ജീവനെടുക്കുന്ന വയറിളക്ക രോഗം; ഷിഗല്ല കുട്ടികളെ ബാധിക്കുന്നത് ഇങ്ങനെ

Image/Shutterstock
Image/Shutterstock

ഷിഗല്ല രോഗബാധ പലയിടങ്ങളിൽ നിന്നായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മഴ പെയ്തുതുടങ്ങിയതോടെ പകർച്ചവ്യാധികളെ നേരിടാൻ തയ്യാറെടുക്കുന്നതിനിടെയാണ് ഷിഗല്ലയുടെ വരവ്. ഷിഗല്ല അണുബാധ എളുപ്പത്തിൽ ബാധിക്കാൻ സാധ്യതയുള്ളത് കുട്ടികളെയാണ്. അതുകൊണ്ടുതന്നെ കുട്ടികളുടെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധവേണം.

ബാക്ടീരിയ മൂലമുണ്ടാകുന്ന വയറിളക്കരോഗമാണ് ഷിഗല്ല. മലിനജലം, വൃത്തിഹീനമായ ഭക്ഷണം എന്നിവയിലൂടെയാണ് രോഗം പ്രധാനമായി പടരുന്നത്. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ അല്ലാതെയോ സമ്പർക്കമുണ്ടായാലും രോഗം വ്യാപിക്കും.

ലക്ഷണങ്ങൾ

ബാക്ടീരിയ വയറ്റിലെത്തിയാൽ ഒരാഴ്ചയ്ക്കകം തന്നെ ലക്ഷണങ്ങൾ കണ്ടുതുടങ്ങും.

  •  പനി, വയറിളക്കം, വയറുവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. മലത്തിൽ രക്തത്തിന്റെ അംശം കണ്ടേക്കാം.
  • ക്ഷീണം, രക്തംകലർന്ന മലം, നിർജലീകരണം, ദഹനക്കുറവ്, ഓക്കാനം എന്നിവയും കാണാറുണ്ട്.
  • വയറിളക്കംവന്ന് ഒന്നുരണ്ടു ദിവസത്തിനകം കുട്ടികളിൽ പെരുമാറ്റത്തിൽ വ്യത്യാസമോ ചുഴലിയോ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടണം.

ഒ.ആർ.എസ്സും ഉപ്പിട്ട കഞ്ഞിവെള്ളവും

ഒ.ആർ.എസ്.ലായനി, ഐ.വി.ഫ്‌ളൂയ്ഡ്, പാരസെറ്റാമോൾ തുടങ്ങിയവ ഉപയോഗിച്ചുള്ള ചികിത്സയാണ് നൽകുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ ഒരുകാരണവശാലും സ്വയംചികിത്സ ചെയ്യരുത്.

കുടിക്കാൻ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ നൽകാം. ഡോക്ടറുടെ നിർദേശപ്രകാരം ഒ.ആർ.എസ്.ലായനിയും ഉപയോഗിക്കാം.

മറികടക്കാം

നിർജലീകരണം തടയുക എന്നതാണ് ഷിഗെല്ല രോഗത്തെ പ്രതിരോധിക്കാനുള്ള പ്രധാന മാർഗം. ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റേയും ശുചിത്വത്തിന്റേയും കാര്യത്തിൽ ശ്രദ്ധയും വേണം.

  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
  • ചൂടുവെള്ളവും പച്ചവെള്ളവും കലർത്തി കുടിക്കരുത്.
  • ഭക്ഷണത്തിന് മുൻപും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം.
  • തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം ഒഴിവാക്കുക.
  • വ്യക്തിശുചിത്വം പാലിക്കുക.
  • കുട്ടികളുടെ ഡയപ്പറുകൾ ശരിയായവിധം സംസ്‌കരിക്കണം.
  • രോഗലക്ഷണങ്ങൾ ഉള്ളവർ ആഹാരം പാചകം ചെയ്യരുത്.
  • പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക.
  • വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപഴകാൻ അനുവദിക്കരുത്.
  • ഭക്ഷസാധനങ്ങൾ ശരിയായരീതിയിൽ അടച്ചുസൂക്ഷിക്കുക.
  • കക്കൂസും കുളിമുറിയും ഇടയ്ക്കിടെ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം.
  • പഴങ്ങളും പച്ചക്കറികളും കഴുകിയശേഷം മാത്രം ഉപയോഗിക്കുക.
    കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi

Content Highlights: How to Protect Your Kids From Deadly Shigella Infections