ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം; വേനലിൽ എനർജികൂട്ടാൻ ഇവ കുടിക്കാം

ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്
ഫോട്ടോ: മാതൃഭൂമി ആർക്കൈവ്‌സ്

പൊള്ളുന്ന വേനലാണ് പുറത്ത്. നിർജലീകരണം മുതൽ സൂര്യാഘാതം വരെയുള്ള അപകടങ്ങൾക്ക് സാധ്യത കൂടിയ സമയം. ഏറെ മുൻകരുതലെടുത്താലെ ഈ വേനൽക്കാലം മറികടക്കാൻ കഴിയൂ. കുടിക്കുന്ന വെള്ളത്തിലും കഴിക്കുന്ന ആഹാരത്തിലും വസ്ത്രധാരണത്തിലും വരെ അല്പം ശ്രദ്ധിച്ചാൽ ഇപ്പോഴുള്ള കനത്ത ചൂടിനെ തടഞ്ഞുനിർത്താം.

വെള്ളം കുടിക്കണം

  •  വേനലിൽ രണ്ടര മുതൽ നാല് ലിറ്റർ വരെ വെള്ളം കുടിക്കണം. ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശീലമാക്കണം.
  •  ശുദ്ധജലം, ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കണം. വൃക്ക, കരൾ രോഗമുള്ളവർ ഡോക്ടർ നിർദേശിച്ച അളവിൽ മാത്രം വെള്ളം കുടിക്കുക.
  •  ചൂടുള്ള സമയത്ത് അധികം തണുപ്പുള്ള വെള്ളം കുടിക്കരുത്.
  •  മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് ശീതളപാനീയങ്ങൾ എന്നിവ ഒഴിവാക്കാം.
  • തിളപ്പിച്ച വെള്ളത്തിൽ തണുത്ത വെള്ളം ചേർത്ത് കുടിക്കരുത്.

എന്തു കഴിക്കണം

  •  അമിതകൊഴുപ്പടങ്ങിയ, എണ്ണ കൂടുതലുള്ള ആഹാരം ചൂടുകാലത്ത് കുറയ്ക്കണം.
  • ഉയർന്ന ചൂടിൽ പാചകം ചെയ്ത മാംസം, പൊറോട്ട, പൂരി എന്നിവയും നിയന്ത്രിക്കാം.
  • തണ്ണിമത്തൻ, ഓറഞ്ച്, പൈനാപ്പിൾ മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
  •  ഫ്രിഡ്ജിലെ ആഹാരം ഇടയ്ക്കിടെ ചൂടാക്കി കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാം.
  •  പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കിയശേഷം മാത്രം ഉപയോഗിക്കുക.
  •  പ്രാതലിനൊപ്പം പഴങ്ങളും ഉൾപ്പെടുത്താം.
  • തൈര്, തൈര് കൊണ്ടുള്ള വിഭവങ്ങൾ, പാൽ എന്നിവ താപം കുറയ്ക്കാൻ സഹായിക്കും.
  •  മുള്ളങ്കി, കുരുമുളക്, സവാള, വെളുത്തുള്ളി, ബീറ്റ്‌റൂട്ട് എന്നിവ ശരീരതാപം കൂട്ടുന്നവയാണ്.
  • പഴച്ചാറുകളിൽ ഗ്ലൂക്കോസ് ചേർത്ത് കുടിക്കാം. ഒപ്പം വിറ്റാമിൻ സി അടങ്ങിയ പഴവർഗങ്ങൾ കൂടുതലായി കഴിക്കാം.

സൂര്യാഘാതം കരുതണം
നമ്മുടെ ശരീരതാപനില ഒരു നിശ്ചിത അളവിൽ ക്രമീകരിക്കപ്പെട്ടതാണ്. പുറമെ ചൂട് കൂടുമ്പോൾ ഈ ക്രമീകരണം താളംതെറ്റും. അതിന്റെ ഫലമായി ശരീരതാപനില വല്ലാതെ ഉയരുകയും മസ്തിഷ്‌കത്തിന്റെ പ്രവർത്തനം തകരാറിലാവുകയും ചെയ്യും. സൂര്യാഘാതം എന്ന അവസ്ഥയാണ് ഇത്.

ഉയർന്ന ശരീരതാപനില, ചുണ്ടുകളിൽ വരൾച്ച, തലവേദന, ബോധക്ഷയം, അമിതദാഹം, തൊലിപ്പുറത്ത് പൊള്ളൽ, മൂത്രത്തിന്റെ അളവ് കുറയുക എന്നിവയാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ.

  •  സൂര്യാഘാതം ഏറ്റ വ്യക്തിയെ ഫാനിന്റെ അടിയിൽ കിടത്തുക.
  • വെള്ളത്തിൽ മുക്കിയ തുണി അല്ലെങ്കിൽ സ്‌പോഞ്ച് കൊണ്ട് ശരീരം തുടയ്ക്കാം.
  • കക്ഷം, കഴുത്ത്, പുറം എന്നിവിടങ്ങളിൽ ഐസ് പായ്ക്കുകൾ വയ്ക്കുന്നത് നല്ലതാണ്.

പുറത്തിറങ്ങുമ്പോൾ
പകൽ 11 മുതൽ മൂന്ന് മണിവരെയുള്ള സമയത്ത് പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

  •  ചൂടുകാലത്തെ വസ്ത്രധാരണം ലളിതമാകണം. ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കാം.
  •  കുട, തൊപ്പി, സൺഗ്ലാസ്, ഫുൾസ്ലീവ് ഷർട്ട് എന്നിവ ഉപയോഗിക്കുന്നതും നല്ലതാണ്.
  •  ദൂരയാത്ര ചെയ്യുമ്പോൾ കൈയിൽ ആവശ്യത്തിന് കുടിവെള്ളമുണ്ടെന്ന് ഉറപ്പുവരുത്തണം.
    കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: Beat the Summer Heat: Hydration, Diet & Sunstroke Prevention Tips