തൊണ്ടയിലെ തടസ്സവും ഉമിനീര്‍ ഇറക്കാന്‍ പ്രയാസവും അവഗണിക്കല്ലേ

തൊണ്ടയില്‍ എന്തോ തടഞ്ഞിരിക്കുന്നു എന്ന പരാതിയുമായി ഒട്ടേറെ ആളുകള്‍ ഡോക്ടറെ സമീപിക്കാറുണ്ട്. ഉമിനീര്‍ ഇറക്കുമ്പോള്‍ തടസ്സം, ഭക്ഷണം കഴിക്കുവാന്‍ ബുദ്ധിമുട്ട്, നെഞ്ചരിച്ചില്‍/ഓക്കാനം കിടക്കുമ്പോള്‍ തൊണ്ട കുത്തിച്ചുമ ഇങ്ങനെ പോകുന്നു അവരുടെ പരാതികള്‍.
ഹൃദ്രോഗവും കാന്‍സറുമല്ല
ഈ ലക്ഷണങ്ങള്‍ മിക്കപ്പോഴും അസിഡിറ്റി കൊണ്ട് ഉണ്ടാവുന്നതും അതിനുള്ള ചികിത്സ നല്‍കിയാല്‍ മാറാവുന്നതുമേയുള്ളു. എന്നാല്‍ വയറ്റിലെയും ആമാശയത്തിലെയും അസ്വസ്ഥതകള്‍ ഹൃദ്രോഗം മുതല്‍ കാന്‍സര്‍ വരെയുള്ള പ്രശ്‌നങ്ങള്‍മൂലമാകാമെന്ന് തെറ്റിദ്ധരിക്കുന്നവരാണ് അധികവും.
എന്നാല്‍ ഭക്ഷണക്രമം കൊണ്ടും ചില്ലറ മരുന്നുകള്‍ കൊണ്ടും മാറാവുന്ന അസിഡിറ്റിയാണ് ഇവിടത്തെ വില്ലന്‍ എന്നതാണ് വസ്തുത.
രണ്ടു വിധത്തിലാണ് ഈ അസിഡിറ്റി ഒരു വ്യക്തിയെ ബാധിക്കുന്നത്. ഒന്നാമത് ഗ്യാസ്‌ട്രോ ഇസോഫാഗല്‍ റിഫ്‌ളക്‌സ്. രണ്ടാമതായി ലാറിംഗോഫാരിഞ്‌ജൈറ്റിസ് റിഫ്‌ളക്‌സ്. ഗ്യാസ്‌ട്രോ ഇസോഫാഗല്‍ ഫ്‌ളക്‌സിന്റെ ലക്ഷണങ്ങളില്‍ പ്രധാനം തൊണ്ടയില്‍ എന്തോ തടഞ്ഞിരിക്കുന്നതായി അനുഭവപ്പെടുക എന്നതാണ്. മറ്റൊരു ലക്ഷണം വയറ്റില്‍ നിന്നുള്ള പുളിച്ചുതികട്ടലും നെഞ്ചരിച്ചിലുമാണ്.
ലാറിംഗോഫാരിഞ്‌ജൈറ്റിസ് റിഫഌക്‌സിന്റെ ലക്ഷണങ്ങളില്‍ പ്രധാനം തൊണ്ടയില്‍ കഫം പോലെ എന്തോ തടഞ്ഞിരിക്കുന്നതായുള്ള തോന്നലും ശബ്ദം അടയുന്നതുമാണ്. കിടക്കുമ്പോള്‍ ശ്വാസം തടഞ്ഞു ഉടന്‍തന്നെ എഴുന്നേല്‍ക്കാന്‍ തോന്നുക, വയര്‍ വീര്‍ക്കുക എന്നിവയാണ് മറ്റുലക്ഷണങ്ങള്‍.
ജീവിതശൈലി മാറ്റാം
നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ദൂഷ്യം കൊണ്ടോ ചിലപ്പോള്‍ അധികസമയം വിശന്നിരിക്കുന്നതു കൊണ്ടോ വയറ്റിലുണ്ടാകുന്ന ചില രാസപ്രക്രിയകളാണ് ഈ പ്രശ്‌നങ്ങള്‍ക്കു കാരണം. അതിന് ആദ്യം ഒരു ഇ.എന്‍.ടി. ഡോക്ടറെ കണ്ട് പരിശോധന നടത്തുകയും രോഗശമനത്തിനുള്ള മരുന്നുകള്‍ കഴിക്കുകയും വേണം. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആഹാര രീതികളില്‍ മാറ്റം വരുത്തണം.
തൊണ്ടയില്‍ എന്തോ തടഞ്ഞിരിക്കുന്നതായുള്ള തോന്നല്‍ അസിഡിറ്റിയുടേതാണെന്ന് സംശയിക്കാമെങ്കിലും വിദഗ്ധപരിശോധനയിലൂടെ മാത്രമേ അതിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കഴിയൂ കണ്ടെത്താന്‍ കഴിയൂ. അതിനാല്‍ വൈദ്യ പരിശോധന അനിവാര്യമാണ്.
ഫ്‌ളക്‌സിബിള്‍ സ്‌കോപ്പി പോലുള്ള സംവിധാനങ്ങളുപയോഗിച്ച് നിങ്ങളുടെ തൊണ്ടയിലെ അസ്വസ്ഥതകള്‍ക്കുള്ള കാരണം ഒരു ലാറിംഗോളജിസ്റ്റിന് കണ്ടെത്തുവാന്‍ കഴിയും. നെഞ്ചരിച്ചിലും പുളിച്ചുതികിട്ടലും അധികരിക്കുന്ന അസ്വാസ്ഥ്യങ്ങളുമെല്ലാം എന്തുകൊണ്ടാണ്ന്ന് ഇതിന്റെ തുടര്‍ പരിശോധനയിലൂടെ വ്യക്തമാകും. അപ്പോള്‍ അതനുസരിച്ചുള്ള ചികിത്സ നല്‍കുവാനും സാധിക്കും.
കടപ്പാട്
ഡോ.അമ്മു ശ്രീപാര്‍വതി
കണ്‍സല്‍ട്ടന്റ്
ഇ.എന്‍.ടി.
എസ്.യു.ടി.ഹോസ്പിറ്റല്‍
പട്ടം, തിരുവനന്തപുരം
Content Highlights: Throat pain can be the reason for abdominal issue