മൊബൈലിലെ ബ്ലൂ ലൈറ്റ് മെലാട്ടോണിന്‍ അളവ് കുറയ്ക്കും, ഉറക്കം വരാതെയാക്കും

പ്രതീകാത്മചിത്രം/Getty Images
പ്രതീകാത്മചിത്രം/Getty Images

രാത്രി എത്ര നേരം വേണമെങ്കിലും ഉണര്‍ന്നിരിക്കാന്‍ കഴിയുന്നവരാണ് പലരും. പക്ഷേ രാവിലെ നേരത്തെയെഴുന്നേല്‍ക്കാന്‍ പറഞ്ഞാല്‍ മടിയാണ്. പൊതുവെ വൈകി ഉറങ്ങുന്നവരാണ് കൂടുതല്‍പേരും. സ്വാഭാവികമായും ഉറക്കത്തിന്റെ അളവ് കുറയും. ക്ഷീണവും മറ്റ് അസുഖങ്ങളും പിന്നാലെ വരും. എന്തുകൊണ്ടാണ് നമ്മുടെ ഉറക്കസമയം കുറയുന്നത്? ഉറങ്ങാന്‍ ഇഷ്ടമല്ലാത്തതുകൊണ്ടല്ല. ഉറക്കസമയം മൊബൈല്‍ കൊണ്ടുപോകുന്നതുകൊണ്ടാണിത്. എങ്ങനെയാണ് മൊബൈല്‍ നമ്മുടെ ഉറക്കം കെടുത്തുന്നത് എന്നു നോക്കാം.

മനുഷ്യശരീരത്തില്‍ ഒരു ജൈവഘടികാരം പ്രവര്‍ത്തിക്കുന്നുണ്ട്. സിര്‍ക്കേഡിയന്‍ ചക്രം എന്നാണ് ഇതിന്റെ പേര്. നമുക്ക് കിട്ടുന്ന വെളിച്ചത്തിന്റെ തോതിനനുസരിച്ച് ചക്രം തിരിയുന്നു. വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും അളവിനനുസരിച്ച് ശരീരം മെലാടോണിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ ഹോര്‍മാണാണ് ഉറക്കത്തെ നിയന്ത്രിക്കുന്നത്.

ഉറങ്ങുന്നതിന് തൊട്ടുമുന്‍പ് വരെ മൊബൈല്‍ ഉപയോഗിക്കുന്നവര്‍ സ്‌ക്രീനില്‍ നിന്ന് വരുന്ന ബ്ലൂ ലൈറ്റ് ശ്രദ്ധിക്കാറില്ല. എന്നാല്‍ ഈ ബ്ലൂ ലൈറ്റ് മെലറ്റോണിന്‍ ഉത്പാദനം കുറയ്ക്കുന്നു. അങ്ങനെ ഉറക്കം വരല്‍ വൈകുകയാണ് ചെയ്യുന്നത്. മനസ്സില്‍ നമ്മളറിയാതെ ഉത്കണ്ഠ വളര്‍ത്തുന്നുമുണ്ട് ഈ ബ്ലൂ ലൈറ്റ്. ഇതും ഉറക്കത്തിനു തടസ്സമുണ്ടാക്കും. ഈ വെളിച്ചം കാഴ്ചയ്ക്ക് വില്ലനാകുമെന്നും ഓര്‍ക്കണം.

മനസ്സ് സ്വസ്ഥമായിരുന്നാലാണ് നല്ല ഉറക്കം കിട്ടുക. മൊബൈലില്‍ നമ്മളെ തേടിയെത്തുന്ന കാഴ്ചകള്‍ സന്തോഷം നിറഞ്ഞതാകണമെന്നില്ല. അസ്വസ്ഥമാക്കുന്നതോ ഭീതിദായകമോ ദുരന്തപൂര്‍ണമായതോ ആയ വല്ലതുമാണ് കാണുന്നതെങ്കില്‍ മനസ്സ് ഉറങ്ങാന്‍ കൂട്ടാക്കില്ല. നമ്മുടെ ചിന്തകള്‍, കണ്ട കാഴ്ചകളെപ്പറ്റി ആയിരിക്കും. ഇതും ഉറക്കം വൈകിക്കും.

മാത്രമല്ല, നിരന്തം സ്‌ക്രീന്‍ സ്‌ക്രോള്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ തലച്ചോര്‍ അതൊരു പ്രവര്‍ത്തി ആയി വ്യാഖ്യാനിച്ച് ആക്റ്റീവ് മോഡിലേക്ക് പോകും. ഇത് ശരീരത്തില്‍ എനര്‍ജി ഉണ്ടാകാന്‍ കാരണമാകും. അതും വിശ്രമത്തിനുള്ള സാധ്യത ഇല്ലാതെയാകും.

നല്ല ഉറക്കം ആഗ്രഹിക്കുന്നവര്‍ കിടക്കാന്‍ പോകുന്നതിനും ഒന്നോ രണ്ടോ മണിക്കൂര്‍ മുന്‍പ് ഫോണിനോട് ഗുഡ്‌ബൈ പറയുന്നതാകും നല്ലത്. ഫോണ്‍ മാത്രമല്ല ടിവി, ലാപ്‌ടോപ്പ്, കംപ്യൂട്ടര്‍... എന്നിവയും ഉറക്കം കൊല്ലികളാണ്. പക്ഷേ നമ്മള്‍ കൂടുതലും ഉപയോഗിക്കുന്നത് സ്മാര്‍ട്ട് ഫോണുകള്‍ തന്നെയായിരിക്കും. രാത്രി ഫോണ്‍ ഉപയോഗിക്കില്ലെന്ന് ഒരു തീരുമാനം കൈക്കൊണ്ടാല്‍, തിരിച്ചുപിടിക്കാന്‍ സുന്ദരസ്വപ്നങ്ങളുള്ള സുഖനിദ്ര.

Content Highlights: ways in which mobile phones affect sleep