കടലിന് സമ്മര്‍ദ്ദം കുറയ്ക്കാനാകുമോ?

കടുത്ത വിഷാദമോ അതിയായ സന്തോഷമോ ഉള്ളപ്പോള്‍ കടല്‍ക്കരയിലേക്ക് പോയിട്ടുണ്ടോ? ഇല്ലെങ്കിലൊന്ന് പോയി നോക്കൂ, അത് നിങ്ങളെ ശാന്തമാക്കിയേക്കാം. വിശാലമായ കടലിന് മനസികാരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
തലസോതെറാപ്പി എന്നറിയപ്പെടുന്ന ഒരു ചികിത്സാരീതിപോലും ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. കടവെള്ളവും അതുമായി ബന്ധപ്പെട്ടവയും ചികിത്സയ്ക്കായി ഉപയോഗിക്കുന്ന രീതിയെയാണ് തലസോതെറാപ്പി എന്ന് പറയുന്നത്. കടലിന്റെ വിശാലതയ്ക്ക് സ്വാഭാവികവും ശക്തവുമായ ഒരു ആകര്‍ഷണമുണ്ട്. കടലിന്റെ സാമീപ്യം മനസ്സിനെ ശാന്തമാക്കുകയും വൈകാരികമായ മെച്ചപ്പെടലിന് സഹായിക്കുകയും ചെയ്യുന്നു.
തീരത്ത് ആഞ്ഞടിക്കുന്ന തിരമാലകളുടെ സമാന്തരമായ ശബ്ദം സ്വസ്ഥമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനൊപ്പം വെള്ളത്തിന്റെ പ്ലവനശക്തി പേശികളെ റിലാക്‌സ് ചെയ്യിപ്പിക്കുന്നു. കടല്‍വെള്ളം ധാതുക്കളാല്‍ സമ്പുഷ്ടമാണ്, കൂടാതെ ശരീരത്തിന്റെ സ്‌ട്രെസ്സ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് ചില ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.
പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന അന്തരീക്ഷങ്ങള്‍ പലപ്പോഴും മനസിന് കൂടുതല്‍ സന്തോഷം നൽകുകയും ഉത്സാഹം വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ സമുദ്രവായുവിലും കടല്‍വെള്ളത്തിലും അടങ്ങിയിരിക്കുന്ന നെഗറ്റീവ് അയോണുകള്‍ ഊര്‍ജം വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ പോസിറ്റീവ് കാഴ്ചപ്പാടിനും കാരണമാകുന്നു.
തലസോതെറാപ്പിയിലൂടെ കടലില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവരില്‍ ഉത്കണ്ഠയുടെയും വിഷാദത്തിന്റെയും അളവും കുറയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
എന്നാല്‍ സ്വയം പരിചരണവും വെല്‍നസ് ടൂറിസവും പ്രധാനമര്‍ഹിക്കുന്ന ഇക്കാലത്ത് തലസോതെറാപ്പി എന്ന ചികിത്സാരീതി സ്പാകളിലും സ്ഥാനം പിടിച്ചിട്ടുണ്ട്. കടല്‍ വെള്ളം, ആല്‍ഗ ബോഡി റാപ്പറുകള്‍, സമൂദ്രതീരത്തെ മണല്‍, കടല്‍വെള്ള ജെറ്റ് ഷവറുകള്‍, ധാതുക്കളാല്‍ സമ്പന്നമായ കടലിലെ വായു ശ്വസിക്കല്‍ തുടങ്ങി ചികിത്സാരീതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇന്ത്യന്‍ സ്പാകളില്‍ ഇന്ന് തലസോതെറാപ്പി അപൂര്‍വമാണ്. ഇതിനായി ഫില്‍ട്ടര്‍ ചെയ്ത കടല്‍വെള്ളം നിറച്ച കുളങ്ങളും മികച്ച അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണ്. കടല്‍വെള്ളത്തിലടങ്ങിയിരിക്കുന്ന സിങ്ക്, മഗ്നീഷ്യം, കാത്സ്യം, അയഡിന്‍ എന്നിവ ചര്‍മ സംരക്ഷണത്തിന് മികച്ചതാണ്.
തലസോതെറാപ്പിയുടെ ഗുണങ്ങള്‍
1. സന്ധിവേദന മെച്ചപ്പെടുത്തുന്നു.
2. വരണ്ട ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുന്നു.
3. ക്ഷീണത്തില്‍ നിന്നും ആശ്വാസം ലഭിക്കുന്നു.
4. രക്തയോട്ടം മെച്ചപ്പെടുത്തുന്നു.
പരിശീലനം ലഭിച്ച വെല്‍നസ് സെന്ററുകളില്‍ നിന്നും മാത്രം തലസോതെറാപ്പി ചെയ്യുക. സെന്‍സീറ്റീവായ ത്വക്ക് , എക്‌സിമ, മുറിവുകള്‍, ഓട്ടോഇമ്മ്യൂണ്‍ പ്രശ്നങ്ങൾ എന്നിവ ഉളളവര്‍ സ്പാകളിലെ ഈ തെറാപ്പി ഒഴിവാക്കണം.
(ആരോഗ്യവിദഗ്ധരുടെ നിര്‍ദേശ പ്രകാരം മാത്രം ഇത്തരം ചികിത്സാരീതികള്‍ ചെയ്യാന്‍ ശ്രമിക്കുക.)
കൂടുതല്‍ ഫീച്ചറുകള്‍ വായിക്കാന്‍ ഗൃഹലക്ഷ്മി വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ:https://mbi.page.link/grihalakshmi
Content Highlights: Explore thalassotherapy and how the sea`s vastness and mineral-rich water can reduce stress and improve well-being.