നിസ്സാരസംഭവങ്ങളുടെ പേരില്‍ വീട്ടില്‍ നിന്ന് ഒളിച്ചോടുന്ന കൗമാരക്കാരുടെ എണ്ണം കൂടുന്നു; കാരണങ്ങളറിയാം

നമ്മുടെ കൗമാരക്കാര്‍ക്ക് വീട് മടുക്കുന്നുവോ? നിസ്സാരസംഭവങ്ങളുടെ പേരില്‍ വീട്ടില്‍ നിന്ന് ഒളിച്ചോടുന്ന കൗമാരക്കാരുടെ എണ്ണം കൂടുന്നതായാണ് കണക്കുകള്‍. മാതാപിതാക്കളുമായുള്ള അഭിപ്രായവ്യത്യാസം, പഠനസമ്മര്‍ദ്ദം, അശാന്തമായ കുടുംബാന്തരീക്ഷം, സമൂഹമാധ്യമങ്ങളിലെ ബന്ധങ്ങള്‍ എന്നിവയാണ് പ്രധാനമായും കൗമാരക്കാരെ വീടുവിട്ടിറങ്ങാന്‍ പ്രേരിപ്പിക്കുന്നത്. കേരളാ പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം സംസ്ഥാനത്ത് ഈ വര്‍ഷം സെപ്റ്റംബര്‍വരെ കാണാതായ കുട്ടികളുടെ എണ്ണം 75 ആണ്. ദേശീയ മനുഷ്യാവകാശകമ്മീഷന്റെ കണക്കുകളനുസരിച്ച് രാജ്യത്ത് ഓരോ എട്ടുമിനിറ്റിലും ഒരു കുട്ടിയെ കാണാതാകുന്നുവെന്നാണ്. കേരളത്തില്‍ വീടുവിട്ടിറങ്ങുന്ന 98 ശതമാനം കുട്ടികലെയും തിരിച്ചെത്തിക്കാന്‍ അധികൃതര്‍ക്ക് കഴിയാറുണ്ട്. തിരിച്ചെത്തിക്കാന്‍ കഴിയാത്ത കുട്ടികള്‍ അകപ്പെട്ടുപോകുന്ന അപകടങ്ങള്‍ വലുതാണ്. വീടുവിട്ടോടിപ്പോകുന്ന കുട്ടികള്‍ ലഹരി, പെണ്‍വാണിഭസംഘങ്ങളുടെ കൈയിലെത്താനുള്ള സാധ്യത ഏറെയാണ്.
പത്തുമുതല്‍ 19 വയസ്സുവരെയുള്ള കാലഘട്ടമാണ് കൗമാരപ്രായമായി കണക്കാക്കുന്നത്. ഈ കാലം എടുത്തുചാടി കാര്യങ്ങള്‍ ചെയ്യാനുള്ള പ്രവണതയേറെയുള്ള സമയമാണ്. ഇത് മാതാപിതാക്കളും അധ്യാപകരുമെല്ലാം തിരിച്ചറിയണം. കുട്ടികള്‍ക്കുവേണ്ടി മാറ്റിവയ്ക്കാന്‍ വീടുകളില്‍ സമയമുണ്ടാവണം. ഈ പ്രായത്തിലുള്ള കുട്ടികളുടെ വ്യക്തിത്വ വികസനവും മാനസികമായ ആരോഗ്യവും ഉറപ്പുവരുത്താന്‍ നിരവധികാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.
കാരണങ്ങള്‍ പലത്
1. കൗമാരകാലത്ത് തലച്ചോറിലെ വികാരങ്ങളെ നിയന്ത്രിക്കുന്ന അമിഗ്ഡലയുടെ വളര്‍ച്ച വളരെ വേഗത്തിലായിരിക്കും. കൗമാരകാലത്ത് തന്നെ ഈ വളര്‍ച്ച പൂര്‍ത്തിയാവുകയും ചെയ്യും. എന്നാല്‍ തീരുമാനങ്ങള്‍ ആലോചിച്ചെടുക്കാന്‍ സഹായിക്കുന്ന പ്രീഫോണ്ടല്‍ കോര്‍ട്ടെക്‌സ് കൗമാരകാലത്ത് പൂര്‍ണ വളര്‍ച്ചയെത്തില്ല. ഈ സമയത്തെ തീരുമാനങ്ങളെല്ലാം വികാരങ്ങളുടെ പുറത്തുള്ള എടുത്തുചാട്ടങ്ങളായി മാറുന്നത് അതുകൊണ്ടാണ്. കൗമാരപ്രായക്കാര്‍ പെട്ടെന്ന് ദേഷ്യപ്പെടുന്നതും കരയുന്നതും എല്ലാം ഇതിനാലാണ്. എന്നുകരുതി അവരെടുക്കുന്ന എല്ലാ തീരുമാനങ്ങളും തെറ്റാവണമെന്നില്ല.
2. ഇരുപത് വയസ്സുവരെയുള്ള ചെറുപ്പക്കാരില്‍ നടന്ന പഠനങ്ങളനുസരിച്ച് സ്വയം നിയന്ത്രണം, സമ്മര്‍ദ്ദങ്ങളെ നേരിടാനുള്ള കഴിവ് എന്നിവ ഇന്നത്തെ തലമുറയില്‍ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ കഴിവുകുറയുന്നതിന്റെ പ്രധാനകാരണം മാതാപിതാക്കളുടെ അമിതസംരക്ഷണം തന്നെയാണ്. സ്വയം പരിഹാരം കണ്ടെത്താന്‍ പഠിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നതിന് പകരം അവരുടെ പ്രശ്‌നങ്ങളെ മാതാപിതാക്കള്‍ ഏറ്റെടുക്കുന്ന രീതി ഇന്ന് ഏറെ കുടുംബങ്ങളിലുണ്ട്. ഉദാഹരണത്തിന് ക്ലാസിലെ സഹപാഠികള്‍ പരിഹസിക്കുന്നു എന്ന് പറയുന്ന കുട്ടിയോട് എന്നാല്‍ നാളെ ഞാനും നിന്റെ ഒപ്പം വരാമെന്ന് ഇറങ്ങിപ്പുറപ്പെടുകയല്ല വേണ്ടത്. കുട്ടിയോട് കാര്യകാരണങ്ങള്‍ കൃത്യമായി അന്വേഷിക്കാം. കളിയാക്കുന്ന സഹപാഠിയോട് തനിക്കത് ഇഷ്ടമല്ല എന്ന് കൃത്യമായി പറയാന്‍ കുട്ടിയോട് പറയാം. എന്നിട്ടും ഗുണമില്ലെങ്കില്‍ അധ്യാപകരോട് പരാതിപ്പെടാന്‍ കുട്ടിയോട് നിര്‍ദേശിക്കാം. അതിനുശേഷവും പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ മാത്രം മാതാപിതാക്കള്‍ ഇടപെടുന്നതാണ് ഉചിതം. ഇങ്ങനെ സ്വയം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവര്‍ പഠിക്കുന്നു. മാതാപിതാക്കള്‍ ഒപ്പമുണ്ടെന്ന ധൈര്യം മാത്രം മതി അവര്‍ക്ക്.
3. ഇവയ്‌ക്കെല്ലാം നേരെ വിപരീതമായ അവസ്ഥയിലുള്ള കുടുംബങ്ങളുണ്ട്. കുട്ടികളെപ്പറ്റി ചിന്തിക്കുകയോ പരിഗണിക്കുകയോ ചെയ്യാത്തവര്‍. മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നവര്‍. കുട്ടികള്‍ക്ക് ഏറ്റവും സുരക്ഷിതമായ ഇടമെന്നത് വീടാണ്. വീട് അങ്ങനെയല്ലെങ്കില്‍ അവര്‍ വീടുവിട്ടുപോകാനുള്ള സാധ്യതകളേറെയാണ്. മാതാപിതാക്കള്‍ തമ്മില്‍ എപ്പോഴും കലഹിക്കുന്ന വീടുകളിലെ കുട്ടികളും ടോക്‌സിക് പേരന്റിങിന് ഇരയാവുന്ന കുട്ടികളും ഇത്തരത്തില്‍ വീടുവിട്ടോടുന്നവരില്‍ ഉണ്ട്.
4. പ്രണയബന്ധങ്ങളില്‍ അകപ്പെട്ട് വീടുവിട്ടുപോകുന്ന കുട്ടികളുണ്ട്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പരിചയപ്പെട്ടയാളുകളെ തേടിപ്പോകുന്നവര്‍. ഓണ്‍ലൈന്‍ ഗെയ്മുകളില്‍ ചലഞ്ചുകളുടെ പേരില്‍ വീടുവിടുന്ന കുട്ടികളും നമ്മുടെ നാട്ടിലുണ്ട്. പഠിക്കാനുള്ള മടികൊണ്ട് വീടുവിടുന്നവരും ഇതുവരെ കണ്ടിട്ടില്ലാത്ത നാട് തേടിപ്പോകുന്നവരുമൊക്കെ സോഷ്യല്‍ മീഡിയയുടെയും സിനിമയുടെയും സ്വാധീനത്താലാണ്.
5. സമ്മര്‍ദ്ദമുണ്ടാക്കുന്ന ചുറ്റുപാടുകളില്‍ നിന്ന് രക്ഷപെടാനായാണ് കുട്ടികള്‍ പലപ്പോഴും ഒളിച്ചോട്ടത്തെ സ്വീകരിക്കുക. പണ്ടുകാലത്തെ പോലെ കുട്ടികള്‍ക്ക് ഒരു സപ്പോര്‍ട്ടിങ് സിസ്റ്റമില്ല എന്നതും ഒരു പ്രശ്‌നമാണ്. സൗഹൃദങ്ങളും പ്രിയപ്പെട്ടവരുമെല്ലാം പലര്‍ക്കും സോഷ്യല്‍ മീഡിയയിലാണ്. വീട്ടില്‍ നിന്നു വഴക്കുകേട്ടാല്‍ സാരമില്ല എന്ന് പറഞ്ഞുചേര്‍ത്തു നിര്‍ത്തുന്ന മുത്തശ്ശനോ മുത്തശ്ശിയോ സഹോദരങ്ങളോ കൂട്ടുകാരോ ഒന്നും പലകുട്ടികള്‍ക്കും ഇന്നില്ല. അതുകൊണ്ട് ശിക്ഷിച്ചാല്‍ മാതാപിതാക്കള്‍ തന്നെ സമാധാനവാഹകരും ആകണം. അവരെ ചേര്‍ത്തുനിര്‍ത്തി എന്തിനാണ് വഴക്കുപറഞ്ഞതെന്ന് അവരെ പറഞ്ഞുമനസ്സിലാക്കണം. ശിക്ഷിച്ചാലും കൂടെ നില്‍ക്കുന്നവരാണ് മാതാപിതാക്കള്‍ എന്നതോന്നല്‍ വേണം. എന്നാല്‍ ശാരീരിക ശിക്ഷകള്‍ ഒരിക്കലും നന്നല്ല.
കൗമാരക്കാരെ എങ്ങനെ കരുതണം
- കുട്ടികളുമായി ഒരു സൗഹാര്‍ദ്ദപരമായ സമീപനം വേണം. കുട്ടികള്‍ നമ്മളില്‍ നിന്നും ഒന്നും ഒളിക്കാന്‍ ഇടയാവരുത്. എല്ലാം തുറന്നുപറയാനുള്ള ഇടം വീട്ടിലുണ്ടാവണം. അവരുടെ അഭിപ്രായങ്ങളെ പരിഗണിക്കണം. അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ അവഗണിക്കുകയോ അടിച്ചമര്‍ത്തുകയോ കളിയാക്കുകയോ ചെയ്യരുത്. പേടിയും അകല്‍ച്ചയും കുറ്റപ്പെടുത്തലുകളോടുള്ള ഭയവും അവരെ കുടുംബത്തില്‍ നിന്നകറ്റാം.
- കുട്ടികളുടെ സൗഹൃദങ്ങളെ അറിയണം. അതിന് അതിര്‍വരമ്പുകള്‍ വയ്ക്കാന്‍ അവരെ പഠിപ്പിക്കണം.
- കുട്ടികളുടെ ടെന്‍ഷന്‍ അവര്‍ക്ക് വലുതുതന്നെയാണ്. അതിനാല്‍ എപ്പോഴും മാനസികമായ പിന്തുണനല്‍കാന്‍ മാതാപിതാക്കള്‍ തയ്യാറാവണം. സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ സാധാരണമാണെന്നും അതിനെ മറികടക്കുകയാണ് വേണ്ടതെന്നുമുള്ള ബോധം അവരില്‍ വളര്‍ത്താം.
- പെണ്‍കുട്ടികളില്‍ ശാരീരികവും മാനസികവും വൈകാരികവുമായ മാറ്റങ്ങളെല്ലാം കൗമാരത്തിന്റെ തുടക്കത്തില്‍ തന്നെ സംഭവിക്കുമ്പോള്‍ ആണ്‍കുട്ടികള്‍ക്ക് അത് കൗമാരത്തിന്റെ മധ്യകാലത്താണ് നടക്കുക. ഈ കാലഘട്ടത്തില്‍ ശരിയായ ലൈംഗികവിദ്യാഭ്യാസം ഇവര്‍ക്ക് വീട്ടില്‍ നിന്ന് തന്നെ ലഭിക്കണം. പലകാര്യങ്ങള്‍ പരീക്ഷിച്ചറിയാനും തെറ്റായ അറിവുകള്‍ നേടാനും അവര്‍ ശ്രമിക്കുന്ന കാലമായതിനാല്‍ ശരിയായ അറിവ് നല്‍കുക എന്നത് പ്രധാനമാണ്.
- ശരീരസൗന്ദര്യത്തില്‍ വളരെ പ്രാധാന്യം നല്‍കുന്ന കാലമാണിത്. നിറത്തെയോ ഉയരത്തെയോ വണ്ണത്തെയോ പറ്റിയുണ്ടാകുന്ന ചെറിയ കളിയാക്കലുകളും ബോഡിഷെയ്മിങും അവരുടെ ആത്മവിശ്വാസത്തെ വളരെ മോശമായി ബാധിക്കും. ശരീരത്തില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ച് അവര്‍ക്ക് അറിവുനല്‍കുന്നതിനൊപ്പം അവര്‍ക്ക് ആത്മവിശ്വാസം പകരാനും മാതാപിതാക്കള്‍ ശ്രദ്ധിക്കണം. നല്ല ഭക്ഷണം കഴിക്കാനും വ്യായാമം ചെയ്യാനും എല്ലാം അവര്‍ക്ക് പിന്തുണ നല്‍കാം.
- ശരിയും തെറ്റും സ്വയം യുക്തിപൂര്‍വം ചിന്തിച്ച് വിവേചിച്ചറിയാന്‍ അവരെ പഠിപ്പിക്കുന്നതാണ് ഉചിതം. അമിതലാളനയോ കടുത്ത നിയന്ത്രണമോ അല്ല വേണ്ടത്. ഈ പ്രായത്തില്‍ കുട്ടികള്‍ വൈകാരികമായി ചിന്തിക്കാന്‍ തുടങ്ങുമെന്നും പെരുമാറ്റത്തിലും സ്വഭാവത്തിലും മാറ്റങ്ങളുണ്ടാകുമെന്നും മാതാപിതാക്കള്‍ മനസിലാക്കിയിരിക്കണം.
- മറ്റുള്ളവരെ വേദനിപ്പിക്കാതെ നോ എന്ന് പറയാന്‍ കുട്ടികളെ പഠിപ്പിക്കുന്നതും നോ കേള്‍ക്കുമ്പോള്‍ അത് സ്വീകരിക്കാന്‍ പഠിപ്പിക്കുന്നതും വളരെ പ്രധാനമാണ്. അസെര്‍ട്ടീവ് കമ്യൂണിക്കേഷന്‍ എന്ന രീതിയാണ് ഇത്. എതിരെ നില്‍ക്കുന്നയാളെ വേദനിപ്പിക്കാതെ പരസ്പരബഹുമാനത്തോടെ തന്റെ എതിര്‍പ്പുകള്‍ പ്രകടിപ്പിക്കുകയാണ് ഇതില്‍ പ്രധാനം. എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും എതര്‍പ്പുകളും പറയാന്‍ അവകാശമുണ്ടെന്നും എന്നാല്‍ അത് മറ്റുള്ളവരെ ബഹുമാനിച്ചുകൊണ്ടുവേണമെന്നും കുട്ടികളെ പഠിപ്പിക്കാം.
- കുട്ടികളോട് സംസാരിക്കുമ്പോഴും വിയോജിപ്പ് രേഖപ്പെടുത്തുമ്പോഴും അരുത് എന്ന് വിലക്കുമ്പോഴും ദേഷ്യപ്പെട്ട് പെരുമാറാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.
കുട്ടിയെ കാണാതായാല്‍
- ആദ്യ മണിക്കൂറില്‍ തന്നെ 112 എന്ന ചൈല്‍ഡ് ലൈന്‍ നമ്പരില്‍ വിവരമറിയിക്കുക. അല്ലെങ്കില്‍ പോലീസ് ഹെല്‍പ് ലൈനായ 100-ല്‍ വിളിക്കാം. ആദ്യ ഒരു മണിക്കൂര്‍ സുവര്‍ണമണിക്കൂര്‍ എന്നാണ് അറിയപ്പെടുന്നത്. ഈ സമയത്തിനുള്ളില്‍ സഹായം തേടിയാല്‍ കുട്ടിയെ വേഗം കണ്ടെത്താനാവും.
- കുട്ടികളുടെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യുന്നതിന് പകരം പോലീസിന് നല്‍കാം. ഒപ്പം കുട്ടിയുമായി അടുത്ത ബന്ധമുള്ളവരുടെ ഫോണ്‍ നമ്പരുകളും നല്‍കണം.
- കുട്ടിയെ കാണാതായെന്നു തിരിച്ചറിഞ്ഞാല്‍ കുട്ടിയുടെ മുറി, ബാഗ് എന്നിവയൊക്കെ പരിശോധിക്കുക. കുറിപ്പുകളോ സംശയാസ്പദമായ എന്തെങ്കിലുമോ കണ്ടാല്‍ അതും പോലീസിനെ അറിയിക്കാം. കുട്ടികള്‍ സ്ഥിരമായി പോകുന്ന ഇടങ്ങള്‍, അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ പരിശോധിക്കുകയും പോലീസിനെ അറിയിക്കുകയും വേണം.
- കുട്ടികളെ വീട്ടിലെ പ്രധാനപ്പെട്ട ഫോണ്‍ നമ്പരുകള്‍ കാണാതെ പഠിപ്പിക്കാം.
- ദുരൂഹസാഹചര്യത്തിലോ സമയത്തോ ഏതെങ്കിലും കുട്ടിയെ കണ്ടാല്‍ ഉടന്‍ അധികൃതരെ വിവരമറിയിക്കാം.
- കുട്ടികളുമായി ഭിക്ഷാടനം നടത്തുന്നത് ക്രിമിനല്‍ കുറ്റമാണ്. അങ്ങനെയുള്ളവരെ കണ്ടാലും പോലീസില്‍ വിവമറിയിക്കണം.
- വീടുവിട്ടുപോയ ശേഷം തിരിച്ചെത്തിക്കുന്ന കുട്ടിക്ക് ആവശ്യമായ മാനസികപിന്തുണ നല്‍കാന്‍ എല്ലാവരും ശ്രദ്ധിക്കണം.
കുറ്റപ്പെടുത്തരുത്
- എന്തിനാണ് കുട്ടികള്‍ ഓടിപ്പോയതെന്ന് ആദ്യം മനസ്സിലാക്കുകയാണ് വേണ്ടത്. അതിന് ശേഷം അവര്‍ തിരിച്ചുവന്ന സാഹചര്യം കൂടി കണക്കിലെടുക്കണം. ചിലകുട്ടികള്‍ ചൂഷണത്തിനും മറ്റും വിധേയരായിട്ടുണ്ടാവാം. അതനുസരിച്ച് വേണം അവര്‍ക്ക് കൗണ്‍സിലിങ്ങും മാനസികപിന്തുണയും നല്‍കാന്‍. ഫാമിലി കൗണ്‍സിങ്ങിനും വഴിയൊരുക്കണം.
- കുറ്റവാളിയപ്പോലെ കാണരുത്. അവരോട് ആ സംഭവത്തെ പറ്റി ആവര്‍ത്തിച്ച് പറയുന്നത് ഒഴിവാക്കണം.
- അവരുടെ ടെന്‍ഷനുകളെ പരിഗണിച്ച് വേണം സംസാരിക്കാനും സമാധാനിപ്പിക്കാനും.
- ഒരിക്കലും ഒറ്റപ്പെടുത്താതിരിക്കാന്‍ മാതാപിതാക്കളും അധ്യാപകരും സഹപാഠികളും ശ്രദ്ധിക്കണം. പഴയതുപോലെ മറ്റുള്ളവരോട് ഇടപെടാനും പുറത്തിറങ്ങാനും പ്രോത്സാഹിപ്പിക്കണം.
- അവരുടെ വിശ്വാസം വീണ്ടെടുക്കുക എന്നതാണ് മാതാപിതാക്കള്‍ക്കുണ്ടാകേണ്ട അടുത്ത ലക്ഷ്യം. അതിനായി ജെന്റില്‍ പേരന്റിങ് മാതൃകകള്‍ സ്വീകരിക്കാം.
- ഇനി ഇങ്ങനെ ആവര്‍ത്തിക്കാതിരിക്കാന്‍ കുട്ടിയെക്കൊണ്ടു തന്നെ ഒരു സേഫ്റ്റി പ്ലാന്‍ തയ്യാറാക്കാം. അവര്‍ക്ക് എന്തൊക്കെയാണ് ആവശ്യം, അവരെന്തുകൊണ്ടാണ് വീടുവിട്ടുപോയത് എന്നൊക്കെ കുട്ടികളെക്കൊണ്ട് തുറന്നു പറയിക്കാം.
കുട്ടികള്‍ മാനസികസമ്മര്‍ദ്ദമനുഭവിക്കുന്നുണ്ടോ? കണ്ടെത്താം
- സ്വഭാവത്തിലെ പെട്ടെന്നുള്ള മാറ്റം
- ആരോടും എന്ത്കാര്യത്തിനും എതിര്‍ത്ത് സംസാരിക്കുക
- പെട്ടെന്നുള്ള മോശം അക്കാദമിക്ക് പ്രകടനം
- ഇത്രയും കാലം ഇഷ്ടത്തോടെ ചെയ്തിരുന്ന കാര്യങ്ങളില്‍ നിന്ന് പിന്‍വലിയുക
- കുടുംബത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ഉള്‍വലിയുക
- എപ്പോഴും ഒറ്റയ്ക്കിരിക്കാന്‍ ശ്രമിക്കുക
- ഉറക്കക്കുറവ് അല്ലെങ്കില്‍ ഉറക്കക്കൂടുതല്‍. ദുസ്വപ്‌നങ്ങള്‍ കാണുക
- പരിചിതമായ ഇടങ്ങളോടുപോലും ഭയം
- വിശപ്പില്ലായ്മ അല്ലെങ്കില്‍ അമിതവിശപ്പ്
ഈ ലക്ഷണങ്ങള്‍ രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്നുവെങ്കില്‍ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടണം. ഏറ്റവും പ്രധാനം മാതാപിതാക്കള്‍ സ്വയം മാനസികാരോഗ്യം പരിപാലിക്കുക എന്നതുകൂടിയാണ്.
തയ്യാറാക്കിയത്: റോസ് മരിയ വിന്‍സെന്റ്
കടപ്പാട്- അജീത ബീഗം
ഡി.ഐ.ജി, തിരുവനന്തപുരം റേഞ്ച്
ഡോ.ഗംഗ കൈലാസ്
കണ്‍സല്‍ട്ടന്റ് സൈക്കോളജിസ്റ്റ്, ആലപ്പുഴ
ദീപിക രാഗേഷ്
സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍
പറമ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോഴിക്കോട്
Content Highlights: run away children case on the rise in kerala