വ്യായാമം ചെയ്തിട്ടും തടി കുറയുന്നില്ലേ? അറിയാം ഓരോരുത്തര്‍ക്കും യോജിച്ച വ്യായാമരീതികള്‍

തടികുറയ്ക്കുന്ന വ്യായാമങ്ങള്‍
തടികുറയ്ക്കുന്ന വ്യായാമങ്ങള്‍

വാഹനം വാങ്ങിയാല്‍ നാം കൃത്യമായ ഇടവേളയില്‍ സര്‍വീസ് ചെയ്യും. ഇല്ലെങ്കില്‍ അത് കേടാകുമെന്ന് നമുക്കറിയാം. അതുപോലെതന്നെയാണ് ശരീരത്തിന്റെ കാര്യവും. വ്യായാമമാണ് ശരീരത്തിനുള്ള സര്‍വീസ്. അത് കൃത്യസമയത്ത് വേണ്ടരീതിയില്‍ ചെയ്താല്‍ ആരോഗ്യം കൂടെയുണ്ടാകും. 

വ്യായാമം ചെയ്യാന്‍
സമയമായോ?

ഓരോ ദിവസവും നാം ചെയ്യുന്ന പ്രവൃത്തികള്‍ നിരീക്ഷിച്ചാല്‍ വ്യായാമം ചെയ്തുതുടങ്ങാന്‍ സമയമായോ എന്ന് തിരിച്ചറിയാം. അല്പനേരം നടക്കുമ്പോഴേക്കും കിതയ്ക്കുന്നുവെങ്കില്‍, സ്ഥിരമായി പടികള്‍ കയറിയിരുന്ന നിങ്ങള്‍ക്ക് ഇപ്പോള്‍ ലിഫ്റ്റ് ഇല്ലാതെ പറ്റാതായിരിക്കുന്നുവെങ്കില്‍ വ്യായാമം ചെയ്യാന്‍ സമയമായി എന്നാണ് അര്‍ഥം. ഇനിപറയുന്നവയും ശരീരം നല്‍കുന്ന ചില സൂചനകളാണ്.
* ശരീരത്തിന്റെ രൂപം മാറുന്നു. വയറുചാടുന്നു, കഴുത്തുവേദന, മുട്ടുവേദന.
* സാധനം ഉയര്‍ത്തുമ്പോഴോ വലിക്കുമ്പോഴോ പേശികളില്‍ വേദന.

ഏതാണ് യോജിച്ച
വ്യായാമങ്ങള്‍
 
ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി, കായികക്ഷമ, ജോലിയുടെ സ്വഭാവം എന്നിവയെല്ലാം പരിഗണിച്ചാണ് ഏതു വ്യായാമം ചെയ്യണമെന്ന് തീരുമാനിക്കേണ്ടത്. ഓഫീസ് ജോലി ചെയ്യുന്നവര്‍ക്ക് ഫങ്ഷണല്‍ (ദൈനംദിന കാര്യങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നവ വ്യായാമങ്ങള്‍) എക്‌സര്‍സൈസുകളാണ് നല്ലത്. വണ്ണം കുറയ്ക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് വേണ്ടത് കൊഴുപ്പ് എരിച്ചുതീര്‍ക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങളാണ്. അമിത ബി.പി, ഹൃദ്രോഗം എന്നീ പ്രശ്‌നങ്ങളുള്ളവര്‍ക്കാകട്ടെ കാര്‍ഡിയോവസ്‌കുലാര്‍ വ്യായാമങ്ങളാകും യോജിച്ചത്. 
കാര്‍ഡിയോ വ്യായാമങ്ങള്‍ തടി കുറയ്ക്കാന്‍ആഗ്രഹിക്കുന്നവര്‍ക്കും ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കും മികച്ചതാണ്. കാര്‍ഡിയോ ചെയ്യുമ്പോള്‍ ശരീരത്തില്‍ കൂടുതല്‍ എന്‍ഡോര്‍ഫിന്‍ ഉത്പാദിപ്പിക്കപ്പെടും. വിഷാദം തടയുന്നതില്‍ ഈ ഹോര്‍മോണ്‍ ഫലപ്രദമാണ്. 

തടികുറയ്ക്കുന്നതിനായി വ്യായാമം ചെയ്യുന്നവരില്‍ കണ്ടുവരുന്ന പ്രധാന പ്രശ്‌നം അനുകരണമാണ്. ഒരാള്‍ ചെയ്യുന്ന വ്യായാമങ്ങള്‍ അതേപടി ചെയ്യുന്നത് ചിലരില്‍ ഫലപ്രദമാവില്ലെന്നു മാത്രമല്ല ശരീരത്തിന് ദോഷകരമാവുകയും ചെയ്യും. അതുകൊണ്ടുതന്നെ കഴിവും പരിചയവുമുള്ള ഫിറ്റ്‌നസ് വിദഗ്ധന്റെയോ ഡോക്ടറുടെയോ നിര്‍ദേശാനുസരണം മാത്രമേ വ്യായാമം തുടങ്ങാന്‍ പാടുള്ളൂ.

Content Highlights: obesity and weight loss exercises