ഗര്‍ഭിണികള്‍ രണ്ടാള്‍ക്കുള്ള ആഹാരം കഴിക്കണോ? പപ്പായ കഴിക്കരുതെന്ന് പറയുന്നതിന്റെ കാരണമിതാണ്

ഭൂമിയും ജീവജാലങ്ങളും ഉണ്ടായ കാലംമുതല്ക്കേ നടന്നുവരുന്ന ഒരു ശാരീരിക പ്രക്രിയയാണല്ലോ പ്രത്യുത്പാദനം. കുറേ വര്‍ഷങ്ങളായി ഗര്‍ഭവുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളും നമ്മുടെ നാട്ടില്‍ വ്യാപകമായിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഗര്‍ഭിണി രണ്ടാള്‍ക്കുള്ള ആഹാരം കഴിക്കണം എന്നത്. കുട്ടിയുടെ ആരോഗ്യംകൂടി കണക്കിലെടുത്താണ് മുതിര്‍ന്നവര്‍ പലരും ഇത്തരമൊരു ഉപദേശം നല്‍കാറുള്ളത്. എന്നാല്‍ ഗര്‍ഭിണി ശരിക്കും രണ്ടാളുടെ ആഹാരം കഴിക്കേണ്ടതുണ്ടോ?
ഗര്‍ഭിണികള്‍ അറിയേണ്ടത്
ശാസ്ത്രീയമായി പറഞ്ഞാല്‍ ഒരു ഗര്‍ഭിണി രണ്ടുപേര്‍ക്കുള്ള ഭക്ഷണം കഴിക്കേണ്ട ആവശ്യമില്ല. ഗര്‍ഭകാലത്ത് ശാരീരികവ്യതിയാനങ്ങള്‍ വരുന്നതിനാല്‍ ഊര്‍ജം അധികമായി വേണ്ടിവരുന്നു എന്നത് സത്യമാണ്. ഒരു ദിവസം 300 മുതല്‍ 400 കലോറിവരെ ഊര്‍ജം അധികം വേണ്ടിവരുന്നു. ആദ്യത്തെ മൂന്നുമാസങ്ങളില്‍ ഈ അധികം ഊര്‍ജം ആവശ്യമില്ല. 400 കലോറി ലഭിക്കാന്‍ എത്ര ആഹാരം കൂടുതലായി കഴിക്കേണ്ടിവരും എന്നറിഞ്ഞിരിക്കണം.
സാധാരണ കഴിക്കുന്ന ഭക്ഷണത്തോടൊപ്പം ഒരു ദിവസം പലനേരമായി 3 ദോശയോ അതിനു സമമായ മറ്റ് ആഹാരങ്ങളോ കഴിക്കുകയും 200 മില്ലിലിറ്റര്‍ പാല് കുടിക്കുകയും ചെയ്യുമ്പോള്‍തന്നെ ഈ അധികം ഊര്‍ജം ലഭ്യമാകും.
സമീകൃതമാകട്ടെ ഭക്ഷണം
നന്നായി കഴുകി വൃത്തിയാക്കിയ പച്ചക്കറികള്‍ വെച്ച് സാലഡുകളും മിതമായ രീതിയില്‍ പഴവര്‍ഗങ്ങളും പാലും ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുട്ടയും മീന്‍കറിയും കഴിക്കുന്നതുവഴി ആഹാരം സമീകൃതമാക്കാന്‍ കഴിയും. ഗര്‍ഭകാലത്ത് ഹോര്‍മോണുകളുടെ വ്യതിയാനങ്ങള്‍കൊണ്ട് മലബന്ധം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഗര്‍ഭിണികള്‍ നാരുള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കണം. ചീര, മുരിങ്ങയില, വാഴക്കൂമ്പ്, വാഴപ്പിണ്ടി, നീളന്‍ പയറ്, ബീന്‍സ് മുതലായവ ഈയിനത്തില്‍പ്പെടും. പഴച്ചാറുകള്‍ കഴിക്കുന്നതിനു പകരം പഴവര്‍ഗങ്ങള്‍ അതുപോലെ കഴിക്കുന്നതുവഴി ഭക്ഷണത്തിലെ നാരിന്റെ അളവ് നമുക്ക് ഉറപ്പാക്കാം.
പപ്പായ പ്രശ്നക്കാരനോ
പൈനാപ്പിള്‍, മാതളം, ഈന്തപ്പഴം, പച്ചപപ്പായ എന്നിവ ഗര്‍ഭിണികള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്ന് പരക്കെ ഒരു വിശ്വാസം നിലനില്ക്കുന്നു. എന്നാല്‍ ഇവയൊന്നും തന്നെ ഗര്‍ഭത്തിനോ കുഞ്ഞിനോ ദോഷം ചെയ്യുന്നവയല്ല. വീടുകളില്‍ സുലഭമായി കാണുന്ന പഴുത്ത പപ്പായ വിറ്റാമിന്‍ എയുടെ സ്രോതസ്സാണ്.
ആദ്യമൂന്നുമാസം കരുതണം
ആദ്യത്തെ മൂന്നുമാസം ഗര്‍ഭസ്ഥശിശുവിന്റെ അവയവങ്ങള്‍ ഉണ്ടാകുന്ന സമയമാണ്. ഈ സമയത്ത് വൈറസ് കൊണ്ടുണ്ടാകുന്ന പനികള്‍ വരാതെ സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കാരണം ചില വൈറസ് ബാധ ഗര്‍ഭസ്ഥ ശിശുവിന് അംഗവൈകല്യങ്ങള്‍ ഉണ്ടാക്കുന്നവയാണ്. പുറത്തു പോകുമ്പോള്‍ മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം കൂടും. സാംക്രമിക രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത കൂടും. അതിന് മരുന്ന് കഴിക്കേണ്ടിവരും. ഈ മരുന്നുകളും കുഞ്ഞിന് ദോഷമായി ഭവിച്ചേക്കാം.
ഈ കാരണങ്ങള്‍ കൊണ്ട് ആദ്യത്തെ മൂന്നു മാസം യാത്രകള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും. യാത്ര അത്യന്താപേക്ഷിതമാണെങ്കില്‍ കുടിക്കുന്ന വെള്ളം, കഴിക്കുന്ന ആഹാരം എന്നിവയില്‍ അതീവശ്രദ്ധ വേണം. യാത്ര ചെയ്യുന്നത് കൊണ്ട് ആദ്യ മൂന്നുമാസങ്ങളില്‍ ഗര്‍ഭം അലസിപ്പോകും എന്നാ ഭയത്തിനു ശാസ്ത്രീയ അടിസ്ഥാനമില്ല തന്നെ.
Content Highlights: pregnancy care tips pregnancy myths and facts