സൗകര്യപൂര്‍വം മറന്നുകളയല്ലേ, പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പല്ലുകളെപ്പോലും ബാധിക്കാം

രാവിലത്തെ ഓട്ടപ്പാച്ചിലിനിടയില്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ചിലരുടെ ശീലമാണ്. ഒരു ദിവസം കഴിച്ചില്ലെങ്കിലെന്താ എന്നാവും അവർ കരുതുന്നത്. പക്ഷേ, പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ അത് പല്ലുകളെപ്പോലും ബാധിക്കുന്ന തരത്തില്‍ അപകടമാണെന്ന് പലരും തിരിച്ചറിയാറില്ല. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഒരു വലിയ ദന്താരോഗ്യ ഭീഷണിയാണെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് പ്ലാനുകള്‍ക്കായി മനപൂര്‍വം പ്രഭാതഭക്ഷണം ഒഴിവാക്കുകയാണെങ്കില്‍ പോലും ഇത് നല്ലതല്ല.
പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് വയര്‍ ഒഴിഞ്ഞിരിക്കുന്ന സമയം വര്‍ധിപ്പിക്കുന്നു. ഇത് ശരീരത്തിന്റെ ആന്തരിക താളത്തെ മാറ്റുന്നു. അതിന്റെ ഫലമോ? ഗ്യാസ്ട്രിക് ആസിഡ് ഉത്പാദനം വര്‍ധിക്കുകയും രാവിലെ ഗാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് ഡിസീസ് ലക്ഷണങ്ങള്‍ കൂടുകയും ചെയ്യുന്നു.
ദീര്‍ഘനേരം കഴിക്കാതിരിക്കുമ്പോള്‍ സ്വാഭാവികമായും ചവയ്ക്കുന്ന പ്രക്രിയയും നടക്കുന്നില്ല. അതിന്റെ ഫലമായി ഉമിനീര്‍ ഉത്പാദനം കുറയുന്നു. ഉമിനീര്‍ ഒരു ലൂബ്രിക്കന്റ് മാത്രമല്ല അത് നിങ്ങളുടെ ശരീരത്തിലെ ആസിഡിനെ നിര്‍വീര്യമാക്കുന്ന സ്വാഭാവിക ഘടകമാണ്. അതില്‍ ബൈകാര്‍ബണേറ്റുകളും എന്‍സൈമുകളും അടങ്ങിയിട്ടുണ്ട്.
ചില ദിവസങ്ങളില്‍ നിങ്ങള്‍ ഉണരുമ്പോൾ നെഞ്ചിൽ ഒരു പുകച്ചില്‍ അനുഭവപ്പെടാറില്ലേ? അത് നിര്‍വീര്യമാകാത്ത ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്കും വായിലേക്കും എത്തുന്നതാണ്. പ്രഭാതഭക്ഷണം ഒഴിവാക്കുന്നതിന്റെ മറ്റൊരു പ്രശ്നം അസിഡിറ്റി വര്‍ധിക്കുന്നതാണ്. അസിഡിറ്റി ആമാശയത്തെ മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമല്ല. അത് ദന്താരോഗ്യത്തിനും ഒരു ഭീഷണിയാണ്.
വായുടെ ഉള്‍ഭാഗത്ത് സാധാരണയായി ആറു മുതൽ ഏഴു വരെയുള്ള ന്യൂട്രൽ പിഎച്ച് ആണ്. എന്നാല്‍ അതില്‍ വലിയ കുറവുവരുന്നത് ഡീമിനറലൈസേഷന്‍ എന്ന പ്രക്രിയയിലൂടെ നിങ്ങളുടെ ഇനാമലിന്റെ നിശബ്ദമായ നാശത്തിന് തുടക്കമിടുന്നു. ഇങ്ങനെ പല്ലുകളില്‍ പോടുകള്‍ രൂപപ്പെടുകയും പുളിപ്പ് ഉണ്ടാകുകയും ചെയ്യാം.
പ്രഭാതഭക്ഷണം പരമാവധി കഴിക്കാൻ ശ്രമിക്കുക. ഇത് ഉമിനീര്‍ ഉത്പാദനത്തെ ഉത്തേജിപ്പിക്കുകയും രാവിലത്തെ ആസിഡിനെ പ്രതിരോധിക്കുകയും ഗാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ലക്‌സ് ഡിസീസ് നിയന്ത്രിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ദിവസം വെള്ളം കുടിച്ച് തുടങ്ങുക. കാപ്പി പോലുള്ളവ വെറും വയറ്റില്‍ കുടിക്കുന്നത് ഒഴിവാക്കുക. കഫീന്‍ ഉപയോഗം നിങ്ങളുടെ ആദ്യത്തെ ഭക്ഷണത്തിന് ശേഷമായി പരിമിതപ്പെടുത്തുക. പുകവലിയും വേപ്പിങ്ങും പൂര്‍ണ്ണമായും ഒഴിവാക്കുക. ദന്തഡോക്ടറെ കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശിക്കുക, പ്രത്യേകിച്ച് 35 വയസ്സിന് ശേഷം. ഇത്തരത്തിലുള്ള കാര്യങ്ങള്‍ ജീവിതത്തില്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
(പൊതുവായ നിര്‍ദേശങ്ങള്‍ മാത്രമാണിത്. ആരോഗ്യവിദഗ്ദന്റെ നിര്‍ദേശപ്രകാരം മാത്രം മുന്നോട്ടുപോവുക)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: discover the hidden dental dangers of skipping breakfast and how it affects your oral health. Learn tips to protect your teeth.