എലിപ്പനിയും ഡെങ്കിയും പടരുന്നു; ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം

File Photo/PTI
File Photo/PTI

മഴക്കാലമായതോടെ ഡെങ്കിപ്പനിയും എലിപ്പനിയും വര്‍ധിച്ചതായി കണക്കുകള്‍. ജൂണ്‍ മാസത്തില്‍ മാത്രം 60 പകര്‍ച്ചപ്പനി മരണങ്ങളും 38 എലിപ്പനി മരണങ്ങളും സ്ഥിരീകരിച്ചുകഴിഞ്ഞു. ഓരോ 24 മണിക്കൂറിലും പതിനായിരത്തിലേറെ പനിബാധിതര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നുവെന്ന് കണക്കുകള്‍ വക്തമാക്കുന്നു. ഇതിനൊപ്പം പകര്‍ച്ചവ്യാധികളും വയറിളക്കരോഗങ്ങളും വ്യാപകമാണ്. അല്പം ശ്രദ്ധിച്ചാല്‍ മഴക്കാലരോഗങ്ങളെ തടയാനും മറികടക്കാനും കഴിയും.

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍
ഡെങ്കി വൈറസ് പരത്തുന്ന ഈഡിസ് കൊതുകുകള്‍ പകല്‍സമയങ്ങളിലും കടിക്കുന്നവയാണ്. രോഗമുള്ള ആളില്‍ നിന്ന് നേരിട്ട് മറ്റൊരാളിലേക്ക്‌ രോഗം പകരില്ല. കഠിനമായ വയറുവേദന, ഛര്‍ദി, തളര്‍ച്ച, കൈകാലുകളില്‍ തണുപ്പ്, തലകറക്കം, വിളര്‍ച്ച, നെഞ്ചുവേദന, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. വൈറല്‍പ്പനിയുടെ സമാനലക്ഷണങ്ങളായതിനാല്‍ ഡെങ്കി തിരിച്ചറിയാന്‍ വൈകാറുണ്ട്. മുന്‍പ് ഡെങ്കിപ്പനി വന്നവരില്‍ രോഗം ഗുരുതരമായേക്കാം. അതിനാല്‍ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ വൈദ്യസഹായം തേടണം.

രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതാണ് ഡെങ്കിയുടെ പ്രധാന സങ്കീര്‍ണത. അതേതുടര്‍ന്ന് ആന്തരിക രക്തസ്രാവത്തിനും സാധ്യതയുണ്ട്. പനിയുണ്ടായി രണ്ട് മൂന്ന് ദിവസം കഴിയുമ്പോള്‍ ഇത്തരം സങ്കീര്‍ണതകള്‍ കണ്ടേക്കാം.

ആരെല്ലാം ശ്രദ്ധിക്കണം
ഒരുവയസ്സിന് താഴെയുള്ള കുഞ്ഞുങ്ങള്‍, 60 വയസ്സ് കഴിഞ്ഞവര്‍ എന്നീ വിഭാഗക്കാര്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണം. പ്രമേഹം, അമിത ബി.പി, കരള്‍-വൃക്കമാറ്റിവെച്ചവര്‍, ഹൃദ്രോഗമുള്ളവര്‍ തുടങ്ങിയവര്‍ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടണം.

എലിപ്പനിയും ജലദോഷപ്പനിയും
സ്‌പൈറോകീറ്റ വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയയാണ് എലിപ്പനിക്ക് കാരണം. വിറയലോടെയുള്ള പനി, പേശിവേദന, തലവേദന, കണ്ണില്‍ ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. മറ്റ് അസുഖങ്ങളുള്ളവരിലും രോഗപ്രതിരോധശേഷി കുറഞ്ഞവരിലും പനി ഗുരുതരമാവാന്‍ സാധ്യതയുണ്ട്.

മഴക്കാലത്ത് വ്യാപകമായി കാണുന്ന അസുഖമാണ് ജലദോഷപ്പനി. പനിക്കൊപ്പം മൂക്കൊലിപ്പ്, കഠിനമായ ക്ഷീണം, തൊണ്ടവേദന എന്നിവ കണ്ടേക്കാം. കാര്യമായ കുഴപ്പങ്ങളില്ലാതെ ഒരാഴ്ചകൊണ്ട് ഭേദമാകുന്ന അസുഖമാണിത്. എങ്കിലും അഞ്ച് വയസ്സില്‍ താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, കാന്‍സര്‍ രോഗികള്‍ എന്നിവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ ചികിത്സ തേടണം.

കുട്ടികള്‍ക്ക് പനിച്ചാല്‍
കുട്ടികളുടെ ആരോഗ്യകാര്യങ്ങളില്‍ പ്രത്യേകം കരുതലെടുക്കണം. ജലദോഷം, വൈറല്‍ പനി എന്നിവ വന്നാല്‍ വൈകാതെ വൈദ്യസഹായം തേടാം. തൊണ്ടവേദന, ശരീരവേദന, തുമ്മല്‍ എന്നിവയാണ് വൈറല്‍ പനിയുടെ ലക്ഷണങ്ങള്‍. ഡോക്ടറുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക്കുകളോ മറ്റ് മരുന്നുകളോ വാങ്ങിനല്‍കരുത്. അസുഖം മാറുന്നതുവരെ കുട്ടികളെ സ്‌കൂളിലേക്ക് വിടരുത്. പൂര്‍ണവിശ്രമവും നല്ല ഭക്ഷണവും അസുഖം മറികടക്കാൻ സഹായിക്കും. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ കളിക്കുന്നില്ലെന്ന് ഉറപ്പാക്കണം. പുറത്തുപോയി വീട്ടിലേക്ക് വരുമ്പോള്‍ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയാക്കണം. അസുഖം ഭേദമായി സ്‌കൂളിലേക്ക് അയക്കുമ്പോള്‍ സ്‌നാക്‌സും ഉച്ചഭക്ഷണവും കൊടുത്തുവിടാം. പുറത്തുനിന്നുള്ള ആഹാരം ഒഴിവാക്കുന്നതാകും നല്ലത്.

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi