ബാഡ്മിന്റൺ കരിയറിനായി ആ ശീലം ഉപേക്ഷിക്കേണ്ടി വന്നെന്ന് സൈന നെഹ്വാൾ

ഇന്ത്യയ്ക്കായി ഒളിമ്പിക് മെഡൽ നേടുന്ന ആദ്യ ബാഡ്മിന്റൺ താരമായിരുന്നു സൈന നെഹ്വാൾ. കരിയറിൽ സ്വന്തമാക്കിയ 24 അന്താരാഷ്ട്ര ബഹുമതികൾക്കൊടുവിൽ (international titles) 2026 ജനുവരിയിൽ അവർ കോർട്ടുകളോട് വിടപറഞ്ഞു. സൈനയുടെ നേട്ടങ്ങളുടെ പട്ടിക നീണ്ടതാണ്. എന്നാൽ, വർഷങ്ങളായി അവർ കൃത്യമായി പിന്തുടരുന്ന ഭക്ഷണരീതിയും ഫിറ്റ്നസ് ശീലങ്ങളും ഇല്ലായിരുന്നുവെങ്കിൽ ഈ നേട്ടങ്ങളൊന്നും സാധ്യമാകുമായിരുന്നില്ല.
അടുത്തിടെ പ്രശസ്ത ഡയറ്റ് ആന്റ് ഫിറ്റ്നസ് കോച്ചും 'ഐ.എം വൗ' (I M Wow) സ്ഥാപകയുമായ ഗുഞ്ജൻ തനേജയ്ക്ക് നൽകിയ അഭിമുഖത്തിൽ സൈന തന്റെ ഭക്ഷണശീലങ്ങളെക്കുറിച്ചും കരിയറിനായി സസ്യാഹാരത്തിൽ നിന്ന് മാംസാഹാരത്തിലേക്ക് മാറേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും സംസാരിച്ചിരുന്നു.
ആദ്യകാലങ്ങളിൽ താൻ സസ്യഭുക്കായിരുന്നുവെന്നും പച്ചക്കറികളും മുട്ടയും മാത്രമായിരുന്നു പ്രധാന ആഹാരമെന്നും സൈന വ്യക്തമാക്കുന്നു. എന്നാൽ അന്താരാഷ്ട്ര മത്സരങ്ങൾക്കായി വിദേശ രാജ്യങ്ങളിൽ നിരന്തരം യാത്ര ചെയ്യേണ്ടി വന്നപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു.
"വിദേശയാത്രകളിൽ ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കുക ബുദ്ധിമുട്ടായിരുന്നു. പ്രോട്ടീൻ പൗഡർ മാത്രം കഴിച്ച് എപ്പോഴും കളിക്കാൻ കഴിയില്ലെന്ന് കോച്ച് പറഞ്ഞതോടെയാണ് ഞാൻ ചിക്കൻ കഴിക്കാൻ തുടങ്ങിയത്," സൈന വെളിപ്പെടുത്തി.
എല്ലാ രാജ്യങ്ങളിലും എളുപ്പത്തിൽ ലഭിക്കുന്ന ഒന്നായതിനാൽ ചോറായിരുന്നു യാത്രകളിലെ പ്രധാന വിഭവം. ഒപ്പം പോകുന്ന രാജ്യങ്ങളിലെ രീതി അനുസരിച്ച് പാകം ചെയ്ത പച്ചക്കറികളും കഴിച്ചു. ഉദാഹരണത്തിന് ചൈനയിലും ജപ്പാനിലും പോകുമ്പോൾ അവിടുത്തെ രീതിയിലുള്ള പുഴുങ്ങിയ പച്ചക്കറികളായിരുന്നു പ്രധാന ഭക്ഷണം.
കായികതാരങ്ങൾക്ക് മസിൽ വീണ്ടെടുക്കലിനും (muscle recovery), നല്ല ഉറക്കത്തിനും, മികച്ച പ്രകടനത്തിനും പ്രോട്ടീൻ അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ വർക്കൗട്ടിന് ശേഷം സൈന പ്രോട്ടീൻ പൗഡർ കഴിച്ചിരുന്നു. പ്രഭാതഭക്ഷണത്തിൽ മുട്ടയും, ഉച്ചഭക്ഷണത്തിലും അത്താഴത്തിലും ചിക്കനും ഉൾപ്പെടുത്തി പ്രോട്ടീൻ കൃത്യമായി നിലനിർത്തിപ്പോന്നു.
അളവ് നിയന്ത്രിക്കൽ (Portion Control)
ഭക്ഷണത്തിന്റെ അളവ് കൃത്യമായി നിയന്ത്രിച്ചാണ് സൈന കഴിച്ചിരുന്നത്. ഒരു ദിവസം മൂന്ന് നേരം കൃത്യമായ അളവിലുള്ള ഭക്ഷണം, ഇടവേളകളിൽ നട്സും. നല്ല ഡയറ്റ് ശരീരത്തിലെ വീക്കം (inflammation) കുറയ്ക്കാനും ദീർഘനേരം മികച്ച പ്രകടനം പുറത്തെടുക്കാനും സഹായിക്കുമെന്നാണ് അവർ പറയുന്നത്.
ഉത്തരേന്ത്യക്കാരിയായതിനാൽ ചോലെ ബട്ടൂരെ, ആലു പറാത്ത, ഗോൽഗപ്പ, സമോസ, ഗാജർ കാ ഹൽവ, ജിലേബി റബടി തുടങ്ങിയ വിഭവങ്ങളോട് സൈനയ്ക്ക് പ്രിയമുണ്ടായിരുന്നു. എന്നാൽ ഇവയൊക്കെ ഞായറാഴ്ചകളിൽ മാത്രമായി പരിമിതപ്പെടുത്തി. ഞായറാഴ്ചകളിലെ ഭക്ഷണത്തിന് ശേഷം തിങ്കളാഴ്ചകളിൽ മണിക്കൂറുകൾ ഓടാൻ പോകുന്നതും പതിവായിരുന്നു.
കുട്ടിക്കാലത്ത് ബദാം ഓയിൽ ചേർത്ത പാൽ, ഡ്രൈ ഫ്രൂട്ട് ലഡു, പനീർ വിഭവങ്ങൾ എന്നിവയിലൂടെ പോഷകങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് സൈനയുടെ അമ്മ ഉറപ്പുവരുത്തിയിരുന്നു.
പ്രായം കൂടുമ്പോൾ
പ്രായം കൂടുന്തോറും കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ ശരീരഭാരം വർദ്ധിപ്പിക്കാൻ കാരണമാകും. അതുകൊണ്ട് ഡയറ്റ് കൂടുതൽ കർശനമാക്കേണ്ടി വന്നെന്ന് സൈന. വിരമിച്ചതിന് ശേഷം ലളിതമായി വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് സൈനയ്ക്ക് പ്രിയം.
മുട്ടയോ അല്ലെങ്കിൽ വളരെ ലഘുവായ മറ്റെന്തെങ്കിലും വിഭവങ്ങളോ ഒപ്പം പഴങ്ങളോ ആണ് പ്രഭാതഭക്ഷണം. ഉച്ചഭക്ഷണത്തിനായി ചോറോ ചപ്പാത്തിയോ, ഒപ്പം പരിപ്പ് കറിയും പച്ചക്കറികളും. ദഹിക്കാൻ എളുപ്പമുള്ള ലഘുവായ വിഭവങ്ങളാണ് അത്താഴം. കോർട്ടിനോട് വിടപറഞ്ഞെങ്കിലും ജീവിതത്തിലെ ആ അച്ചടക്കമുള്ള ശീലങ്ങളും ആരോഗ്യകരമായ ഡയറ്റും സൈന ഇന്നും തുടരുന്നുണ്ട്.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Saina Nehwal retired from professional badminton in January 2026., Transitioned from vegetarian to non-vegetarian diet for better protein intake during international tours., Emphasizes portion control and disciplined eating habits., Maintains protein intake through eggs and chicken to support muscle recovery., Continues a disciplined lifestyle and clean eating even after retirement.