ശ്രദ്ധക്കുറവും അമിത വികൃതിയും എടുത്തുചാട്ടവും സാധാരണമാണെന്ന് കരുതല്ലേ, ചിലപ്പോള്‍ എ.ഡി.എച്ച്.ഡിയാവാം

പ്രതീകാത്മക ചിത്രം | shutterstock
പ്രതീകാത്മക ചിത്രം | shutterstock

രണ്ട് മാസത്തെ അവധിക്കാലം കഴിഞ്ഞ് വീണ്ടും ക്ലാസ്സിനോടും പുസ്തകങ്ങളോടും കൂട്ടുകൂടാനുള്ള സമയമായി. ഉണ്ണിക്കുട്ടന്‍ ഇനി മൂന്നാം ക്ലാസ്സിലേക്കാണ്. പുതിയ ബാഗും കുടയും വാട്ടര്‍ബോട്ടിലുമെല്ലാം ഉണ്ണിക്കുട്ടന്റെ ഇഷ്ടത്തിനനുസരിച്ച്തന്നെ അമ്മ വാങ്ങിയിരുന്നു. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി പുസ്തകം പൊതിയാനും ബാഗ് ഒരുക്കാനുമായി കുറെ നേരമായി അമ്മ അവനെ വിളിക്കുകയാണ്. പക്ഷെ ഉണ്ണിക്കുട്ടന്‍ അതിനൊന്നും ഉഷാറില്ല. അവന് ഓരോ വികൃതികളൊപ്പിച്ച് നടപ്പാണ്. രണ്ടാം ക്ലാസ്സിലായിരുന്നപ്പാഴേ ക്ലാസ്സില്‍ ശ്രദ്ധിക്കുന്നില്ല, പഠിക്കുന്നില്ല, എന്നുപറഞ്ഞ് അധ്യാപിക അമ്മയെ വിളിച്ചിരുന്നതാണ്. ക്ലാസ്സില്‍ അടങ്ങിയിരിക്കാതെ ബഹളമുണ്ടാക്കി, കൂട്ടുകാരെയും വികൃതി കാട്ടുന്നതിന് എന്നും ടീച്ചറുടെ കയ്യില്‍ നിന്ന് വഴക്കും കേട്ടിരുന്നു. അതുകൊണ്ടവ് സ്‌കൂളില്‍ പോകാന്‍ അധികം താത്പര്യം കാണിക്കുന്നില്ല. 

എത്ര പറഞ്ഞുകൊടുത്താലും പഠിക്കാന്‍ കഴിയാതിരിക്കുക, അമിത വികൃതി, ഒരു കാര്യം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അത് മുഴുവിപ്പിക്കാതെ അടുത്തതിന് പോവുക... ശ്രദ്ധക്കുറവും അമിത വികൃതിയും എടുത്തുചാട്ടവും സാധാരണമാണെന്ന് കരുതല്ലേ... ആശിച്ചു വളര്‍ത്തുന്ന പൊന്നോമനകളുടെ കുട്ടിക്കുറുമ്പുകള്‍ അതിരുകടക്കുമ്പോള്‍ ശ്രദ്ധിക്കണം. അത് ചിലപ്പോള്‍ എ.ഡി.എച്ച്.ഡിയുടെ ലക്ഷണങ്ങളാവാം. 

സ്‌കൂളില്‍ പോകുന്ന പ്രായത്തിലുള്ള കുട്ടികളില്‍ വ്യപാകമായി കണ്ടുവരുന്ന പെരുമാറ്റ പ്രശ്‌നമാണ് എ.ഡി.എച്ച്.ഡി. അതായത് അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്ടിവിറ്റി ഡിസോര്‍ഡര്‍. മസ്തിഷ്‌ക വികസന വൈകല്യമാണിത്. അതായത് പ്രായത്തിനനുസരിച്ച് തലച്ചോറിന്റെ ഭാഗങ്ങള്‍ വളരാത്തതുമൂലമുണ്ടാകുന്ന അവസ്ഥ. സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ഏഴ് ശതമാനത്തോളംപേര്‍ ഇത് നേരിടുന്നുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പെണ്‍കുട്ടികളെക്കാള്‍ മൂന്നിരട്ടിയാണ് ആണ്‍കുട്ടികള്‍ക്കിത് ഉണ്ടാവാനുള്ള സാധ്യതയും. സാധാരണയായി ഏഴ് വയസ്സുമുന്‍പുതന്നെ ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടുവരാറുണ്ട്. എങ്കിലും അപൂര്‍വമായി ചില കുട്ടികളില്‍ പന്ത്രണ്ട് വയസ്സുകഴിഞ്ഞും എ.ഡി.എച്ച്.ഡി പ്രത്യക്ഷപ്പെട്ടെന്നുവരാം. 

എന്തൊക്കെയാണ് ലക്ഷണങ്ങള്‍?
1. ശ്രദ്ധക്കുറവ്
ക്ലാസ്സില്‍ ശ്രദ്ധിച്ചിരിക്കാന്‍ ബുദ്ധിമുട്ട്, വായിക്കുമ്പോള്‍ ഏകാഗ്രമായി വായിക്കാന്‍ പ്രയാസം, കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുമ്പോള്‍ പെട്ടന്ന് മറന്നുപോവുക, ഏല്‍പ്പിക്കുന്ന ജോലികള്‍ മറന്നുപോവുക എന്നിവയാണ് പ്രധാനമായും ശ്രദ്ധക്കുറവിന്റെ ലക്ഷണങ്ങള്‍. 
2. അമിത വികൃതി
ഒരു മോട്ടോര്‍ ഘടിപ്പിച്ച യന്ത്രത്തെ പോലെ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന കുട്ടി. ഒരു സ്ഥലത്തും സമാധാനമായി ഇരിക്കാതിരിക്കുക, അടുത്തിരിക്കുന്ന ആളുകളെ ശല്യം ചെയ്യുക, ഉപദ്രവിക്കുക, വീട്ടിലാണെങ്കിലും ഒരു നിമിഷം പോലും അടങ്ങിയിരിക്കാതെ നിരന്തരം ചലിക്കുക. കിടക്കുമ്പോള്‍ പോലും കയ്യും കാലും ചലിപ്പിക്കുക എന്നിവയാണ് അമിത വികൃതിയുടെ ലക്ഷണങ്ങള്‍.
3. എടുത്തുചാട്ടം
ഒരു പ്രവര്‍ത്തിയുടെ വരുംവരായ്കകളെക്കുറിച്ച് ആലോചിക്കാതെ എടുത്തുചാടി ഓരോ കാര്യങ്ങള്‍ ചെയ്യുക. ഉദാഹരണമായി പരീക്ഷയ്ക്ക് ചോദ്യം ശരിയായി വായിച്ചുമനസ്സിലാക്കാതെ ധൃതിയിലും വെപ്രാളത്തിലും ഉത്തരമെഴുതി തെറ്റിക്കുക. കണക്കുകള്‍ ചെയ്യുമ്പോഴും സംഖ്യകള്‍ എടുത്തെഴുതുമ്പോഴും മാറിപ്പോവുക, ഉത്തരക്കടലാസില്‍ ചോദ്യത്തിന്റെ നമ്പര്‍ മാറിപ്പോവുക, റോഡ് ക്രോസ്സ് ചെയ്യുമ്പോഴും ക്ഷമയില്ലാതെ ചീറിപ്പാഞ്ഞുവരുന്ന വണ്ടികള്‍ക്കുമുന്നിലേക്ക് ചാടുക, സ്വന്തം അവസരങ്ങള്‍ക്കായി കാത്തുനില്‍കാതെ ഇടിച്ചുതള്ളുക എന്നിങ്ങനെ അമിതാവേശത്തോടെ വരുംവരായ്കകള്‍ മനസ്സിലാക്കാതെ പെരുമാറുക തുടങ്ങിയതെല്ലാം എടുത്തുചാട്ടത്തിന്റെ ലക്ഷണങ്ങളാണ്. 

എന്താണ് എ.ഡി.എച്ച്.ഡിയുടെ കാരണം?
എ.ഡി.എച്ച്.ഡിയുള്ള കുട്ടികളുടെ തലച്ചോറിന്റെ മുന്‍ഭാഗത്തുള്ള പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്‌സില്‍ ഡോപ്പമിന്‍ എന്ന രാസവസ്തുവിന്റെ അളവ് കുറവായിരിക്കും. അതാണ് ശ്രദ്ധക്കുറവിന്റെ പ്രധാന കാരണം. 
തലച്ചോറിന്റെ ഇടത്-വലത് അര്‍ധഗോളത്തിന്റെ ഏകോപനമില്ലായ്മയാണ് എടുത്തുചാട്ടവും വികൃതിയും അതിരുവിടാനുള്ള കാരണം. ഇങ്ങനെ ജീവശാസ്ത്രപരമായ കാരണങ്ങളാണ് എ.ഡി.എച്ച്.ഡിയിലേക്ക് നയിക്കുന്നത്. എന്നാല്‍ രോഗാവസ്ഥ മൂര്‍ഛിക്കാന്‍ അവസരമൊരുക്കുന്നതിന് മനഃശാസ്ത്രപരവും സാമൂഹ്യപരവുമായ ഘടകങ്ങള്‍ക്ക് പങ്കുണ്ട്. 
ചിലര്‍ക്ക് ജനിതകമായും ഇത് കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. 
കുട്ടിക്കാലത്ത് കഠിനമായ ശിക്ഷകളും ശാരീരിക പീഡനങ്ങളും മാനസ്സികമായ അവഹേളനങ്ങള്‍ തുടങ്ങി ധാരാളം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്ന കുട്ടികളിലാണിത് കൂടുതലായി കണ്ടുവരുന്നത്. മാതാപിതാക്കള്‍ തമ്മിലുള്ള പൊരുത്തക്കേടുകളും അവര്‍ തമ്മിലുണ്ടാവുന്ന ദേഹോപദ്രവത്തില്‍ വരെ കലാശിക്കാവുന്ന വഴക്കുകളും ചീത്ത വാക്കുകള്‍ ഉപയോഗിക്കുന്നതും മദ്യപാനവും അക്രമസ്വഭാവങ്ങളുമുള്ള മുതിര്‍ന്നവരെ കണ്ടുവളരുന്നതും പെരുമാറ്റ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. 
കാര്‍ട്ടൂണ്‍, വിഡിയോ ഗെയിമുകള്‍, ഫോണ്‍ എന്നിവയുടെ അമിത ഉപയോഗവും ഇത്തരത്തിലുള്ള പെരുമാറ്റപ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുന്നു. 

ഉദാഹരണമായി, മിക്ക കുട്ടികള്‍ക്കും സ്‌കൂളില്‍ പോയിത്തുടങ്ങുന്ന നാല്, അഞ്ച് വയസ്സിലാണ് എ.ഡി.എച്ച്.ഡി ഉണ്ടോ എന്ന് തിരിച്ചറിയാന്‍ സാധിക്കുക. സ്‌കൂളിലെത്തി ക്ലാസ്സില്‍ അടങ്ങിയിരിക്കുന്നില്ല, മറ്റുകുട്ടികളുമായി പൊരുത്തപ്പെടുന്നില്ല, നിരന്തരം ബഹളം വെക്കുന്നു, മറ്റുള്ളവര്‍ക്ക് ശല്യമായി ക്ലാസ്സ് എടുക്കാനാവത്ത വിധമുള്ള അന്തരീക്ഷമുണ്ടാക്കുന്നു എന്നിങ്ങനെയുള്ള പരാതികള്‍ വരുമ്പോഴാണ് മാതാപിതാക്കള്‍ മിക്കവാറും ഇതിനെ ഗൗരവമായി കാണുക. അല്ലെങ്കില്‍ ഒരു ഫ്‌ളാറ്റിലെ 14ാം നിലയില്‍ താമസിക്കുന്ന കുട്ടി ബാല്‍ക്കണിയിലൂടെ എടുത്തുചാടാന്‍ ശ്രമിക്കുകയാണ്. മാതാപിതാക്കള്‍ക്ക് ആ കുട്ടിയെ നിയന്ത്രിക്കാനാവുന്നില്ല. അങ്ങനെയാണവര്‍ ചികിത്സ തേടുന്നത്. രണ്ട്, രണ്ടര വയസ്സില്‍ എ.ഡി.എച്ച്.ഡി വരുന്ന കുട്ടികളുമുണ്ട്.

എ.ഡി.എച്ച്.ഡി എത്ര വിധം?
-സാധാരണ എ.ഡി.എച്ച്.ഡി ഉള്ള കുട്ടികള്‍ക്ക് ഈ മൂന്ന് ലക്ഷണങ്ങളും ഒരുപോലെ പ്രകടമാവും. ഇതിനെ മിക്‌സ്ഡ് എ.ഡി.എച്ച്.ഡി എന്നാണ് പറയുന്നത്. 
-ശ്രദ്ധക്കുറവ് മാത്രം ലക്ഷണമായുള്ള എ.ഡി.എച്ച്.ഡിയുടെ വകഭേദമാണ് ഇന്‍അറ്റെന്റീവ് എ.ഡി.എച്ച്.ഡി. ഇവര്‍ക്ക് അമിത വികൃതിയോ എടുത്തുചാട്ടമോ ഉണ്ടായിരിക്കില്ല. ശ്രദ്ധക്കുറവ് മാത്രമായിരിക്കും. പഠനത്തിലുള്ള പിന്നോക്കാവസ്ഥയാണ് പ്രധാന പ്രശ്‌നം. 
-ഹൈപ്പര്‍ ആക്ടീവ് ഇംപള്‍സീവ് എ.ഡി.എച്ച്.ഡി. ഉള്ളവര്‍ക്ക് ശ്രദ്ധക്കുറവ് ഉണ്ടായിരിക്കില്ല. എന്നാല്‍ അമിത വികൃതിയും എടുത്തുചാട്ടവും ദേഷ്യവും കൂടുതലായിരിക്കും. അതായത് അവര്‍ക്ക് പരീക്ഷയില്‍ മാര്‍ക്ക് ഉണ്ടെങ്കിലും അവരുടെ സ്വഭാവം മറ്റുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല. 

എങ്ങനെ ചികിത്സിച്ച് ഭേദമാക്കാം? 
‌പഠിക്കാതിരിക്കുമ്പോഴോ, വികൃതി കാണിക്കുമ്പോഴോ കുട്ടിയെ അടിക്കുകയോ വഴക്കു പറയുകയോ അല്ല വേണ്ടത്. അടിക്കുക എന്നത് ബാല നീതി നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണ്. പകരം വൈദ്യ സഹായം തേടി എ.ഡി.എച്ച്.ഡി ഉണ്ടോ എന്നതില്‍ വ്യക്തത വരുത്തണം. എ.ഡി.എച്ച്.ഡി ആണെങ്കില്‍ കുട്ടിയെ വഴക്ക് പറഞ്ഞതുകൊണ്ട് പ്രയോജനമുണ്ടാവില്ല. ഫലപ്രദമായ ചികിത്സയിലൂടെ നിയന്ത്രിക്കാനാവുന്ന അവസ്ഥയാണിത്. മൂന്ന് വിധമാണ് ചികിത്സകള്‍. 
1. തലച്ചോറിലെ പ്രീഫ്രോണ്ടല്‍ കോര്‍ട്ടക്‌സിലെ ഡോപ്പമിന്റെ അളവ് ക്രമീകരിക്കാനും തലച്ചോറിന്റെ രണ്ടുവശങ്ങളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്താനുമുള്ള മരുന്നുകളുണ്ട്. സാധാരണയായി 18 മാസക്കാലം മരുന്നുകള്‍ കഴിക്കേണ്ടിവരും. അതിലൂടെ 80% കുട്ടികളിലെ എ.ഡി.എച്ച്.ഡി ലക്ഷണങ്ങള്‍ നല്ലരീതിയില്‍ കുറയുകയും. പഠനത്തിലും പെരുമാറ്റത്തിലും നല്ല പുരോഗതിയുണ്ടാവുകയും ചെയ്യുന്നു. 

2. ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്താനുള്ള മനഃശാസ്ത്ര ചികിത്സകളും പരിശീലനങ്ങളുമുണ്ട്. കുട്ടിയുടെ പ്രായത്തിന് അനുസരിച്ചാണ് ഇത്തരം ചികിത്സകള്‍. അരിയിലെ കല്ല് പെറുക്കാന്‍ കൊടുക്കുന്നു, കോളങ്ങളില്‍ പരക്കാതെ കൃത്യമായി നിറം കൊടുക്കുക എന്നിങ്ങനെയുള്ള ലളിതമായ പരിശീലനങ്ങള്‍ മുതല്‍ സങ്കീര്‍ണമായ പരിശീലനങ്ങളിലൂടെയും ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്താനാവും. 

3. കുട്ടികള്‍ക്ക് ചികിത്സ നല്‍കുമ്പോഴും വീട്ടലെ അന്തരീക്ഷം മോശമാണെങ്കില്‍ ചികിത്സയ്ക്ക് പൂര്‍ണമായ ഫലം കുറയാന്‍ കാരണമാവും. അതിനാല്‍ രക്ഷിതാക്കള്‍ക്കും പരിശീലനം വേണം. വീടുകളിലെ വഴക്ക് പരിഹരിക്കുക, മാതാപിതാക്കള്‍ തമ്മിലുള്ള ആശയവിനിമയം ആരോഗ്യകരമാക്കുക, മദ്യപാനവും ലഹരി ഉപയോഗവും ഒഴിവാക്കുക, ഇതുവഴി ബഹുഭൂരിഭാഗം എ.ഡി.എച്ച്.ഡി ഉള്ളവരുടെയും പഠനനിലവാരവും പെരുമാറ്റവും മെച്ചപ്പെടുത്താം. 

വീട്ടില്‍ മാനസിക സമ്മര്‍ദ്ദത്തിനിടയാക്കുന്ന സാഹചര്യങ്ങളൊന്നും ഇല്ലാത്ത കുട്ടിക്കും എ.ഡി.എച്ച്.ഡി സംശയിക്കപ്പെടുന്നുണ്ടെങ്കില്‍ കുട്ടി സാധാരണയായി ഇടപഴകുന്ന വീട്, സ്‌കൂള്‍, കളിസ്ഥലം, പൊതു സ്ഥലങ്ങള്‍ ഇവയില്‍ എതെങ്കിലും  രണ്ട് സ്ഥലങ്ങളിലെങ്കിലും എ.ഡി.എച്ച്.ഡി ലക്ഷണങ്ങള്‍ പ്രകടമാക്കുന്നുണ്ടാവാം. ആറുമാസമെങ്കിലും ഈ ലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുന്നുവെങ്കില്‍ ചികിത്സ ആവശ്യമുള്ള എ.ഡി.എച്ച്.ഡി ആയി കരുതാം. 
പ്രത്യേകതരം അപസ്മാരവിഭാഗങ്ങളുള്ളവര്‍ക്ക് ഇപ്രകാരമുള്ള ശ്രദ്ധക്കുറവ് ലക്ഷണങ്ങള്‍ വരാം. ഏതാനും നിമിഷത്തേക്ക് സ്ഥലകാല ബോധം നഷ്ടപ്പെടുകയും വെറുതെ എങ്ങോട്ടെങ്കിലും ഉറ്റുനോക്കുകയും ചെയ്യുന്ന അബ്‌സെന്‍സ് സീഷ്വര്‍ (Absence seizures) പോലുള്ള അപസ്മാരമുള്ളവര്‍ക്ക് ശ്രദ്ധക്കുറവ് ഉണ്ടാവാം. 
ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, വിറ്റാമിന്‍ ഡിയുടെ അളവിലുള്ള വ്യതിയാനം എന്നിങ്ങനെയുള്ള ജൈവിക കാരണങ്ങള്‍ കൊണ്ടും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാം. അങ്ങനെയെന്തെങ്കിലുമാണോ എന്ന് ജീവശാസ്ത്രപരവും മനഃശാസ്ത്രപരവുമായ പ്രശ്‌നങ്ങള്‍ വിലയിരുത്താനാണ് മാനസികരോഗ വിദഗ്ധനെ കാണിക്കേണ്ടത്. അതില്‍ ചികിത്സയിലൂടെ ഭേദപ്പെടുത്താവുന്ന ഘടകങ്ങളുണ്ടെങ്കില്‍ അത് ഭേദപ്പെടുത്തിയെടുക്കാം. വിറ്റാമിന്‍ ഡി യുടെ അളവ് കുറയുകയോ ഹോര്‍മോണ്‍ വ്യതിയാനമോ അപസ്മാര ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ അതിനുള്ള ചികിത്സ നല്‍കണം. അതിനൊപ്പമാണ് എ.ഡി.എച്ച്.ഡിയുടെ ചികിത്സയും ചെയ്യേണ്ടത്. 

അധ്യാപകര്‍ക്കും കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്താം. സാധാരണയായി ഹൈപ്പര്‍ ആക്ടീവായി പൊട്ടിത്തെറിച്ചുനടക്കുന്ന കുട്ടികളുടെ സ്ഥാനം ബാക്ക് ബെഞ്ച് ആയിരക്കും. കുട്ടിക്കും അധ്യാപകര്‍ക്കും സൗകര്യം അതാണ്. എന്നാല്‍ ഹൈപ്പര്‍ ആക്ടീവ് ആയ കുട്ടിയെ ക്ലാസ്സിലെ മുന്‍നിരയില്‍ അധ്യാപികയുടെ ദൃഷ്ടിപഥം നേരിട്ടു പതിക്കുന്നിടത്തു വേണം ഇരുത്താന്‍. ഇവരെ ദിവസവും രണ്ട് മണിക്കൂറെങ്കിലും ചടുലമായ ശാരീരിക വ്യായാമം ചെയ്യിക്കണം. ശരീരം വിയര്‍ക്കുന്ന രീതിയില്‍ വ്യായാമം ചെയ്യുകയാണെങ്കില്‍ തലച്ചോറിലെ ഡോപ്പമിന്റെ അളവ് കൂടും. അതുവഴി നേരിയ തോതിലെങ്കിലും ശ്രദ്ധക്കുറവും പെരുമാറ്റപ്രശ്‌നങ്ങളും കുറയും. 
ഹൈപ്പര്‍ ആക്ടീവായ കുട്ടിയെ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കുകയാണെങ്കില്‍ അത് ഗുണം ചെയ്യും. എല്ലാവരും വഴക്കുപറഞ്ഞും അടിച്ചും നന്നാക്കാന്‍ നോക്കുന്ന കുട്ടികളെ 'നീയിത് നന്നായി ചെയ്യുമെന്ന് ഉറപ്പുണ്ട്' എന്നുപറഞ്ഞ് ഉത്തരവാദിത്വങ്ങള്‍ ഏല്‍പിക്കുമ്പോള്‍ വ്യക്തിപരമായ അംഗീകാരം ലഭിക്കുന്നതായി തോന്നുകയും കുട്ടി ആ കാര്യം കൃത്യമായി ചെയ്യാന്‍ പ്രയത്‌നിക്കുകയും ചെയ്യും. സാമാന്യ തീവ്രതയുള്ള എ.ഡി.എച്ച്.ഡി ഇപ്രകാരം നിയന്ത്രിക്കാം. എന്നാല്‍ തീവ്രമായുള്ളവയ്ക്ക് മരുന്നുകളിലൂടെയാണ് ഫലം കാണാനാവുക. 

പഠനവൈകല്യം എ.ഡി.എച്ച്.ഡിയാണോ? 
എ.ഡി.എച്ച്.ഡി, പഠനവൈകല്യം (ലേര്‍ണിങ് ഡിസബിലിറ്റി) എന്നിവ രണ്ട് വ്യത്യസ്ത അവസ്ഥകളാണ്. എന്നാല്‍ പലകുട്ടികളിലും ഇവ രണ്ടും ഒന്നിച്ച് കണ്ടെന്നുവരാം. പഠനവൈകല്യമുള്ള കുട്ടിയ്ക്ക് ബുദ്ധിപരമായ തകരാറുകളില്ല. എന്നാല്‍ എഴുതാനോ വായിക്കാനോ ബുദ്ധിയ്ക്ക് അനുയോജ്യമല്ലാത്ത പിന്നാക്ക അവസ്ഥ പ്രകടമാവുന്നു. ഉദാഹരണമായി ഒരു വരി വായിച്ചിട്ട് അടുത്ത വരി വായിക്കാതെ മൂന്നാമത്തെ വരി വായിക്കുന്നു. അല്ലെങ്കില്‍ വായിച്ചതുതന്നെ വീണ്ടും വായിക്കുന്നു. ഗണിത വൈകല്യമുള്ളവര്‍ക്ക് ഏറ്റവും ലളിതമായ കണക്കുകള്‍ പോലും വഴങ്ങാതെവരാം. ഇതാണ് ലേര്‍ണിങ് ഡിസബിലിറ്റി. എന്നാല്‍ എ.ഡി.എച്ച്.ഡിയും ലേര്‍ണിങ് ഡിസബിലിറ്റിയും ഒന്നിച്ചുണ്ടാവുമ്പോള്‍ ആദ്യം ചികിത്സിക്കേണ്ടത് എ.ഡി.എച്ച്.ഡിയാണ്. കാരണം ശ്രദ്ധക്കുറവുള്ള കുട്ടിക്ക് എന്ത് പരിശീലനങ്ങള്‍ കൊടുത്താലും അത് ഗുണകരമാവില്ല. എ.ഡി.എച്ച്.ഡി ചികിത്സിച്ച് ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്തിയിട്ടുവേണം പഠനവൈകല്യത്തിന്റെ പ്രശ്‌ന പരിഹാര വിദ്യാഭ്യാസം ആരംഭിക്കാന്‍. 

മുതിര്‍ന്നവര്‍ക്കും എ.ഡി.എച്ച്.ഡി ഉണ്ടാകുമോ?
18 വയസ്സിനുശേഷം അത്യപൂര്‍വമായി ചിലരില്‍ എ.ഡി.എച്ച്.ഡി ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് അഡല്‍ട്ട് എ.ഡി.എച്ച്.ഡി കാണാറുണ്ട്. ഇതിന് രണ്ട് സാധ്യതകളുണ്ട്. 
1. കുട്ടിക്കാലത്ത് എ.ഡി.എച്ച്.ഡി തിരിച്ചറിയപ്പെടാതെ മുതിര്‍ന്നതിനുശേഷവും അതിന്റെ ലക്ഷണങ്ങള്‍ നിലനില്‍ക്കുകയും അത് പിന്നീട് പെരുമാറ്റ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക. 
2. പ്രൈമറി അഡല്‍ട്ട് എ.ഡി.എച്ച്.ഡി. ഇതില്‍ കുട്ടിക്കാലത്ത് എ.ഡി.എച്ച്.ഡി ഉണ്ടായിരിക്കില്ല. എന്നാല്‍ മുതിര്‍ന്നതിനുശേഷം ലക്ഷണങ്ങള്‍ കാണുക. 
അടുത്ത കാലത്തായി പ്രൈമറി അഡല്‍ട്ട് എ.ഡി.എച്ച്.ഡി ഉള്ളവരുടെ എണ്ണം കൂടുന്നുണ്ട്. ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിത ഉപയോഗം, ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയാല്‍ തലച്ചോറിലെ രാസപ്രവര്‍ത്തനങ്ങള്‍ അസന്തുലിതമാവുമ്പോള്‍ എ.ഡി.എച്ച്.ഡിക്ക് സമാനമായ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. 

കടപ്പാട്: ഡോ. അരുണ്‍ ബി. നായര്‍
പ്രൊഫ. സൈക്യാട്രി
മെഡിക്കല്‍ കോളേജ്
തിരുവനന്തപുരം

Content Highlights: what are the symptoms of attention deficit hyperactivity disorder adhd