ബലംകൂട്ടും, വിശപ്പ് വര്‍ധിപ്പിക്കും; ഉലുവ ഇങ്ങനെ കഴിച്ചുനോക്കൂ

ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്‌
ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്‌

പോഷകസമ്പുഷ്ടമാണ് ഉലുവ. അതുകൊണ്ടുതന്നെയാണ് നമ്മുടെ അടുക്കളയില്‍ ഇതൊരു നിത്യസാന്നിധ്യമായി മാറിയതും. ആരോഗ്യസംരക്ഷണത്തിനായി പണ്ടു കാലം മുതല്‍ ഉലുവ ഉപയോഗിച്ചുവരുന്നു. ഭക്ഷണത്തിലും മരുന്നിലുമെല്ലാം ഉലുവ പ്രധാനചേരുവയാണ്. ഉലുവക്കഞ്ഞി കുടിക്കുന്നത് പണ്ടുമുതലേ മലയാളികളുടെ ആരോഗ്യചര്യയാണ്.

ബലം വര്‍ധിപ്പിക്കുന്നു

ബലത്തെ വര്‍ധിപ്പിക്കുന്നതാണ് ഉലുവയെന്ന് ആയുര്‍വേദം പറയുന്നു. ഉലുവ പാലില്‍ പുഴുങ്ങി ഉണക്കിപ്പൊടിച്ച് ഒരുസ്പൂണ്‍ വീതം രാത്രി കിടക്കാന്‍ നേരം സേവിക്കാം. തുടര്‍ന്ന് ഒരുഗ്ലാസ് പാലും കുടിക്കാം. ഒരുമാസം ഇപ്രകാരം തുടര്‍ന്നാല്‍ ശരീരബലം വര്‍ധിക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്.

* ശരീരത്തിലെ നീരുകളിലും വീക്കങ്ങളിലും ഉലുവ അരച്ച് പുരുട്ടുന്നത് നീര്‍വീക്കം കുറയാന്‍ സഹായിക്കും.

* ഉലുവ പൊടിച്ച് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് സേവിച്ചാല്‍ വിശപ്പ് വര്‍ധിക്കും. ആര്‍ത്തവശുദ്ധി, മലശുദ്ധി എന്നിവയുണ്ടാവുകയും ചെയ്യും.

* ഉലുവ മുഖ്യഘടകമായ പുളിങ്കറി വയറിലെ എരിച്ചിലും അജീര്‍ണവും പരിഹരിക്കാന്‍ നല്ലതാണ്.

* മുലപ്പാല്‍ വര്‍ധിക്കാനും ഉലുവ നല്ലതാണ്. ഇതിനായി പ്രസവാനന്തരം രാവിലെ ഉലുവക്കഞ്ഞി സേവിക്കാം.

* ഉലുവ അരച്ച് ദേഹത്തും തലയിലും തേച്ച് കുളിക്കുന്നത് തലമുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്. ദേഹകാന്തി വര്‍ധിക്കുകയും ചെയ്യും.

* അതിസാരം ശമിപ്പിക്കാനായി നെയ്യില്‍ അരച്ച ഉലുവ, ഇന്തുപ്പ് ചേര്‍ത്ത് കൊടുക്കാം.

* വാതം, ചുമ,ക്ഷയം, കൃമി, ഛര്‍ദി എന്നിവ ശമിപ്പിക്കാനും ഉലുവയും ഉലുവ ചേര്‍ത്തുള്ള മരുന്നുകളും ഫലപ്രദമാണ്. ഓരോരുത്തരുടെയും ശാരീരികപ്രത്യേകതകള്‍ പരിഗണിച്ചുവേണം ഉലുവ ഉപയോഗിക്കാന്‍ എന്നകാര്യം  ശ്രദ്ധിക്കണം.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi