'തൈറോയ്ഡ് പ്രശ്‌നമല്ലേ' എന്ന് പറഞ്ഞ് കഴുത്തിലെ മാറ്റങ്ങൾ അവഗണിക്കരുത്; സ്ത്രീകൾ പ്രത്യേകം ശ്രദ്ധിക്കണം

AIനിർമിതചിത്രം
AIനിർമിതചിത്രം

കഴുത്തിൽ ചെറിയൊരു വീക്കം, പെട്ടെന്നുള്ള ശബ്ദമാറ്റം, കണ്ണാടിയിൽ നോക്കുമ്പോൾ ശ്രദ്ധയിൽപ്പെടുന്ന ഒരു മുഴ... പലപ്പോഴും ഇത്തരം മാറ്റങ്ങളെ നമ്മൾ അത്ര ഗൗരവമായി എടുക്കാറില്ല. 'ഒന്നുമുണ്ടാകില്ല', 'തൈറോയ്ഡ് പ്രശ്‌നമായിരിക്കും', 'ക്ഷീണം കൊണ്ടാകും' എന്നൊക്കെയാവും ചിന്തിക്കുക. എന്നാൽ കഴുത്തിലും തൈറോയ്ഡ് ഗ്രന്ഥിയിലുമുണ്ടാകുന്ന പുതിയ മാറ്റങ്ങൾ അവഗണിക്കരുതെന്നാണ് വിദഗ്ധർ പറയുന്നത്. കഴുത്തിന്റെ മുൻഭാഗത്തായി ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ചെറിയ ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരം ഊർജം എങ്ങനെ ഉപയോഗിക്കുന്നു എന്നതടക്കം നിരവധി പ്രവർത്തനങ്ങളെ സ്വാധീനിക്കുന്ന ഹോർമോണുകളാണ് ഇത് ഉത്പാദിപ്പിക്കുന്നത്. കഴുത്തിൽ ചെറിയൊരു മാറ്റം വന്നാൽപോലും ശ്രദ്ധിക്കണമെന്നും അവ ശരീരം നൽകുന്ന സൂചനകളാകാമെന്നുമാണ് വിദഗ്ധർ പറയുന്നത്. ഇത്തരം മാറ്റങ്ങൾക്ക് പലപ്പോഴും ഗുരുതരമല്ലാത്ത കാരണങ്ങളുണ്ടാകാം. എന്നാൽ ക്ഷീണമോ ഹോർമോൺ വ്യതിയാനങ്ങളോ ആണെന്ന് കരുതി സ്വയം നിഗമനത്തിലെത്തുന്നത് ശരിയല്ല.

കഴുത്തിലെ പുതിയതോ വലുതാകുന്നതോ ആയ മുഴ, തുടർച്ചയായ ശബ്ദമാറ്റം, വിഴുങ്ങാൻ ബുദ്ധിമുട്ട്, കഴുത്തിൽ സമ്മർദമോ മുറുക്കമോ അനുഭവപ്പെടൽ തുടങ്ങിയവയുണ്ടെങ്കിൽ ഡോക്ടറെ കാണണം.

തൈറോയ്ഡ് ഗ്രന്ഥിയിലെ മുഴകൾ (thyroid nodules) സാധാരണയായി കണ്ടുവരുന്നതും ഭൂരിഭാഗവും കാൻസർ അല്ലാത്തതുമാണ്. എന്നാൽ ചില മുഴകൾ കൂടുതൽ പരിശോധന ആവശ്യപ്പെടാം.

സ്ത്രീകൾ എന്തുകൊണ്ട് കൂടുതൽ ശ്രദ്ധിക്കണം?
തൈറോയ്ഡ് സംബന്ധമായ അസ്വസ്ഥതകൾ സ്ത്രീകളിൽ സാധാരണമാണ്. ഗർഭകാലത്തും പ്രസവശേഷവും ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങൾ തൈറോയ്ഡുമായി ബന്ധപ്പെട്ട ലക്ഷണങ്ങളെ കൂടുതൽ സങ്കീർണമാക്കാം.

പ്രസവശേഷമുള്ള ആദ്യ വർഷത്തിൽ ചില സ്ത്രീകളിൽ പോസ്റ്റ്പാർട്ടം തൈറോയ്‌ഡൈറ്റിസ് എന്ന അവസ്ഥ ഉണ്ടാകാം. ഇതിന്റെ ലക്ഷണങ്ങൾ പലപ്പോഴും പ്രസവശേഷമുള്ള സാധാരണ ക്ഷീണമോ മാനസികാവസ്ഥയിലെ മാറ്റങ്ങളോ ആയി തെറ്റിദ്ധരിക്കപ്പെടാം.

അതുകൊണ്ട് തുടർച്ചയായ ക്ഷീണം, കാരണം വ്യക്തമല്ലാത്ത ഭാരക്കുറവോ ഭാരവർധനയോ, അമിതമായി ചൂടോ തണുപ്പോ അനുഭവപ്പെടൽ, മുടി കൊഴിച്ചിൽ, ആർത്തവത്തിലെ മാറ്റങ്ങൾ തുടങ്ങിയവ 'സ്‌ട്രെസ്' ആണെന്ന് മാത്രം കരുതി തള്ളിക്കളയരുത്.

തൈറോയ്ഡ് പ്രശ്‌നങ്ങളുടെ മുന്നറിയിപ്പ് ലക്ഷണങ്ങൾ പലപ്പോഴും നമ്മൾ ദിവസവും അനുഭവിക്കുന്ന സാധാരണ കാര്യങ്ങൾ പോലെയായിരിക്കും.

  • കഴുത്തിൽ വീക്കമോ മുഴയോ
  • വിഴുങ്ങാൻ ബുദ്ധിമുട്ട്
  • തുടർച്ചയായ ശബ്ദമാറ്റമോ പതിവിലേറെ പരുക്കൻ ശബ്ദമോ
  • അസാധാരണമായ ക്ഷീണം
  • കാരണം വ്യക്തമല്ലാത്ത ഭാരമാറ്റം
  • ഹൃദയമിടിപ്പ് കൂടുക
  • ഉത്കണ്ഠയോ മാനസികാവസ്ഥയിലെ മാറ്റങ്ങളോ
  • വരണ്ട ചർമം
  • ആർത്തവത്തിലെ ക്രമക്കേടുകൾ

ഇവയിൽ ഒരു ലക്ഷണം മാത്രം കണ്ടതുകൊണ്ട് തൈറോയ്ഡ് രോഗമാണെന്ന് ഉറപ്പിക്കാനാകില്ല. എന്നാൽ ലക്ഷണം തുടരുകയോ കൂടിവരുകയോ മറ്റ് ലക്ഷണങ്ങളോടൊപ്പം പ്രത്യക്ഷപ്പെടുകയോ ചെയ്താൽ പരിശോധന നടത്തുന്നതാണ് ഉചിതം.

പ്രത്യേകിച്ച് പുതിയതായി കണ്ട കഴുത്തിലെ മുഴയോ തുടർച്ചയായ ശബ്ദമാറ്റമോ അവഗണിക്കരുത്. ചില സന്ദർഭങ്ങളിൽ തൈറോയ്ഡ് കാൻസറും ഇത്തരം ലക്ഷണങ്ങളിലൂടെ പ്രകടമാകാം.

പരിശോധന നടത്തിയാൽ ഉടൻ ശസ്ത്രക്രിയയെന്നില്ല
കഴുത്തിൽ ഒരു മുഴ ശ്രദ്ധയിൽപ്പെട്ടാൽ അതിന്റെ പേരിൽ ഉടൻ ശസ്ത്രക്രിയ വേണ്ടിവരും എന്നില്ല.

ഡോക്ടർ ആദ്യം കഴുത്ത് പരിശോധിച്ചശേഷം തുടർന്ന് ആവശ്യാനുസരണം തൈറോയ്ഡ് രക്തപരിശോധനകൾ നിർദേശിക്കാം. മുഴയുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ അൾട്രാസൗണ്ട് സ്‌കാൻ ചെയ്യാനും നിർദേശിച്ചേക്കാം. കൂടുതൽ പരിശോധന ആവശ്യമെങ്കിൽ മുഴയിൽനിന്ന് ചെറിയ അളവിൽ കോശങ്ങൾ എടുത്ത് പരിശോധിക്കുന്ന ഫൈൻ നീഡിൽ ആസ്പിരേഷൻ (FNA) നടത്താം.

രോഗാവസ്ഥയ്ക്കനുസരിച്ച് ചികിത്സയും വ്യത്യസ്തമായിരിക്കും. ചിലർക്ക് നിരീക്ഷണം മാത്രം മതിയാകാം. ചിലർക്ക് മരുന്നുകളോ കുറഞ്ഞ ഇടപെടൽ ആവശ്യമായ ചികിത്സകളോ ശസ്ത്രക്രിയയോ വേണ്ടിവരാം. തൈറോയ്ഡ് സംബന്ധമായ പല പ്രശ്‌നങ്ങളും നിയന്ത്രിക്കാനാകുന്നതാണ്. എന്നാൽ കഴുത്തിൽ പുതിയതായി കാണുന്ന ഒരു മാറ്റം ചെറുതാണെന്ന് കരുതി അവഗണിക്കാതിരിക്കുക എന്നതാണ് പ്രധാനം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi