മുഖത്തെ അമിത രോമവളർച്ച തടയാം; ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തൂ...

പ്രതീകാത്മക ചിത്രം/ Freepik
പ്രതീകാത്മക ചിത്രം/ Freepik

പല സ്ത്രീകളും നേരിടുന്ന ഒരു പ്രശ്നമാണ് മുഖത്തെ അമിത രോമവളർച്ച, ഇത് ചിലപ്പോൾ അവരുടെ ആത്മവിശ്വാസത്തെ ബാധിച്ചേക്കാം. ചിലരിൽ സാവധാനത്തിലും മറ്റുചിലരിൽ ദ്രുതഗതിയിലും രോമവളർച്ച കാണപ്പെടുന്നു. നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിൽ വരുത്തുന്ന ചില മാറ്റങ്ങളിലൂടെ ഈ പ്രശ്നം സ്വാഭാവികമായി പരിഹരിക്കാൻ സാധിക്കും. ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതാണ് അനാവശ്യ രോമവളർച്ചയ്ക്ക് പിന്നിലെ പ്രധാന കാരണം.

ടെസ്റ്റോസ്റ്റിറോൺ പോലുള്ള പുരുഷ ഹോർമോണുകളായ ആൻഡ്രോജനുകളുടെ വർധനവാണ് സ്ത്രീകളിലെ മുഖത്തെ രോമവളർച്ചയ്ക്കുള്ള മറ്റൊരു പ്രധാന കാരണം . ആൻഡ്രോജന്റെ അളവ് സാധാരണയിലും കൂടുമ്പോൾ, അവ രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും, ഇത് കട്ടിയുള്ളതും കറുത്തതുമായ രോമങ്ങൾ ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യുന്നു. ഈ അവസ്ഥയാണ് ഹിർസ്യൂട്ടിസം എന്ന് അറിയപ്പെടുന്നത്.

പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്), ചില മരുന്നുകളുടെ ഉപയോഗം, മറ്റ് അന്തഃസ്രാവി ഗ്രന്ഥികളുമായി ബന്ധപ്പെട്ട തകരാറുകൾ എന്നിവ മൂലമുള്ള ഹോർമോൺ അസന്തുലിതാവസ്ഥയും ഇതിന് കാരണമാകും. മുഖത്തെ രോമവളർച്ച കുറയ്ക്കാൻ സഹായിക്കുന്ന ഏഴ് ലളിതമായ ഭക്ഷണക്രമ മാറ്റങ്ങൾ താഴെ നൽകുന്നു:

1. സ്പിയർമിന്റ് ടീ
ദിവസവും രണ്ട് കപ്പ് സ്പിയർമിന്റ് ടീ കുടിക്കുന്നത് ശരീരത്തിലെ ഫ്രീ ടെസ്റ്റോസ്റ്റിറോണിന്റെയും മറ്റ് ആൻഡ്രോജനുകളുടെയും അളവ് കുറയ്ക്കാൻ സഹായിക്കും. ഇവ രണ്ടും മുഖത്തെ അമിത രോമവളർച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹോർമോൺ സന്തുലിതാവസ്ഥയെ സ്വാഭാവികമായി പിന്തുണയ്ക്കുന്നതിനുള്ള ലളിതവും ഫലപ്രദവുമായ ഒരു മാർഗ്ഗമാണ് ഈ ഹെർബൽ ടീ. 

2. സിട്രസ് പഴങ്ങൾ
ഓറഞ്ച്, മധുരനാരങ്ങ, ഗ്രേപ്പ്ഫ്രൂട്ട് തുടങ്ങിയ പഴങ്ങളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ ഇനോസിറ്റോൾ ആഗിരണം ചെയ്യുന്നത് വർധിപ്പിക്കും. ഇത് ഇൻസുലിൻ നിയന്ത്രിക്കാനും കാലക്രമേണ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കാനും സഹായിച്ചേക്കാം. ദിവസവും സിട്രസ് പഴങ്ങൾ കഴിക്കുന്നത് നിങ്ങളുടെ ഹോർമോണുകൾക്ക് മാത്രമല്ല, ചർമ്മത്തിനും പ്രതിരോധശേഷിക്കും ഗുണം ചെയ്യും.

3. കറുവപ്പട്ട വെള്ളം
ഭക്ഷണശേഷം ഇളം ചൂടുള്ള ഒരു ഗ്ലാസ് കറുവപ്പട്ട വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാൻ സഹായിക്കും. മെച്ചപ്പെട്ട ഇൻസുലിൻ സംവേദനക്ഷമതയും ആൻഡ്രോജൻ നിയന്ത്രണത്തിനും അതുവഴി അമിത രോമവളർച്ച ക്രമേണ കുറയ്ക്കുന്നതിനും സഹായിക്കും.  ഭക്ഷണത്തിനു ശേഷമുള്ള ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുള്ള മാർഗ്ഗമാണ് കറുവപ്പട്ട വെള്ളം.

4. മത്തൻകുരു
മത്തൻകുരുവിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിപ്പിക്കുന്ന എൻസൈമുകളെ തടയുന്നു. ഇത് പതിവായി കഴിക്കുന്നത് ഹോർമോൺ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗമാണ്. ഈ ചെറിയ വിത്തുകളിൽ ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനും അടങ്ങിയിരിക്കുന്നതിനാൽ ഇതൊരു പോഷക സമ്പുഷ്ടമായ തിരഞ്ഞെടുപ്പാണ്.

5. പാകം ചെയ്ത ക്രൂസിഫറസ് പച്ചക്കറികൾ
ബ്രൊക്കോളി, കോളിഫ്ലവർ, കാബേജ് തുടങ്ങിയ പച്ചക്കറികൾ പാകം ചെയ്ത് കഴിക്കുന്നത്, ശരീരത്തിന് ഈസ്ട്രജൻ വിഘടിപ്പിക്കാനുള്ള കഴിവിനെ പിന്തുണയ്ക്കുന്നു. ഇത് ഹോർമോൺ സന്തുലിതാവസ്ഥ പ്രോത്സാഹിപ്പിക്കുകയും മുഖത്തെ രോമവളർച്ചയ്ക്ക് കാരണമാകുന്ന ഘടകങ്ങളെ കുറയ്ക്കുകയും ചെയ്തേക്കാം. 

6. കുതിർത്ത ഉലുവ
രാവിലെ വെറും വയറ്റിൽ കുതിർത്ത ഉലുവ കഴിക്കുന്നത് ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്താനും ആൻഡ്രോജന്റെ അളവ് കുറയ്ക്കാനും സഹായിക്കും. ഹോർമോൺ നിയന്ത്രണത്തിനായി പണ്ടുമുതലേ ഉപയോഗിക്കുന്ന ഈ പ്രതിവിധി സൗമ്യവും എന്നാൽ ഫലപ്രദവുമാണ്.

7. മഞ്ഞൾ
മഞ്ഞളിലെ കുർക്കുമിൻ ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. ഇത് ആൻഡ്രോജൻ പ്രവർത്തനത്തെ ക്രമീകരിക്കാനും ഹോർമോൺ സന്തുലനത്തിനും നല്ലതാണ്. ദിവസേനയുള്ള ഭക്ഷണത്തിൽ ഒരു നുള്ള് മഞ്ഞൾ ചേർക്കുന്നത് ആരോഗ്യം നിലനിർത്താനുള്ള  ഒരു ലളിതമായ വഴിയാണ്..

കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbiurl.in/grihalakshmi

Content Highlights: simple dietary changes that may help reduce facial hair growth naturally by supporting hormone balance.