഴവെള്ളം തലയിൽ അധികനേരം കിടക്കാൻ അനുവദിക്കാതിരിക്കുക, ലളിതമായ ഹെയർ കെയർ പിന്തുടരുക, പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക എന്നിവയിലൂടെ ഈ പ്രശ്‌നം ഒരു പരിധിവരെ നിയന്ത്രിക്കാനാകും. എന്നാൽ മുടികൊഴിച്ചിൽ അസാധാരണമായി തുടരുകയാണെങ്കിൽ സ്വയം ചികിത്സ പരീക്ഷിക്കുന്നതിനുപകരം വിദഗ്ധ ഡോക്ടറെ സമീപിക്കുന്നതാണ് ഏറ്റവും നല്ലത്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: why-your-hair-falls-more-during-monsoon-and-how-to-stop-it