നിർജലീകരണമുണ്ടോയെന്ന് എങ്ങനെ അറിയാം? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

ശരീരത്തിന്റെ ശരിയായ പ്രവർത്തനങ്ങൾക്ക് ധാരാളം വെള്ളം കുടിക്കുന്നത് വളരെ അത്യാവശ്യമാണ്. ദഹനം മെച്ചപ്പെടുത്താനും ചർമത്തിന്റെ ആരോഗ്യത്തിനുമെല്ലാം വെള്ളം വളരെ ആവശ്യമാണ്. രണ്ടര ലിറ്റർ വെള്ളമെങ്കിലും ഒരുദിവസം കുടിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്.
ശരീരത്തിൽ ആവശ്യത്തിന് ജലാംശമില്ലാതെ വരുമ്പോഴാണ് നിർജലീകരണം സംഭവിക്കുന്നത്. വിട്ടുമാറാത്ത നിർജലീകരണം പല ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം.
ശരീരത്തിൽ നിർജലീകരണമുണ്ടെന്ന് എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം. വിട്ടുമാറാത്ത ദാഹമാണ് അതിലേറ്റവും പ്രധാനം. അതുകൊണ്ട് ദാഹം തോന്നിയില്ലെങ്കിലും, ഇടയ്ക്കിടെ വെള്ളം കുടിക്കണം. ഒരു ബോട്ടിലിൽ വെള്ളംനിറച്ച് അടുത്തുവെക്കുന്നതാണ് നല്ലത്. അപ്പോൾ വെള്ളം കുടിക്കാൻ മറക്കില്ല.
മൂത്രത്തിന്റെ നിറം മാറുന്നതാണ് മറ്റൊന്ന്. മൂത്രത്തിന്റെ നിറം കടുംമഞ്ഞ നിറത്തിലാവുന്നത് ആവശ്യത്തിന് വെള്ളം ശരീരത്തിൽ ഇല്ലാത്തതുകൊണ്ട് തന്നെയാണ്.
മറ്റൊരു അസുഖവുമില്ലാതെ തന്നെ ശരീരത്തിന് ക്ഷീണം തോന്നുന്നതും നിർജലീകരണത്തിന്റെ ലക്ഷണമായി കണക്കാക്കാം. ശരിയായ ഉറക്കവും വിശ്രമവും ശരീരത്തിന് കിട്ടിയിട്ടും, ഇടയ്ക്കിടെ ക്ഷീണം തോന്നിയേക്കാം. അതുകൊണ്ട് ക്ഷീണം തോന്നുകയാണെങ്കിൽ, വെള്ളം നന്നായി കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. തലവേദനയാണ് മറ്റൊരു ലക്ഷണം. ആവശ്യത്തിന് വെള്ളം ശരീരത്തിലെത്താതെ വരുമ്പോൾ, തലച്ചോറിലെ രക്തക്കുഴലുകൾ വലിഞ്ഞുമുറുകും. അതാണ് തലവേദനയായി മാറുന്നത്. ഇടയ്ക്കിടെ വരുന്ന തലവേദനയ്ക്ക് ചിലപ്പോൾ നിർജലീകരണമായിരിക്കാം കാരണം. ചുണ്ടും ചർമവും വരണ്ടുണങ്ങുന്നുണ്ടെങ്കിലും നിർജലീകരണമുണ്ടോയെന്ന് സംശയിക്കാം.
കാപ്പി, ചായ എന്നിവയല്ല മറിച്ച് ശുദ്ധമായ വെള്ളമാണ് കുടിക്കേണ്ടത്. അതിനൊപ്പം ഫ്രഷ് ജ്യൂസുകളും നല്ലതാണ്. തണ്ണിമത്തൻ, ഓറഞ്ച് എന്നിവയും നിർജലീകരണം തടയാൻ ഉപകരിക്കും.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Learn the key signs of dehydration and how to prevent it. Stay hydrated for better health, energy, and skin