ഭാര്യയ്ക്ക് കാൻസർ എന്നറിഞ്ഞപ്പോൾ തൂണിനുപിന്നിലൊളിച്ച ആയുഷ്മാൻ;രണ്ടാമതും കാൻസർ എന്ന് താഹിറ

ബോളിവുഡ് താരം ആയുഷ്മാൻ ഖുറാനയുടെ ഭാര്യയും എഴുത്തുകാരിയും നിർമാതാവുമായ താഹിറ കശ്യപ് യഥാർഥത്തിൽ ഒരു പോരാളിയാണ്. സ്തനാർബുദം ബാധിച്ചപ്പോഴും പകച്ചിരിക്കാതെ കൃത്യമായ ചികിത്സയിലൂടെ അതിനെതിരെ പോരാടാനാണ് അവർ ശ്രമിച്ചത്.
കാൻസറിനെതിരെ പോരാടുമ്പോഴും നിരന്തരം അതിനെക്കുറിച്ചുള്ള കുറിപ്പുകൾ പങ്കുവെച്ചിരുന്നു താഹിറ. കാൻസർ പോരാട്ടത്തിലെ ഓരോ കാര്യങ്ങളും അവർ ആളുകളോട് പറഞ്ഞു. ഇതിനെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്നത് തന്നെയായിരുന്നു അവരുടെ ലക്ഷ്യം. ഇപ്പോൾ കാൻസറിന്റെ രണ്ടാം വരവിനെക്കുറിച്ചുള്ള താഹിറയുടെ പോസ്റ്റാണ് ചർച്ചയാകുന്നത്.
''ജീവിതം നിങ്ങൾക്കുനേരെ ചെറുനാരങ്ങകൾ വലിച്ചെറിയുമ്പോൾ, അതുവെച്ച് ലെമനനേഡ് ഉണ്ടാക്കുക. ജീവിതം വീണ്ടും അതുതന്നെ വലിച്ചെറിയുമ്പോൾ, നന്നായി പിഴിഞ്ഞെടുത്ത് കാലാ ഘട്ട ജ്യൂസുണ്ടാക്കി കുടിക്കൂ'', അർബുദത്തിന്റെ രണ്ടാം വരവിനെക്കുറിച്ച് പറഞ്ഞുകൊണ്ട് താഹിറ കുറിച്ചു. 'എന്റെ ഹീറോ' എന്നാണ് ഈ പോസ്റ്റിന് ആയുഷ്മാൻ ഇട്ട കമന്റ്.
ഏഴുവർഷത്തിനുശേഷമാണ് വീണ്ടും അർബുദം സ്ഥിരീകരിക്കുന്നത്. സ്ഥിരമായി സ്‌ക്രീനിങ് ചെയ്തതിന്റെ ഫലമായിട്ടാണ് തനിക്ക് കാൻസർ നേരത്തെ തിരിച്ചറിയാൻ കഴിഞ്ഞതെന്ന് താഹിറ പറയുന്നു. സ്ഥിരമായി മാമോഗ്രാം ചെയ്യണമെന്നും അവർ ആളുകളോട് ആവശ്യപ്പെടുന്നു. 2018-ലാണ് താഹിറയ്ക്ക് 'ഡക്ടൽ കാസിനോമ ഇൻ സിറ്റു' (DCIS) ഉണ്ടെന്ന് തിരിച്ചറിയുന്നത്. രണ്ടുവർഷത്തെ ചികിത്സയ്ക്കുശേഷം അസുഖം പൂർണമായി മാറിയെന്ന് 2020-ൽ അവർ പറഞ്ഞു.
തന്റെ ഹീറോ എന്നാണ് താഹിറയെ, ആയുഷ്മാൻ എപ്പോഴും വിശേഷിപ്പിക്കാറുള്ളത്. താഹിറയുടെ പോഡ്കാസ്റ്റിൽ ഒരിക്കൽ കാൻസർ ദിനങ്ങളെക്കുറിച്ച് ആയുഷ്മാൻ സംസാരിച്ചതിങ്ങനെ, ''താഹിറയും ഞാനും ഡൽഹിയിൽ ഉള്ളപ്പോഴാണ് ഒരു ഡോക്ടറെ കാണുന്നതും അവൾക്ക് കാൻസർ ബാധിച്ചുവെന്ന് അറിയുന്നതും. ഞാനാകെ പേടിച്ചുപോയി. കേട്ടയുടനെ ഹോസ്പിറ്റലിലെ തൂണിനും സെക്യൂരിറ്റിക്കും പുറകിലൊളിച്ചു ഞാൻ. ഞങ്ങൾ രണ്ടുപേരും ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിരുന്നില്ല. അതുകൊണ്ടാവാം എന്ത് ചെയ്യണമെന്ന് ആദ്യം മനസ്സിലായില്ല. കുറേനേരം ഡോക്ടറുടെ കാബിനുമുന്നിലുള്ള ചെയറിലിരുന്നു. അപ്പോഴും ഇതൊന്നുമറിയാത്ത ആളുകൾ വന്ന് എനിക്കൊപ്പം സെൽഫിയെടുത്തോട്ടെ എന്ന് ചോദിച്ചു. കാൻസറിനെതിരെ ഒരുമിച്ച് പൊരുതാൻ തീരുമാനിച്ചപ്പോഴും, എന്നേക്കാൾ ധൈര്യം അവൾക്കായിരുന്നു''.സ്‌കൂൾകാലം മുതലേ ഒരുമിച്ച് പഠിച്ചവരാണ് താഹിറയും ആയുഷ്മാനും. അതുകഴിഞ്ഞ് കുറച്ചുവർഷങ്ങളുടെ ഡേറ്റിങ്ങിനുശേഷമാണ് വിവാഹം കഴിക്കുന്നത്. രണ്ടുകുട്ടികളുമുണ്ട്.
ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പറയുന്നത്, 20 സ്ത്രീകളിലൊരാൾക്ക് സ്തനാർബുദം പിടിപെടുന്നുവെന്നാണ്. ഇന്ത്യയിൽ സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്നതും സ്തനാർബുദം തന്നെ. ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇക്കാര്യത്തിൽ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്‌ക്കെന്നും കണക്കുകളുണ്ട്. നേരത്തെ തിരിച്ചറിയാത്തതും, കൃത്യസമയത്ത് ചികിത്സിക്കാത്തതുമാണ് രോഗനിരക്ക് ഇത്രയും കൂടാൻ കാരണമാകുന്നത്.
Content Highlights: tahira kashyaps breast cancer reminds about regular cancer screenings