രാത്രിയിൽ ലഘു ഭക്ഷണം, സസ്യാഹാരിയായി മാറി, ആരോഗ്യ രഹസ്യം വെളിപ്പെടുത്തി രശ്മിക മന്ദാന

അഭിനയമികവ് കൊണ്ടും ക്യുട്ട്നെസ്സുകൊണ്ടും ആരാധകരുടെ ഹൃദയം കവർന്ന നായികയാണ് രശ്മിക മന്ദാന. മുപ്പതാം വയസ്സിലും തിളക്കമുള്ള ചർമ്മവും ഫിറ്റ്നസ്സും കൊണ്ട് ആരാധകരെ വിസ്മയിപ്പിക്കാറുമുണ്ട്. കഠിനമായ ഡയറ്റുകൾക്ക് പിന്നാലെ പോകാതെ, ശരീരത്തിന് പോഷണം നൽകുന്ന സമീകൃതാഹാരത്തിലാണ് താരം വിശ്വസിക്കുന്നത്. തന്റെ ആരോഗ്യ രഹസ്യങ്ങൾ വെളിപ്പെടുത്തുകയാണ് രശ്മിക.
പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ, പ്രായോഗികവും സുസ്ഥിരവുമായ തന്റെ ഫിറ്റ്നസ് രീതികളെക്കുറിച്ച് രശ്മിക സംസാരിച്ചു. ദിവസവും രാവിലെ എഴുന്നേറ്റ ഉടൻ പിന്തുടരുന്ന ഒരു ശീലത്തെക്കുറിച്ച് താരം പറഞ്ഞതിങ്ങനെ: "രാവിലെ എഴുന്നേറ്റാലുടൻ ഞാൻ ധാരാളം വെള്ളം കുടിക്കാറുണ്ട്. ഏകദേശം ഒരു ലിറ്ററോളം വെള്ളം കുടിക്കും. എന്റെ ഡയറ്റീഷ്യൻ ആപ്പിൾ സൈഡർ വിനിഗർ കുടിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. സത്യം പറഞ്ഞാൽ അത് എങ്ങനെയാണ് ദിവസവും കുടിക്കുന്നത് എന്നെനിക്ക് തന്നെ അറിയില്ല (അത്രയ്ക്ക് പ്രയാസമാണ്), എങ്കിലും ഞാനത് കുടിക്കാറുണ്ട്. ഇപ്പോൾ ഞാൻ വെജിറ്റേറിയൻ ആയി മാറി, കൃത്യമായി പറഞ്ഞാൽ 'എഗ്ഗറ്റേറിയൻ' (മുട്ട കഴിക്കുന്ന സസ്യാഹാര രീതി). അതിനാൽ വർക്ക് ഔട്ടിന് ശേഷവും ഞാൻ മുട്ട കഴിക്കാറുണ്ട്."
വർഷങ്ങൾക്കൊപ്പം തന്റെ ഭക്ഷണശീലങ്ങളിലും മാറ്റങ്ങൾ വന്നതായി രശ്മിക പറയുന്നു. മുൻപ് ബ്രേക്ക്ഫാസ്റ്റിന് 'അവക്കാഡോ ടോസ്റ്റ്' കഴിക്കുന്നത് രശ്മികയ്ക്ക് വലിയ ഇഷ്ടമായിരുന്നു. എന്നാൽ ഡയറ്റീഷ്യന്റെ നിർദ്ദേശപ്രകാരം അത് ഇപ്പോൾ ഒഴിവാക്കിയിരിക്കുകയാണ്.
ഉച്ചഭക്ഷണത്തിനായി ദക്ഷിണേന്ത്യൻ ഭക്ഷണത്തോടാണ് രശ്മികയ്ക്ക് പ്രിയം. എന്നാൽ ചോറ് അധികം കഴിക്കാറില്ല. പലതരം കറികൾ തമ്മിൽ യോജിപ്പിച്ച് കഴിക്കുന്നതാണ് ഇഷ്ടം. കറികളിൽ ധാരാളം പച്ചക്കറികൾ അടങ്ങിയിട്ടുള്ളതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അവർ പറയുന്നു.
സാധാരണയായി രാത്രിയിൽ ലഘുവായ ഭക്ഷണമാണ് കഴിക്കാറുള്ളത്. എന്നാൽ സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോകുമ്പോൾ നല്ല രീതിയിൽ അത്താഴം കഴിക്കാറുണ്ട്.
മിതമായി ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കാറുണ്ടെങ്കിലും മധുരപലഹാരങ്ങളോട് തനിക്ക് വലിയ കൊതിയുണ്ടെന്ന് രശ്മിക സമ്മതിക്കുന്നു. കൂടാതെ തനിക്ക് ചില പച്ചക്കറികളോട് അലർജിയുണ്ടെന്നും താരം വെളിപ്പെടുത്തി.
"തക്കാളി, ഉരുളക്കിഴങ്ങ്, വെള്ളരിക്ക, കാപ്സിക്കം എന്നിവയോട് എനിക്ക് അലർജിയുണ്ട്. എന്നാൽ എനിക്ക് മധുരക്കിഴങ്ങ് (Sweet potato) കഴിക്കാൻ വലിയ ഇഷ്ടമാണ്."
ഭക്ഷണ കാര്യത്തിൽ പുലർത്തുന്ന ഈ അച്ചടക്കവും കൃത്യമായ വർക്ക് ഔട്ടുമാണ് രശ്മികയുടെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റെയും രഹസ്യം.
കൂടുതൽ ഫീച്ചറുകൾ വായിക്കാൻ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Daily hydration with one liter of water upon waking up., Adoption of an eggetarian lifestyle for better protein intake., Strict avoidance of specific allergens like tomatoes and potatoes., Preference for balanced, vegetable-rich South Indian meals., Emphasis on sustainable fitness over crash dieting.