അധികനേരം ഇരുന്ന് പണിയെടുക്കുന്നവരാണോ തലച്ചോറിന് പണികിട്ടും

പ്രതീകാത്മക ചിത്രം, AI
പ്രതീകാത്മക ചിത്രം, AI

അധികനേരം ഇരുന്ന് ജോലിചെയ്യുന്നവരാണോ എങ്കില്‍ ആ ശീലം ഒഴിവാക്കിക്കോളൂ. ജീവിതശൈലിയിലെ ഈ പിഴവ് മൂലം തലച്ചോറ് ചുരുങ്ങിപ്പോകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

വാന്‍ഡര്‍ബില്‍റ്റ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെയും പിറ്റ്‌സ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍, അമിതനേരമുള്ള ഇരുപ്പ് തലച്ചോറ് ചുരുങ്ങാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് പ്രായമായവരില്‍ ഇത് അല്‍ഷിമേഴ്സ് സാധ്യത കൂട്ടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

പതിവായി വ്യായാമം ചെയ്യുന്നവരില്‍ പോലും അധികനേരം ഇരിക്കുന്നത് നാഡീവ്യവസ്ഥയെ തകരാറിലാക്കുകയും ചിന്താശേഷി കുറയ്ക്കുകയും ചെയ്യുന്നു. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നത് ഹൃദയത്തിന് മാത്രമല്ല തലച്ചോറിനും ദോഷകരമാണ്. പ്രായമായ 404 പേരില്‍ നടത്തിയ പഠനത്തിനൊടുവിലാണ് ഇത്തരമൊരു നിഗമനത്തിലേക്കെത്തിച്ചേര്‍ന്നത്.

ഇത് ഭാവിയിൽ വിട്ടുമാറാത്ത രോഗങ്ങള്‍, മസ്‌കുലോസ്കെലിറ്റൽ പ്രശ്നങ്ങള്‍, പെട്ടെന്നുള്ള മരണം എന്നിവയ്ക്ക് കാരണമായേക്കാം. പതിവ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടും കൂടുതല്‍ സമയം ഇരിക്കുകയാണെങ്കിൽ ഓർമ്മക്കുറവ് ഉണ്ടാകും. ലോകമെമ്പാടുമുളള ദശലക്ഷക്കണക്കിന് ആളുകളെ ഇതിനകം ബാധിച്ചിരിക്കുന്ന അല്‍ഷിമേഴ്സ് രോഗത്തിന് പ്രധാന കാരണം തുടര്‍ച്ചയായ ഇരിപ്പും കിടപ്പുമാണെന്ന് ഗവേഷണങ്ങള്‍ തെളിയിക്കുന്നു.

ദിവസവും വ്യായാമം ചെയ്യുന്നുണ്ടെങ്കില്‍ പോലും ഇരിക്കുന്ന സമയം കുറയ്ക്കുന്നത് അല്‍ഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത കുറയ്ക്കുന്നുവെന്ന് വാന്‍ഡര്‍ബില്‍റ്റ് മെമ്മറി ആന്‍ഡ് അല്‍ഷിമേഴ്‌സ് സെന്ററിലെ മുന്‍ പോസ്റ്റ്ഡോക്ടറല്‍ ഫെലോ മാരിസ ഗോഗ്നിയറ്റ്  പറഞ്ഞു. ഇടവേളയെടുത്ത് ആക്ടീവായിരിക്കാന്‍ സമയം കണ്ടെത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്താനുള്ള നല്ലൊരു മാര്‍ഗമാണ്.
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: prolonged sitting can shrink the brain, increasing Alzheimer`s risk