പിള്ളേര്‍ക്കും സ്‌ട്രെസ്സോ? കുഞ്ഞുമനസ്സിനെ ശാന്തമാക്കാം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പിള്ളേര്‍ക്കും സ്‌ട്രെസ്സോ?' എന്ന് പറഞ്ഞ് തള്ളാന്‍ വരട്ടെ...  കുട്ടികളുടെ അടിസ്ഥാന സ്വഭാവത്തില്‍നിന്ന് വ്യത്യസ്തമായി മാറ്റങ്ങള്‍ പ്രകടമായാല്‍ അവര്‍ സമ്മര്‍ദം നേരിടുന്നുണ്ടോ എന്ന് അന്വേഷിക്കാം. കതക് വലിച്ചടയ്ക്കുമ്പോഴോ പാത്രങ്ങള്‍ കൂട്ടിമുട്ടുമ്പോഴോ ടി.വി. ഉറക്കെ വയ്ക്കുമ്പോഴോ ഉണ്ടാകുന്ന ശബ്ദംപോലും അസഹനീയമായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് കുട്ടി സ്‌ട്രെസ്സ് അനുഭവിക്കുന്നു എന്നതിന്റെ സൂചനയാണ്. കുട്ടികളിലെ മാനസികസമ്മര്‍ദം തിരിച്ചറിഞ്ഞ് അവര്‍ക്കൊപ്പം നില്‍ക്കുകയും പരിഹരിക്കുകയും വേണം. 
  
ശാരീരിക അസ്വസ്ഥതകള്‍ തിരിച്ചറിയാം

പുതിയ സാഹചര്യങ്ങളോടോ പ്രയാസമുള്ള സന്ദര്‍ഭങ്ങളോടോ പൊരുത്തപ്പെടാനായി ശരീരവും മനസ്സും നടത്തുന്ന പരിശ്രമങ്ങളുടെ ഫലമാണ് മാനസിക സമ്മര്‍ദങ്ങള്‍. ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസ്വസ്ഥതകളെയാണ് മനോജന്യശാരീരിക ലക്ഷണങ്ങള്‍ (psychosomatic symptoms) എന്നുപറയുന്നത്.  ഉദാഹരണത്തിന്, ആറുവയസ്സിന് താഴെയുള്ള കൂട്ടികള്‍ ഉറക്കത്തില്‍ അറിയാതെ മൂത്രമൊഴിക്കുന്ന അവസ്ഥയുണ്ട്. പിന്നീട് മാറുന്നതിനാല്‍ ഇതിനെ സ്വാഭാവികമായാണ് കരുതുന്നത്. എന്നാല്‍, ആറുവയസ്സിനുശേഷവും ഉറക്കത്തില്‍ അറിയാതെ മൂത്രമൊഴിക്കുകയോ മലവിസര്‍ജനം നടത്തുകയോ ചെയ്യുകയാണെങ്കില്‍ അത് സ്‌ട്രെസ്സ് മൂലമാണെന്ന് കരുതാം. വിട്ടുമാറാത്ത ശരീരവേദനകളും ഉദരസംബന്ധമായ പ്രശ്‌നങ്ങളും ഇതില്‍പ്പെടും. ഉദാഹരണമായി സ്‌കൂളില്‍ പോകാന്‍ നേരം കുട്ടി ഛര്‍ദിക്കുക (psychogenic vomiting), തുടരെത്തുടരെ മലവിസര്‍ജനം നടത്താനുള്ള പ്രവണതയുണ്ടാകുക, അടിവയറ്റില്‍ വേദന, വിശപ്പില്ലായ്മ, പുറത്തു പോകുമ്പോള്‍ ടോയ്‌ലെറ്റില്‍ പോകേണ്ട അവസ്ഥ വരുമോ എന്ന് ഭയന്ന് പോകാതെയിരിക്കുക. (Irritable bowel syndrome) തുടങ്ങിയവ സ്‌ട്രെസ്സിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്. 

ചില പ്രത്യേക വ്യക്തികളെ കാണുമ്പോഴുള്ള ഭയം, ചില ഭക്ഷ്യവസ്തുക്കളോടുള്ള വെറുപ്പ്, ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പോകാന്‍ വിമുഖത കാണിക്കുക, ക്ലാസില്‍ ടീച്ചര്‍ ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം അറിയുമെങ്കിലും പറയാന്‍ കഴിയാതെ വരിക, സ്റ്റേജില്‍ കയറി സംസാരിക്കാന്‍ കഴിയാതെ വരിക, ആ സമയം തലകറക്കം, ബോധംകെട്ട് വീഴുക (സ്റ്റേജ് ഫ്രൈറ്റ്) എന്നിവയെല്ലാം ഉത്കണ്ഠയുടെ മറ്റ് ലക്ഷണങ്ങളാണ്. 
 

മാനസിക ലക്ഷണങ്ങള്‍
മുന്‍പ് മാനസികസമ്മര്‍ദങ്ങളോ പ്രശ്‌നങ്ങളോ അനുഭവപ്പെട്ട സ്ഥലങ്ങളിലോ സന്ദര്‍ഭങ്ങളിലോ വീണ്ടും കടന്നുവരുന്നത് ഒഴിവാക്കുക (avoidance reaction). അത്തരം സാഹചര്യങ്ങളില്‍നിന്ന് ഉള്‍വലിയുക

മുമ്പ് ഉത്കണ്ഠ സൃഷ്ടിച്ച ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പിന്നീട് വെറുതേയിരിക്കുമ്പോള്‍ പോലും ആവര്‍ത്തിക്കുമോ എന്ന പേടി. ഉദാഹരണത്തിന് ഇന്നലെ പരീക്ഷയ്ക്ക് തലചുറ്റിയതുപോലെ അല്ലെങ്കില്‍ നെഞ്ചിടിപ്പ് കൂടിയതുപോലെ വീട്ടിലിരിക്കുമ്പോഴും ഉണ്ടാകുമോ എന്ന് ചിന്തിച്ച് ആകുലപ്പെടുന്നു (Anticipatory anxiety/ പ്രതീക്ഷിത ഉത്കണ്ഠ).

ഇതുമൂലം സ്വാഭാവിക കാര്യങ്ങളൊന്നും (സ്‌കൂളില്‍ പോകുക, കളിക്കാന്‍ പോകുക ) ചെയ്യാതെ ഒറ്റയ്ക്കിരിക്കാന്‍ ശ്രമിക്കുക.
ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടായാല്‍ അത് മാതാപിതാക്കളോട് തുറന്നുപറയാന്‍ കുട്ടികളെ പരിശീലിപ്പിക്കുക. അത്തരത്തില്‍ കുട്ടികള്‍ തുറന്നുപറയുമ്പോള്‍ മാതാപിതാക്കളും അധ്യാപകരും ചെയ്യേണ്ടത് മാനസികാരോഗ്യപ്രഥമ ശുശ്രൂഷ (Mental health first aid) നല്‍കുക എന്നതാണ്.
 
മാനസികാരോഗ്യ പ്രഥമശുശ്രൂഷ

ഇതിന് അഞ്ച് സ്റ്റെപ്പുകളാണുള്ളത്. 

  •  പ്രയാസമനുഭവിക്കുന്ന കുട്ടിയോട് അനുതാപപൂര്‍ണമായി സംസാരിച്ച് കാര്യങ്ങളറിയാം. പ്രശ്‌നങ്ങളെ നിസ്സാരവത്കരിക്കുകയോ പരിഹസിക്കുകയോ ചെയ്യാതെ അതിനെ ഗൗരവമായി കണ്ട് എന്താണ് യഥാര്‍ഥ കാരണമെന്ന് അന്വേഷിച്ചറിയുകയാണ് വേണ്ടത്. ഏതെങ്കിലും വ്യക്തികളുമായി ബന്ധപ്പെട്ട ദുരനുഭവങ്ങളോ മറ്റെന്തെങ്കിലും വിഷമങ്ങളോ ഉണ്ടോ എന്ന് സമാധാനപരമായി ചോദിച്ചറിയുക. 
  •  കുട്ടികള്‍ സംസാരിക്കുമ്പോള്‍ വ്യക്തതക്കുറവ് ഉണ്ടാകാം. അത് കേള്‍ക്കുമ്പോള്‍ അക്ഷമരാകാതെ കുട്ടിക്ക് പറയാനുള്ളതെല്ലാം ശ്രദ്ധാപൂര്‍വം, തടസ്സപ്പെടുത്താതെ പരിഹസിക്കുകയോ വഴക്കുപറയുകയോ കുറ്റപ്പെടുത്തുകയോ ചെയ്യാതെ കേള്‍ക്കുക.
  •  ഒരുപക്ഷേ, തെറ്റിദ്ധാരണയായിരിക്കാം കുട്ടിയുടെ വിഷമത്തിന് കാരണം. അത്തരം സന്ദര്‍ഭങ്ങളില്‍ ശരിയായ വിവരങ്ങള്‍ പകര്‍ന്നുകൊടുക്കുക. ഉദാഹരണത്തിന് ക്ലാസിലുള്ള ടീച്ചര്‍ക്ക് അവനെ ഇഷ്ടമല്ല എന്ന ചിന്തകൊണ്ടാവാം കുട്ടി സ്‌ട്രെസ്സ് അനുഭവിക്കുന്നത്. അവിടെ ശരിയായ വിവരം പറഞ്ഞുകൊടുക്കാം. ഇഷ്ടമില്ലാത്തതുകൊണ്ടല്ല, കുട്ടികള്‍ നന്നാവാന്‍ വേണ്ടിയാണ് വഴക്കുപറയുന്നത് എന്നത് പറഞ്ഞുകൊടുക്കുക. ചിലപ്പോള്‍ കാരണങ്ങള്‍ ഗൗരവമേറിയതുമാവാം. ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും ഗുരുതരമായ അസുഖമുള്ളതായിരിക്കാം മനസ്സിനെ അലട്ടുന്നത്. അത്തരം സന്ദര്‍ഭങ്ങളില്‍ 'സാരമില്ല, കുഴപ്പമില്ല' എന്നതിനുപകരം എന്തുപ്രയാസം വന്നാലും തുറന്നുപറയാം, ഞങ്ങള്‍ കൂടെയുണ്ട് എന്ന ഉറപ്പാണ് കൊടുക്കേണ്ടത്. 
  • ഈ മൂന്ന് ഘട്ടങ്ങള്‍ക്കുശേഷവും കുട്ടി മാനസികസമ്മര്‍ദത്തില്‍ തുടരുകയാണെങ്കില്‍ വിദഗ്ധസഹായം തേടുക. മാനസിക ആരോഗ്യവിദഗ്ധനെ കണ്ട് കുട്ടിയുടെ പ്രശ്‌നങ്ങള്‍ സംസാരിച്ച് അതിനുള്ള പ്രതിവിധി കണ്ടെത്തണം. ഇവ ചികിത്സയിലൂടെത്തന്നെ കൃത്യമായി പരിഹരിക്കാനാവും.
  •  സ്‌ട്രെസ്സ് അനുഭവിക്കുന്ന കുട്ടികളില്‍ ഒറ്റപ്പെടുന്നു എന്ന തോന്നല്‍ മിക്കപ്പോഴും ഉണ്ടാകാം. ആര്‍ക്കും തന്നെ ഇഷ്ടമല്ല, കൂട്ടുകാര്‍ ഒഴിവാക്കുകയാണ് ഇങ്ങനെ പല ചിന്തകള്‍ കൊണ്ടായിരിക്കാം അത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവര്‍ ഒറ്റപ്പെടുന്ന സാഹചര്യം ഒഴിവാക്കുക. തനിക്കുചുറ്റും സ്‌നേഹിക്കാനും പരിഗണിക്കാനും ആളുകളുണ്ടെന്ന് മനസ്സിലാക്കുമ്പോള്‍ അവര്‍ മെച്ചപ്പെട്ട മാനസികാവസ്ഥയിലേക്ക് തിരിച്ചുവരും. 

കുടുംബാന്തരീക്ഷം പ്രധാനം 
വീട്ടിലുണ്ടാകുന്ന സാഹചര്യങ്ങളും കുടുംബാന്തരീക്ഷവും കുട്ടിയുടെ മാനസികാവസ്ഥയെ സ്വാധീനിക്കും. മാതാപിതാക്കള്‍ തമ്മിലുള്ള വഴക്ക്, ശകാരങ്ങള്‍, സംഘട്ടനങ്ങള്‍ ഇതൊക്കെ കുട്ടിയെ സമ്മര്‍ദത്തിലാക്കാന്‍ കാരണമായേക്കാം. കുട്ടികളുടെ മുന്‍പില്‍വെച്ച് മാതാപിതാക്കള്‍ വഴക്കിടുന്നതും തര്‍ക്കിക്കുന്നതും അസഭ്യം പറയുന്നതും ഒഴിവാക്കുക. നല്ല കുടുംബാന്തരീക്ഷം സൃഷ്ടിക്കുക. 
കുട്ടി തെറ്റ് ചെയ്താല്‍ പോലും അമിതശബ്ദത്തില്‍ ശാസിക്കുകയോ കായികമായി ശിക്ഷിക്കുകയോ ചെയ്യുന്നതിനുപകരം ആ തെറ്റുകൊണ്ട് ആര്‍ക്കൊക്കെ എന്തൊക്കെ വിഷമങ്ങളാണ് ഉണ്ടാകുന്നതെന്ന് സമാധാനപരമായി പറഞ്ഞുകൊടുക്കുകയാണ് വേണ്ടത്. 


കടപ്പാട്: 
ഡോ. അരുണ്‍ ബി. നായര്‍

പ്രൊഫസര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സൈക്യാട്രി, മെഡിക്കല്‍ കോളേജ്, 
തിരുവനന്തപുരം


 

Content Highlights: child stress, stress in children, care for mental stress